‘പരമേശ്വര്‍ജി നേതാവായിരുന്നില്ല; വിനേതാവായിരുന്നു – വിനയിക്കുന്ന ആള്‍. വിനയമെന്നാല്‍ സംസ്‌കാരം. ഇത് വിദ്യകൊണ്ടുണ്ടാകുന്നു. വിദ്യാ വിനയങ്ങള്‍ നല്‍കി മനുഷ്യരെ വളര്‍ത്തുന്നയാളാണ് വിനേതാവ് – ആചാര്യന്‍. ലക്ഷണം തികഞ്ഞ ആചാര്യനായിരുന്നു പരമേശ്വര്‍ജി. ആചാര്യ ലക്ഷണം എങ്ങനെയെന്നാല്‍, ” ആചിനോതി ഹി ശാസ്ത്രാണി ആചാരേ സ്ഥാപയത്യപിസ്വയമാചരതേ ചാപി തസ്മാദാചാര്യ ഉച്യതേ”. ശാസ്ത്രങ്ങളെ ആചയനം ചെയ്യുന്നു – ശിഷ്യബുദ്ധിയില്‍ നൈരന്തര്യേണ കെട്ടിപ്പടുക്കുന്നു. അവരെ സദാചാരത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. സ്വയം ആചരിക്കുകയും ചെയ്യുന്നു. ആചരിച്ചു കാണിച്ച് ആചാരം ശീലിപ്പിക്കുന്നു. അതുകൊണ്ട് ആചാര്യനെന്ന് പറയുന്നു.” ടി. ആര്‍ സോമശേഖരന്‍ എന്ന സോമേട്ടന്‍ പരമേശ്വര്‍ജിയെക്കുറിച്ച് ‘സംയോഗി’ എന്ന സ്മരണികയില്‍ എഴുതിയ വരികളാണിത്. അത്തരത്തില്‍ ലക്ഷണയുക്തനായ ആചാര്യന്‍ നയിച്ച വഴികളിലൂടെ യാത്ര തുടരാന്‍ ഭാരതീയ വിചാര കേന്ദ്രം ആരംഭിച്ച ബൗദ്ധിക സദസാണ് പരമേശ്വര്‍ജി സ്മാരക വാര്‍ഷിക പ്രഭാഷണ പരമ്പര. മുന്‍ ഉപ രാഷ്‌ട്രപതി എം. വെങ്കയ്യാ നായിഡു, കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവരുടെ ശൃംഖലയില്‍ ആ പ്രഭാഷണം നിര്‍വഹിക്കാന്‍ നാളെ (ഞായര്‍) എത്തുന്നത് ഭാരതത്തിന്റെ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖറാണ്. വിഷയം: ‘ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി’ (ഡെമോക്രസി, ഡെമോഗ്രഫി, ഡവലപ്പ്മെന്റ് ആന്‍ഡ് ദി ഫ്യൂച്ചര്‍ ഓഫ് ഭാരത്’).
സ്വാതന്ത്ര്യം നേടിയിട്ടും 67 വര്‍ഷത്തിന് ശേഷം 2014 ലാണ് ഭാരതീയ ദേശീയ പക്ഷരാഷ്‌ട്രീയം ഈ നാടിന്റെ ഭാഗധേയം നിര്‍ണയിക്കുവാനുള്ള ചാലകശക്തിയാകാനുള്ള ജനാധിപത്യ അധികാരം നേടിയത്. തുടര്‍ന്ന്, പത്ത് വര്‍ഷങ്ങളില്‍ വെല്ലുവിളികളെ അവസരങ്ങളാക്കിക്കൊണ്ടുള്ള മുന്നേറ്റങ്ങള്‍ക്കാണ് കാലം സാക്ഷിയായത്. 2047 നകം ഭാരതം ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയാകാനും വളര്‍ന്നു വികസിക്കുന്ന ‘ഗ്ലോബല്‍ സൗത്തിന്’ ഉള്‍പ്പടെ വിശ്വബന്ധുവാകാനും ഭാരതീയ ദേശീയതയുടെ രാഷ്‌ട്രീയ നേതൃത്വം തയാറെടുക്കുമ്പോള്‍ എതിര്‍പക്ഷം അസ്വസ്ഥമാകുന്നതും പുതിയ വെല്ലുവിളികളുയര്‍ത്തുന്നതും സ്വാഭാവികമാണ്. കുടുംബവാഴ്ചയുടെയും ന്യൂനപക്ഷവര്‍ഗീയ തീവ്രഭീകരവാദത്തിന്റെയും കമ്യൂണിസ്റ്റ് അരാജകവാദത്തിന്റെയും ശക്തികള്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നും, അവരെ പോറ്റിവളര്‍ത്തുന്ന പാശ്ചാത്യ രാഷ്‌ട്രങ്ങളും പാകിസ്ഥാനും ചൈനയുമൊക്കെ അതിര്‍ത്തിക്ക് പുറത്തു നിന്നും നടത്തുന്ന കടന്നാക്രമണങ്ങള്‍ അവഗണിക്കാനാകാത്തത്ര അപകടം നിറഞ്ഞതുമാണ്. ആ പശ്ചാത്തലത്തിലാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ജനസംഖ്യയുടെ ഗതിമാറ്റം ഉയര്‍ത്തുന്ന പ്രശ്നങ്ങളും വികസനത്തിന് സ്വീകരിക്കേണ്ട രണതന്ത്രവും ഭാരതത്തിന്റെ ഭാവി സംബന്ധിച്ച ആശയങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ബൗദ്ധിക നേതൃനിരയില്‍ നിന്ന് ആരായുകയെന്നത് അനിവാര്യമായി വരുന്നത്.
ഒരര്‍ത്ഥത്തില്‍ അതിനൊക്കെയുള്ള മറുപടി പരമേശ്വര്‍ജി പല സന്ദര്‍ഭങ്ങളിലായി പറഞ്ഞും എഴുതിയും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നര ദശാബ്ദങ്ങള്‍ക്ക് മുമ്പ്, 1987ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് തിരുവനന്തപുരം ഘടകത്തോട് നടത്തിയ ത്രിദിന പ്രഭാഷണ പരമ്പരയില്‍, പരമേശ്വര്‍ജി ആ വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്തിരുന്നതായും കാണാം. (ആ മൂന്നു പ്രഭാഷണങ്ങള്‍ തേച്ചു മിനുക്കി ഭാരതം: പ്രതിസന്ധിയും പ്രതിവിധിയും എന്ന ശീര്‍ഷകത്തില്‍ കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്). എന്നിരുന്നാലും മാറിയ ദേശീയ സാഹചര്യത്തില്‍, പുനര്‍ചര്‍ച്ചകളുടെ പ്രസക്തിയേറുകയാണ്. അത്തരം ഒരു തുടര്‍ച്ചയെ നയിക്കുവാനുള്ള പ്രാഗത്ഭ്യം തെളിയിച്ച വര്‍ത്തമാന കാല ദേശീയ നേതൃനിരയിലെ പ്രമുഖരിലൊരാളാണ് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍. പല സന്ദര്‍ഭങ്ങളിലായി രാജ്യസഭാദ്ധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം നല്‍കിയ സന്ദേശങ്ങളും ദേശീയ/അന്തര്‍ദേശീയ വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളും അതാണ് വ്യക്തമാക്കുന്നത്. പരമേശ്വര്‍ജിയുടെ ഉത്തരങ്ങള്‍ ഉന്നത ശീര്‍ഷനായ ഒരു ദാര്‍ശനികന്‍ ദേശീയ/രാഷ്‌ട്രീയ പ്രശ്നങ്ങളെക്കുറിച്ച് നല്‍കിയ മാര്‍ദര്‍ശനങ്ങളായിരുന്നെങ്കില്‍ ജഗ്ദീപ് ധന്‍ഖര്‍ മുന്നോട്ടുവയ്‌ക്കുന്നത് ഉന്നതനീതിബോധമുള്ള ഒരു രാഷ്‌ട്രമീമാംസകന്‍ ദാര്‍ശനിക കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ട് അതേ വിഷയങ്ങളില്‍ നടത്തിയ നേര്‍നിരീക്ഷണങ്ങളാണെന്നുള്ളതാണ് എടുത്തു പറയേണ്ട സവിശേഷത.
പരമേശ്വര്‍ജിയുടെ പ്രസക്തി
ഉപരാഷ്‌ട്രപതി വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ കേന്ദീകരിച്ച് പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ള നിലപാടുകളില്‍ നിന്ന് പരമേശ്വര്‍ജിയുടെ ‘ഭാരതം: പ്രതിസന്ധിയും പ്രതിവിധിയും’ നടത്തിയ ചില നിരീക്ഷണങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് പല കാര്യങ്ങളിലും ബൗദ്ധികമായ കൂടുതല്‍ വെളിച്ചത്തിലേക്ക് പൊതുസമൂഹത്തെ നയിക്കും. സ്വാതന്ത്ര്യ സമരവേളയില്‍ ദേശീയതയുടെ അടിസ്ഥാന ഘടകത്തെ കുറിച്ചു പോലും വ്യക്തമായ ധാരണ വളര്‍ത്തിയെടുക്കാതെ ബ്രിട്ടീഷ് വിരോധത്തിന്റെ പേരില്‍ പോരിനിറങ്ങാന്‍ തയാറുള്ളവരെ ഒന്നിച്ചുകൂട്ടുകയെന്ന രണതന്ത്രം സ്വീകരിച്ചത് പിഴവായിരുന്നുവെന്നാണ് അദ്ദേഹം ആദ്യം വ്യക്തമാക്കിയിട്ടുള്ളത്. സ്വദേശത്തോടും സാംസ്‌കാരികതയോടും കൂറുപുലര്‍ത്താത്തവരോട് കൂട്ടുപിടിക്കാന്‍ വേണ്ടി ഖിലാഫത്തിനു പിന്തുണ കൊടുത്തതും അത് ഹിന്ദുവിരുദ്ധ കലാപമായി മാറിയതും പിന്നീടത് പാകിസ്ഥാന്‍ വാദമായി വളര്‍ന്നതും ഡയറക്ട് ആക്ഷന്‍ എന്ന് പേരുകൊടുത്ത് നടത്തിയ ഹിന്ദു ഉന്മൂലനത്തിന് വഴിതെളിച്ചതും ഒടുവില്‍ ഭാരതവിഭജനത്തില്‍ കലാശിച്ചതും അദ്ദേഹം എടുത്തു കാണിക്കുന്നു. ഒപ്പം തന്നെ ദേശീയതയെ കുറിച്ചും വികസന സങ്കല്പം ഉള്‍പ്പടെ മറ്റു പലകാര്യങ്ങളെ കുറിച്ചും ഗാന്ധിജിയും നെഹ്‌റുവും അടങ്ങിയ നേതൃനിരയിലെ അഭിപ്രായ സമന്വയമില്ലായ്മ എങ്ങനെയാണ് സ്വതന്ത്ര ഭാരതത്തിന്റെ ശരിദിശയിലേക്കുള്ള പോക്കിന് വഴി തടസ്സമായതെന്നും പരമേശ്വര്‍ജി പറയുമ്പോള്‍ പുതിയ തലമുറയ്‌ക്ക് ഭാവിയുടെ ഗതിതിരുത്തലിനുള്ള ദിശാബോധമാണ് പ്രദാനം ചെയ്യുന്നത്.
”ഏറ്റവും നിര്‍ഭാഗ്യകരമായിട്ടുള്ളത് സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷവും ദേശീയതയെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തിരുത്തപ്പെടാതെ, പഴയപടി അവ്യക്തമായി, അശാസ്ത്രീയമായി തുടരുന്നു എന്നതാണ്. അതിന്റെ ദുരന്ത ഫലങ്ങള്‍ വര്‍ഗീയവാദമായും വിഘടനവാദമായും നമ്മെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു; നമ്മുടെ രാഷ്‌ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളെ നിഷ്ഫലങ്ങളും വ്യഥാവ്യായാമങ്ങളുമാക്കിത്തീര്‍ക്കുന്നു” എന്ന് വ്യക്തമാക്കിയ ശേഷം അദ്ദേഹം ഭരണഘടനയിലെ അഭാരതീയതയിലേക്കാണ് ശ്രദ്ധ ക്ഷണിച്ചത്.
”ഏക സംസ്‌കാരം, ഏക ജനത, ഏക ദേശം, എന്നീ അടിസ്ഥാന തത്വങ്ങള്‍ വിശ്വാസ പ്രമാണങ്ങളായി അംഗീകരിച്ചുകൊണ്ട് നമ്മുടെ ഭരണഘടനയ്‌ക്ക് നാം രൂപം നല്‍കിയിരുന്നെങ്കില്‍ ഫെഡറല്‍ സ്വഭാവത്തോടുകൂടിയ ഇന്നത്തെ ഭരണഘടനയ്‌ക്കു പകരം ഏകാത്മ (യൂണിറ്ററി) സ്വഭാവത്തോടു കൂടിയ ഒന്നായിരിക്കുമായിരുന്നു അത്. ‘ഭാരതമാതാവ്’ എന്ന പ്രാചീന സങ്കല്പത്തെ അത് ബലപ്പെടുത്തുകയും, വൈകാരിക ബന്ധത്തിന് ശക്തി കൂട്ടൂകയും ചെയ്യുമായിരുന്നു. വിഘടനവാദത്തിന്റെ പഴുതടയ്‌ക്കാന്‍ അത് സഹായകമാകും. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഭരണഘടനാവിധാതാക്കള്‍ പ്രചോദനത്തിനുവേണ്ടി ഉറ്റുനോക്കിയത് ഭാരതത്തിന്റെ അന്തരാത്മാവിലേക്കായിരുന്നില്ല. തല്‍ഫലമായി ഭാരതത്തിന്റെ ‘സ്വ’ ഭാവത്തെ ഭരണഘടനയില്‍ വേണ്ടപോലെ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പോയി.
ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ നിരാകരിച്ചുകൊണ്ട്, അമേരിക്കയെയും റഷ്യയെയും അനുകരിച്ചുകൊണ്ട്, സ്റ്റേറ്റുകളുടെ സമുച്ചയമായ ‘ഫെഡറേഷന്‍’ *യൂണിയന്‍ ഓഫ് സ്റ്റേറ്റ്‌സ്) എന്ന പദവി ഭാരതത്തിന് പ്രദാനം ചെയ്തു. റഷ്യയിലെയും അമേരിക്കയിലെയും പോലെ ആദ്യം സ്റ്റേറ്റുകളും പിന്നീട് യൂണിയനുമല്ല ഇവിടെ ഉണ്ടായതെന്നും ഏകഭാരത സങ്കല്പമാണ് ഇവിടെ പ്രാചീനകാലം മുതല്‍ നിലനിന്നുപോന്നിട്ടുള്ളതെന്നും സംസ്ഥാനങ്ങളുടെ എണ്ണവും വലിപ്പവുമെല്ലാം കാലാകാലങ്ങളില്‍ മാറിമാറി വന്നിട്ടുണ്ടെന്നുമുള്ള വസ്തുത അവര്‍ കണക്കിലെടുത്തില്ല. വാസ്തവത്തില്‍ ഭാരതത്തിന്റെ ഏകത നിലനിര്‍ത്തണമെങ്കില്‍ ‘ഏകാത്മഭാരതം’ (യൂണിറ്ററി ഭാരതം) എന്ന അടിസ്ഥാന തത്വം അംഗീകരിക്കേണ്ടതുണ്ട്”. ഈ വാക്കുകളിലൂടെ ഭരണഘടനയെ സംബന്ധിക്കുന്ന ഭാരതീയ ദേശീയ പക്ഷത്തിന്റെ വീക്ഷണമാണ് പരമേശ്വര്‍ജി പങ്കുവെച്ചത്. ഭരണഘടനയില്‍ മാറ്റം വരുമെന്ന് കരുതി ഭയന്നും ഭയപ്പെടുത്തിയും രാഷ്‌ട്രീയം കളിക്കുന്ന സോണിയയുടെയും രാഹുലിന്റെയും പക്ഷം ഭയപ്പെടുന്നത് ഭാരതത്തനിമയുടെ രൂപവും ഭാവവും ഭരണഘടനയിലേക്ക് ആവേശിക്കപ്പെടുമോയെന്നതാണെന്ന് പൊതുസമൂഹം തിരിച്ചറിയുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ബഹുതല പ്രസക്തിയുള്ളവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക