Article

റഷ്യ-ഉക്രൈന്‍ യുദ്ധം: ട്രംപിന്റെ പ്രസ്താവനയും ഉയരുന്ന ആശങ്കകളും

Published by

2025 ജനുവരി 20 ന് അമേരിക്കയുടെ പ്രസിഡന്റായി വീണ്ടും സ്ഥാനമേറ്റെടുത്ത ഡൊണാള്‍ഡ് ട്രംപ്, റഷ്യ-ഉക്രൈന്‍ യുദ്ധത്തെക്കുറിച്ച് പ്രസ്താവന നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തിയ ശേഷം അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായും ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായും ഫോണ്‍ സംഭാഷണം നടത്തി. പിന്നീട് ട്രംപ് നടത്തിയ പ്രസ്താവനകള്‍ യുദ്ധത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളെ സ്വാധീനിക്കും വിധമാണ്.

ഫെബ്രുവരി 19 ന് മാര്‍-എ-ലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ്, യുദ്ധത്തിന്റെ ഉത്തരവാദിത്തം ഉക്രൈന്റെ മേല്‍ ചുമത്തുന്ന തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തി. ”ഉക്രൈന്‍ ഈ യുദ്ധം തുടങ്ങേണ്ടതില്ലായിരുന്നു. ധാരണയിലെത്താമായിരുന്നു,” എന്നാണ് അദ്ദേഹം പറഞ്ഞത്. റഷ്യയുടെ 2022 ലെ ആക്രമണത്തിന് മുമ്പ് സെലന്‍സ്‌കി ഒരു കരാര്‍ ഉണ്ടാക്കേണ്ടതായിരുന്നുവെന്നും, അങ്ങനെ ചെയ്തിരുന്നെങ്കില്‍ ജീവനുകളും നഗരങ്ങളും നഷ്ടപ്പെടില്ലായിരുന്നുവെന്നും ട്രംപ് വാദിച്ചു. പുടിനുമായി തനിക്ക് എന്നും നല്ല ബന്ധമുണ്ടായിരുന്നുവെന്നും, താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഈ യുദ്ധം ആരംഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം, ഉക്രൈനെ നാറ്റോയില്‍ ചേര്‍ക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച ട്രംപ്, റഷ്യയുടെ നിലപാടിനോട് ഒരു പരിധി വരെ അനുകമ്പ കാണിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ‘റഷ്യയ്‌ക്ക് അവരുടെ അതിര്‍ത്തിയില്‍ ഒരു നാറ്റോ രാജ്യം വേണ്ടെന്നത് മനസ്സിലാക്കാവുന്നതാണ്,’ എന്ന് പറഞ്ഞ അദ്ദേഹം, ഈ വിഷയം യുദ്ധത്തിന്റെ മൂലകാരണങ്ങളിലൊന്നാണെന്ന് സൂചിപ്പിച്ചു. ഉക്രൈന്റെ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുക എന്നത് ”യാഥാര്‍ഥ്യബോധമില്ലാത്ത ലക്ഷ്യം” ആണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ അഭിപ്രായത്തോടു ട്രംപ് യോജിച്ചു. ട്രംപിന്റെ പ്രസ്താവനകള്‍ ഉക്രൈന്റെ പരമാധികാരത്തിനും പോരാട്ടത്തിനും എതിരാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ദ്ദേശിക്കുന്നത് വെടിനിര്‍ത്തലും, നിലവിലെ അതിര്‍ത്തികള്‍ അംഗീകരിക്കലുമാണ്. ഇത് റഷ്യയുടെ കൈവശമുള്ള 20 ശതമാനം ഉക്രൈന്‍ ഭൂമി റഷ്യയ്‌ക്ക് നല്‍കുന്നതിന് തുല്യമാണ്. ഇത് ഉക്രൈന്റെ നാറ്റോ അംഗത്വ സ്വപ്‌നങ്ങളെ തകര്‍ക്കുമെന്ന ആശങ്ക സെലന്‍സ്‌കി പ്രകടിപ്പിച്ചു.

ഫെബ്രുവരി 18 ന് സൗദി അറേബ്യയില്‍ നടന്ന അമേരിക്ക-റഷ്യ ചര്‍ച്ചകളില്‍ ഉക്രൈനെ ഉള്‍പ്പെടുത്താത്തതിനെ ട്രംപ് ന്യായീകരിച്ചു. ‘മൂന്ന് വര്‍ഷമായി അവര്‍ക്ക് അവസരമുണ്ടായിരുന്നു, പക്ഷേ അവര്‍ യുദ്ധം തുടര്‍ന്നു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ നിലപാടിനെതിരെ സെലന്‍സ്‌കി രൂക്ഷമായി പ്രതികരിച്ചു: ‘ റഷ്യ സൃഷ്ടിച്ച വ്യാജ വിവരണങ്ങളുടെ ലോകത്താണ് ട്രംപ് ജീവിക്കുന്നത്’ എന്നാണ് സെലന്‍സ്‌കി പറഞ്ഞത്.

ആഗോള പ്രതികരണവും വിമര്‍ശനവും

ട്രംപിന്റെ പ്രസ്താവനകള്‍ യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഉക്രൈന്റെ നാറ്റോ അംഗത്വം അവസാനിപ്പിക്കുന്നതും പ്രദേശങ്ങള്‍ വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിക്കുന്നതും റഷ്യയ്‌ക്ക് അനുകൂലമായി യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമമാണെന്നും യൂറോപ്പിലെ നേതാക്കള്‍ ആരോപിക്കുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഉക്രൈന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ട്രംപിന്റെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തി.

അമേരിക്കയില്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ യുദ്ധവിരുദ്ധ വിഭാഗം ട്രംപിന്റെ സമീപനത്തെ പിന്തുണയ്‌ക്കുമ്പോള്‍, ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കന്മാരും ഉക്രൈനെ ഉപേക്ഷിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നു. സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിനെ പോലുള്ളവര്‍ ‘പുടിനെ വിജയിക്കാന്‍ അനുവദിക്കരുത്’ എന്നാവശ്യപ്പെട്ടു.

ട്രംപിന്റെ പദ്ധതി

ട്രംപിന്റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്, റഷ്യയ്‌ക്ക് സാമ്പത്തിക ഭീഷണി ഉയര്‍ത്തി (താരിഫുകള്‍, ഉപരോധങ്ങള്‍) അവരെ ചര്‍ച്ചയ്‌ക്ക് നിര്‍ബന്ധിക്കുക എന്നതാണ്. എന്നാല്‍, ഉക്രൈന് പുതിയ സൈനിക സഹായം നല്‍കുന്നതിനെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുന്നു. പകരം, യൂറോപ്പിനോട് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട ട്രംപ്, അമേരിക്കന്‍ ഇടപെടല്‍ കുറയ്‌ക്കാനുള്ള ശ്രമത്തിലാണെന്ന് വ്യക്തമാണ്.

ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനകള്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഗതിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഉക്രൈനെ ഒറ്റപ്പെടുത്തുന്നതും റഷ്യയ്‌ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതും ദീര്‍ഘകാല സമാധാനം ഉറപ്പാക്കുമോ എന്നു സംശയമാണ്. ഭാരതം ഉള്‍പ്പടെയുള്ള നിഷ്പക്ഷ രാജ്യങ്ങള്‍ ഈ സംഭവവികാസങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നതും നിര്‍ണായകമാകും. ട്രംപിന്റെ ‘വ്യാപാര തന്ത്രം’ യുദ്ധം അവസാനിപ്പിക്കുമോ, അതോ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്‌ക്കുമോ എന്ന് കാത്തിരുന്ന് കാണണം.

(അന്താരാഷ്‌ട്ര സമാധാന സംഘടനാംഗമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by