Main Article

ഇന്ന് മന്നം സമാധി: മന്നം: കാലവും പ്രസക്തിയും

Published by

ധുനിക മലയാളി സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും കേരളീയ ഹിന്ദുസ്വത്വത്തെയും രാഷ്‌ട്രീയബോധ്യത്തെയും നിര്‍ണ്ണായകമായി സ്വാധീനിക്കുകയും ചെയ്ത ഭാരതകേസരി മന്നത്തു പത്മനാഭന്‍ കടന്നുപോയിട്ട് അഞ്ചര പതിറ്റാണ്ടാകുന്നു. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, വാഗ്ഭടാനന്ദന്‍, മഹാത്മാ അയ്യന്‍കാളി തുടങ്ങിയവരുടെ സമകാലികനായിരുന്നു മന്നം. സാമൂഹിക ഘടനകളായ ജാതി, മതം, വിശ്വാസം, ആചാരങ്ങള്‍ തുടങ്ങിയവയോട് ക്രിയാത്മകമായി ഇടപെട്ടും മാനവികതയെ ഉയര്‍ത്തിപ്പിടിച്ചുമാണ് അദ്ദേഹം തന്റെ ജീവിതം രൂപപ്പെടുത്തിയത്. നഷ്ടപ്പെട്ട ജാതി സമൂഹത്തിലെ ആഢ്യത്വമായിരുന്നില്ല മന്നത്തിന്റെ അന്വേഷണ വിഷയമായത്. പകരം ജാതി മാമൂലുകളാലും സാമ്പത്തിക ബുദ്ധിമുട്ടുകളാലും തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന ഹിന്ദു സമുദായമായിരുന്നു മന്നത്തിന്റെ വിഷയം. ഇത്തരം പ്രശ്‌നങ്ങളേറ്റെടുത്താണ് സാമൂഹ്യ പരിഷ്‌കര്‍ത്താവ്, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, സാമുദായിക ശില്പി, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങിയ നിലകളിലൊക്കെ അദ്ദേഹം നിറഞ്ഞുനിന്നത്. പ്രഭാഷകന്‍, ചിന്തകന്‍, എഴുത്തുകാരന്‍, സാഹിത്യ വിമര്‍ശകന്‍ തുടങ്ങിയ മേഖലകളിലും തന്റെ രാഷ്‌ട്രീയത്തെ ക്രിയാത്മകമാക്കി അവതരിപ്പിക്കുന്നതിലും മന്നം ശ്രദ്ധാലുവായിരുന്നു. സമുദായത്തിലും രാഷ്‌ട്രീയത്തിലും സാഹിത്യത്തിലും ഒരുപോലെ ഇടപെട്ടിരുന്ന മന്നം തന്റെ ജീവിതത്തിലുടനീളം പരിശ്രമിച്ചത് ധാര്‍മികതയിലൂന്നിയ സാമൂഹിക- രാഷ്‌ട്രീയ ജീവിതക്രമത്തിന്റെ നിര്‍മിതിയാണ്. ഈ സാമൂഹിക-രാഷ്‌ട്രീയ ഘടനയിലേക്ക് കേരളീയ ഹിന്ദു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുകയെന്ന സ്വപ്‌നസാക്ഷാത്കാരത്തിനായാണ് സമുദായത്തെയും സംഘടനയെയും മന്നം നിരന്തരം പ്രേരിപ്പിച്ചത്. ഏഴു പതിറ്റാണ്ടോളം നീണ്ടുനിന്ന മന്നത്തിന്റെ രാഷ്‌ട്രീയ-സാമൂഹ്യജീവിതം, ഹിന്ദുസമൂഹത്തിനു നഷ്ടപ്പെട്ടുകൊണ്ടിരുന്ന പരംവൈഭവത്തെ വീണ്ടെടുക്കണമെന്നുള്ള ആഗ്രഹവും അതിനുവേണ്ടിയുള്ള പ്രയത്‌നവുമായിരുന്നു.

ഹിന്ദുസമുദായ രുപീകരണം

മന്നത്തിന്റെ കാലത്ത് കേരളം സാമൂഹിക-സാമ്പത്തിക അസമത്വങ്ങളാലും സാമുദായിക പ്രശ്‌നങ്ങളാലും സംഘര്‍ഷഭരിതമായിരുന്നു. കൊളോണിയല്‍ വ്യവസ്ഥയും പുതിയ നിയമനിര്‍മാണങ്ങളും ഏല്‍പ്പിച്ച ആഘാതം ഹിന്ദു സമുദായത്തെ നിലംപരിശാക്കി. ആധുനികതയോട് പ്രതികരിക്കാനും മാമൂലുകളെ അവസാനിപ്പിക്കാനും വൈമുഖ്യമുണ്ടായിരുന്ന പഴയ തലമുറയുടെ സ്വാധീനം സമുദായങ്ങളുടെ പുരോഗതിയെ പിന്നോട്ടു വലിച്ചു. അതിനാല്‍, ജാതീയമായി വളരെയേറെ വിഘടിക്കപ്പെട്ടിരുന്ന തിരുവിതാകൂറിലെ സാമുദായിക നിര്‍മിതിയിലാണ് മന്നം ആദ്യമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. പലതട്ടുകളായി വിഭജിക്കപ്പെട്ടിരുന്ന നായര്‍ ജാതിയിലെ അവാന്തര വിഭാഗങ്ങളെ ഒന്നിപ്പിക്കുക മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. നായര്‍ സമുദായ നിര്‍മിതിയിലൂടെ ഭാവിയിലെ ജാതിരഹിത ഹിന്ദുസമുദായ നിര്‍മാണമായിരുന്നു മന്നത്തിന്റെ ആത്യന്തിക ലക്ഷ്യം.

അല്ലായിരുന്നുവെങ്കില്‍, പന്തിഭോജനവും ക്ഷേത്രപ്രവേശനവും വിവിധജാതികള്‍ ഉള്‍പ്പെടുന്ന കരയോഗ രൂപീകരണവുമൊന്നും മന്നം വിഭാവനം ചെയ്യുകയില്ലായിരുന്നു. മാത്രമല്ല, ഹിന്ദുസമുദായ രൂപീകരണം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ലെങ്കില്‍ ക്ഷേത്രപ്രവേശനത്തിനുള്ള പരിശ്രമങ്ങളോ, തീണ്ടല്‍ വിരുദ്ധ നിലപാടുകളോ, ഹിന്ദുമഹാമണ്ഡലമോ ഉണ്ടാവില്ലായിരുന്നു.

ഹിന്ദു സമുദായ രൂപീകരണത്തിലേക്കുള്ള മന്നത്തിന്റെ പ്രയത്‌നം ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ആരംഭിച്ചത്. ക്ഷേത്രങ്ങള്‍ ഹിന്ദുസമുദായത്തിന്റെ കേന്ദ്രമാകണമെന്നു മന്നം തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ക്ഷേത്രപ്രവേശനം മുഖ്യവിഷയമാക്കിയ 1923 ലെ കാക്കിനാഡ കോണ്‍ഗ്രസ് സമ്മേളനത്തിന് ഏഴുവര്‍ഷം മുന്‍പ് പെരുന്നയിലെ മാരണത്തുകാവ് ദേവീ ക്ഷേത്രം എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കുമായി 1916 ല്‍ മന്നം തുറന്നുകൊടുത്തത്. ഇതിനേക്കാള്‍ വിപ്ലവകരമായിരുന്നു 1924 ല്‍ അഴകന്‍ പുലയനെന്ന കര്‍ഷകത്തൊഴിലാളിയെ തന്റെ ഭവനത്തിനുള്ളില്‍ ഒപ്പമിരുത്തി ഭക്ഷണം കഴിക്കുന്നതിനും അതിഥിയുടെ പാത്രം അമ്മയെക്കൊണ്ട് വൃത്തിയാക്കിക്കുന്നതിലും പ്രദര്‍ശിപ്പിച്ച സമത്വസങ്കല്പം. മന്നത്തിന്റെ ഭവനത്തില്‍ അഴകന്‍ പുലയന്‍ ഒപ്പമിരുന്നു ഭക്ഷണം കഴിക്കുന്ന കാലത്ത് തൊട്ടുകൂടായ്മ നിര്‍മാര്‍ജ്ജന കമ്മിറ്റി രൂപീകരിക്കുന്നതിനുമാത്രമാണ് കോണ്‍ഗ്രസിന് കഴിഞ്ഞതെന്നോര്‍ക്കുക. അതായത്, ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ജാതി ഒരു രാഷ്‌ട്രീയ പ്രശ്‌നമാകുന്നതിന് മുന്‍പുതന്നെ ജാതിവ്യവസ്ഥ പൂര്‍ണ്ണമായും ഇല്ലാതാകണമെന്നും ക്രമേണ അതൊരു ഹിന്ദുസമുദായ രൂപീകരണത്തിലേക്കു ചെന്നെത്തണമെന്നും മന്നം തീവ്രമായി ആഗ്രഹിച്ചിരുന്നു. സാമൂഹിക അസമത്വങ്ങള്‍ രാഷ്‌ട്രീയപ്രശ്‌നമാകുന്നതിനു മുന്‍പുതന്നെ സമുദായ ഐക്യം, സമത്വം, ക്ഷേത്രപ്രവേശനം, തീണ്ടല്‍ വിരുദ്ധത തുടങ്ങിയ ആദര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ മുഖ്യവിഷയമായിരുന്നു. ചങ്ങനാശേരിയിലെ ഹിന്ദു കോളജിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശം മന്നത്തിന്റെ ഹിന്ദുസമുദായ ഐക്യമെന്ന ലക്ഷ്യത്തെ അടയാളപ്പെടുത്തുന്നുണ്ട്. എന്‍എസ്എസ് ഹിന്ദു കോളജ് കാലക്രമേണ ഒരു ഹിന്ദു കോളജ് മാത്രമായിത്തീരുമെന്നും അതിനുള്ള സമയം എത്തിച്ചേരുമെന്നുമുള്ള മന്നത്തിന്റെ നിരീക്ഷണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യവും അതില്‍ മന്നം ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിച്ച രാഷ്‌ട്രീയത്തെയും വ്യക്തമാക്കുന്നുണ്ട്.

സംഘടനയും ഹിന്ദു സമുദായവും

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും തിരുവിതാംകൂര്‍ സാമൂഹിക-സമുദായ സംഘര്‍ഷങ്ങളുടെ വിളനിലമായിരുന്നു. അതുകൊണ്ടുതന്നെ, വളരെയേറെ വിഘടിക്കപ്പെട്ടിരുന്ന തിരുവിതാംകൂറിലെ ഹിന്ദുസാമുദായിക ഐക്യത്തിലാണ് മന്നം ആദ്യമായി ശ്രദ്ധകേന്ദ്രീകരിച്ചത്. കേരളീയ ഹിന്ദുസ്വത്വത്തെക്കുറിച്ചുള്ള മന്നത്തിന്റെ ബോധ്യമാണ് ക്ഷേത്രപ്രവേശനത്തിലും തീണ്ടല്‍ പ്രശ്‌നത്തിലും അദ്ദേഹത്തെ എത്തിച്ചതെങ്കില്‍, ഹിന്ദു സമുദായത്തിനുവേണ്ടിയുള്ള മന്നത്തിന്റെ ത്യാഗമാണ് വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങളില്‍ വ്യക്തമായത്.

1924 ല്‍ തുടങ്ങിയ വൈക്കം സത്യഗ്രഹം കേരളത്തിലെ ഹിന്ദുസമുദായത്തിനുള്ളിലെ ബ്രാഹ്മണ അധീശത്വത്തോടുള്ള പോരാട്ടമെന്ന രീതിയിലാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ജാതിസമത്വത്തിനും തീണ്ടല്‍ വിരുദ്ധതക്കും വൈക്കം സത്യഗ്രഹം മാര്‍ഗദര്‍ശനം വഹിച്ചുവെന്നത് വാസ്തവമാണ്. മാത്രമല്ല, പിന്നീട് നടന്ന ഗുരുവായൂര്‍ സത്യഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം എന്നിവയെയും വൈക്കം സത്യഗ്രഹം സ്വാധീനിച്ചിട്ടുമുണ്ട്. എന്നാല്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കേണ്ട സാഹചര്യം മന്നത്തിനോ അദ്ദേഹം നേതൃത്വം നല്‍കിയ എന്‍എസ്എസ്സിനോ ഉണ്ടായിരുന്നില്ല എന്ന വസ്തുത മനസിലാക്കുമ്പോഴാണ് ഹിന്ദുസമുദായനിര്‍മിതിക്കുവേണ്ടി അദ്ദേഹം ചെയ്ത ത്യാഗം തിരിച്ചറിയാന്‍ സാധിക്കുക. 1921 ലെ മലബാര്‍/മാപ്പിള കലാപത്തെത്തുടര്‍ന്നു കേരളത്തില്‍, പ്രത്യേകിച്ചും മലബാര്‍ പ്രദേശങ്ങളില്‍, കോണ്‍ഗ്രസിന്റെ മുഖം നഷ്ടപ്പെടുന്ന ഗുരുതരസാഹചര്യമുണ്ടായി. കോണ്‍ഗ്രസില്‍നിന്നകന്നുകൊണ്ടിരുന്ന ഹിന്ദുസമുദായത്തെ കൈപ്പിടിയില്‍ നിര്‍ത്തുന്നതിനുവേണ്ടി കോണ്‍ഗ്രസ് കണ്ടെത്തിയ തന്ത്രമായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ അണിയറരാഷ്‌ട്രീയം. ഈ രാഷ്‌ട്രീയത്തെ മനസ്സിലാക്കിക്കൊണ്ടുതന്നെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ജീവിതാവസ്ഥകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് മന്നത്തിന്റെ നേതൃത്വത്തില്‍ സവര്‍ണ്ണജാഥ സംഘടിക്കപ്പെട്ടത്. മന്നത്തിന്റെ നേതൃത്വത്തില്‍ വൈക്കത്തുനിന്നും എം.ഇ. നായിഡുവിന്റെയും എ. പി. നായരുടെയും നേതൃത്വത്തില്‍ കോട്ടാറില്‍നിന്നും നടത്തിയ രണ്ടു സവര്‍ണ്ണജാഥകളും ഹിന്ദുസമുദായത്തിനകത്തെ സമത്വത്തിനുവേണ്ടിയാണ് രാജാവിന് നിവേദനം നല്‍കിയത്. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളില്‍ ഹിന്ദുക്കളെ ഒരുമിപ്പിച്ചുകൊണ്ടുവരുന്നതിനും ഹിന്ദുസമുദായത്തിലെ ജാതിയെ ദുര്‍ബലപ്പെടുത്തുന്നതിനും മന്നത്തിന്റെ പരിശ്രമങ്ങള്‍ നിര്‍ണായകമായി.

അധികാരം, ജനാധിപത്യം, സമരം

സമുദായശില്പി, ദേശീയവാദി, ഹിന്ദുമത സംരക്ഷകന്‍ തുടങ്ങിയ ബഹുമുഖ മേഖലകളില്‍ ഒരേപോലെ ഇടപെട്ടിരുന്നതുകൊണ്ടുതന്നെ മന്നം എന്നും പ്രായോഗിക രാഷ്‌ട്രീയത്തിന്റെ വക്താവായിരുന്നു. അതുപക്ഷേ പില്‍ക്കാല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ ആക്ഷേപിച്ചതുപോലെ അവസരവാദരാഷ്‌ട്രീയമായിരുന്നില്ല. കൊളോണിയല്‍ അധികാരം, ദിവാന്‍ ഭരണം, മതസാമുദായിക സമ്മര്‍ദ്ദങ്ങള്‍, ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനം തുടങ്ങിയവയാല്‍ സംഘര്‍ഷഭരിതമായിരുന്ന ഒരു കാലഘട്ടത്തില്‍ ഒരേസമയത്തു നായര്‍ സമുദായത്തെ നിര്‍മിക്കുകയും അതിനെ ക്രമേണ ഹിന്ദുസമുദായമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുകയെന്ന അത്യന്തം ഗൗരവതരമായ ഉത്തരവാദിത്തമാണ് മന്നത്തില്‍ നിക്ഷിപ്തമായിരുന്നത്. ജനാധിപത്യവിശ്വാസിയും സര്‍വ്വധര്‍മ്മസമഭാവനയുടെ വക്താവുമായിരുന്നു മന്നം. എന്നാല്‍ എപ്പോഴാണോ ജനാധിപത്യവും ഹിന്ദുസമുദായ നിര്‍മിതിയും വെല്ലുവിളിക്കപ്പെട്ടത്, പ്പോഴൊക്കെ കലഹിക്കുന്നതിനോ പ്രക്ഷോഭകാരിയാകുന്നതിനോ അദ്ദേഹത്തിന് വൈമുഖ്യമുണ്ടായിരുന്നില്ല. മുഖംനോക്കി നയം തീരുമാനിക്കുന്ന ശൈലിയായിരുന്നില്ല മന്നത്തിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, വിമോചനസമരത്തിനും ഹിന്ദുമഹാമണ്ഡലത്തിനുമായി ഇറങ്ങുമ്പോള്‍ പ്രീതിയോ അപ്രീതിയോ അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.

ഹിന്ദു ക്ഷേത്രങ്ങളെ ജാതിരഹിത ഹിന്ദുസമുദായ നിര്‍മിതിക്കുകൂടി പ്രയോജനപ്പെടുത്തുകയും അവശജനഹിന്ദുക്കളെ സംരക്ഷിക്കുകയും ചെയ്യുകയെന്ന വ്യവസ്ഥകളുള്‍പ്പെടെയുള്ള അഞ്ചിന പരിപാടികളുമായി മന്നവും ആര്‍. ശങ്കറും പുതിയതായി രൂപീകരിക്കപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്വാധീനമുറപ്പിച്ചത് കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ സാധിക്കാതെ വന്നതാണ് ഹിന്ദുമഹാമണ്ഡലത്തിന്റെ പിറവിയില്‍ കലാശിച്ചത്. ഹിന്ദുമഹാമണ്ഡലത്തിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ ചേര്‍ന്ന ഹൈന്ദവ പ്രതിനിധി സമ്മേളനത്തില്‍ ആലേഖനം ചെയ്ത ശ്രീനാരായണസൂക്തവും മന്നത്തുപത്മനാഭന്‍ തന്റെ ജാതിനാമം ഉപേക്ഷിച്ചതും ജാതിരഹിത ഹിന്ദുസമുദായത്തിലേക്കുള്ള ധീരമായ ചുവടുവയ്പുകളായിരുന്നു.

ഹിന്ദുഐക്യത്തിനുവേണ്ടിയും ശബരിമലയിലും കന്യാകുമാരിയിലുമടക്കം ഹൈന്ദവസ്വത്വം വെല്ലുവിളിക്കപ്പെട്ടതുമാണ് കോണ്‍ഗ്രസില്‍ നിന്നകലാനും ഭാരതീയ ജനസംഘവുമായി ചേരാനും 1950 കളില്‍ മന്നത്തെയും ആര്‍.ശങ്കറെയും പ്രേരിപ്പിച്ചത്. ദിവാനോടും രാജാവിനോടും മാത്രമല്ല കോണ്‍ഗ്രസിനോടും കമ്മ്യൂണിസ്റ്റുകളോടും ഒരുപോലെ കലഹിക്കുകയും ഹിന്ദുസമുദായം, ജനാധിപത്യം എന്നിവയ്‌ക്കുവേണ്ടി നിരന്തരം പ്രക്ഷോഭത്തില്‍ ഏര്‍പ്പെടുകയും ചെയ്ത വ്യക്തിയാണ് മന്നം. ആത്യന്തികമായി അദ്ദേഹത്തിന് ശത്രുക്കളോ മിത്രങ്ങളോ ഉണ്ടായിരുന്നില്ല. ജാതിവ്യവസ്ഥ ക്രമേണ ഇല്ലാതാകണമെന്നും അതിനുപകരം ഹിന്ദുസ്വത്വം ഉയര്‍ന്നുവരണമെന്നുമായിരുന്നു മന്നത്തിന്റെ രാഷ്‌ട്രീയ ലക്ഷ്യം. എന്നാല്‍ അതേ തീവ്രതയോടെ ജനാധിപത്യം പുലരണമെന്നും അവശജനവിഭാഗങ്ങള്‍ സാമൂഹികമായി ഉയരണമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ദൗര്‍ഭാഗ്യമെന്നുപറയട്ടെ, മന്നത്തു പത്മനാഭനെ ജാതിവാദിയായും ജന്മിത്വവാദിയായും ചിത്രീകരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ മുമ്പത്തെപ്പോലെ ഇപ്പോഴും സജീവമാണ്. കേരളീയ സാമൂഹിക ജീവിതത്തില്‍ ഇന്ന് നാം കാണുന്ന സാമൂഹികബോധവും വൈജ്ഞാനിക വളര്‍ച്ചയും മന്നത്തിന്റെകൂടി ശ്രമഫലമാണ്. പക്ഷെ അവയൊക്കെ ബോധപൂര്‍വ്വം തള്ളിക്കളയുന്നതിനും അദ്ദേഹത്തെ ഒരു സമുദായനേതാവ് എന്ന നിലയില്‍മാത്രം വ്യാഖ്യാനിക്കുന്നതിനുമുള്ള നിരന്തരശ്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വൈക്കം സത്യഗ്രഹത്തിന് ശേഷം ഒരു നൂറ്റാണ്ടുപിന്നിട്ടു. സത്യഗ്രഹത്തിലെ മന്നത്തിന്റെ സംഭാവനകള്‍ തിരസ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കൂടുതലായി നടക്കുന്നത്. 2024 ല്‍ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളില്‍ മന്നം ഒഴിവാക്കപ്പെട്ടതും പെരിയാര്‍ രാമസ്വാമിനായ്‌ക്കര്‍ വാഴ്‌ത്തപ്പെട്ടതും ഈ രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ്. അതെന്തായാലും, ജാതിവാദങ്ങള്‍ ഉന്നയിച്ചാലോ ജന്മിത്വം ആരോപിച്ചാലോ രണ്ടുമുഖ്യമന്ത്രിമാര്‍ ഒന്നിച്ചുനിന്നാരെയെങ്കിലുമൊക്കെ വാഴ്‌ത്തിയാലോ മന്നത്തിന്റെ സംഭാവനകളെ തിരസ്‌കരിക്കാനാകില്ലന്ന് മാത്രം ഓര്‍മ്മിപ്പിക്കട്ടെ.

(ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജില്‍ ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by