Main Article

കേരളത്തിന്റെ ഭാവിയും ആശങ്കകളും

Published by

ശാസ്ത്രീയമായ അനുമാനങ്ങള്‍ പ്രകാരം നമ്മുടെ ഭൂമി ഇനിയും നാനൂറ് അഞ്ഞൂറ് ദശലക്ഷം വര്‍ഷങ്ങള്‍ വരെ ജീവല്‍ സാന്നിധ്യമുള്ള ഭൂമിയായി നിലനില്‍ക്കും. അതിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യജീവിതം ഇവിടെ അസാധ്യമാകുന്ന വിധത്തില്‍ ആയിരിക്കും. ഭൂമിയിലെ മനുഷ്യന്റെ സ്വാഭാവിക അന്ത്യത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു വ്യസനം, വിഷമം തോന്നുന്നില്ലേ? എന്നാല്‍ ഇരുപത് വര്‍ഷം കഴിഞ്ഞോ 30 വര്‍ഷം കഴിഞ്ഞോ എന്തായിരിക്കും കേരളത്തിന്റെ ഭാവി എന്നതിനെപ്പറ്റി നമ്മള്‍ അത്തരം ആകുലത പുലര്‍ത്തുന്നുണ്ടോ?

കേരളത്തിന്റെ ഭാവി എന്ന് പറയുമ്പോള്‍ നാം കാംക്ഷിക്കുന്ന ഭാവിയും യഥാര്‍ത്ഥത്തില്‍ എത്തിപ്പെടുന്ന ഭാവിയും രണ്ടും രണ്ടായി കാണണം. ഇവിടെ പ്രതിപാദിക്കുന്നത് ഇപ്പോഴത്തെ യാഥാര്‍ഥ്യങ്ങളില്‍ അധിഷ്ഠിതമായ രീതിയില്‍ മുന്നോട്ട് പോയാല്‍ കേരളത്തിനുണ്ടാകുന്ന ഭാവി എന്തായിരിക്കും എന്നതിനെപ്പറ്റിയാണ്.

2040 ആകുമ്പോഴെയ്‌ക്കും സമുദ്രജല നിരപ്പില്‍ ഉണ്ടാകുന്ന വര്‍ധന മൂലം കേരളത്തിന്റെ തീരമേഖല 10 ശതമാനം മുതല്‍ 15 ശതമാനം വരെ വെള്ളം ഉയരുന്നതിനും തന്മൂലം കൊച്ചി അടക്കമുള്ള സ്ഥലങ്ങളില്‍ കരയിലേക്കു വെള്ളം കയറുന്നതിനും സാധ്യത വളരെ കൂടുതലാണ്.അഷ്ടമുടി കായല്‍ പോലെ സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന കായലുകളിലും ഈ പ്രവണത കാണാവുന്നതാണ്. മാത്രമല്ല, മഴക്കാലങ്ങളില്‍ ഒഴുകി വരുന്ന വെള്ളം ഉയര്‍ന്നിരുന്നതു മൂലം കുറെക്കൂടി സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വളരെ കൂടുതലാണ്. 2018ലെ വെള്ളപ്പൊക്കങ്ങള്‍ എല്ലാം ചെറിയ വെള്ളപ്പൊക്കങ്ങളായി മാറുന്ന അവസ്ഥയിലേയ്‌ക്ക് കേരളം എത്തപ്പെടും.

അതോടൊപ്പം വനമേഖലയില്‍ നടക്കുന്ന പാരിസ്ഥിതിക വിരുദ്ധ കാര്യങ്ങള്‍ മൂലം മണ്ണിടിച്ചിലും മറ്റും വര്‍ദ്ധിക്കുന്നതിനും മുണ്ടക്കൈ പോലുള്ള സംഭവങ്ങള്‍ വിവിധ മേഖലകളില്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നതാണ്. ഇതോടൊപ്പം വനങ്ങളില്‍ വെള്ളവും ഭക്ഷണവും കുറയുന്നതുമൂലം വന്യമൃഗങ്ങള്‍ കൂടുതലായി ജനവാസ മേഖലകളിലേയ്‌ക്ക് എത്തുന്ന സഹചര്യമുണ്ടാകും. ഉള്‍വനങ്ങളില്‍ നല്ല രീതിയില്‍ ഭക്ഷ്യയോഗ്യമായ പുല്ലുകളും ചെടികളും വൃക്ഷങ്ങളും മുളകളും മറ്റും വളര്‍ത്തിയും വേനല്‍ക്കാലങ്ങളില്‍ ജലലഭ്യത ഉറപ്പാക്കിയും മാത്രമേ മനുഷ്യന്റെയും മൃഗങ്ങളുടെയും സംഘര്‍ഷം ലഘുകരിക്കാനാകൂ.

ഇപ്പോഴും വ്യവസായ വളര്‍ച്ചയ്‌ക്ക് വിഘാതമായി നില്‍ക്കുന്ന പല ഘടകങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്നു. അതുകൊണ്ട് തന്നെ തൊഴിലിനു വേണ്ടി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന മലയാളികളുടെ എണ്ണം കുറെക്കൂടി വര്‍ദ്ധിക്കാനാണ് സാധ്യത. വിദേശങ്ങളില്‍ വിസ ലഭിക്കാനുണ്ടാകുന്ന കൂടുതല്‍ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ നോക്കിയാല്‍ വിദേശത്തുള്ള തൊഴില്‍ അവസരവും കുറയുന്നതാണ്. അതേസമയം, പഠനത്തിനും തുടര്‍ന്ന് ജോലിക്കുമായി പോകുന്നവര്‍ തിരിച്ചു വരാത്ത വിധം ആ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കുന്നതോടെ വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലേക്ക് തിരിച്ചെത്താതെ വരുന്ന ഒരു അവസ്ഥയുമുണ്ടാകും. പ്രായമേറിയവരുടെ ശതമാനം തൊഴിലെടുക്കുന്നവരുമായി ബന്ധപ്പെടുത്തിയാല്‍ വളരെയധികം വര്‍ദ്ധിക്കുന്നതിനും വാര്‍ധക്യ കാലത്തെ സംരക്ഷണം സാമൂഹിക പ്രശ്നമായി മാറുന്നതിനും സാധ്യതയുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാഷ്‌ട്രീയത്തിന് അതീതമായി സാങ്കേതികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ ശക്തമായ നടപടികള്‍ ഉണ്ടാകണം.

സംസ്ഥാനത്തിന്റെ കടം വളരെ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സ്വകാര്യ മേഖലകളില്‍ ഒഴികെ മൂലധന നിക്ഷേപം നടത്തുക എന്നത് അപ്രാപ്യമായ ഒരു സംഗതിയായി മാറും. വിനോദസഞ്ചാര മേഖലയും അനുബന്ധ സ്ഥലങ്ങളും ശുചിയായും പാരിസ്ഥിതികമായി നല്ല രീതിയിലും സൂക്ഷിക്കാനാകാത്തതിനാല്‍ വിദേശങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം കുറയും. വിനോദ സഞ്ചാര മേഖലയേയും ആതുര ശുശ്രൂഷാ മേഖലയും ( പ്രത്യേകിച്ച് ആയുര്‍വേദ ടൂറിസ), ഇപ്പോഴെ നന്നായി പ്ലാന്‍ ചെയ്ത് കൊണ്ടുപോകുന്നില്ലെങ്കില്‍, റബ്ബറിന്റെ ‘സ്ളോട്ടര്‍ ടാപ്പിംഗ്’ നടത്തുന്നതുപോലെയുള്ള ഒരു അവസ്ഥയിലേത്തും. ഭക്ഷ്യ വസ്തുക്കള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മദ്യവും അതിനെക്കാള്‍ സുലഭമായ മയക്കുമരുന്നുകളും വലിയൊരു ശതമാനം ജനങ്ങളെ അതിന്റെ അടിമയാക്കുന്നതിനും അവരുടെ സാമൂഹിക സാമ്പത്തിക പ്രയത്നങ്ങളെ വിഫലമാക്കുന്നതിനും ഇടയാക്കുന്നതാണ്. വിഴിഞ്ഞം പോലുള്ള തുറമുഖങ്ങള്‍ ഒരു ട്രാന്‍സ്ഷിപ്‌മെന്റ് കേന്ദ്രം മാത്രമായി മാറുകയാണെങ്കില്‍, കേരളത്തിലെ ഉല്‍പ്പന്നങ്ങള്‍ ഇതുവഴി പോകാന്‍ ഉണ്ടാകുന്നില്ലെങ്കില്‍ അതില്‍ നിന്നു ലഭിക്കുന്ന പ്രയോജനം വളരെ കുറഞ്ഞുപോകും

ജനസംഖ്യാ വര്‍ദ്ധനവ് കുറയുന്ന എല്ലാ ലക്ഷണങ്ങളും കാണാനാകും, എന്നാല്‍ ചില വിഭാഗങ്ങളില്‍ ജനസംഖ്യാ വര്‍ദ്ധനവ് താരതമ്യേന കൂടുതലായിരിക്കും, ഇതുമൂലം സാമൂഹിക രാഷ്‌ട്രീയ മേഖലകളില്‍ ഉണ്ടാകുന്ന അസമത്വങ്ങള്‍ വര്‍ദ്ധിക്കും. കേരളത്തിന്റെ ഭക്ഷ്യസംസ്‌കാരം ഒരു അറബിക് സംസ്‌കാരത്തിലേയ്‌ക്ക് ഏകദേശം വീണുകഴിഞ്ഞിരിക്കുന്നു. ജനസംഖ്യാ വ്യതിയാനങ്ങളും അതോടൊപ്പം ഭക്ഷണക്രമങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ഒരു വിഭാഗം ജനങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.. കാര്‍ഷികമേഖലയില്‍ പണിയെടുക്കാന്‍ ആഗ്രഹിക്കുന്ന നെല്‍കര്‍ഷകരെ സര്‍ക്കാര്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഈ മേഖലയില്‍ നിന്ന് അകറ്റുന്നതിനും, ഉല്‍പ്പാദനം തന്നെ ഇല്ലാതാകുന്നതിനും ഇടയാക്കും. അങ്ങനെ കൃഷി, വ്യവസായം, സേവന മേഖലകള്‍ എന്നിവയുടെ മുരടിപ്പും തൊഴിലില്ലായ്മയും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കും.

സമൂഹ മാധ്യമങ്ങളുടെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അവയുടെ മുന്‍പില്‍ പത്രങ്ങള്‍ തീര്‍ച്ചയായും അപ്രസക്തമാകുന്ന കാലം വിദൂരമല്ല. ഒരു പക്ഷേ ഇലക്ട്രോണിക് മാധ്യമങ്ങള്‍ തന്നെ സമൂഹ മാധ്യമങ്ങളുടെ തള്ളിക്കയറ്റത്തില്‍ അപ്രസക്തമാകാന്‍ സാധ്യതയുണ്ട്. സമൂഹ മാധ്യമങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നതിന് പരിശീലനം നേടേണ്ടതും അത് സ്ഥിരമായി സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തേണ്ടതുമാണ്.

ഹിംസാത്മകമായ ഒരന്തരീക്ഷം കേരളത്തില്‍ പൊതുവെ പടരുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാമാന്യ മനുഷ്യന് അചിന്ത്യമായ തരത്തില്‍ ഹിംസകള്‍ ആണ് ഇപ്പോള്‍ എങ്ങും കാണുന്നത്. ഇതിന് ഒരു പ്രധാന കാരണം മയക്കുമരുന്നുകളുടെ ഉപയോഗമാണ്.

പാരിസ്ഥിതികമായി ഉണ്ടാകുന്ന വലിയ ആഘാതങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കേരളത്തിന് വഴി കാണപ്പെടുന്നില്ല. എന്നാല്‍ അതിന്റെ ആഘാതം കുറയ്‌ക്കുന്നതിനും അതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ കേരളം മുന്‍കൂട്ടി എടുക്കേണ്ടതാണ്.

(നേതി നേതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക