Kerala

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം; കുടിശികയില്ല: കേന്ദ്രം, നല്‍കിയത് 939 കോടി

Published by

ന്യൂദല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം അടക്കമുള്ള കാര്യങ്ങള്‍ക്കായി കേരളത്തിനു നല്‍്കാന്‍ കുടിശികയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 2024-25 സാമ്പത്തിക വര്‍ഷം 913.24 കോടി രൂപയാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഓണറേറിയം ഉള്‍പ്പെടെ കേരളത്തിനുള്ള വിഹിതമായി നീക്കിവച്ചത്. എന്നാല്‍ 938.80 കോടി രൂപ കേരളത്തിന് അനുവദിച്ചു, 25 കോടി അധികം. നാലു തവണകളായാണ് തുക അനുവദിച്ചത്. ഇതുകൂടാതെ പഴയ കുടിശിക തീര്‍ക്കാന്‍ അഞ്ചാം തവണയായി ഫെബ്രുവരി 12ന് 120.45 കോടിയും സംസ്ഥാനത്തിന് അനുവദിച്ചു.

കേരളത്തില്‍ ഏകദേശം 26,000 ആശാ വര്‍ക്കര്‍മാരാണ് സമരത്തില്‍. രണ്ട് മുതല്‍ ആറ് വരെയുള്ള മാസങ്ങളിലെ ഓണറേറിയമാണ് ഇവര്‍ക്ക് നല്‍കാനുള്ളത്. കേന്ദ്രത്തില്‍ നിന്നുള്ള കുടിശിക ലഭിക്കാത്തതുകൊണ്ടാണ് പണം നല്‍കാന്‍ കഴിയാത്തതെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്തിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു.
മന്ത്രിയുടെ പ്രസ്താവന വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കാര്യക്ഷമതയില്ലായ്മയും കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. ഇതുകാരണം ജീവനക്കാരുടെ ശമ്പളം വരെ മുടങ്ങുന്ന അവസ്ഥയിലാണ്.

കേരളത്തിന് നല്‍കിയത് നീക്കിവച്ച തുകയെക്കാള്‍ കൂടുതലാണ്. എന്നിട്ടും സംസ്ഥാനം കേന്ദ്രത്തെ കുറ്റം പറയുന്നത് നിരാശാജനകമാണ്. സ്വന്തം പോരായ്മകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നീക്കം. ബിജെപി ദേശീയ വക്താവ് പ്രേംശുക്ലയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by