Article

ഏകീകൃത പെന്‍ഷന്‍ പദ്ധതി എന്ത്, എങ്ങനെ?

Published by

2003 ഡിസംബറിലെയും 2019 ജനുവരിയിലെയും പെന്‍ഷന്‍ വിജ്ഞാപനങ്ങളില്‍ ഭാഗികമായി പരിഷ്‌കരണം നടത്തി ദേശീയ പെന്‍ഷന്‍ വ്യവസ്ഥയില്‍ (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍ പി എസ്) കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വീകരിക്കാവുന്ന ഒരു പുതിയ രീതി അഥവാ ഓപ്ഷന്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി – കേന്ദ്രസര്‍ക്കാര്‍ ഈ കഴിഞ്ഞ ജനുവരി 24ന് വിജ്ഞാപനം ചെയ്തു. ഇത് എന്‍പിഎസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മാത്രം ബാധകമാണ്. പദ്ധതി 2025 ഏപ്രില്‍ ഒന്നിന് നടപ്പില്‍ വരും.

ആര്‍ക്ക്, എങ്ങനെ, എപ്പോള്‍?

ഏകീകൃത പെന്‍ഷന്‍ വ്യവസ്ഥ സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന് സുനിശ്ചിതമായ പെന്‍ഷന്‍ ലഭിക്കുന്നത് ഇപ്രകാരമാണ്:

1. പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ട യോഗ്യതയായ പത്തുവര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജീവനക്കാരന് വിരമിക്കുന്ന നാള്‍ മുതല്‍
2. ശിക്ഷാനടപടിയായല്ലാതെ റിട്ടയര്‍ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന് റിട്ടയര്‍മെന്റ് നാള്‍ മുതല്‍
3. മിനിമം യോഗ്യതയായ 25 വര്‍ഷത്തെ സേവനത്തിനുശേഷം വോളന്ററി റിട്ടയര്‍മെന്റ് സ്വീകരിക്കുന്ന ജീവനക്കാരന്, സേവനത്തില്‍ നിന്നു സ്വാഭാവികമായി വിരമിക്കേണ്ട നാള്‍ മുതല്‍. ശിക്ഷാനടപടികള്‍ക്ക് വിധേയമായി പുറത്താക്കപ്പെട്ടവര്‍ക്കും രാജിവച്ചവര്‍ക്കും ഈ പദ്ധതി ബാധകമല്ല.

പ്രയോജനങ്ങള്‍

1.സുനിശ്ചിതമായ പെന്‍ഷന്‍, വിരമിക്കലിനു മുമ്പുള്ള 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ 50 ശതമാനം എന്ന നിരക്കിലാണ്. 25 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഈ നിരക്ക് ലഭിക്കുക.

2. 25 വര്‍ഷത്തില്‍ കുറവ് സേവന ദൈര്‍ഘ്യമുള്ളവര്‍ക്ക് പെന്‍ഷന്‍ ആനുപാതികമായാണ് ലഭിക്കുക.

3. പത്തുവര്‍ഷത്തിനുമേല്‍ സേവനം ചെയ്തവര്‍ക്ക് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ ആനുവിറ്റി പതിനായിരം രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.

പെന്‍ഷന്‍കാരന്‍ (പേ-ഔട്ട് ഫോള്‍ഡര്‍ എന്നാണ് വിജ്ഞാപനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം) മരണപ്പെട്ടാല്‍ അയാളുടെ വിധവയ്‌ക്ക് ഭര്‍ത്താവിന്റെ പെന്‍ഷന്റെ 60 ശതമാനം പേ-ഔട്ട് ലഭിക്കും. സുനിശ്ചിതമായ പേ- ഔട്ടിനും ഫാമിലി പേ-ഔട്ടിനും ഡിയര്‍നെസ് റിലീഫ് ലഭിക്കും.

4. സേവനം ചെയ്ത ഓരോ അര്‍ദ്ധവര്‍ഷത്തിനും പ്രതിമാസ ശമ്പളത്തിന്റെ (അടിസ്ഥാനശമ്പളം+ക്ഷാമബത്ത) 10 ശതമാനം എന്ന നിരക്കില്‍ ഒരു തുക ഒറ്റത്തവണയായി വിരമിക്കല്‍ സമയത്ത് ലഭിക്കും. ഇത് പെന്‍ഷനെ അഥവാ പേ-ഔട്ടിനെ ഒരുതരത്തിലും ബാധിക്കുകയുമില്ല.

വിരമിക്കല്‍ നിധി

ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ രണ്ടുതരത്തിലുള്ള നിധികളാണ് ഉണ്ടായിരിക്കുക:

1. വ്യക്തിഗത ഫണ്ട്
ഇത് ജീവനക്കാരന്‍ നല്‍കുന്ന ശമ്പളത്തിന്റെ 10 ശതമാനവും തത്തുല്യമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തുകയും ചേര്‍ത്തുള്ള ഫണ്ടാണ്. ശമ്പളമെന്നത് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടിയുള്ളത്. വ്യക്തിഗത ഫണ്ടിലുള്ള തുക എങ്ങനെ നിക്ഷേപം നടത്തണമെന്ന് ജീവനക്കാരന് തീരുമാനിക്കാം. ജീവനക്കാരന്‍ ഈ തീരുമാനം കൈക്കൊള്ളുന്നില്ലെങ്കില്‍ തുക എങ്ങനെ നിക്ഷേപിക്കണമെന്ന് പി.എഫ്. ആര്‍.ഡി.എ (പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി) നിഷ്‌കര്‍ഷിക്കും. ഇതിനെ ഡിഫാള്‍ട്ട് പാറ്റേണ്‍ എന്നു പറയുന്നു.

2. പൂള്‍ഡ് ഫണ്ട്/കോര്‍പസ്
രണ്ടാമത്തേത് ഒരു പൂള്‍ഡ് ഫണ്ട് ആണ്. ഇത് ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്ന ജീവനക്കാരുടെ ശമ്പളത്തിന്റെ (അടിസ്ഥാന ശമ്പളം+ക്ഷാമബത്ത) 8.5 ശതമാനമാണ്. ഇത് കേന്ദ്രസര്‍ക്കാര്‍ ഫണ്ടിലേക്ക് അടയ്‌ക്കുന്നതാണ്. ഇത് ഒരോ ജീവനക്കാരന്റെയും വ്യക്തിഗത അക്കൗണ്ടില്‍ അല്ല മറിച്ച് ഒന്നായിട്ടാണ് ക്രെഡിറ്റ് ചെയ്യുന്നത്. പൂള്‍ഡ് ഫണ്ട് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഇതാണ്.

സുനിശ്ചിതമായ പെന്‍ഷന്‍ /ആനുവിറ്റി/പേ-ഔട്ട് നല്‍കുന്നതിന് ഈ നിധി സഹായിക്കുന്നു. ഈ സഞ്ചിത നിധിയുടെ നിക്ഷേപം കേന്ദ്രസര്‍ക്കാരാണ് തീരുമാനിക്കുന്നത്.

ഏകീകൃത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതിന് മുമ്പ് വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന് ഈ പദ്ധതിയില്‍ ചേരാം. മാനദണ്ഡങ്ങള്‍ പി.എഫ്.ആര്‍.ഡി.എ തീരുമാനിക്കും. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ (എന്‍ പി എസ്) നിലവിലുള്ള അംഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ജീവനക്കാരായി ഭാവിയില്‍ വരുന്നവര്‍ക്കും പദ്ധതിയില്‍ ചേരാം. താല്പര്യം ഇല്ലാത്തവര്‍ക്ക് എന്‍പിഎസില്‍ തുടരുകയും ആകാം. നിലവില്‍ എന്‍പിഎസില്‍ ഉള്ള ജീവനക്കാരന്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതിയില്‍ ചേരുകയാണെങ്കില്‍ അയാളുടെ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പറിലുള്ള(പ്രാണ്‍) തുക അയാളുടെ യുപിഎസിലെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റും. ഇതിനായി ഒരു ബെഞ്ച് മാര്‍ക്ക് സഞ്ചിത നിധി മൂല്യം (ബെഞ്ച് പാര്‍ക്ക് കോര്‍പ്പസ് വാല്യൂ) പിഎഫ്ആര്‍ഡിഎ കണക്ക് കൂട്ടി കണ്ടെത്തും. കണ്ടെത്തല്‍ ഇനി പറയുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും –

1. ജീവനക്കാരനില്‍ നിന്നു കൃത്യമായും പതിവായും നിശ്ചിത ഓഹരി കോണ്‍ട്രിബ്യൂഷന്‍ ലഭിച്ചിട്ടുണ്ടോ എന്നത്.
2. ലഭിച്ചിട്ടില്ല എങ്കില്‍ അതിന് ഉചിതമായ മൂല്യം കണക്കാക്കും.
3. അങ്ങനെയുള്ള കോണ്‍ട്രിബ്യൂഷന്‍സ് പിഎഫ്ആര്‍ഡിഎ നിശ്ചയിക്കുന്ന നിക്ഷേപ രീതി അഥവാ ഡിഫോള്‍ട്ട് പാറ്റേണ്‍ അനുസരിച്ചായിരിക്കും നിക്ഷേപിക്കുക. കാലാകാലങ്ങളില്‍ ജീവനക്കാരന്റെ വ്യക്തിഗതമായ ഫണ്ടിലുള്ള തുകയും അയാളുടെ ബെഞ്ച് മാര്‍ക്ക് സഞ്ചിത നിധിയിലുള്ള തുകയും എത്രയാണെന്ന് അംഗത്തെ അറിയിക്കും.

സേവനകാലയളവില്‍ എല്ലാ മാസവും മുടക്കമില്ലാതെ ജീവനക്കാരനും തൊഴിലുടമയും (സര്‍ക്കാര്‍) കൃത്യമായ വിഹിതം നിക്ഷേപിച്ചാല്‍ അത് വിരമിക്കല്‍ സമയത്ത് എത്രയാകുമെന്നതാണ് ബെഞ്ച്മാര്‍ക്ക് കോര്‍പസ്. എല്ലാം കൃത്യമാണെങ്കില്‍ വ്യക്തിഗത ഫണ്ട് വാല്യുവും ബെഞ്ച്മാര്‍ക്ക് കോര്‍പസ് മൂല്യവും തുല്യമായിരിക്കും. തവണകള്‍ മുടങ്ങുകയോ വിഹിതം കുറയുകയോ തുക ഭാഗികമായി പിന്‍വലിക്കുകയോ ചെയ്താല്‍ വ്യക്തിഗത ഫണ്ടില്‍ ബെഞ്ച്മാര്‍ക്ക് കോര്‍പസിനേക്കാള്‍ തുക കുറവായിരിക്കും.

വിരമിക്കുമ്പോള്‍
സേവനത്തില്‍ നിന്നു വിരമിക്കുന്ന അവസരത്തില്‍ യുപിഎസിലെ അംഗമായ ജീവനക്കാരന്‍ തന്റെ വ്യക്തിഗത ഫണ്ടില്‍ നിന്നു സഞ്ചിത കോര്‍പസ് ഫണ്ടിലേക്ക് തുക മാറ്റുന്നതിന് അധികാരപ്പെടുത്തേണ്ടതാണ്. ഇത് സുനിശ്ചിതമായ പെന്‍ഷന്‍ പേ-ഔട്ട് നല്‍കുന്നതിനു വേണ്ടിയാണ്. വ്യക്തിഗത നിധിയിലെ തുക ബെഞ്ച്മാര്‍ക്ക് കോര്‍പസിനെക്കാള്‍ കുറവാണെങ്കില്‍ കുറവു വന്ന തുക നികത്താന്‍ ജീവനക്കാരന് അവസരമുണ്ട്. അഥവാ ഉള്ള തുകയ്‌ക്ക് പേ-ഔട്ട് സ്വീകരിക്കാവുന്നതുമാണ്. മറിച്ച് വ്യക്തിഗത ഫണ്ടില്‍ ബെഞ്ച്- മാര്‍ക്ക് കോര്‍പസില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക ഉണ്ടെങ്കില്‍ കൂടുതലുള്ള അത്രയും തുക ജീവനക്കാരന്റെ പേരില്‍ ക്രെഡിറ്റ് ചെയ്യും. യുപിഎസ് നിലവില്‍ വരുന്നതിനുമുമ്പ് വിരമിച്ച ജീവനക്കാര്‍ ഈ ഓപ്ഷന്‍ ഇപ്പോള്‍ സ്വീകരിക്കുകയാണെങ്കില്‍ അവര്‍ക്ക് കൂടുതലായി ലഭിക്കുന്ന പെന്‍ഷന്‍ അഥവാ ആനുവിറ്റിയുടെ കുടിശ്ശിക ലഭിക്കും. അവയുടെ വിശദമായ കണക്കുകൂട്ടല്‍ പിഎഫ്ആര്‍ഡിഎ ചെയ്യും.

ഏകീകൃത പെന്‍ഷന്‍ കണക്കാക്കുവാന്‍ ഈ ഫോര്‍മുലയാണ് ഉപയോഗിക്കുക: (P/2) x (Q/300) x (I-C/B-C) ഇവിടെ, P=വിരമിക്കുന്നതിന് തൊട്ടു മുന്‍പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളം. Q=ജീവനക്കാരന്റെ സേവനകാലം എത്ര മാസം എന്നത്. I-C= വ്യക്തിഗതഫണ്ടിലുള്ള തുക – അതായത് ജീവനക്കാരന്റെയും സര്‍ക്കാരിന്റെയും 10 ശതമാനം വീതം വിഹിതം ഉള്‍ക്കൊള്ളുന്ന തുക. B-C= ബഞ്ച്മാര്‍ക്ക് കോര്‍പസ് മൂല്യം- അതായത് ജീവനക്കാരനും സര്‍ക്കാരും എല്ലാ മാസവും കൃത്യമായി തങ്ങളുടെ വിഹിതം നിക്ഷേപിച്ചാല്‍ എത്രയുണ്ടായിരിക്കും എന്നതിന്റെ മൂല്യം.

ഉദാഹരണങ്ങള്‍
1. സേവനകാലാവധി 25 വര്‍ഷം (300 മാസം). 12 മാസത്തെ ശരാശരി അടിസ്ഥാനശമ്പളം 45,000 രൂപ. വ്യക്തിഗത ഫണ്ട് മൂല്യം 50 ലക്ഷം രൂപ. ബഞ്ച്മാര്‍ക്ക് കോര്‍പസ് മൂല്യം 50 ലക്ഷം രൂപ.
പ്രതിമാസ പെന്‍ഷന്‍ = (45000/2) x (300/300) x (50,00,000/50,00,000) = 22,500 രൂ +ഡിആര്‍(ക്ഷാമാശ്വാസം).

2. സേവനകാലാവധി 15 വര്‍ഷം (180 മാസം). 12 മാസത്തെ ശരാശരി. അടിസ്ഥാനശമ്പളം 45,000 രൂപ. വ്യക്തിഗത ഫണ്ട് മൂല്യം 30 ലക്ഷം രൂപ. ബഞ്ച്മാര്‍ക്ക് കോര്‍പസ് മൂല്യം 30 ലക്ഷം രൂപ. പ്രതിമാസ പെന്‍ഷന്‍= (45,000/2)x(180/300)x(30,00,000/30,00,000)=13,500cq+ഡിആര്‍.

3. സേവനകാലാവധി 10 വര്‍ഷം (120 മാസം). 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളം 45,000 രൂപ. വ്യക്തിഗത ഫണ്ട് മൂല്യം 25 ലക്ഷം രൂപ. ബഞ്ച്മാര്‍ക്ക് കോര്‍പസ് മൂല്യം 25 ലക്ഷം രൂപ. (ക്ഷാമാശ്വാസം). പത്തു വര്‍ഷമെങ്കിലും സേവനം ചെയ്തവര്‍ക്ക് ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 10,000 രൂപയായിരിക്കും എന്നതിനാല്‍ ഈ ജീവനക്കാരന്10,000 രൂപ പെന്‍ഷനും അതിന്മേല്‍ ക്ഷാമാശ്വാസവും ലഭിക്കും.

(ലേഖകന്‍ ”പെന്‍ഷന്‍ ആന്‍ഡ് ആന്വിറ്റി”യുടെ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്) ഗ്രന്ഥകര്‍ത്താവാണ്)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by