Samskriti

കാവടിയാടും തൈപ്പൂയം

Published by

താരകാസുര നിഗ്രഹാനന്തരം ദേവ സൈന്യാധിപനായി സുബ്രഹ്മണ്യനെ അവരോധിച്ച പുണ്യദിനമാണ് തൈപ്പൂയം. ഹിഡുംബന്‍, മലകള്‍ ചുമന്ന് പഴനിയില്‍ കൊണ്ടുവന്നു വെച്ചതും ഹിഡുംബന് വരം നല്‍കി മലയുടെ മധ്യഭാഗത്ത് ഇരിക്കുവാന്‍ ഇടം നല്‍കിയതും തൈപ്പൂയദിനത്തിലാണത്രേ. ശിവ-പാര്‍വ്വതീ സുതനായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് പലരുടെയും ധാരണ. എന്നാല്‍, വൃശ്ചിക പൗര്‍ണമിയോടു ചേര്‍ന്നു വരുന്ന തൃക്കാര്‍ത്തികയിലാണ് ശരവണപ്പൊയ്കയില്‍ ദേവസേനാധിപന്‍ പിറന്നത്.

തൃശൂര്‍ കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രത്തിലെ തൈപ്പൂയക്കാവടി ആഘോഷപ്പൊലിമ കൊണ്ടും ഭക്തബാഹുല്യം കൊണ്ടും പ്രസിദ്ധമാണ്. അഭീഷ്ടസിദ്ധിക്കാണ് കാവടിയാടുന്നത്. പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി എന്നിവയാണ് കൂടുതലായും നേരുന്നത്. തൃശൂര്‍ തൃക്കുമാരപുരം, പാലൂര്‍, കിടങ്ങൂര്‍, ആര്‍പ്പൂക്കര, നീണ്ടൂര്‍, പെരുന്ന, ഹരിപ്പാട്, കരിക്കാട്, കൊടുന്തറ, ഇടവട്ടം പൂജപ്പുര, ചേര്‍പ്പ് തായംകുളങ്ങര, വെണ്ടാര്‍, പശ്ചിമപഴനി വലിയഴീക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങള്‍, കുപ്പണ ശ്രീവേലായുധമംഗല ക്ഷേത്രം, തൃശൂര്‍ കാരുമാത്ര തെക്കുംകര ശ്രീകുമാരേശ്വര ക്ഷേത്രം, കൊടുമ്പ് ശ്രീകല്യാണ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രം എന്നിവിടങ്ങളില്ലാം ഇന്ന് വിപുലമായ ആഘോഷം നടക്കും.

സുബ്രഹ്മണ്യ പദത്തിലെ ബ്രാഹ്മണ്യം ശിവസൂചകവും നാമാരംഭത്തിലെ ‘സു’ ശ്രേയോസൂചകവുമാണ്. മനംനൊന്തു വിളിക്കുന്നവര്‍ക്കു സര്‍വ്വ മംഗളങ്ങളും സമസ്‌തൈശ്വര്യങ്ങളും അരുളാന്‍ പോന്ന ദേവനാണ് സുബ്രഹ്മണ്യന്‍. താരകാസുര നിഗ്രഹത്തിനായി ദേവന്മാര്‍ പരമശിവനോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ശിവപാര്‍വ്വതി പുത്രനായാണ് സുബ്രഹ്മണ്യ ജനനം. അഗ്‌നിയിലാണ്ട ശിവരേതസ്സില്‍ നിന്നാണ് സക്ന്ദ ജനനമെന്ന് മഹാഭാരതം.

സദാശിവന്റെ അഞ്ചു മുഖങ്ങളോടൊപ്പം പരാശക്തിയുടെ ഒരു മുഖവും ചേര്‍ന്നതാണ് ആറുമുന്‍ എന്ന ഷണ്മുഖന്‍. പ്രപഞ്ച-പുരുഷ സംയോഗത്തിന്റെ ആറു ഭാവങ്ങളും ഒന്നായിച്ചേര്‍ന്നവന്‍. മുരുകനിലെ ‘മു’ മുകുന്ദന്‍(വിഷ്ണു), ‘രു’- രുദ്രന്‍(ശിവന്‍), ‘ക’ കമലോത്ഭവന്‍(ബ്രഹ്മാവ്) എന്നിവരെ സൂചിപ്പിക്കുന്നു. ഇങ്ങനെ ബ്രഹ്മാ, വിഷ്ണു, മഹേശ്വര മൂര്‍ത്തികള്‍ ഒന്നുചേര്‍ന്നവനാണ് മുരുകന്‍.

പരമേശ്വര പുത്രനാകയാല്‍ അവന്‍ പിള്ളയാര്‍ അഥവാ കുമരന്‍ ആയി. വിജയമേകുന്നതിനാല്‍ വേലന്‍. പൂവന്‍ കോഴി കൊടിഅടയാളം ആയതിനാല്‍ ശേവല്‍ക്കൊടിയന്‍. വിരിഞ്ഞ മാറിടം ഉള്ളതിനാല്‍ കാന്തന്‍.

ഗുഹാവാസി ആയതിനാല്‍ ഗുഹന്‍. ശരവണ പൊയ്കയില്‍ ഉത്ഭവിച്ചതിനാല്‍ ശരവണഭവന്‍. ദേവന്മാര്‍ക്ക് പ്രണവസാരം ഉപദേശിച്ചതുകൊണ്ട് സ്വാമിനാഥന്‍. വേദങ്ങള്‍ക്ക് ഇരിപ്പിടമായതിനാല്‍ സുബ്രഹ്മണ്യന്‍. ഗംഗാ പുത്രനാകയാല്‍ ഗംഗേയന്‍. കൃത്തികള്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍. കരങ്ങളില്‍ വേലുള്ളതിനാല്‍ വേലായുധന്‍. ദണ്ഡുള്ളതിനാല്‍ ദണ്ഡപാണി. ഇങ്ങനെ നാമവിശേഷണങ്ങള്‍ അനവധി.

കാവടിച്ചിന്തിന്റെയും ശക്തിയുടേയും ബുദ്ധിയുടെയും ദേവനും സുബ്രഹ്മണ്യന്‍ തന്നെ. ഏഴു ഖണ്ഡങ്ങളില്‍, 81,100 ശ്ലോകങ്ങളില്‍ സുബ്രഹ്മണ്യ ലീല പ്രതിപാദിക്കുന്ന സ്‌കന്ദപുരാണമാണ് പതിനെട്ടു പുരാണങ്ങളില്‍ ഏറ്റവും വലുത്. അഗ്‌നിപുഷ്പം എന്ന് വേദങ്ങള്‍ സുബ്രഹ്മണ്യനെ കീര്‍ത്തിക്കുന്നു. അറിവിന് ഇരിപ്പിടമായതിനാല്‍ വേദ-വേദാംഗ പഠിതാക്കള്‍ സുബ്രഹ്മണ്യനെ ആരാധിക്കുന്നു. നവഗ്രഹനാഥനായ സുബ്രഹ്മണ്യന്‍ ആണ് ജ്യോതിഷത്തിന്റെ ഉപജ്ഞാതാവ്. സകന്ദഹോരയാണ് ആദി ജ്യോതിഷഗ്രന്ഥം. അതിനാലാണ് സ്‌കന്ദജാതകം രാശിപ്പലകയില്‍ വരച്ച് അതില്‍ തൊട്ട് രാശി എടുക്കുന്നത് ഉത്തമമായി ജ്യോതിഷികള്‍ കരുതുന്നത്. ഇരു ഭാര്യമാരില്‍ വള്ളിയെ ഇച്ഛാശക്തിയായും ദേവസേനയെ ക്രിയാശക്തിയായും കാണുമ്പോള്‍ വേല്‍ ജ്ഞാനശക്തിയുടെ പ്രതീകമായി പ്രകീര്‍ത്തിക്കപ്പെടുന്നു.

ചൊവ്വാദശക്കാര്‍ അഷ്ടമത്തില്‍ കുജന്‍ ഉള്ളവര്‍, കന്നി, മിഥുനം, തുലാം, മകരം, കുംഭം എന്നീ ലഗ്‌നക്കാരും സുബ്രഹ്മണ്യ ഉപാസന നടത്തണമെന്നാണ് ജ്യോതിഷവിധി.
സ്‌കന്ദ ഷഷ്ഠി, തൈപൂയം, വൃശ്ചിക തൃക്കാര്‍ത്തിക, വൈശാഖത്തിലെ വിശാഖം, കപില ഷഷ്ഠി, കര്‍ക്കടകത്തിലെ കാര്‍ത്തിക, ചൊവ്വാഴ്ച എന്നിവ സുബ്രഹ്മണ്യ പ്രീതിക്ക് ഏറെ ഉത്തമം. അരളി, മഞ്ഞച്ചെമ്പകം, മഞ്ഞമന്ദാരം, മഞ്ഞച്ചെത്തി എന്നിവ ഇഷ്ട പൂജാപുഷ്പങ്ങളും പഞ്ചാമൃതം, പാല്‍, നെയ്യ്, നാളികേരം എന്നിവ സുബ്രഹ്മണ്യ പ്രീതികരമായ നിവേദ്യങ്ങളുമാണ്. ഷഷ്ഠിയും, കാര്‍ത്തിക വ്രതവുമാണ് സുബ്രഹ്മണ്യ പ്രതീതികരമായ വ്രതങ്ങള്‍. ഭസ്മവും ചന്ദനവും ആണ് സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ തിലകധാരണത്തിനു ലഭിക്കുക. പായസം, കാവടിയാട്ടം, തലമുണ്ഡനംഎന്നിവ പ്രധാന വഴിപാടുകള്‍. സൗന്ദര്യാഹങ്കാരങ്ങള്‍ ദേവന് സമര്‍പ്പിച്ചു വിനയാന്വിതരാവുക എന്നതാണ് മുണ്ഡനത്തിന്റെ തത്ത്വം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by