സ്ത്രീകള്‍ നേതൃത്വം നല്കുന്ന രാജ്യപുരോഗതിയെക്കുറിച്ച് ഭാരതം ചര്‍ച്ച ചെയ്യുകയും അതിനായി പരിശ്രമം നടത്തുകയും ചെയ്യുന്ന കാലഘട്ടമാണിത്. എന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഗൂഢനീക്കങ്ങള്‍ പലയിടത്തും നടക്കുന്നു. വ്യായാമത്തിന്റെ പേരില്‍ ഏറെ ദുരൂഹമായി സംഘടിപ്പിക്കുന്ന കൂട്ടായ്മകളെക്കുറിച്ച് നാടിനുള്ള ആശങ്ക തീര്‍ത്തും അപ്രസക്തമാക്കി, സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം വ്യായാമം ചെയ്യുന്നതിനെ വിമര്‍ശിക്കാനാണ് മത നേതാവായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ശ്രമിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യവും തുല്യതയും വെറും വാക്കുകളായ കാലത്തെ സ്വാഗതം ചെയ്യണം എന്ന സ്ഥിതിയാണിപ്പോള്‍. പ്രതികരണ ശേഷിയില്ലാത്ത അടിമകളാണ് സ്ത്രീകള്‍ എന്നും പുരുഷന്‍ സ്ത്രീകളെ കാമാന്ധതയോടെ കാണുന്നത് സ്വാഭാവികമാണ്, അതിനോട് സ്ത്രീകള്‍ പൊരുത്തപ്പെടണം എന്നുമുള്ള തെറ്റായ സന്ദേശമാണ് കാന്തപുരത്തിന്റെ വാക്കുകള്‍ നല്‍കുന്നത്. അതേസമയം മെക് 7 പോലുള്ള ഏര്‍പ്പാടുകളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ ഇക്കൂട്ടര്‍ തയ്യാറല്ല. പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ വ്യായാമം ചെയ്യുന്നതിനോട് മാത്രമാണ് ഇവരുടെ എതിര്‍പ്പ്. ഇതേറെ ഗൗരവത്തോടെ കാണണം. ചിന്തയിലും പ്രവൃത്തിയിലും കേരളത്തിലെ അധികാര വര്‍ഗവും ചില മത പണ്ഡിതന്മാരും സ്ത്രീ ശാക്തീകരണത്തിന് തടയണ കെട്ടുകയാണെന്നതിന് വ്യക്തമായ സൂചനകളാണിതൊക്കെ.
സ്ത്രീ പുരുഷ അതിര്‍വരമ്പുകള്‍ നിശ്ചയിക്കേണ്ടത് സ്ത്രീകളാണെന്ന അടിസ്ഥാന സങ്കല്പം പകര്‍ന്നു നല്‍കാതെ എങ്ങനെ നവോത്ഥാന കാഴ്ചപ്പാടിലേക്ക് സ്ത്രീകള്‍ക്ക് എത്താനാകും എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ലോകം ഭാരതീയ സ്ത്രീ സങ്കല്പങ്ങള്‍ ഉദാത്തമായി കണ്ടു. അവയെ ഉള്‍ക്കൊള്ളാനും പിന്തുടരാനും സമൂഹം സന്നദ്ധമാകുന്ന അവസരത്തില്‍ തന്നെ ഇത്തരം വികലവും ഇടുങ്ങിയതുമായ വീക്ഷണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന തത്രപ്പാടിലാണ് കാന്തപുരത്തെ പോലുള്ളവര്‍. മുസ്ലിം വനിതകള്‍ക്ക് കേരളത്തില്‍ ഉണ്ടായിരുന്ന വസ്ത്ര സ്വാതന്ത്ര്യം ഇല്ലാതായിത്തുടങ്ങിയത് എന്നു മുതലാണെന്നതും ചര്‍ച്ച ചെയ്യണം. മതതീവ്രവാദികളുടെ സ്വാധീനശക്തി വര്‍ധിക്കുന്നതിനൊപ്പം മാറുന്ന വസ്ത്ര സങ്കല്‍പ്പങ്ങള്‍ ഏകദേശം മുപ്പതു വര്‍ഷമായി കേരളത്തെ ഗാഢമായി വരിഞ്ഞു മുറുക്കുന്നു. ആര് എന്ത് ധരിക്കണം എന്നത് അവരവരുടെ തീരുമാനത്തിന് വിടാം. എന്നാല്‍ അത്തരം കാര്യങ്ങളില്‍ പുരുഷ മത നേതാക്കളുടെ അഭിപ്രായം സ്ത്രീകള്‍ അപ്പാടെ അംഗീകരിക്കേണ്ട അവസ്ഥയിലെത്തി എന്നത് അംഗീകരിക്കാനാവില്ല.
മുത്തലാഖ് നിരോധിച്ചപ്പോഴും, വിവാഹ പ്രായം ഉയര്‍ത്തുന്ന ഉത്തരവിറങ്ങിയപ്പോഴും കേരളത്തില്‍ ഉയര്‍ന്ന എതിര്‍ ശബ്ദങ്ങളുടെ യഥാര്‍ത്ഥ അജണ്ട തിരിച്ചറിയാതെ അതിനെ പിന്തുണച്ചവര്‍ തത്വത്തില്‍ അംഗീകരിച്ചത് മത നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് സ്ത്രീയുടെ ശരി എന്നതായിരുന്നു. കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഇത്തരം നിലാടുകള്‍ സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്ന ചിന്താഗതികളുടെ വളര്‍ച്ചക്ക് വളമാകും.
നടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മഹിളാ സംഘടനകള്‍ പ്രതിഷേധിക്കാത്തതിനെ ചോദ്യം ചെയ്ത മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്‍ യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവന്ന സ്ത്രീവിരുദ്ധ ചിന്താഗതികളെയാണ്. വാളയാറിലും വണ്ടിപ്പെരിയാറിലുമൊക്കെ കുരുതി കൊടുത്ത കുഞ്ഞു പൈതങ്ങള്‍ക്ക് വേണ്ടി ശക്തമായ നിലപാടെടുക്കാന്‍ കഴിയാത്തവരാണിവര്‍. ഇവര്‍ നടിക്ക് നല്‍കുന്ന പരിഗണനയിലൂടെ ഈ സമൂഹത്തിനു നല്‍കുന്നത്, സ്ത്രീ സംരക്ഷണ വക്താക്കളാണ് തങ്ങളെന്ന സന്ദേശമാണെന്ന് കരുതാന്‍ മാത്രം മണ്ടന്മാരല്ല കേരളീയര്‍.
കാന്തപുരത്തിന്റെ അഭിപ്രായം പരിമിതപ്പെടുത്തുന്നത് കേരളത്തിലെ പുരുഷന്മാരുടെ കാഴ്ചപ്പാടിനെ കൂടിയാണ്. പൊതുനിരത്തില്‍ യോഗ ചെയ്താലോ പുരുഷനോടൊപ്പം ജോലി ചെയ്താലോ സ്ത്രീകള്‍ അനഭിമതരാകുമെന്ന കാഴ്ചപ്പാട് തീര്‍ച്ചയായും കേരളത്തിലെ ഭൂരിപക്ഷ പുരുഷ സമൂഹത്തിന്റെ കാഴ്ചപ്പാടാണ് എന്ന് സമ്മതിക്കുക വയ്യ. വിതുരയും സൂര്യനെല്ലിയും ഐസ്‌ക്രീം പാര്‍ലറും പത്തനംതിട്ടയും ഉള്‍പ്പെടെ അതി ക്രൂരവും പൈശാചികവുമായ വേട്ടയാടലുകള്‍ കേരളത്തിനേല്‍പ്പിച്ച മുറിവുകള്‍ നിസാരമല്ല. ബഹുഭൂരിപക്ഷം വരുന്ന പുരുഷ സമൂഹം സ്ത്രീയെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്നവരാണ്. എന്നാല്‍ അത്തരം കാഴ്ചപ്പാടുള്ള സ്ത്രീ ശാക്തീകരണ നിലപാടുകരെ പാടെ ദുര്‍ബലമാക്കുന്ന ചിന്താഗതികള്‍ വളര്‍ത്തുന്ന പ്രവര്‍ത്തനം ഇന്ന് പ്രബലമായി വരുന്നു. സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടുകള്‍ വികലമാക്കുന്ന നടപടികളും ശക്തിപ്പെടുന്നു. സ്ത്രീയുടെ മുഖം പോലും പുറത്ത് കാണരുതെന്ന ചിന്താഗതി കേരളീയം എന്നൊ ഭാരതീയമെന്നോ അംഗീകരിക്കുക സാധ്യമല്ല. സ്ത്രീ, പുരുഷ കൂടിച്ചേരലുകളെല്ലാം തന്നെ സ്ത്രീകളെ മോശക്കാരാക്കുമെന്ന ചിന്ത ഈ നൂറ്റാണ്ടിലും കുത്തിവയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് വെല്ലുവിളിക്കുന്നത്.
നിരവധി പദ്ധതികളിലൂടെ സ്ത്രീ ശക്തീകരണം ഉറപ്പാക്കാന്‍ ശ്രമിക്കുമ്പോഴും കേരളത്തില്‍ സ്ത്രീകളെയും കുട്ടികളെയും സാംസ്‌കാരികമായും സാമ്പത്തികമായും തീര്‍ത്തും അടിമത്തത്തിലേക്ക് തള്ളിയിടാന്‍ തന്ത്രപരമായി ആസൂത്രണം നടക്കുന്നുണ്ട്. നിയമ സംവിധാനങ്ങളെവരെ നോക്കു കുത്തികളാക്കി, നിയമ സംവിധാനങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കാത്തവിധം ഭരണകൂട പ്രതിനിധികള്‍ വേട്ടക്കാര്‍ക്കായി വക്കാലത്ത് പറയുന്ന സാഹചര്യങ്ങള്‍ ഒരുങ്ങുന്നു. അതുകൊണ്ടു തന്നെ കുറ്റകൃത്യങ്ങളില്‍ നിന്ന് വേട്ടക്കാരന് യഥേഷ്ടം രക്ഷപ്പെടാന്‍ സാധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.. ഇത്തരം കണക്കുകള്‍ ചര്‍ച്ച ചെയ്യാനും പരിഹാരങ്ങള്‍ കണ്ടെത്താനും കമ്മീഷനുകള്‍ക്ക് പോലും താല്‍പര്യമില്ലാത്തത് പൂര്‍ണ്ണമായും രാഷ്‌ട്രീയ പ്രതിനിധികള്‍ മാത്രമായി അവരും മാറിയത്തിന്റെ പരിണാമമാണ് എന്നതാണ് വാസ്തവം.
സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതും പുരുഷന്മാരുമായി ഇടപഴകുന്നതും ശരിയല്ലെന്ന് കരുതുന്നവര്‍ തന്നെയാണ് ഇത്തരത്തിലുള്ള എല്ലാ പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നത്. ഇതൊക്കെയാണെങ്കിലും ഈ തടയണകള്‍ തകര്‍ത്തെറിയാന്‍ കേരളത്തിനാകും. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതികള്‍ എല്ലാവരിലും എത്തിക്കുന്നതിലൂടെ അതു സാധ്യമാകും.
(ഭാരതീയ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക