Vicharam

സുകൃതാക്ഷരങ്ങളുടെ നിത്യോപാസകന്‍; എഴുത്തിന്റെ സുവര്‍ണ ശോഭയില്‍  ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള

സര്‍ഗാത്മകതയുടെ സുവര്‍ണ ഗോപുരനിര്‍മാണത്തിന് പി.എസ്. ശ്രീധരന്‍ പിള്ള ശുഭാരംഭം കുറിച്ചിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ആഘോഷനിറവിലും അദ്ദേഹം രചിച്ച രണ്ടു കൃതികള്‍ പ്രകാശിതമാവുകയാണ്. എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷിക്കുന്ന ഈ വിശിഷ്ടസന്ദര്‍ഭത്തിലും അദ്ദേഹം തന്റെ പുതിയ പുസ്തകത്തിന്റെ ആലോചനയിലും പണിപ്പുരയിലുമായിരിക്കും.

Published by

അതിനിപുണനായ ഭരണാധികാരി, അനുഗൃഹീതനായ കവി, സംവാദ മണ്ഡലത്തിലെ കുലീനസാന്നിധ്യം, കേരള രാഷ്‌ട്രീയത്തിലെ ദൃഢവ്യക്തിത്വം, അത്യുജ്വലനാ
യ സംഘാടകന്‍, മികച്ച അഭിഭാഷകന്‍, അപൂര്‍വ വെളിച്ചം വിതറുന്ന അനേകം കൃതികളുടെ കര്‍ത്താവ്- അമ്മ മലയാളത്തിന്റെ ശബ്ദകോശത്തില്‍ ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളക്ക് വിശേഷണങ്ങള്‍ ഏറെയാണ്. വിദ്യാര്‍ത്ഥി ജീവിതകാലം മുതലേ സമാജഹിതം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഒപ്പം ചരിച്ചുകൊണ്ടാണ് ശ്രീധരന്‍ പിള്ളയുടെ പൊതുജീവിതത്തിന്റെ ആരംഭം. സമാജത്തിലെ വ്യത്യസ്ത വിഭാഗങ്ങളോടും എതിര്‍ രാഷ്‌ട്രീയ ചേരിയിലെ പ്രവര്‍ത്തകരോടും കാലുഷ്യക്കറയില്ലാത്ത കുലീനമായ പെരുമാറ്റത്തിലൂടെ ഹൃദയൈക്യം സ്ഥാപിച്ച ശ്രീധരന്‍പിള്ള യവനചിന്തകരത്‌നമായ പ്ലേറ്റോയും ഭാരതീയ തത്വചിന്താരത്‌നമായ മുന്‍ രാഷ്‌ട്രപതി ഡോ.എസ്. രാധാകൃഷ്ണനും വിശേഷിപ്പിച്ച തത്വചിന്തകനായ രാഷ്‌ട്രീയപ്രവര്‍ത്തകന്‍ എന്ന വിശേഷ ഗണത്തിലെ നക്ഷത്രമാണ്. സംഘര്‍ഷമല്ല, പാരസ്പര്യമാണ് നാടിന്റെ പുരോഗതിക്കാവശ്യമെന്നാണ് വിശ്വാസം. ശ്രീധരന്‍പിള്ള സങ്കുചിത രാഷ്‌ട്രീയ-മത-ജാതിചിന്തകളുടെ എതിര്‍ധ്രുവത്തിലാണ് എന്നും നിലയുറപ്പിച്ചിട്ടുള്ളത്. ഭാരതീയമായ സര്‍വധര്‍മ സമഭാവനയാണ് തന്റെ ഈ മനോഭാവത്തിന്റെ ഊര്‍ജ്ജകേന്ദ്രമെന്ന് അദ്ദേഹം നിരവധി തവണ സൂചിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യമായ സെക്കുലറിസത്തിന്റെ സഹിഷ്ണുതാ സങ്കല്പത്തിന്റെ പരിധിക്ക് അപ്പുറം നില്‍ക്കുന്ന ഭാരതീയന്റെ വിശ്വദര്‍ശന ചിന്ത തന്നെയാണിത്.

ഗവര്‍ണര്‍ പദവിയുടെയടക്കം ഭാഗമായി വന്നുചേരുന്ന ബഹുകാര്യവ്യഗ്രമായ കര്‍മ ബാഹുല്യങ്ങള്‍ക്കിടയിലും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും നാനാരൂപങ്ങളോട് നിരന്തരം ഇടപെടുന്നുവെന്നതാണ് സാമാന്യ ഭരണാധികാരികളില്‍ നിന്നും രാഷ്‌ട്രീയ പ്രവര്‍ത്തകരില്‍ നിന്നും ശ്രീധരന്‍ പിള്ളയെ വ്യതിരിക്തനാക്കുന്നത്.

അടിയന്തരാവസ്ഥയ്‌ക്ക് മുന്‍പ് ആരംഭിച്ചതാണ് ശ്രീധരന്‍ പിള്ളയുടെ എഴുത്തിനോടുള്ള തീവ്രാനുരാഗം. കോഴിക്കോട് ലോ കോളജിലെ മാഗസിന്‍ എഡിറ്ററായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ തമസ്സിനെ ശക്തമായി ചെറുത്തുനിന്ന ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പഠനകാലത്ത് അദ്ദേഹം സജീവമായിരുന്നു. സ്വാഭാവികമായും ഭരണകൂടത്തിന്റെ ക്രൂരതയ്‌ക്ക് അദ്ദേഹം വിധേയമാകുമോ എന്ന് വീട്ടുകാര്‍ ഭയപ്പെട്ടിരുന്നു. അക്കാലത്തെ എഴുത്തുകളെല്ലാം അവര്‍ നശിപ്പിച്ചുകളഞ്ഞതായി കേട്ടിട്ടുണ്ട്.ആദ്യകാലത്ത് സ്വന്തം പേരിനു പുറമേ പി.എസ്. വെണ്മണി എന്ന തൂലികാനാമത്തിലും എഴുത്തില്‍ സജീവമായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലും അനായാസമായി എഴുതാന്‍ ആവുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു ഗുണം. ബംഗാളി ,കന്നട, കൊങ്കണി, ഒറിയ,ആസാമി ,തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും അദ്ദേഹത്തിന്റെ കൃതികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഡോ. സുകുമാര്‍ അഴീക്കോട്, ചന്ദ്രശേഖര കമ്പാര്‍, എം.ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, ഡോ. ദാമോദര്‍ മൗസോ, സി. രാധാകൃഷ്ണന്‍, ഡോ. എംജിഎസ് നാരായണന്‍, പി. പരമേശ്വരന്‍, ആര്‍. ഹരി , എം.കെ. സാനു, പെരുമ്പടവം ശ്രീധരന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ മഹാരഥന്മാര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ എഴുത്ത് സാഹിതീയതലത്തിലും സാംസ്‌കാരികതലത്തിലും ഉന്നതമൂല്യമുള്ളതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

പുന്നപ്ര വയലാര്‍ കാണാപ്പുറങ്ങള്‍, ഡാര്‍ക്ക് ഡേയ്‌സ് ഓഫ് ഡെമോക്രസി, വിഭജനത്തിന്റെ നൂറ്റാണ്ട്, പാകിസ്ഥാനും ബലൂച് മോഹാജീര്‍ പ്രശ്‌നങ്ങളും (ചരിത്രപഠനങ്ങള്‍), കാലദാനം, ബോണ്‍സായ്, ലോക്ഡൗണ്‍ കവിതകള്‍ , ഓ, മിസോറാം (കവിതാസമാഹാരങ്ങള്‍), നിയമവൃത്താന്തം, നിയമവിശേഷം, കേശവാനന്ദ ഭാരതി കേസ്, സിവില്‍കോഡ് എന്ത്,എന്തി
ന്, നിയമവും നീതിയും (നിയമഗ്രന്ഥങ്ങള്‍), സത്യവും മിഥ്യയും, രാജനൈതികം, രാഷ്‌ട്രീയ ഡയറി ,രാഷ്‌ട്രീയ ലേഖനങ്ങള്‍, വ്യഥയും വീക്ഷണവും (രാഷ്‌ട്രീയ പഠനഗ്രന്ഥങ്ങ
ള്‍ ), സാമ്പത്തിക രംഗവും കുപ്രചാരണവും, ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും, സാമ്പത്തിക ശുദ്ധീകരണവും സര്‍ജിക്കല്‍ സ്‌ട്രൈക്കും, (സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ ), കഥയില്ലാക്കഥകള്‍, മിസോ നാടോടിക്കഥകള്‍ ( കഥാസമാഹാരങ്ങള്‍ ), ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലൂടെ, ലക്ഷദ്വീപ് (യാത്രാവിവരണങ്ങള്‍) എന്നിങ്ങനെ സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും നാനാ തുറസ്സുകളിലേക്ക് വ്യാപിക്കുന്നു ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ ആകാശങ്ങള്‍. ഭാരതത്തിന്റെ സസ്യശാസ്ത്ര ജ്ഞാനപാരമ്പര്യത്തെ വെളിപ്പെടുത്തുന്ന വാമന വൃക്ഷകല , ഹോളി ട്രീസ് ഓഫ് ഗോവ, വൃക്ഷായുര്‍വേദ ചികിത്സ മുതലായ കൃതികളുടെ പ്രാധാന്യവും എടുത്തു പറയാതെ വയ്യ.

നിറപുഞ്ചിരിയും നിര്‍മല ചിന്തയും സമ്പാദ്യമാക്കിയ ഈ ദേശസ്‌നേഹിയായ അക്ഷരോപാസകന്‍ രചിച്ച പഠനാര്‍ഹമായ നിരവധി കൃതികള്‍ നമ്മുടെ വായനാശേഖരത്തിന് വലിയമുതല്‍ക്കൂട്ടാണ്. അവയുടെ എണ്ണം 250 ല്‍ ഏറെയാവുന്നുവെന്നത് ഏറെ ചാരിതാര്‍ത്ഥ്യജനകമത്രേ. മലയാളത്തിന്റെ പ്രിയ കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എഴുതിയ വരികള്‍ ഈ അനുഗൃഹീത മുഹൂര്‍ത്തത്തില്‍ ശ്രീധരന്‍പിള്ളയുടെ അന്തരാത്മാവില്‍ മുഴങ്ങുന്നുണ്ടാവും.

‘വെറുതെയായിട്ടില്ലെന്റെ
ചലനമൊന്നും.
വെറങ്ങലിപ്പെന്തെന്നു
ഞാനറിഞ്ഞിട്ടില്ല.
കുനിഞ്ഞെങ്കിലൊരു പുലാവില
പെറുക്കാന്‍
കുടിച്ചിട്ടുണ്ടൊരുകിണ്ണം
കൊഴുത്ത കഞ്ഞി’

ക്ഷയിക്കാത്ത മനീഷയും വറ്റാത്ത തൂലികയുമായി എഴുത്തിന്റെ വിശാലാകാശങ്ങളില്‍ പി.എസ്. ശ്രീധരന്‍പിള്ള സക്രിയനായപ്പോള്‍ പിറന്ന ആലോചനാമൃതങ്ങളായ കൃതികള്‍ വിവാദവിഷയങ്ങളെ പോലും സംവാദ നിര്‍ഭരമാക്കി.

അവയില്‍ ചരിത്ര-രാഷ്‌ട്രീയ-സാമൂഹിക-നിയമ- പാരിസ്ഥിതിക വിഷയങ്ങളുണ്ട്., കഥയും കവിതയുമുണ്ട്. മത വൈരവും ജാതിവൈരവും രാഷ്‌ട്രീയവൈരവും മലീമസമാക്കാത്ത സര്‍ഗലോകമാണ് അദ്ദേഹം ഇതപര്യന്തം ശ്രദ്ധാപൂര്‍വം പടുത്തുയര്‍ത്തിയിട്ടുള്ളത്. സര്‍ഗാത്മകതയുടെ സുവര്‍ണ ഗോപുരനിര്‍മാണത്തിന് അദ്ദേഹം ശുഭാരംഭം കുറിച്ചിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ആഘോഷനിറവിലും അദ്ദേഹം രചിച്ച രണ്ടു കൃതികള്‍ പ്രകാശിതമാവുകയാണ്. എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷിക്കുന്ന ഈ വിശിഷ്ടസന്ദര്‍ഭത്തിലും തന്റെ പുതിയ പുസ്തകത്തിന്റെ ആലോചനയിലും പണിപ്പുരയിലുമായിരിക്കും ശ്രീധരന്‍പിള്ള. അക്ഷരലോകത്ത് വ്യാപരിക്കാനുള്ള ഈ നിത്യോത്സാഹം കെടാതെ കാത്തുസംരക്ഷിക്കുന്ന ഈ മനോഭാവം ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. 1970 കളുടെ മധ്യത്തില്‍ സര്‍ഗരചനയുടെ തിരുമുറ്റത്തേക്ക് വലതുകാല്‍ വെച്ച് പ്രവേശിച്ച പി.എസ്. ശ്രീധരന്‍പിള്ള സ്വപ്രയത്‌നത്തിന്റെ ഫലമായി രചിച്ച കൃതികളുടെ വൈവിധ്യ സ്വഭാവമാണ് അക്ഷരാര്‍ത്ഥത്തില്‍ നമ്മെ വിസ്മയിപ്പിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതും. സ്വകീയവും ജന്മായത്തവുമായ പ്രതിഭയെ നിരന്തരമായ അനുശീലനത്തിലൂടെയും പഠനമനനങ്ങളിലൂടെയും പ്രശോഭിപ്പിച്ച് സമ്പുഷ്ടമാക്കിയതിന്റെ സദ്ഫലം കൂടിയാണ് എഴുത്തിന്റെ സുവര്‍ണജയന്തിയാഘോഷത്തിലെ ദീപ്തമായ സാംസ്‌കാരിക സാന്നിദ്ധ്യം. സുവ്യക്തമായ ലക്ഷ്യബോധത്തോടെയും ആസൂത്രണ വൈഭവത്തിലൂടെയും പ്രവര്‍ത്തിച്ചാല്‍ ഏതു കൊടും തിരക്കിലും വാഗ്‌ദേവത സമ്മാനിച്ച തൂലിക കൈയ്യില്‍ നിന്ന് വഴുതി പോകില്ല എന്നതിന്റെ തെളിവുകൂടിയാണ് ഈ എഴുത്തുജീവിതസാഫല്യം. ഇനിയും നല്ല നല്ല കൃതികള്‍ രചിക്കുവാന്‍ വേണ്ട ദീര്‍ഘായുസ്സും ആരോഗ്യവും കര്‍മശക്തിയും നല്‍കി ജഗന്നിയന്താവ് അദ്ദേഹത്തെ ആവോളം അനുഗ്രഹിക്കട്ടെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക