Vicharam

വേലുത്തമ്പി ദളവ വീരപൗരുഷത്തിന്റെ ആത്മബലി; കുണ്ടറ വിളംബരത്തിന് 215 വയസ്

നാടിന്റെ യഥാര്‍ത്ഥവീര്യമുണര്‍ത്തി നാട്ടുകാരെ കര്‍മ്മോന്മുഖരാക്കി മാറ്റുന്നതിനുവേണ്ടി 1809 ജനുവരി 11 (മകരം ഒന്ന്) ന് വേലുത്തമ്പി ദളവ പുറപ്പെടുവിച്ച കുണ്ടറ വിളംബരം അതിന്റെ സാക്ഷ്യമാണ്. അതിനപ്പുറം ചില പ്രാധാന്യങ്ങള്‍ കൂടിയുണ്ട് ആ വിളംബരത്തിന്. അതിലൊന്നാമത്തേത്, അതില്‍ തുടിച്ചുനില്‍ക്കുന്ന മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങളാണ്. മലയാള ഗദ്യത്തിന്റെ സ്വാഭാവികമായ ഓജസും കാന്തിയുമാണ് കുണ്ടറ വിളംബരത്തില്‍ ഓളംവെട്ടുന്നത്. ചരിത്ര കുതുകികള്‍ ശ്രദ്ധിക്കേണ്ട വസ്തുതയാണിത്. ഇപ്പോഴത്തെ പല ഭരണാധിപന്മാരും മറ്റും മലയാളത്തെ പുറംകാല്‍കൊണ്ട് ആഞ്ഞടിക്കുകയും വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുകയും സംസ്‌കാരത്തെ മലീമസമാക്കുകയും സമൂഹചേതനയെ ജഡമാക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ വേലുത്തമ്പിയുടെ പടവാള്‍ അവര്‍ക്കുമേല്‍ ആഞ്ഞുപതിക്കുന്നില്ലല്ലോ എന്നു ദുഃഖിക്കുന്നവരുണ്ടാകാം.

Published by

സത്യധര്‍മ്മങ്ങളും നീതിന്യായങ്ങളും നിലനിന്ന നല്ല കാലങ്ങളെപ്പറ്റി വേണ്ടത്ര അറിവുള്ളവരാണ് ഭാരതീയര്‍. നമ്മുടെ പുരാണേതിഹാസങ്ങളിലും കാവ്യനാടകാദികളിലുമെല്ലാം അത്തരം നല്ലകാലം പുലര്‍ന്നതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. ആദര്‍ശസുരഭിലമായ സദ്ഭരണം കാഴ്ചവച്ച രാജാക്കന്മാരും അവരെ നേര്‍വഴി നടത്തിയ ആചാര്യന്മാരും അവരില്‍ പൂര്‍ണ്ണവിശ്വാസമര്‍പ്പിച്ച ജനസമൂഹങ്ങളുംകൂടി സൃഷ്ടിച്ചതായിരുന്നു ആ നല്ല കാലങ്ങള്‍. ചരിത്ര താളുകള്‍ മറിച്ചുനോക്കിയാല്‍ അടുത്തകാലത്തുപോലും സദ്ഭരണം നിലനിര്‍ത്താന്‍ ശ്രമിച്ച ഭരണാധികാരികളെ കണ്ടെത്താന്‍ കഴിയും. വേലുത്തമ്പിദളവ (6.5.1765 – 28.3.1809) അങ്ങനെയുള്ള ഭരണാധികാരിയായിരുന്നു.

വേലുത്തമ്പി ദളവയുടെ പടവാള്‍ കേരളത്തില്‍ തിരിച്ചെത്തിയതിനെത്തുടര്‍ന്നു നടന്ന ആഘോഷങ്ങളുടെ ഓര്‍മ്മ ഉണര്‍ന്നതാണ് ആ ധീരദേശാഭിമാനിയെപ്പറ്റി ചിന്തിക്കാന്‍ വീണ്ടും ഇടയാക്കിയത്. ആ പടവാള്‍ കേരളത്തിലെത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോ. ടി.പി. ശങ്കരന്‍കുട്ടിനായരെയും സെക്രട്ടേറിയറ്റിനു മുന്നില്‍ വേലുത്തമ്പി പ്രതിമ സ്ഥാപിക്കാന്‍ മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ച ബോധേശ്വരനെയും കൃതജ്ഞതയോടെ നാം ഓര്‍ക്കണം. വേലുത്തമ്പിദളവ എന്നു കീര്‍ത്തിമാനായ വേലായുധന്‍ ചെമ്പകരാമന്‍ തമ്പി കന്യാകുമാരിയിലെ തലക്കുളത്താണു ജനിച്ചത്. തലക്കുളത്തു മണക്കര കളരിയിലെ അഭ്യാസിയായിരുന്ന കുഞ്ഞു മായാട്ടിപ്പിള്ളയാണ് പിതാവ്. ഇരണിയലിലെ പ്രഭുകുടുംബമായ തലക്കുളത്തു വലിയവീട്ടിലെ വള്ളിയമ്മപ്പിള്ളത്തങ്കച്ചിയാണ് മാതാവ്. വേളിമലയിലെ കുമാരസ്വാമി (സുബ്രഹ്മണ്യന്‍)യുടെ അനുഗ്രഹഫലമായി പിറന്നതുകൊണ്ടാണ് മകന് വേലായുധന്‍ എന്ന് അച്ഛനമ്മമാര്‍ പേരിട്ടത്. അമ്മയുടെ കുടുംബത്തിലെ കാരണവന്മാര്‍ ചോളപാണ്ഡ്യരാജധാനികളില്‍ ഉന്നതോദ്യോഗം വഹിച്ച ദേശസ്നേഹികളാണ്.

മലയാളം, തമിഴ്, സംസ്‌കൃതം, ഹിന്ദുസ്ഥാനി, പേര്‍ഷ്യന്‍, അറബി എന്നീ ഭാഷകളിലും കളരിപ്പയറ്റിലും മറ്റ് ആയോധനകലകളിലും പ്രാവീണ്യം നേടിയ വേലുത്തമ്പി പതിനെട്ടു വയസ്സായപ്പോള്‍ത്തന്നെ നാട്ടുക്കൂട്ടങ്ങളിലും ഊരുക്കൂട്ടങ്ങളിലും പ്രമാണിയായിത്തീര്‍ന്നിരുന്നു. തര്‍ക്കശാസ്ത്രം, ആയുര്‍വേദം, ജ്യോതിഷം, ഗണിതം എന്നീ വിഷയങ്ങളിലും അദ്ദേഹം അവഗാഹം നേടി. ബുദ്ധിശക്തിയും ആജ്ഞാശക്തിയും സ്ഫുരിക്കുന്ന മുഖകാന്തിയും നിര്‍ഭയത്വവും അരോഗസുന്ദരദൃഢഗാത്രവും തമ്പിയെ കാണുന്നവരുടെയെല്ലാം ആരാധനാപാത്രമാക്കിമാറ്റി. ഇത്രമാത്രം അസാധാരണഗുണങ്ങളുടെ വിളനിലമായിരുന്നതുകൊണ്ട് ധര്‍മ്മരാജാവ് എന്നറിയപ്പെട്ട കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് തെക്കന്‍തിരുവിതാംകൂറിലെ കാര്യക്കാര്‍ (തഹസീല്‍ദാര്‍) ആയി വേലുത്തമ്പിക്ക് നിയമനം നല്കാന്‍ തയ്യാറായി.

കാര്‍ത്തിക തിരുനാള്‍ നാടുനീങ്ങിയതിനെത്തുടര്‍ന്ന് ബാലരാമവര്‍മ്മയാണ് തിരുവിതാംകൂറിന്റെ രാജാവായത് (1798-1810). ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഇവിടെ പല ദോഷഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിംഹാസനാരോഹണം ചെയ്ത ഉടന്‍തന്നെ അസാധാരണമായ കഴിവും കാര്യക്ഷമതയും കാരണം ജനങ്ങളുടെ ആദരവ് നേടിയ ദിവാന്‍ രാജാകേശവദാസനെ ഔദ്യോഗിക ജീവിതത്തില്‍നിന്നു പുറത്താക്കുകയും ജീവിക്കാന്‍പോലും അനുവദിക്കാതിരിക്കുകയും ചെയ്തുകളഞ്ഞു ബാലരാമവര്‍മ്മ.

കൊച്ചിക്കാരനായ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയുടെ വരുതിയില്‍പ്പെട്ട മഹാരാജാവിന്റെ ഇത്തരം ചെയ്തികള്‍ പക്ഷേ, അദ്ദേഹത്തിനും രാജ്യത്തിനും വിനയായിത്തീരുകയാണുണ്ടായത്. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും ശങ്കരനാരായണന്‍ ചെട്ടിയും മാത്തുത്തരകനും കൂടിച്ചേര്‍ന്ന ഉപജാപകസംഘത്തിന്റെ പിടിയിലമര്‍ന്ന് നാടിന്റെ സുകൃതം ഞെരിഞ്ഞമരാന്‍ തുടങ്ങി.
ജനങ്ങളില്‍നിന്നു നിര്‍ബന്ധിതപണപ്പിരിവു നടത്തിയ ഈ സംഘം കാര്യക്കാര്‍ വേലുത്തമ്പിയോടും 20,000 പണം (3,000 രൂപ) ആവശ്യപ്പെട്ടു. പണം സ്വരൂപിക്കാന്‍ സാവകാശം നേടിയ വേലുത്തമ്പി ചുരുങ്ങിയ സമയംകൊണ്ട് ആയുധധാരികളായ നാട്ടുകാരുടെ ഒരു സംഘമുണ്ടാക്കി തിരുവനന്തപുരം കൊട്ടാരത്തിലേക്ക് പടനയിച്ചു. ഈ അപ്രതീക്ഷിത സംഭവത്തില്‍ പകച്ചുപോയ മഹാരാജാവ് ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും കൊട്ടാരത്തിലെ ഉപജാപകസംഘത്തെ പിരിച്ചയയ്‌ക്കുകയും ചെയ്തു. ഈ സംഭവത്തെത്തുടര്‍ന്ന് വേലുത്തമ്പിയെ മുളകുമടിശ്ശീലസര്‍വാധികാര്യക്കാര്‍ (ധനകാര്യമന്ത്രി) ആയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചിറയിന്‍കീഴ് സ്വദേശി അയ്യപ്പന്‍ ചെമ്പകരാമനെ ദിവാനായും രാജാവു നിയമിച്ചു. ഇത് ഏറെക്കുറെ ജനാഭിലാഷമനുസരിച്ചുള്ള നടപടിയായിരുന്നു എന്നുവേണം കണക്കാക്കാന്‍. 1801-ല്‍ ദിവാന്‍ അയ്യപ്പന്‍ ചെമ്പകരാമന്റെ അകാല മരണമുണ്ടായപ്പോള്‍ വേലുത്തമ്പി ദിവാന്‍ അഥവാ ദളവ ആയി നിയമിതനായി.
ഭരണാധികാരി എന്ന നിലയില്‍ അസാമാന്യപാടവമാണ് വേലുത്തമ്പി കാഴ്ചവച്ചത്.

അഴിമതിയും കെടുകാര്യസ്ഥതയും അദ്ദേഹം തുടക്കത്തിലേ വേരോടെ പിഴുതെറിഞ്ഞു. കാര്യക്ഷമമായ ഭരണത്തിനുവേണ്ടി ഭരണസംവിധാനമാകെ ഉടച്ചുവാര്‍ക്കുകയും ചെയ്തു. ക്രൂരവും നിര്‍ദ്ദാക്ഷണ്യവുമായിരുന്നു അദ്ദേഹത്തിന്റെ ശിക്ഷാവിധികള്‍. അതുകൊണ്ട് അധികാരവുമായി ബന്ധപ്പെട്ട അനാശാസ്യപ്രവണതകള്‍ തുടച്ചുമാറ്റപ്പെട്ടു എന്നു ചരിത്രം വ്യക്തമാക്കുന്നു. ശാസ്ത്രീയവും പ്രായോഗികവുമായ പല ഭരണപരിഷ്‌കാരങ്ങളും നടപ്പിലാക്കാന്‍ തമ്പിക്കു കഴിഞ്ഞു. തോട്ടങ്ങളുടെയും നെല്‍പാടങ്ങളുടെയും റീസര്‍വ്വേ, കേട്ടെഴുത്തിനു പകരം കണ്ടെഴുത്തിലൂടെ ഭൂമിയുടെ കരം നിശ്ചയിക്കല്‍, ആയക്കെട്ട് എന്ന പേരിലുള്ള സെറ്റില്‍മെന്റ് രജിസ്റ്റര്‍, പുതിയ ചട്ടവരിയോല (റവന്യൂ കോഡ്) നാള്‍വഴിസംവിധാനം, കൊല്ലം പട്ടണത്തിലെ വാണിജ്യകേന്ദ്രത്തിന്റെ വികസനവും സര്‍ക്കാര്‍ ഓഫീസ് മന്ദിര നിര്‍മാണവും, ചങ്ങനാശ്ശേരിയിലും വൈക്കത്തും വ്യാപാരകേന്ദ്രങ്ങളുടെ സ്ഥാപനം എന്നിങ്ങനെ നീണ്ടുപോകുന്നു വേലുത്തമ്പിയുടെ ഭരണനേട്ടങ്ങളുടെ വലിയ പട്ടിക. രാഷ്‌ട്രീയപ്രക്ഷുബ്ധത, സാമ്പത്തികദുര്‍ഭരണം, കക്ഷിവഴക്കുകള്‍, കെടുകാര്യസ്ഥത, അഴിമതി എന്നിവ നിറഞ്ഞ ദുര്‍ഭരണത്തെയാണ് വേലുത്തമ്പി തച്ചുതകര്‍ത്ത് ഫലപ്രദമായ ഭരണസംവിധാനമായി പുനഃസ്ഥാപിച്ചത്. ഇതിനിടയില്‍ ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിന്മകള്‍ പാരമ്യത്തിലെത്തി, തിരുവിതാംകൂറില്‍. 1795-ല്‍ അഞ്ചുതെങ്ങില്‍വച്ചുണ്ടായ ഉടമ്പടി ഉപയോഗിച്ച് തിരുവിതാംകൂറിന്റെ രാഷ്‌ട്രീയമായ അവകാശാധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുന്നതില്‍ ഏറെ മുന്നോട്ടുപോകാന്‍കഴിഞ്ഞു ബ്രിട്ടീഷ്ഭരണത്തിന്.
എന്നാല്‍ പിറന്നനാടിന്റെ സ്വത്വം, അഭിമാനം എന്നിവയ്‌ക്കായിരുന്നു വേലുത്തമ്പി വില കല്പിച്ചത്. അതോടൊപ്പം സ്വന്തം ചരിത്രത്തെയും പാരമ്പര്യത്തെയും വിശ്വാസപ്രമാണങ്ങളെയും മുറുകെപ്പിടിക്കുകയും ചെയ്തു. ഇവയെയൊക്കെ ചവിട്ടിയരച്ചു രസിക്കുകയായിരുന്നല്ലോ ബ്രിട്ടീഷുകാര്‍. അതിനെതിരെയായിരുന്നു തമ്പിയുടെ പടനീക്കം. അധികാരത്തിന്റെ ശക്തി നഷ്ടമായിട്ടും, സംരക്ഷിക്കേണ്ടവര്‍ (രാജാവ്) കൈയൊഴിഞ്ഞിട്ടും, അവര്‍ തന്നെ ഒറ്റുകാരായി മാറിയിട്ടും അദ്ദേഹം അല്പംപോലും കുലുങ്ങിയില്ല. ഒരു ജനതയുടെ പൈതൃകവീര്യവും ആത്മാഭിമാനവും സംസ്‌കാര ഭക്തിയും ജന്മനാടിനോടുള്ള അചഞ്ചലമായ കൂറും ഉള്ളില്‍ നിറഞ്ഞുനിന്നതുകൊണ്ടാണ് വേലുത്തമ്പിക്ക് അങ്ങനെ ചെയ്യാന്‍ സാധിച്ചത്.

നാടിന്റെ യഥാര്‍ത്ഥവീര്യമുണര്‍ത്തി നാട്ടുകാരെ കര്‍മ്മോന്മുഖരാക്കി മാറ്റുന്നതിനുവേണ്ടി 1809 ജനുവരി 11 (മകരം ഒന്ന്) ന് പുറപ്പെടുവിച്ച കുണ്ടറ വിളംബരം അതിന്റെ സാക്ഷ്യമാണ്. അതിനപ്പുറം ചില പ്രാധാന്യങ്ങള്‍ കൂടിയുണ്ട് ആ വിളംബരത്തിന്. അതിലൊന്നാമത്തേത്, അതില്‍ തുടിച്ചുനില്ക്കുന്ന മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങളാണ്. മലയാള ഗദ്യത്തിന്റെ സ്വാഭാവികമായ ഓജസും കാന്തിയുമാണ് കുണ്ടറ വിളംബരത്തില്‍ ഓളംവെട്ടുന്നത്. ചരിത്ര കുതുകികള്‍ ശ്രദ്ധിക്കേണ്ട വസ്തുതയാണിത്. ഇപ്പോഴത്തെ പല ഭരണാധിപന്മാരും മറ്റും മലയാളത്തെ പുറംകാല്‍കൊണ്ട് ആഞ്ഞടിക്കുകയും വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ക്കുകയും സംസ്‌കാരത്തെ മലീമസമാക്കുകയും സമൂഹചേതനയെ ജഡമാക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ വേലുത്തമ്പിയുടെ പടവാള്‍ അവര്‍ക്കുമേല്‍ ആഞ്ഞുപതിക്കുന്നില്ലല്ലോ എന്നു ദുഃഖിക്കുന്നവരുണ്ടാകാം. എന്തുകൊണ്ടെന്നാല്‍ സ്വജനപക്ഷപാതം, അഴിമതി, രാജ്യദ്രോഹം, കുറ്റവാളികളെ സംരക്ഷിക്കല്‍, മാഫിയാബാന്ധവം, വര്‍ഗ്ഗീയത, മതപ്രീണനം, സമഗ്രാധിപത്യം മുതലായവയുടെ സ്മൃതിഗന്ധംപോലും തീണ്ടിക്കൂടാത്തതാണ് ആ പടവാളെന്ന് ജനങ്ങള്‍ വ്യക്തമായി അറിയുന്നുണ്ട്. സ്വത്വവും ആത്മാഭിമാനവും അടിയറവയ്‌ക്കാന്‍ പറ്റാത്തതുകൊണ്ട് സ്വന്തം വിരിമാറില്‍ കഠാര കുത്തിയിറക്കി ജീവന്‍ ബലിയര്‍പ്പിച്ച ആ ധീരദേശാഭിമാനിയുടെ അസാമാന്യപൗരുഷത്തെ യഥോചിതം മാനിക്കാന്‍ അര്‍ഹത നേടുകയാണ് അടുത്ത തലമുറകളുടെ പ്രാഥമിക കടമ. അല്ലെങ്കില്‍ കണ്ണമ്മൂലയിലെ കഴുമരത്തില്‍ കെട്ടിത്തൂക്കി അപമാനിച്ച ആ ധീരദേശാഭിമാനിയുടെ മൃതദേഹത്തെ വീണ്ടും അപമാനിക്കുന്നതുപോലെയാകും നമ്മുടെ ചെയ്തികള്‍.

വേലുത്തമ്പിയുടെ സഹോദരന്‍ പദ്മനാഭന്‍ തമ്പിയെ തൂക്കിക്കൊല്ലുകയും ബന്ധുഭവനങ്ങള്‍ ഇടിച്ചുനിരപ്പാക്കുകയും അവിടെയൊക്കെ വാഴയും ആവണക്കുമരങ്ങളും വച്ചുപിടിപ്പിക്കുകയും ബന്ധുക്കളെ മാലദ്വീപിലേക്കു നാടുകടത്തുകയും ചെയ്തവരുടെ പി
ന്മുറക്കാരാവുകയല്ല അനന്തരതലമുറ ചെയ്യേണ്ടത്.

ഇത്രയൊക്കെ ചെയ്തിട്ടും ഇല്ലാതാക്കാന്‍ പറ്റിയോ വേലുത്തമ്പി പ്രതിനിധാനം ചെയ്യുന്ന ആ വീര്യത്തെ? ഇല്ല. അത് പിറന്ന കുലത്തിനും വംശത്തിനും നാടിനും മഹിമയേറ്റിയ സംസ്‌കൃതിയുടെയും പൈതൃകത്തിന്റെയും വറ്റാത്ത ഉറവയായി നിലനില്ക്കുന്നു.
അതാണല്ലോ ജനാധിപത്യകേരളത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍ ആ പൗരുഷശാലിയുടെ പ്രതിമ സ്ഥാപിതമാകാന്‍ കാരണം. കുണ്ടറ വിളംബരം ഓര്‍മ്മപ്പെടുത്തുന്നത് ഇതൊക്കെയാണ്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by