Samskriti

ത്രിവേണീ സംഗമത്തിലെ ഏകാന്തധ്യാനം

Published by

വിവേകാനന്ദ സ്വാമികള്‍ ഉത്തരേന്ത്യന്‍ പരിവ്രജനം കഴിഞ്ഞ് ദക്ഷിണേന്ത്യയിലേക്ക് കടന്ന് അന്നത്തെ മൈസൂറില്‍ എത്തിയപ്പോള്‍ അവിടത്തെ ദിവാനായ സര്‍. കെ. ശേഷാദ്രി അയ്യരെ പരിചയപ്പെട്ടു. തേജസ്വിയായ സ്വാമിജിയുടെ വ്യക്തിപ്രഭാവവും ആത്മജ്ഞാനവും പാലക്കാട്ടുകാരനായ അദ്ദേഹത്തെ  അത്യധികം ആകര്‍ഷിച്ചു. സ്വാമിജിയുടെ സാന്നിദ്ധ്യവും സംഭാഷണങ്ങളും മൈസൂര്‍ രാജാവിനെയും വശീകരിച്ചു. അവിടെ ഒരു പാശ്ചാത്യ ഗായകനുമായി പരിചയപ്പെട്ടപ്പോള്‍ സ്വാമിജിയുടെ പാശ്ചാത്യ സംഗീതജ്ഞാനം കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. മൈസൂറില്‍ നിന്ന് രാമേശ്വരത്തേക്ക് പോകാന്‍ തീരുമാനിച്ച സ്വാമിജിയുമായി ഡോ. പല്‍പ്പു ബാംഗ്ലൂരില്‍ കൂടിക്കണ്ടു.  അക്കാലം കേരളം അയിത്തവും അനാചാരങ്ങളും കൊണ്ട് ശ്രേണിയില്‍ താഴ്ന്ന സമുദായങ്ങളെ പ്രധാന ധാരയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. അതിന്റെ തിക്തഫലം അനുഭവിക്കുന്ന ഒരുവനാണ് താനെന്ന് ഡോ. പല്‍പ്പു അറിയിച്ചു. ഈ സംഭാഷണത്തെത്തുടര്‍ന്നാണത്രേ സ്വാമിജി രാമേശ്വരത്തിനു മുമ്പ് കേരളം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

മൈസൂര്‍ രാജാവും ദിവാനും സ്‌നേഹാദരമായി വിലയേറിയ സമ്മാനങ്ങളും പണവും നല്‍കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വാങ്ങാതെ സ്വാമി ഒരു ട്രെയിന്‍ ടിക്കറ്റ് സ്വീകരിച്ച് നവംബര്‍ 27ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. കൊല്ലങ്കോട് രാജാവ് അയച്ച സേവകന്‍ സ്വാമിജിക്ക് ദക്ഷിണയായി പത്തു രൂപ നല്‍കിയപ്പോള്‍ ഊണിനുള്ള രണ്ടണ മാത്രം സ്വീകരിച്ച് ബാക്കി തിരിച്ചുകൊടുത്തു. അവിടെ നിന്നും ഷൊര്‍ണ്ണൂരില്‍ എത്തിയ സ്വാമി റെയില്‍വേ സ്റ്റേഷന്‍ പരിസരിത്തുള്ള ആല്‍മരച്ചുവട്ടില്‍ വിശ്രമിച്ചു. ഷൊര്‍ണ്ണൂരില്‍ നിന്ന് തൃശൂര്‍ക്ക് കാളവണ്ടിയില്‍ പോകുമ്പോള്‍ അവിടെ വീടിന്റെ പടിപ്പുരയില്‍ കണ്ട ഒരാളോട് തനിക്ക് കുളിച്ച് അല്പം വിശ്രമിക്കാന്‍ സൗകര്യം ഉണ്ടാകുമോ എന്നന്വേഷിച്ചു.  സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഡി.എ. സുബ്രഹ്മണ്യ അയ്യര്‍ സ്വാമിജിയെ വീട്ടിലേക്ക് ആനയിച്ച് എല്ലാ സൗകര്യങ്ങളും നല്‍കി. ആ പടിപ്പുര ഇപ്പോഴും മാറ്റമില്ലാതെയുണ്ടത്രേ.  സ്വാമിജി അവിടെ വിശ്രമിക്കുകയും തൊണ്ടവേദന ഉണ്ടായിരുന്നതിനാല്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണുകയും ചെയ്തു. തുടര്‍ന്നു കൊടുങ്ങല്ലൂരില്‍ എത്തിയ സ്വാമിജി മൂന്നു ദിവസം അവിടെ തങ്ങി. ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ ജാതി അറിയാത്ത കാരണം സ്വാമിജിയെ പ്രവേശിപ്പിച്ചില്ല. അവിടെയുണ്ടായിരുന്ന തമ്പുരാക്കന്മാരുമായി തര്‍ക്കങ്ങള്‍ ഉണ്ടായി. സ്വാമിജിയുടെ ആത്മീയ ജ്ഞാനം മനസ്സിലാക്കിയ തമ്പുരാക്കന്മാര്‍ പിന്നീട് ക്ഷേത്രത്തിലേക്ക് ക്ഷണിച്ചെങ്കിലും പ്രവേശിക്കാതെ പുലര്‍ച്ചെ എറണാകുളത്തേക്ക് പുറപ്പെടുകയായിരുന്നു.

വിവേകാനന്ദസ്വാമികളെ വളരെ സന്തോഷിപ്പിച്ച ഒരു കാര്യവും കൊടുങ്ങല്ലൂരില്‍ ഉണ്ടായി. ക്ഷേത്രപരിസരിത്തുള്ള ആല്‍മരച്ചുവട്ടില്‍ സ്വാമിജി വിശ്രമിക്കുമ്പോള്‍ കോവിലകത്തെ തമ്പുരാട്ടിമാര്‍ ശുദ്ധ സംസ്‌കൃതത്തില്‍ സംസാരിക്കുന്നതു കേട്ട് സ്വാമിജി അതിശയിച്ചുപോയി. അവരുമായുള്ള സംസ്‌കൃത സംവാദം സ്വാമിജിക്ക് വളരെ ഹൃദ്യമായ അനുഭവമായിരുന്നു. ഭാരത സ്ത്രീകളുടെ ഭാവശുദ്ധിക്ക് ദൃഷ്ടാന്തമായ ആ അംഗനകളുടെ കുലീനതയും ലാളിത്യവും ശുദ്ധസംസ്‌കൃത സംഭാഷണവും ഉണ്ടാക്കിയ മതിപ്പും ആഹ്ലാദവും അമേരിക്കയിലെ തൗസന്റ് ഐലന്റ് പാര്‍ക്കില്‍ നടത്തിയ പ്രഭാഷണത്തിലും സ്വാമി അനുസ്മരിച്ചു.

എന്നാല്‍, കേരളത്തില്‍ അക്കാലത്ത് നിലനിന്ന അസ്പൃശ്യതയുടെ പശ്ചാത്തലത്തില്‍ സ്വാമിജി കേരളം ഭ്രാന്താലയമാണ് എന്നു പറഞ്ഞതുമാത്രമാണ് കേരളീയര്‍ക്ക് ഇന്നും അറിയാവുന്നത് കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെയും വിദ്യാഭ്യാസത്തെയും ശുദ്ധസംസ്‌കൃതം സംസാരിക്കുന്ന വനിതകളെയും സ്വാമിജി മുക്തകണ്ഠം പുകഴ്‌ത്തിയതിന് ഇനിയും പ്രചാരം വന്നിട്ടില്ല.

സ്വാമിജിയുടെ ഭാരത പരിക്രമണത്തിന്റെ നൂറാം വാര്‍ഷികാഘാഷത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരില്‍ സ്വാമിജിയുടെ പേരില്‍ ഒരു കേന്ദ്രം തുടങ്ങാനായി സാമൂഹ്യസേവകനായ ഡോ. ശ്രീധരപൈ ഒരേക്കര്‍ ഭൂമി കൊടുത്തതില്‍ വിവേകാനന്ദകേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. അതിന്റെ ആത്മാവായ ഡയറക്ടര്‍ ഡോ. ലക്ഷ്മീകുമാരി കാര്യക്ഷമതയോടെ വളരെ നാളുകളായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിമാനകരവും സ്തുത്യര്‍ഹവുമാണ്.

1892 ഡിസംബര്‍ മൂന്നിന് എറണാകുളത്ത് എത്തിയ സ്വാമി വിവേകാന്ദന്‍ പല പ്രമുഖരെയും പരിചയപ്പെട്ടു. ചട്ടമ്പി സ്വാമികളെക്കുറിച്ച് കേട്ട് അമ്പാടി നാരായണ മേനോന്റെ വീട്ടില്‍ ചെന്ന് കണ്ടു. അവിടെ ഒരു വൃക്ഷത്തണലില്‍ ഇരുന്ന് രണ്ടുപേരും കൂടി സംസ്‌കൃതത്തില്‍ ആത്മീയ കാര്യങ്ങള്‍ സംസാരിച്ചു. ചിന്മുദ്രയെക്കുറുച്ച് വിശദീകരണം അറിയാന്‍ ആഗ്രഹിച്ച സ്വാമിജിക്ക് ചട്ടമ്പിസ്വാമികളുടെ വിവരണം വളരെ തൃപ്തികരമായി. സ്വാമിജിയുടെ ശബ്ദം ഗന്ധര്‍വ്വന്മാരെ തോല്‍പ്പിക്കുന്നതാണെന്നും സംസാരവും പാട്ടും കേട്ട് വിശ്വം മുഴുവന്‍ ലയിച്ചു പോകുമെന്നും കണ്ണുകള്‍ ഒന്‍പതു വിശേഷപ്പെട്ട ഗുണങ്ങള്‍ ഉള്ളതാണെന്നും ഇത്രയും പൂര്‍ണ്ണമായ നയനങ്ങള്‍ വേറെ കണ്ടിട്ടില്ല എന്നും ചട്ടമ്പി സ്വാമികള്‍ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.  ഋഷിതുല്യരായ ആ മഹാത്മാക്കളുടെസമാഗമത്തെ കുറിച്ച് മഹാകവി വെണ്ണിക്കുളം മനോഹരമായ കവിത രചിച്ചിട്ടുണ്ട്. മഹാകവി കുമാരനാശാന്‍ സ്വാമിജിയുടെ ‘രാജയോഗം’ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

എറണാകുളത്തു നിന്നും അനന്തപുരിയില്‍ വന്ന് നവദിനങ്ങള്‍ ചെലവഴിച്ച ശേഷം രാമേശ്വരം സന്ദര്‍ശിച്ച് കൃതാര്‍ത്ഥനായി ഭാരതപരിക്രമണാവസാനം തെക്കേ അറ്റത്ത് കന്യാകുമാരീദേവി സവിധം സ്വാമിജി എത്തി. ദേവിയെ സാഷ്ടാംഗം നമസ്‌ക്കരിച്ചു. ദേവീദര്‍ശനത്തിനുശേഷം ത്രിവേണീ സംഗമത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശിലയിലേക്ക് സധൈര്യം നീന്തിക്കയറി. ആ പാറപ്പുറത്തിരുന്ന് മൂന്നു ദിവസം തുടര്‍ച്ചയായി ഗാഢമായി ധ്യാനിച്ചു. ഭാരതാംബയ്‌ക്കുവേണ്ടി തനിക്ക് ചെയ്യാനുള്ള കര്‍ത്തവ്യങ്ങളെല്ലാം ഏകാന്തത്തിലെ ഏകാഗ്രധ്യാനത്തില്‍ ദേശഭക്തനായ യുവസംന്യാസിവര്യന് അന്തരംഗത്തില്‍ തെളിഞ്ഞു.  തന്റെ രാഷ്‌ട്രത്തിലെ അജ്ഞതയും ദാരിദ്ര്യവും ഇല്ലാതാക്കണം, ആര്‍ഷ സംസ്‌കാരം പുനരുദ്ധരിക്കണം, ഭാരതത്തിന്റെ ആദ്ധ്യാത്മിക പൈതൃകം വിദേശ രാജ്യങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണം എന്ന ദൃഢതീരുമാനം അവിടെ വെച്ചാണ് അദ്ദേഹം എടുത്തത്. അനന്തപുരി വിട്ട് കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് കന്യാകുമാരി സന്നിധിയില്‍ ഈ ഉജ്ജ്വലമായ നിയോഗത്തിന് സ്വാമിജി തുടക്കം കുറിച്ചത്. ഈ ഡിസംബര്‍ മാസത്തില്‍ ഈ ഓര്‍മ്മകളുടെ അനുഭൂതി നമ്മളെ ഉണര്‍ത്തി സ്വാമിജിയുടെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് കര്‍മ്മോന്മുഖരാകാന്‍ പ്രചോദിപ്പിക്കട്ടെ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by