Thiruvananthapuram

കാടുകയറി കുടപ്പനക്കുന്ന് ‘കള’ക്‌ട്രേറ്റ്’ ; ശുചിത്വമിഷന്റെ അടക്കം ചുമലയുള്ള ഉദ്യോഗസ്ഥനാണ് ജില്ലാ കളക്ടര്‍

Published by

കുടപ്പനക്കുന്ന്: ജില്ലാ ആസ്ഥാനമാണ് കുടപ്പനക്കുന്നിലുള്ള കളക്‌ട്രേറ്റ്. ശുചിത്വമിഷന്റെ അടക്കം ചുമലയുള്ള ഉദ്യോഗസ്ഥനാണ് ജില്ലാ കളക്ടര്‍. ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും സംരക്ഷണത്തിനുമൊപ്പം ജനങ്ങളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരകിഷിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് കളക്ടര്‍. അദ്ദേഹത്തിന്റെ ഓഫീസിന് തൊട്ടുമുന്നിലാണ് ജീവനകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായി പാര്‍ക്കും മൂത്രപ്പുരയും കാടുകയറി നശിക്കുന്നത്.

ഇതും കംഫര്‍ട്ട് സ്റ്റേഷന്‍…

സിവില്‍സ്‌റ്റേഷനിലെ പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷന്‍ കെട്ടിടം ഏത് നിമിഷവും നിലംപതിക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ്, പൊതുജനങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് സാദാ കംഫര്‍ട്ട് സ്‌റ്റേഷന്‍. ഫഌഷ് ടാങ്ക് പൊട്ടിപ്പൊളിഞ്ഞ്, ക്ലോസറ്റുകള്‍ തകര്‍ന്ന്, ടൈലുകള്‍ ഇളകി, മലിനജലം നിറഞ്ഞ്, ചുമരുകള്‍ നനഞ്ഞ് ദ്രവിച്ച്, കാട്ടുചെടികള്‍ കയറി, നാലുപാടും മാലിന്യം നിറഞ്ഞ് കിടക്കുകയാണ് . സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി നിര്‍മ്മിച്ച കോയിന്‍ ഉപയോഗിച്ചുള്ള ഇ ടോയ്‌ലറ്റും തുരുമ്പുപിടിച്ചു വീഴാറായിക്കഴിഞ്ഞു.

പ്രാഥമിക കൃത്യം നിര്‍വ്വഹിക്കണമെങ്കില്‍ സിവില്‍സ്‌റ്റേഷന്റെ മുകളിലത്തെ നിലകയറണം. എന്നാല്‍, ഇവിടെ ടോയ്‌ലറ്റിന്റെ താക്കോല്‍ ജീവനക്കാരുടെ കൈയിലാണ്. നൂറുകണക്കിന് വയോധികര്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ സിവില്‍സ്‌റ്റേഷന്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും പ്രാഥമിക കൃത്യം നിര്‍വ്വഹിക്കുന്നത് പൊതുസ്ഥലത്താണ്. സിവില്‍സ്‌റ്റേഷനില്‍ പുതിയ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുമ്പോഴും പൊതുജനങ്ങളുടെ അടിസ്ഥാന ആവശ്യത്തിനോട് ഇപ്പോഴും അധികൃതര്‍ക്ക് മുഖം തിരിച്ച നിലപാടാണ്.

1) കുടപ്പനക്കുന്ന് സിവില്‍സ്‌റ്റേഷനിലെ പബ്ലിക് കംഫര്‍ട്ട്‌സ്‌റ്റേഷന്‍ കാടുകയറി നിലം പൊത്താറായ അവസ്ഥയില്‍, (2) ഇരിപ്പിടങ്ങളില്‍ കാട്ടുചെടികള്‍ വളര്‍ന്ന നിലയില്‍

ശുചീകരണമില്ല ; കാടുകയറി പാര്‍ക്ക്

ശുചീകരണമില്ലാതായതോടെ കുടപ്പനക്കുന്ന് സിവില്‍സ്‌റ്റേഷനിലെ പാര്‍ക്ക് കാടുകയറി. സിവില്‍സ്‌റ്റേഷന്‍ പരിസരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാര്‍ക്ക് സ്ഥാപിച്ചത്. പാര്‍ക്കിനുള്ളില്‍ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം ചതുരാകൃതിയിലുള്ള പാര്‍ക്കില്‍ അവിടവിടെയായി ഇരിപ്പിടങ്ങളും ലൈറ്റുകളുമുണ്ട്. പാര്‍ക്കിനുള്ളില്‍ കാല്‍നടയാത്രയ്‌ക്ക് ഇന്റര്‍ലോക്ക് ടൈലുകള്‍ കൊണ്ട് നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഈ ഭാഗത്ത് ഉണ്ടായിരുന്ന മാവ് ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കോണ്‍ക്രീറ്റ് കട്ടകള്‍ നാലുഭാഗവും കെട്ടി ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പാര്‍ക്കിന്റെ നാലുഭാഗവും പാഴ്‌ച്ചെടികള്‍ വളര്‍ന്നു പൊന്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള ഇരിപ്പിടങ്ങളെക്കാളും പൊക്കത്തിലാണ് ഇതിനുള്ളില്‍ കാട്ടുചെടികള്‍ വളര്‍ന്നിരിക്കുന്നത്. തൊട്ടാല്‍വാടിപോലുള്ള സസ്യങ്ങള്‍ ഇരിപ്പിടങ്ങളില്‍ അവിടവിടെയായി വളര്‍ന്നു പൊങ്ങിയിരിക്കുന്നു. പാര്‍ക്കിന്റെ പിറകുവശം അക്ഷരാര്‍ത്ഥത്തില്‍ കാടായി മാറി. രാവിലെ മുതല്‍ വൈകുന്നേരം വരെയും പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. പക്ഷേ ഇന്റര്‍ലോക്കിട്ട പാതയിലൂടെ നടക്കുകയല്ലാതെ പാര്‍ക്കിനുള്ളില്‍ ഇരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ലക്ഷങ്ങള്‍ ചെലവിട്ട് ഭരണസിരാകേന്ദ്രത്തില്‍ നവീകരണങ്ങള്‍ നടക്കുമ്പോഴും പണി പൂര്‍ത്തിയായിക്കഴിഞ്ഞ പാര്‍ക്കിന്റെ അവസ്ഥ ശോചനീയമായി തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക