കേരള നവോത്ഥാനത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാപുരുഷന്മാരുടെ കൂട്ടത്തില്‍ എണ്ണപ്പെടേണ്ട ത്യാഗധനനായ ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ചരമശതാബ്ദി ദിനമായിരുന്നു ഡിസംബര്‍ 13. ധീരോദാത്തനായ സ്വാതന്ത്ര്യ സമരഭടന്‍, കര്‍മകുശലനായ രാജ്യ സ്‌നേഹി, ആര്‍ഷ ധര്‍മ പ്രചാരകന്‍, അചഞ്ചനായ ഗാന്ധി ഭക്തന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ അദ്ദേഹം സ്മരിക്കപ്പെടുന്നു. ശ്രീമദ് തീര്‍ത്ഥപാദപരമഹംസ സ്വാമികളുടെ ഭക്തനായിരുന്ന ചിറ്റേടം കോളജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് ആദ്ധ്യാത്മികപ്പൊരുള്‍ തേടിയാണ് ഇരുപതാം വയസില്‍ കാശിയിലേക്ക് വണ്ടി കയറിയത്. തിരിച്ചെത്തിയതാകട്ടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ സജീവ പ്രവര്‍ത്തകനായിട്ടും. തുടര്‍ന്ന് സബര്‍മതിയിലെത്തി ഗാന്ധിജിയെക്കണ്ട് അനുഗ്രഹം നേടി. ഗാന്ധിജി അദ്ദേഹത്തെ ഖാദി പ്രസ്ഥാനത്തിന്റെ പ്രചാരകനാക്കി. അയിത്തോച്ചാടനം, അധസ്ഥിത ജനസമുദ്ധാരണം, ഖാദി പ്രചാരണം, സ്വദേശി പ്രസ്ഥാനം എന്നീ മണ്ഡലങ്ങളിലെല്ലാം ക്രിയാത്മക സംഭാവനകളാണ് ചിറ്റേടം നല്‍കിയത്.
ചെന്നിത്തല അമ്പലപ്പാട്ട് രായിങ്ങല്‍ ശങ്കരനാശാന്റെയും ചിറ്റേടത്ത് പാര്‍വതിയമ്മയുടേയും മകനായി 1887 ഏപ്രില്‍ 10 നാണ് ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ജനനം. സബര്‍മതിയില്‍ നിന്നുള്ള ചര്‍ക്കയുടെ ഭാഗം അദ്ദേഹത്തിന്റെ ഭവനത്തില്‍ ഇപ്പോഴും സൂക്ഷിക്കുന്നു. ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ശ്രീമദ് തീര്‍ത്ഥപാദപരമഹംസ സ്വാമികളും സദാനന്ദ സ്വാമി തിരുവടികളും നടത്തിയ സാമൂഹ്യ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ചിറ്റേടം മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചു. പമ്പാ നദീ തീരത്ത് നടക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു ധര്‍മ്മ പരിഷത്തിനോടനുബന്ധിച്ച് മണല്‍ പുറത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തില്‍ ഖാദിയുടെയും ചര്‍ക്കയുടെയും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത് പഴമക്കാര്‍ ഇപ്പോഴും അനുസ്മരിക്കുന്നു. വിദേശവസ്ത്ര ബഹിഷ്‌കരണത്തിനും ഖാദി പ്രചാരണത്തിനും അദ്ദേഹം വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു. തിരുപ്പൂരില്‍ നിന്ന് ഖദര്‍ വസ്ത്രം വരുത്തി നാനാ ദിക്കിലുള്ള ജനങ്ങള്‍ക്ക് വിതരണം ചെയ്യാനും അദ്ദേഹം പണം ചെലവഴിച്ചു. ജന്മനാട്ടിലും സമീപ പ്രദേശങ്ങളിലും സ്വന്തം പണം കൊണ്ട് ചര്‍ക്കയുണ്ടാക്കി ആളുകളെ നൂല്‍നൂക്കാനും ഖാദി വസ്ത്രം ധരിക്കാനും ആ ഗാന്ധിശിഷ്യന്‍ പ്രേരിപ്പിച്ചു. ഭാര്യ ലക്ഷ്മിയമ്മയുടെ ജന്മദേശമായ തെള്ളിയൂര്‍ കേരളത്തിലെ ആദ്യ ഖാദി ഗ്രാമങ്ങളിലൊന്നായി. ഇതിനായി പരുത്തി കൃഷി വ്യാപകമാക്കാനും ചിറ്റേടം മുന്നിട്ടിറങ്ങി. കൊല്ലവര്‍ഷം 1099 ലെ (എഡി 1924 )
പ്രശസ്തമായ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ചിറ്റേടത്ത് സാമ്പത്തിക സഹായം നല്കി. സര്‍ക്കാരിനെക്കൊണ്ട് മേലുകരയിലും കുറിയന്നൂരും ഭക്ഷ്യധാന്യ വിതരണത്തിനായി റേഷന്‍ കടകള്‍ തുടങ്ങിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ഗാന്ധിജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അധഃസ്ഥിതരുടെ ഉന്നമനത്തിനാ
യി സ്വജീവിതം സമര്‍പ്പിച്ച ശങ്കുപിള്ള അയിത്തോച്ചാടനം തന്റെ വീട്ടില്‍ തന്നെ നടപ്പാക്കി മാതൃക കാട്ടി.
വൈക്കം സത്യഗ്രഹ (1924) മാണ് ചിറ്റേടത്തിന്റെ ത്യാഗസന്നദ്ധതയുടെയും കര്‍മ വൈഭവത്തിന്റെയും തനിമ കാലത്തെ ബോദ്ധ്യപ്പെടുത്തിയത്. അയിത്തത്തിനെതിരേ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ആ ഐതിഹാസിക സമരം ഭാരതത്തിലെങ്ങും പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. ടി.കെ. മാധവന്‍, കെ.കേളപ്പന്‍, കുറൂര്‍ നമ്പൂതിരിപ്പാട്, കെ.പി.കേശവമേനോന്‍ , മന്നത്തു പത്മനാഭന്‍ തുടങ്ങിയ നേതാക്കളാടൊപ്പം ചിറ്റേടത്ത് ശങ്കുപ്പിള്ളയും സമര നായകത്വം ഏറ്റെടുത്തു. യാഥാസ്ഥിതികരായ സവര്‍ണ പ്രമാണിമാരുടെ ഗുണ്ടകള്‍ സത്യഗ്രഹ സമര ഭടന്മാരെ നിരന്തരം ആക്രമിച്ചു പോന്നു. കൊല്ലവര്‍ഷം 1924 ഒക്ടോബറില്‍ ഒരു അര്‍ദ്ധരാത്രിയാണ് ചിറ്റേടത്തിനെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. തീര്‍ത്തും അവശനായി കിടപ്പിലായ ശങ്കുപ്പിള്ള 1924 ഡിസംബര്‍ 13 ന് അന്തരിച്ചു.
കേരളത്തിന്റെ ഭാവി പ്രതീക്ഷയായി ഗാന്ധിജി സ്വപ്‌നം കണ്ട ധീര യോദ്ധാവിന്റെ അക്കാല വിയോഗം അദ്ദേഹത്തെ നിരാശപ്പെടുത്തി. പിന്നീട് ചെങ്ങന്നൂരില്‍ നടന്ന ഒരു പൊ
തുയോഗത്തില്‍ ശങ്കുപ്പിള്ളയുടെ ഒരു വയസുള്ള കുട്ടിയെ എടുത്തു പിടിച്ചു കൊണ്ട് ഗാന്ധിജി പ്രസംഗിച്ചതും ചിറ്റേടം എന്ന മഹാനായ കര്‍മയോഗിക്ക് രാഷ്‌ട്രം നല്‍കിയ സമാദരവാണെന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക