Article

ബ്രഹ്മശ്രീ കെ.കെ. അനിരുദ്ധന്‍ തന്ത്രി: കേരള നവോഥാന ചരിത്രത്തിലെ നവ അദ്ധ്യായം

ആലുവ തന്ത്രവിദ്യാപീഠം മുഖ്യാചാര്യന്‍ ബ്രഹ്മശ്രീ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട് സ്മാരക ആചാര്യശ്രേഷ്ഠ പുരസ്‌കാരം ബ്രഹ്മശ്രീ കെ.കെ. അനിരുദ്ധന്‍ തന്ത്രികള്‍ക്ക് നാളെ സമര്‍പ്പിക്കും

Published by

ഗായന്തി ദേവാഃ കില ഗീതകാനി
ധന്യാസ്തു തേ ഭാരത ഭൂമിഭാഗേ
സ്വര്‍ഗ്ഗാപവര്‍ഗാസ്പദ ഹേതുഭൂതേ
ഭവന്തി ഭൂയഃ പുരുഷാഃ സുരത്വാത്

കര്‍മ ഭൂമിയായ ഭാരതത്തില്‍ ജന്മമെടുക്കുന്ന മനുഷ്യരെല്ലാം ധന്യരാണ് എന്ന് ദേവകള്‍ പോലും ഉദ്ഘോഷിക്കുന്നുവല്ലോ. ഇവിടെ ജനിക്കുന്നവര്‍ക്കു സ്വര്‍ഗമോക്ഷങ്ങള്‍ പ്രാപ്യമത്രേ. അതുകൊണ്ട് ഭാരതത്തില്‍ ജനിച്ചവര്‍ സ്വര്‍ഗവാസികളേക്കാള്‍ ധന്യരാണ്. അനവധി പുണ്യജന്മങ്ങള്‍ അപരിമേയമായ കര്‍മസുകൃതത്താലും അജ്ഞാതമായ ജന്മദൗത്യത്താലും നമ്മുടെ ഭൂമിയുടെ മാറ്റേറ്റുന്നുണ്ട്.

അപ്രകാരം പുകള്‍ പെറ്റ ഭാരതത്തിന്റെ തെക്കേയറ്റത്തെ പരശുരാമ ഭൂമിയില്‍, കേരള നവോത്ഥാന ചരിത്രത്തിന്റെ ഏടുകളില്‍ എത്രയോ മഹാരഥന്മാരുടെ കര്‍മകാണ്ഡങ്ങള്‍ സുഗന്ധം പരത്തി ഒളിമങ്ങാത്ത വിധം പരിലസിക്കുന്നുണ്ട്. അതില്‍ തന്നെ ആഘോഷിക്കപ്പെട്ടവയും അറിയപ്പെടാതെ പോയവയും ആധുനിക ചരിത്രാഖ്യാനങ്ങളില്‍ തമസ്‌കരിക്കപ്പെട്ടവയും ഉള്‍പ്പെടുന്നുണ്ട്. പല സ്വധര്‍മാനുഷ്ഠാനങ്ങളും നവീന പാതകള്‍ വെട്ടിയൊരുക്കുന്ന കര്‍മപദ്ധതികളും യഥാര്‍ഥ നവോത്ഥാന ചരിത്രത്തിന്റെ നാള്‍വഴികളില്‍ നിശബ്ദ വിപ്ലവം തന്നെ തീര്‍ത്തിട്ടുമുണ്ട്. അത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത കേരള നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ ഒരധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ശ്രേഷ്ഠമായൊരു കര്‍മദൗത്യം നിര്‍വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് എറണാകുളം നോര്‍ത്ത് പറവൂരില്‍ മൂത്തകുന്നത്ത് പ്രവര്‍ത്തിച്ചു വരുന്ന ശ്രീ ഗുരുദേവ വൈദിക തന്ത്രവിദ്യാ പീഠം. ഗുരുകുല സമ്പ്രദായത്തില്‍ വൈദിക തന്ത്ര വിദ്യകള്‍ നാല് പതിറ്റാണ്ടിലേറെയായി ശിഷ്യര്‍ക്ക് പകര്‍ന്നു നല്‍കുന്ന ആചാര്യനായ ബ്രഹ്മശ്രീ കെ.കെ. അനിരുദ്ധന്‍ തന്ത്രികളുടെ പ്രിയ ശിഷ്യനും കേരളത്തിലെ ആദ്യ ദളിത് പുരോഹിതനായി നിയമിതനായ യദുകൃഷ്ണന്റെയും പേരുകളാണ് തങ്ക ലിപികളില്‍ എഴുതപ്പെട്ടിട്ടുള്ളത്.

ശ്രീനാരായണ ഗുരുദേവന്‍ അരുവിപ്പുറത്തു നടത്തിയ ശിവപ്രതിഷ്ഠയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ക്ഷേത്രനിര്‍മാണവും മാതാ അമൃതാനന്ദമയിയുടെ ക്ഷേത്ര പ്രതിഷ്ഠകളും താന്ത്രിക വൈദിക മണ്ഡലത്തിലെ മാത്രമല്ല, കേരള നവോത്ഥാന ചരിത്രത്തിലെതന്നെ സുവര്‍ണ ഏടുകളാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ആദ്യ ദളിത് പൂജാരിയായി നിയമിതനായ യദുകൃഷ്ണനോടൊപ്പം നില്‍ക്കുന്ന ഗുരുനാഥനായ അനിരുദ്ധന്‍ തന്ത്രിയുടെ ചിത്രം, പഞ്ചമി എന്ന ബാലികയെ പള്ളിക്കൂടത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന മഹാത്മാ അയ്യങ്കാളിയോളം തന്നെ ധീരോദാത്തവും മനോജ്ഞവുമാണ്.

അതുകൊണ്ടു തന്നെ മഹത്തായ പാലിയം വിളംബരം അന്വര്‍ഥമാക്കിക്കൊണ്ട് പി.മാധവ്ജിയുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട ആലുവ തന്ത്ര വിദ്യാപീഠം നല്‍കുന്ന കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം അനിരുദ്ധന്‍ തന്ത്രിയെ തേടിയെത്തിയത് കാലം കാത്തുവച്ച കാവ്യ നീതിയാണ്.

തന്റെ ജീവിതം തന്നെ ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നമനത്തിനു വേണ്ടി സമര്‍പ്പിച്ച പി. മാധവ്ജി തുടക്കം കുറിച്ച ആലുവ തന്ത്ര വിദ്യാപീഠം തന്ത്രശാസ്ത്ര ബൃഹസ്പതി കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണാര്‍ത്ഥം ഭാരതീയ തന്ത്ര ശാസ്ത്രരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം നല്‍കുന്നത്. ‘അന്ത്യജന്‍ അഗ്രജന്‍ ഇല്ലിവിടെ വര്‍ഗം വര്‍ണം അരുതിവിടെ’ എന്ന മഹത്തായ ആദര്‍ശം പിന്തുടര്‍ന്നു വൈദിക താന്ത്രിക വിദ്യകള്‍ തികച്ചും സൗജന്യമായി ശിഷ്യര്‍ക്കു പകര്‍ന്നു നല്‍കുന്നതിലും ഭാരതീയ സംസ്‌കാരം പരിപോഷിപ്പിക്കുന്നതിലും നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ആചാര്യനാണ് അനിരുദ്ധന്‍ തന്ത്രികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക