അങ്ങനെ ഭാരതത്തിന്റെ മകരസംക്രമ ഉത്സവം ലോക വ്യാപക അംഗീകാരം നേടിയിരിക്കുന്നു. മകരസംക്രമ വേളയുടെ പവിത്രത ഉള്‍ക്കൊണ്ടാണ് ഈ കാലയളവില്‍ വരുന്ന ഡിസംബര്‍ 21 ലോക ധ്യാന ദിനമായി (International Meditation Day) ഐക്യ രാഷ്‌ട്ര പൊതുസഭ ഐകകണ്‌ഠ്യേന പ്രഖ്യാപിച്ചത് എന്നത് ഓരോ സനാതതനധര്‍മ്മ വിശ്വാസിക്കും സന്തോഷത്തിന് വക നല്‍കുന്നു. മുസ്ലിം, ക്രിസ്ത്യന്‍ രാജ്യങ്ങളും, പരോക്ഷമായി സനാതന സംസ്‌കൃതിയുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഈ പ്രഖ്യാപനത്തിന്റെ ഭാഗമായെന്നത് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.
ആധുനിക ജ്യോതിരഗണിത പ്രകാരം ഡിസംബര്‍ 21 എന്ന ദിനത്തിന്റെ പ്രത്യേകത അത് ദക്ഷിണ അയനാന്തദിനം (ംശിലേൃ ീെഹേെശരല) ആണെന്നതാണ്. അതായത് സൂര്യന്‍ തെക്കോട്ടുള്ള സഞ്ചാരത്തില്‍ ഏറ്റവും തെക്കേ അറ്റത്തെ ബിന്ദുവില്‍ എത്തുന്ന ദിനം. ഈ ദിനം തൊട്ട് ഭാരതീയര്‍ പുണ്യകാലമായി തുടങ്ങുന്ന സൂര്യന്റെ ഉത്തരായന സഞ്ചാരം തുടങ്ങുകയാണ്. നമ്മുടെ പൂര്‍വ്വിക ഋഷീശ്വരന്മാര്‍ സൂര്യന്റെ ഉത്തരായന സഞ്ചാരം തുടങ്ങുന്ന ദിനത്തെയാണല്ലോ മകരസംക്രമ പുണ്യദിനമായി ആചരിച്ചിരുന്നത്. അതേ പുണ്യത ഉള്‍ക്കൊണ്ടാണ് ഇപ്പോള്‍ യുഎന്‍ ലോകധ്യാനദിനം പ്രഖ്യാപിച്ചത്, അതും ഭാരതത്തിന്റെ സഹപ്രായോജികതയില്‍.
മകരസംക്രമം മതപരമായ ആചാരമല്ല. അതിന് പ്രാപഞ്ചിക പ്രകൃതിയുമായി ബന്ധപ്പെട്ട സവിശേഷതയുണ്ട്. സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് മാറുന്ന ദിനമാണ് മകരസംക്രമം എന്നു പറഞ്ഞല്ലോ. അത് പ്രകൃതിയില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഒരു കാലഘട്ടത്തിലേക്ക് ഭൂമിയുടെ മാറ്റത്തിന്റെ തുടക്കമാണ്. പകല്‍ കൂടുകയും രാത്രി കുറയുകയും ചെയ്യുന്ന കാലഘട്ടം. സ്വാഭാവികമായും മനുഷ്യന്റെ കര്‍മശേഷി വര്‍ധിക്കുന്ന സമയം. കൂടുതല്‍ ഉണര്‍വ്വിന്റെയും ഉയര്‍ച്ചയുടെയും പാതയിലേക്ക് കൈ പിടിച്ചു നടത്തുന്ന പ്രകൃതിയുടെ മായാവിലാസം.
ആര്‍ഷ സംസ്‌കൃതി ഉദ്‌ഘോഷിക്കുന്ന അടിസ്ഥാന തത്ത്വമാണ്
അസതോമാ സദ്ഗമയ
തമസോമാ ജ്യോതിര്‍ ഗമയ
മൃത്യോര്‍മ്മാ അമൃതം ഗമയ (അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്കും, മരണത്തില്‍ നിന്നും അമരത്വത്തിലേക്കും ഉയര്‍ത്തേണമേ) എന്ന പ്രാര്‍ത്ഥന.
മനുഷ്യ ജന്മത്തിന്റെ വ്യക്തിഗത സാധ്യതകള്‍ ഉദ്ദീപിക്കപ്പെടുന്നതോടൊപ്പം ചുറ്റുമുള്ള സമൂഹത്തിന്റെ നന്മയും ഭാവാത്മകമായ പ്രഭാവവും ഉറപ്പു വരുത്തുന്ന ഉത്തരവാദിത്തം ഓര്‍മപ്പെടുത്തുന്ന സന്ദേശമാണ് മകരസംക്രമത്തിന്റേത്. മകര സംക്രമ ദിനത്തില്‍ ദേഹം വെടിയുന്നവര്‍ക്ക് മോക്ഷം നേടി ബ്രഹ്മപദത്തില്‍ എത്താന്‍ കഴിയുമെന്ന് സനാതന ധര്‍മ്മികള്‍ കരുതുന്നു. കുരുക്ഷേത്ര യുദ്ധാവസാനം ഭീഷ്മപിതാമഹന്‍ ദേഹം വെടിയാന്‍ മകരസംക്രമ ദിവസം വരെ ശരശയ്യയില്‍ കാത്തു കിടന്നുവെന്നു മഹാഭാരതം പറയുന്നു. ലോകാരാധ്യനായ സ്വാമി വിവേകാനന്ദ ന്റെ ജനനം ഒരു മകര സംക്രമ ദിവസം ആയിരുന്നുവെന്നതും യാദൃച്ഛികമല്ല.
ഭാരതീയമായ ഉത്സവങ്ങള്‍ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടാണ് ഹൈന്ദവ സംസ്‌കൃതി വിശ്വസംസ്‌കൃതി ആണെന്ന സത്യം ലോകം പടിപടിയായി അംഗീകരിച്ചുകൊണ്ടിരിക്കുന്നത്. ഹൈന്ദവ ഉത്സവങ്ങളായ നവരാത്രിയും ഗണേശോത്സവവും എല്ലാം പല രാജ്യങ്ങളിലും തദ്ദേശീയര്‍ അത്യന്തം ഉത്സാഹത്തോടെ ആഘോഷിക്കുന്ന വാര്‍ത്തകള്‍ ഇന്ന് സര്‍വ സാധാരണമാണ്. ഭാരതം ലോകത്തിനു നല്‍കിയ യോഗ ഇന്ന് അനേകം രാഷ്‌ട്രങ്ങള്‍ ഏറ്റെടുത്തതും ജൂണ്‍ 21 ന് ലോകമെമ്പാടും അന്തര്‍ ദേശീയ അഘോഷമായി ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ചിട്ടുള്ളതും അഭിമാനപൂര്‍വ്വം നമുക്ക് ഓര്‍ക്കാവുന്നതാണ്. ധ്യാനദിനം ദക്ഷിണ അയനാന്തദിനത്തില്‍ ആണെങ്കില്‍ യോഗദിനം ഉത്തര അയനാന്തദിനത്തില്‍(summer solstice) ആണെന്ന പ്രത്യേകതയുമുണ്ട്.
ധ്യാനം മനുഷ്യന്റെ ശരീരം, മനസ്സ്, ബുദ്ധി എന്നിവയെ സംശുദ്ധീകരിക്കുന്ന പ്രക്രിയയാണെന്നത് ഭാരതീയ ഋഷീശ്വരന്മാര്‍ പ്രയോഗവല്‍കരിച്ച് കാണിച്ച് തലമുറകള്‍ക്ക് കൈമാറിയ ശാസ്ത്രമാണ്. കാട്ടാളനെ വിശ്വകവിയായ യോഗീശ്വരനായി ഉയര്‍ത്തിയ തപസ്സിന്റെ ആദ്യപടിയാണ് ധ്യാനം. ഇന്ന് ലോകം അത് അംഗീകരിക്കുന്നു. ഭാരതത്തിന്റെ ഈ മഹത്തായ സംഭാവന സെമറ്റിക് മതങ്ങളുടെ അനുഷ്ടാനങ്ങളില്‍ വ്യാപകമായി അനുകരണീയമാക്കി തീര്‍ത്തിട്ടുള്ളത് നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. ലോകജേതാക്കള്‍ ആയുധങ്ങള്‍ കൊണ്ട് സമാധാന ഭഞ്ജനം നടത്തുമ്പോല്‍ ഭാരതം സംസ്‌കാരിക ആധിപത്യത്തിലൂടെ സമാധാനത്തിന്റെ പാത വിരിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് ലോകം അനുഭവിച്ചറിയുന്നത്. ഭാരതത്തിന്റെ പ്രതിനിധി പര്‍വതനേനി ഹരീഷ് ചൂണ്ടിക്കാട്ടിയത് പോലെ ഹൈന്ദവ സംസ്‌കാരത്തിന്റെ മുഖമുദ്രയായ വസുധൈവ കുടുംബകം എന്ന സങ്കല്പം അംഗീകരിക്കുന്ന മഹനീയ ഭാവിയിലേക്കാണ് സംഘര്‍ഷഭരിതമായ ലോകം മുന്നോട്ടുപോകുന്നതെന്ന് സമാധാനിക്കാനുള്ള കാല്‍വെപ്പായി നമുക്ക് ഈ മാറ്റങ്ങളെ വിലയിരുത്താം. തത്ത്വമസിയെന്ന് ആലേഖനം ചെയ്ത ശബരിമലയില്‍ മകരസംക്രമം അത്യാര്‍ഭാടപൂര്‍വം ആഘോഷിക്കുന്നതും ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മകര സംക്രമത്തിനു മറ്റൊരു പ്രാധാന്യമുണ്ട്. എല്ലാ വിഭാഗീയതയ്‌ക്കുമപ്പുറം ലോകത്തിലെ പല ഭാഗത്തുനിന്നുമായി കോടിക്കണക്കിന് ജനങ്ങള്‍ പ്രയാഗയിലെ മഹാ കുംഭമേളയില്‍ പങ്കുചേരാന്‍ എത്തിച്ചേരുന്നത് ഈ ശ്രേഷ്ഠ ദിനത്തിലാണ്. 1966 ലെ കുംഭമേളയിലാണ് ലോകത്തിലെ ഹൈന്ദവരെ മുഴുവന്‍ കോര്‍ത്തിണക്കി കര്‍മ്മപഥത്തിലേക്ക് ആനയിക്കാനായി ആരംഭിച്ച വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രഥമ സമ്മേളനം നടന്നതും.
ഭാരതീയ സംസ്‌കൃതിയെ കലവറയില്ലാതെ അംഗീകരിക്കുന്ന ഐക്യരാഷ്‌ട്രസഭ അംഗരാജ്യങ്ങളുടെ ഹൃദയ വിശാലതയെ നമുക്കു നമിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: