Kerala

160ന്റെ നിറവില്‍ മഹാനിഘണ്ടുവിന്റെ സ്രഷ്ടാവ്

Published by

ലയാളത്തിലെ ഏറ്റവും ആധികാരികവും പ്രചാരം നേടിയതുമായ നിഘണ്ടുവാണ് ശബ്ദതാരാവലി. ആ ബൃഹത്കൃതിയുടെ രചയിതാവായ ശ്രീകണ്‌ഠേശ്വരം ജി. പത്മനാഭപിള്ള ജനിച്ചിട്ട് ഇന്ന് 160 വര്‍ഷം തികയുന്നു.

1864  നവംബര്‍ 27 ന് തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്‌ഠേശ്വരത്ത് കുളവറ വിളാകത്ത് വീട്ടില്‍ ജനനം. പിതാവ് പരുത്തിക്കാട്ട് നാരായണ പിള്ള. മാതാവ് നാരായണിപിള്ള. പിതാവ് തഹസില്‍ദാരായിരുന്നു. മാതാവാകട്ടെ കൊട്ടാരം സര്‍വാധികാര്യക്കാരും ആദ്യത്തെ ഭാഷാ ചരിത്രകര്‍ത്താവുമായ പി. ഗോവിന്ദപ്പിള്ളയുടെ മൂത്ത സഹോദരി. സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ് ഭാഷകള്‍ക്കു പുറമെ ആയുര്‍വേദവും അഭ്യസിച്ചു. മെട്രിക്കുലേഷന്‍ പരീക്ഷയില്‍ വിജയിച്ചില്ല. ഇതോടെ പഠനം നിര്‍ത്തേണ്ടി വന്നു. പിതാവിന്റെ വിയോഗവും ഇക്കാലത്തായിരുന്നു.

പത്മനാഭപിള്ള തുടക്കത്തില്‍ തുള്ളല്‍ക്കഥകളില്‍ കടുത്ത ഭ്രമം പുലര്‍ത്തി. ബാലി വിജയം എന്നൊരു തുള്ളല്‍ക്കഥയും എഴുതി. ആദ്യ കൃതി ഇതായിരുന്നുവെങ്കിലും പ്രസിദ്ധീകരിച്ചില്ല. തുള്ളല്‍ഭ്രമം പിന്നീട് കഥകളിയിലേക്കു വഴിമാറി. ”നമ്പ്യാരിലുള്ള പ്രതിപത്തി കൊട്ടാരക്കര തമ്പുരാനിലേക്കു പകര്‍ന്നു” എന്നാണ് ഇതിനെപ്പറ്റി അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. ദുര്യോധനവധം കഥ ഒരു ശിവരാത്രിക്കു സുഹൃത്തുക്കളുമായി ചേര്‍ന്ന് കഥകളിയായി അവതരിപ്പിച്ചു.

32-ാം വയസ്സില്‍ തുടങ്ങി
1896 ലാണ് പത്മനാഭപിള്ള ശബ്ദതാരാവലിയുടെ രചന ആരംഭിച്ചത്. വായിച്ച കൃതികളില്‍നിന്നും പത്രമാസികകളില്‍നിന്നും സംഭാഷണങ്ങളില്‍നിന്നും ലഭിച്ച പദങ്ങള്‍ അകാരാദി ക്രമത്തില്‍ അടുക്കി. തുടര്‍ന്നു അവയുടെ ഉല്‍പ്പത്തി, പ്രയോഗം, ചരിത്രം തുടങ്ങിയവ വ്യക്തമാക്കുന്ന കുറിപ്പുകള്‍ തയാറാക്കി. ഒന്‍പതു വര്‍ഷക്കാലം ഈ പ്രവൃത്തി തുടര്‍ന്നുവെങ്കിലും എങ്ങും എത്തുന്നില്ലെന്നു കണ്ട് നിരാശനായി. അങ്ങനെ മനസ്സു മടുത്ത് ചെറിയൊരു നിഘണ്ടുവില്‍ ഉദ്യമം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു. അപ്രകാരമാണ് 1905 ല്‍ കീശാ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയത്. ആയിരം പ്രതി അച്ചടിച്ചത് വളരെ വേഗത്തില്‍ വിറ്റഴിഞ്ഞു. ഇത് ശ്രീകണ്‌ഠേശ്വരത്തിനു വലിയ പ്രചോദനം പകര്‍ന്നു. കൃതിയുടെ സ്വീകാര്യത അംഗീകാരമായി കണ്ട അദ്ദേഹം വീണ്ടും ശബ്ദതാരാവലിയുടെ രചനയില്‍ ഏര്‍പ്പെട്ടു.

അഞ്ചുവര്‍ഷം രചനയില്‍ തുടരവെയാണ് ”ശബ്ദരത്‌നാകരം” എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുന്ന മറ്റൊരു നിഘണ്ടുവിന്റെ പരസ്യം പത്രങ്ങളില്‍ വന്നത്. അതോടെ ഉദ്യമം നിര്‍ത്തിവച്ചു. എന്നാല്‍ ശബ്ദരത്‌നാകരം മാസികാരൂപത്തില്‍ ആറുലക്കങ്ങളിലായി ഇറങ്ങിയെങ്കിലും തുടര്‍ പ്രസിദ്ധീകരണം നിലച്ചു. ഇതോടെ ശ്രീകണ്‌ഠേശ്വരം കൂടുതല്‍ ഉത്സാഹത്തോടെ രചന തുടര്‍ന്നു. 1917 ല്‍ പരിശ്രമം പൂര്‍ത്തിയായി. 32-ാം വയസ്സില്‍ രചന തുടങ്ങിയ അദ്ദേഹം അപ്പോഴേക്കും 52 ല്‍ എത്തിയിരുന്നു.

ലക്ഷ്യം നേടിയപ്പോള്‍
1600 താളുകളുള്ള ആ കൃതിക്കു പക്ഷേ പ്രസാധകനെ ലഭിച്ചില്ല. ഗ്രന്ഥകാരന്‍ തന്നെ ആ ചുമതല ഏറ്റെടുത്തു. മാസികാ രൂപത്തില്‍ രണ്ടുമാസം ഇടവിട്ട് ഓരോ ലക്കം പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചു. 1918 ല്‍ പ്രഥമ ലക്കം പുറത്തിറങ്ങി. 1923 ല്‍ 22-ാമത്തെ ലക്കവും പുറത്തുവന്നു. ഇതോടെ ശബ്ദതാരാവലി പൂര്‍ണമായും പ്രസിദ്ധീകൃതമായി. അപ്പോഴേക്കും ശ്രീകണ്‌ഠേശ്വരം 58-ാം വയസ്സില്‍ എത്തിയിരുന്നു.

തുടര്‍ന്ന് ശബ്ദതാരാവലിയുടെ പൂര്‍ണരൂപത്തിലുള്ള ആദ്യ പതിപ്പ് പുറത്തിറങ്ങി. 500 പ്രതികളാണ് അച്ചടിച്ചത്. ഗ്രന്ഥകാരന്റെ ജീവിതകാലത്തുതന്നെ, 16 വര്‍ഷത്തിനിടെ മൂന്നു പതിപ്പുകള്‍ പ്രസിദ്ധീകൃതമായി.

സാഹിത്യാഭരണം
68-ാം വയസ്സില്‍ ശ്രീകണ്‌ഠേശ്വരം സാഹിത്യാഭരണം നിഘണ്ടുവിന്റെ രചന ആരംഭിച്ചു. സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളും കൃതികളുടെ വിവരങ്ങളുമടങ്ങിയ ഈ നിഘണ്ടുവിന്റെ ഏതാനും സഞ്ചികകള്‍ പ്രസിദ്ധീകരിച്ചു. ശബ്ദചന്ദ്രിക എന്ന പേരില്‍ ഒരു ഇംഗ്ലീഷ്-മലയാള നിഘണ്ടുവിന്റെ രചന ആരംഭിച്ചുവെങ്കിലും അനാരോഗ്യം മൂലം നിര്‍ത്തിവക്കേണ്ടിവന്നു. ‘ഭാഷാവിലാസം’ എന്നൊരു മാസികയും അദ്ദേഹത്തിന്റെ പത്രാധിപത്വത്തില്‍ ഒരു വര്‍ഷക്കാലം പ്രസിദ്ധീകരിച്ചിരുന്നു.

ശബ്ദതാരാവലി ഒട്ടേറെ അംഗീകാരങ്ങളും ശ്രീകണ്‌ഠേശ്വത്തിനു നേടിക്കൊടുത്തു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ വീരശൃംഖലയും കൊച്ചി രാജാവ് ഒരു ജോഡി കവണി (വെളുത്ത കച്ച)യും സമ്മാനിച്ചു.

വാറുവിളാകത്ത് ആനന്ദപ്പിള്ള ലക്ഷ്മിപ്പിള്ളയായിരുന്നു പത്‌നി. 1946 മാര്‍ച്ച് 24 ന് 82-ാം വയസ്സില്‍ അന്തരിച്ചു.

ഒട്ടേറെ ക്ലേശങ്ങള്‍ തരണം ചെയ്താണ് ശ്രീകണ്‌ഠേശ്വരം നിഘണ്ടു രചന പൂര്‍ത്തിയാക്കിയത്. എഴുത്തുമാത്രമായിരുന്നു വരുമാന മാര്‍ഗം. തിരുവാതിരപ്പാട്ടു മുതല്‍ കവിതയും ജീവചരിത്രവും രചിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം ലഭിച്ച സര്‍ക്കാരുദ്യോഗം നിഘണ്ടു രചനക്കു തടസ്സമാകുമെന്നു കണ്ട് ഉപേക്ഷിക്കേണ്ടി വന്നു. വക്കീല്‍ ജോലിയും വേണ്ടെന്നു വച്ചു. താന്‍ നിഘണ്ടുവില്‍ കൊടുത്ത സുഖം എന്ന വാക്ക് ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക