Samskriti

ചെമ്പൈ സംഗീതോത്സവം സുവര്‍ണ ജൂബിലിയില്‍

Published by

രിപാവനമായ ഗുരുപവനപുരം ഭക്തജനങ്ങളുടെയും വ്യക്തികളുടേയും സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പാരമ്പര്യ കുടുംബാംഗങ്ങളുടേയും സമര്‍പ്പണമായി നടക്കുന്ന ചുറ്റുവിളക്ക് വഴിപാട്‌കൊണ്ട് ഭക്തിസാന്ദ്രമാകുന്ന മണ്ഡല വിശേഷ പുണ്യകാലത്തിലാണ്. ഇതിനൊപ്പം ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങുകയാണ്. നാരായണീയം കൊണ്ട് മേല്‍പ്പത്തൂര്‍ ഭട്ടപാദര്‍ ഗുരുവായൂരപ്പനെ സ്തുതിച്ചു പാടി വാതരോഗ ശമനം നേടി.

അങ്ങനെ ഗുരുവായൂര്‍ ശ്രീലകത്തെ ആ ദിവ്യ ചൈതന്യം ‘ഗുരുവായൂരപ്പ’നാണെന്ന് ലോകത്തിനു ബോധ്യമായി. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ആകട്ടെ കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ… എന്നു പാടി ഇഷ്ടദേവനായ ഗുരുവായൂരപ്പനെ സംഗീതോപാസനയാല്‍ സംപ്രീതനാക്കി.

ഗുരുവായൂരപ്പന്റെ ഭക്തോത്തമനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ അനുസ്മരിച്ച് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംഗീതോത്സവത്തിന് ഈ വര്‍ഷം (2024) അരനൂറ്റാണ്ട് തികയുകയാണ്.

ഗാനമൂര്‍ത്തിയായ ഗുരുവായൂരപ്പന്റെ ഭക്തനായ ചെമ്പൈ ഭാഗവതരുടെ പേരിലുള്ള സംഗീതോത്സവം എല്ലാ അര്‍ത്ഥത്തിലും സുവര്‍ണ നിറവില്‍ എത്തിയിരിക്കുന്നു!

ഗുരുവായൂരപ്പന്‍ അങ്ങനെയാണ്… ഭക്തവത്സലനാണ് ഗുരുവായൂരപ്പന്‍… 1974 ഒക്ടോബര്‍ 16-നാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ വിലയംപ്രാപിച്ചത്. ആ മഹാസംഗീതഞ്ജന്റെ നാമധേയത്തില്‍ നടക്കുന്ന ഈ സംഗീതോത്സവം സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ എത്തുമ്പോള്‍ ഇതില്‍ ഇതുവരെ പങ്കെടുത്തവരായ ഇന്നത്തെ പ്രസിദ്ധ സംഗീതജ്ഞര്‍ക്ക് ഗുരുവായൂരപ്പന്റെ കാരുണ്യം സംബന്ധിച്ച മധുരതരമായ ഒട്ടേറെ സ്മരണകളാണ് പങ്കുവെക്കാനുള്ളത്.

ക്ഷേത്ര മതില്‍ക്കകത്തു നിന്ന് സംഗീതസമ്രാട്ടിന് ഭക്തന്‍മാരുടെ വകയായി ‘അഭിനവ ത്യാഗബ്രഹ്മം’ ബഹുമതി തിരുനാനാമാചാര്യന്‍ ആഞ്ഞം തിരുമേനി നല്‍കിയെങ്കില്‍, ചെമ്പൈ സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ ആദ്യകാലങ്ങളില്‍ ഭാഗ്യം ലഭിച്ച സംഗീതജ്ഞര്‍ക്ക് വെള്ളിപ്പതക്കം ആണ് പ്രസാദത്തിനൊപ്പം സമ്മാനിച്ചിരുന്നത്. എന്നാല്‍ സുവര്‍ണ ജൂബിലിയിലേക്ക് എത്തുമ്പോള്‍ ഗുരുപവനേശന്റെ അനുഗ്രഹം ലഭിച്ച ഏറ്റവും മികച്ച സംഗീതജ്ഞന് ചെമ്പൈ ഭാഗവതരുടെ പേരില്‍ സുവര്‍ണ്ണപ്പതക്കം ആണ് ബഹുമതിയായി നല്‍കുന്നത്. മാത്രമല്ല ലോകപ്രശസ്തമായ ഒരു സംഗീതോത്സവമായി ഇതു മാറുകയും ചെയ്തിരിക്കുന്നു.

ചെമ്പൈ ഭാഗവതര്‍ക്കും കൂടെ പാടാനും, പക്കമേളത്തിനും വരുന്നവര്‍ക്ക് നല്‍കാന്‍ ഗുരുവായൂരപ്പന് ചാര്‍ത്തിയ രണ്ട് ഉരുള കളഭവും അഭിഷേകം ചെയ്ത എണ്ണയും രാജഭരണകാലത്ത് പ്രസാദമായി നല്‍കിയിരുന്നു. 62 വര്‍ഷം ഗുരുവായൂര്‍ ഏകാദശിക്ക് സംഗീതോപാസന നടത്തിയ ആ മഹാനുഭാവന്റെ കാലശേഷം ഗുരുവായൂരപ്പന്റെ ഇംഗിതം എന്നോണം ഗുരുവായൂര്‍ ദേവസ്വം ആരംഭിച്ചതാണ് ചെമ്പെസംഗീതോത്സവം. ഇതില്‍ പങ്കെടുക്കാന്‍ വരുന്ന പ്രസിദ്ധ സംഗീതജ്ഞര്‍ക്കെല്ലാം ഗുരുവായൂര്‍ ദേവസ്വം വെള്ളിലോക്കറ്റ് പ്രസാദമായി നല്‍കിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക