കൊടകര: നവതിയുടെ നിറവിലും മേളക്കമ്പക്കാര്‍ക്കായി നവീനമേളം ചിട്ടപ്പെടുത്തി വാദ്യകലാകാരനും ശാസ്താംപാട്ടുകാരനുമായ ചിറ്റിയത്ത് രാമന്‍നായര്‍. പഞ്ചാരിയുടെ ചുവടുപിടിച്ച് ചിട്ടപ്പെടുത്തിയിട്ടുള്ള അപൂര്‍വ്വ മേളങ്ങളുടെ നിരയിലേക്കാണ് അടന്തപ്പഞ്ചാരി എന്ന പേരില്‍ പുത്തന്‍ പരീക്ഷണം.
96 അക്ഷരകാലത്തില്‍ അഞ്ചുകാലങ്ങളില്‍ തന്നെയാണ് ഈ മേളവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. സര്‍വ്വസാധാരാണ മേളമായ പഞ്ചാരിക്കും 96 അക്ഷരകാലമാണെങ്കിലും കാലമിടുന്നതിലും താളംപിടിക്കുന്നതിലും കാലംമാറുന്നതിലും പുതുപരീക്ഷണമാണ് അടന്തപ്പഞ്ചാരിയില്‍ സ്വീകരിച്ചിരിക്കുന്നത്. അപൂര്‍വ്വമേളങ്ങളായ അഞ്ചടന്തയുടെ ഛായയില്‍ മൂന്നാംകാലവും അടന്തയുടെ ഛായയില്‍ നാലാംകാലവും കടന്നുവരുന്നു. മേളകലയിലെ രാജരസംതുളുമ്പുന്ന പഞ്ചാരിയുടെ അഞ്ചാംകാലത്തില്‍ അഞ്ചടിയും ഒരു വീശും ആണെങ്കില്‍ ഇവിടെ മൂന്നടിയും വീശും ഒന്നുമായിട്ടാണ് താളം പിടിക്കുന്നത്. അഞ്ചാംകാലത്തിലേക്ക് കടക്കുന്ന വക്രമാകട്ടെ അടന്തമേളത്തിന്റെ നാലാം കാലത്തിലേക്ക് കടക്കുന്നപോലെയാണ്. മാത്രമല്ല കുഴമറിഞ്ഞാല്‍ എടുത്തടിയുമുണ്ട്.
രണ്ടു വ്യാഴവട്ടക്കാലം മുമ്പ് രാമന്‍നായരുടെ ശിക്ഷണത്തില്‍ മേളം പരിശീലിച്ച കല്ലേറ്റുംകരയിലെ ശിഷ്യരായ കല്ലേറ്റുംകര വൈശാഖ്, രതീഷ് വാരിയര്‍, ഹരിശങ്കര്‍ എന്നിവരാണ് ആശാന്‍ ചിട്ടപ്പെടുത്തിയ മേളം അരങ്ങിലെത്തിക്കാന്‍ ആത്മാര്‍ഥമായി ഉത്സാഹിച്ചത്.
രാമന്‍നായരുടെ പേരമകന്‍ കൂടിയായ വൈശാഖാണ് മുത്തശ്ശന്‍ ചിട്ടപ്പെടുത്തിയമേളത്തിന്റെ ആദ്യ അരങ്ങിന് പ്രമാണം വഹിക്കുന്നത്. ഹരിശങ്കര്‍ വലംതലയില്‍ നേതൃത്വം നല്‍കും.
കൊടകര അനൂപ്, അവിട്ടത്തൂര്‍ രാഗേഷ്, കല്ലേറ്റുംകര രോഹിത്ത് എന്നിവര്‍ ക്രമത്തില്‍ കുറുംകുഴല്‍, കൊമ്പ്, ഇലത്താളം എന്നിവയില്‍ പ്രാമാണികരാകും.
വാദ്യകലാരംഗത്തും അനുഷ്ഠാന കലാരംഗത്തും കഴിഞ്ഞ 7 പതിറ്റാണ്ടിലേറെയായി നിറസാന്നിധ്യമായ രാമന്‍നായരുടെ ശതാഭിഷേകം സഹസ്ര പൗര്‍ണമി എന്ന പേരില്‍ കല്ലേറ്റുംകര മാനാട്ടുകുന്ന് ഇരിങ്ങാടപ്പിള്ളി ചെങ്ങുംകാവില്‍ ക്ഷേത്രാങ്കണത്തില്‍ നടത്തിയിരുന്നു. ഇപ്പോള്‍ നവതിയുടെ നിറവില്‍ ഇരിങ്ങാടപ്പിള്ളിയിലെ ദേവീസന്നിധിയില്‍ താന്‍ ചിട്ടപ്പെടുത്തിയ മേളം കൊട്ടിക്കാണണമെന്ന രാമന്‍നായരുടെ മോഹത്തിന്റെ സാക്ഷാത്കാര സുദിനമാണ് ഇന്ന്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 15 നായിരുന്നു രാമന്‍നായരുടെ നവതി. അന്നേദിവസം അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇരിങ്ങാടപ്പിള്ളി മനയിലെ സുബ്രഹ്മണ്യന്‍നമ്പൂതിരിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ആളൂര്‍ ഇരിങ്ങാടപ്പിള്ളി ചെങ്ങുംകാവില്‍ ഭഗവതിക്ഷേത്രതിരുസന്നിധിയില്‍ ഇന്ന് വൈകിട്ട് 6നാണ് അടന്തപ്പഞ്ചാരിയുടെ അവതരണം. ചടങ്ങിനു മുന്നോടിയായി രാമന്‍നായരെ ശിഷ്യന്‍മാര്‍ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: