Sports

സംസ്ഥാന സ്‌കൂള്‍ കായിക മേള: ആവേശട്രാക്കില്‍ ഇന്ന്

Published by

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്കും തുടക്കമാകുന്നു. മഹാരാജാസ് ഗ്രൗണ്ടില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക്ക് രാവിലെ മുതല്‍ തുടക്കമിടും. ഇന്ന് 15 ഇനങ്ങളുടെ വിധി നിര്‍ണയിക്കും.

രാവിലെ 6.10ന് സീനിയര്‍ ബോയ്‌സിന്റെ 5000 മീറ്റര്‍ നടത്തം ഫൈനലോടെയാണ് അത്‌ലറ്റിക്‌സ് തുടങ്ങുന്നത്. 6.55ന് സീനിയര്‍ ഗേള്‍സിന്റെ 3000 മീറ്റര്‍ നടത്തം ഫൈനല്‍. 7.20ന് ജൂനിയര്‍ ബോയ്‌സിന്റെ 3000 മീറ്റര്‍ ഫൈനലും തുടര്‍ന്ന് സീനിയര്‍ ബോയ്‌സിന്റെയും ഗേള്‍സിന്റെയും 3000 മീറ്റര്‍ ഫൈനലും.

ഫീല്‍ഡ് ഇനത്തില്‍ ആദ്യ ഫൈനല്‍ ജൂനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ടിലായിരിക്കും. രാവിലെ എട്ടരയ്‌ക്ക് മഹാരാജാസ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. ഉച്ചയ്‌ക്ക് രണ്ടിനാണ് സീനിയര്‍ ബോയ്‌സിന്റെ ഫൈനല്‍.

വൈകിട്ട് നാലര മുതല്‍ ആരംഭിക്കുന്ന 400 മീറ്റര്‍ ഫൈനല്‍ മത്സരങ്ങള്‍ക്കൊപ്പം സീനിയര്‍ ഗേള്‍സിന്റെ ജാവലിന്‍ ത്രോ ഫൈനലും അരങ്ങേറും. നാലരയ്‌ക്ക് സബ്ജൂനിയര്‍ ബോയ്‌സിന്റെ 400 മീറ്ററില്‍ ജേതാക്കളെ നിര്‍ണയിക്കും. തുടര്‍ച്ചയായി സബ്ജൂനിയര്‍ ഗേള്‍സ് 400 മീറ്റര്‍ ഫൈനല്‍. തൊട്ടുപിന്നാലെ 400 മീറ്റര്‍ സീനിയര്‍ ബോയ്‌സ്, ഗേള്‍സ് ഫൈനലുകള്‍.
ഹൈജംപ്, ലോങ് ജംപ്, ഡിസ്‌കസ് ത്രോ, ഹാമര്‍ ത്രോ, ഷോട്ട്പുട്ട് എന്നിവയുടെയെല്ലാം വിവിധ വിഭാഗങ്ങളുടെ യോഗ്യതാ റൗണ്ട് മത്സരങ്ങളാണ് ഇന്ന്. 4ഃ100 മീറ്റര്‍ റിലേയിലെ വിവിധ വിഭാഗങ്ങളുടെ ഒന്നാം റൗണ്ട് മത്സരങ്ങളും ഇന്നു തന്നെയാണ്.

നാലു ദിവസങ്ങളിലായാണ് അത്‌ലറ്റിക്സ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക. 2700 കുട്ടികള്‍ അത്ലറ്റിക്സ് മത്സരങ്ങളില്‍ പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക