Sports

പൊലിഞ്ഞുവീണിടത്ത് നിന്ന് സഹോദരന്‍ കൈപിടിച്ചുയര്‍ത്തിയത് പൊന്‍നേട്ടത്തിലേക്ക്

Published by

കൊച്ചി: ഒരുവര്‍ഷം മുമ്പ് ജൂഡോയില്‍ ജില്ലാതലത്തില്‍ ഒന്നാമനായി സംസ്ഥാന ചാമ്പ്യന്‍ഷിപ്പിനൊരുങ്ങിയ കെ. ആദിത്യരാജിനെ പരിക്കുകള്‍ വിരിഞ്ഞുമുറുക്കി. സ്വപ്‌നം ബാക്കിയാക്കി മത്സരങ്ങളില്‍ നിന്നും പിന്‍വലിയാന്‍ തീരുമാനിച്ചു. പക്ഷെ ചേര്‍ത്തുപിടിച്ച സഹോദരന്‍ കൃഷ്ണരാജ് വിടാന്‍ തയ്യാറായിരുന്നില്ല. അനുജന്റെ പരിക്കും വേദനയും പഠനസമയവും എല്ലാം അറിഞ്ഞ് കൃഷ്ണരാജ് പരിശീലനത്തിന്റെ സമയക്രമം നിശ്ചയിച്ച് നിതാന്ത പരിശ്രമം തുടര്‍ന്നു. മത്സരത്തിന്റെ താളത്തിലേക്ക് തിരികെയെത്തിയ അനുജന്‍ ആദിത്യരാജ് ഒടുവില്‍ വന്നെത്തിയത് ഇത്തവണത്തെ സംസ്ഥാന കായികമേളയുടെ പൊന്‍ നേട്ടത്തില്‍.

സീനിയര്‍ ആണ്‍കുട്ടികളുടെ 81 കിലോ ഗ്രാം ജൂഡോ വിഭാഗത്തിലാണ് ആദിത്യരാജ് മത്സരിച്ചത്. ജി.വി. രാജ എച്ച്എസ്എസിലെ കെ. മുഹമ്മദ് ശിബിലിയായിരുന്നു ഫൈനലിലെ എതിരാളി. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പോരാട്ടത്തിനൊടുവിലായിരുന്നു ആദിത്യരാജിന്റെ വിജയം. മുഴുവന്‍ പോയിന്റും ഒറ്റ നീക്കത്തിലൂടെ ലഭിക്കുന്ന ഇപ്പോണ്‍ എന്ന നിക്കത്തിലൂടെ എതിരാളിയെ മലര്‍ത്തിയടിച്ചാണ് ആദിത്യന്‍ സ്വര്‍ണം കൊയ്തത്.

കൊല്ലം സ്വദേശിയായ ആദിത്യരാജ് കരുനാഗപ്പള്ളി ഗവ. എച്ച് എസ് എസിലെ വിദ്യാര്‍ഥിയാണ്. പത്താരം എസ് എച്ച് എസ് എസിലാണ് ജൂഡോ പരിശീലനം നടത്തുന്നത്. സഹോദരനും അന്തര്‍ദേശീയ താരവുമായ കൃഷ്ണരാജാണ് പരിശീലകന്‍.

വേഗതയും ആത്മവിശ്വാസവും ഒരുമിച്ചുവേണ്ട മത്സര ഇനമാണ് ജൂഡോ. ആദ്യമായി മത്സരം കാണുന്നവര്‍ക്ക് ജൂഡോ യുടെ നിയമാവലികള്‍ മനസ്സിലാകണമെന്നില്ല. ജൂഡോയില്‍ ലെഗ്, ഹിപ്പ് തുടങ്ങി നിരവധി ടെക്നിക്കുകളുണ്ട്. മത്സരത്തില്‍ പോയിന്റിനു പകരം എതിരാളിക്ക് മുന്നു പിഴവുകള്‍ സംഭവിച്ചാല്‍ വിജയിക്കാം. പിന്‍ഭാഗം മാറില്‍ മുട്ടി വീഴുന്ന രീതിയാണ് ഇപ്പോണ്‍. ആ ഒറ്റ പോയിന്റില്‍ മത്സരം വിജയിക്കാനാകുമെന്ന് കൃഷ്ണരാജ് പറഞ്ഞു.

പത്താരം എസ്എംഎച്ച്എസ് സ്‌കൂള്‍ കേന്ദ്രീകരിച്ച് ജൂഡോയില്‍ പരിശീലനം നല്‍കിവരികയാണ് കൃഷ്ണരാജ്. അമേരിക്കന്‍ സേനയിലെ റിട്ട. മെക്കാനിക്കല്‍ എന്‍ജിനീയര്‍ രഘുരാജന്റെയും പതാരം എസ്എംഎച്ച്എസ് സ്‌കൂള്‍ അധ്യാപികയായ ലേഖയുടെയും മക്കളാണ് ഇരുവരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by