Article

ഇന്ന് വയലാര്‍ രാമവര്‍മ്മ സ്മൃതി ദിനം: സംസ്‌കൃതിയുടെ സര്‍ഗ്ഗ സംഗീതം

Published by

ലയാളികളുടെ കാവ്യഭാവനയ്‌ക്ക് അഭൗമകാന്തി പകര്‍ന്ന കവിയും ഗാനരചയിതാവുമായിരുന്നു വയലാര്‍ രാമവര്‍മ്മ. ഭാരതീയ സംസ്‌കൃതിയുടെ സര്‍ഗ്ഗസംഗീതം പൊഴിക്കുന്ന വയലാറിന്റെ വരികള്‍ക്കു മരണമില്ല. ഈ കവി പാടിപ്പുകഴ്‌ത്തിയത് ഋഷിനാടിനെയാണ്. പക്ഷേ വിചിത്രമെന്നു പറയട്ടെ വിപ്ലവത്തിന്റെ പടപ്പാട്ടുകാരനായി മുദ്രയടിക്കപ്പെട്ട് കവിയെ ചിലര്‍ കമ്മ്യൂണിസ്റ്റ് കവിത്രയത്തില്‍ ഒരാളായി രാഷ്‌ട്രീയവത്കരിച്ചു.

ഒക്‌ടോബര്‍ 27 വയലാറിന്റെ 49-ാം മത് സ്മൃതിദിനം. വയലാര്‍ കവിതകളിലെ ഭാരതീയ മൂല്യങ്ങള്‍ക്ക് വര്‍ത്തമാനകാല ഭാരതീയ അവസ്ഥയില്‍ തിളക്കമേറുകയാണ്. തന്റെ കാവ്യസപര്യയ്‌ക്ക് മുതല്‍ക്കൂട്ടായത് ക്ലാസിക് കൃതികളും സംസ്‌കൃത പാരമ്പര്യവും നല്‍കിയ ഭാരതീയ മൂല്യബോധമാണെന്ന് കവി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

”…നാലുകെട്ടുകള്‍ക്കുള്ളില്‍ മുത്തശ്ശിക്കഥ കേട്ടു
നാടോടിപ്പാട്ടും പാടി പിച്ചവെച്ചൊരു കാലം
മുറ്റത്തെ സരസ്വതീ ക്ഷേത്രത്തില്‍ നിവേദിച്ചു
കിട്ടിയ കരിക്കുനീരുള്‍ത്തൃഷ തീര്‍ക്കുംകാലം
ഇതിഹാസങ്ങള്‍ മേയും യാഗഭൂമിയില്‍ നിലത്തെഴുതും
വിരല്‍ത്തുമ്പില്‍ ഹരിശ്രീ പൂക്കുംകാലം
ഉത്സവക്കഥകളിപ്പന്തലിലുറക്കൊഴി
ച്ചുത്തരാസ്വയംസവരം കണ്ടിരുന്നീടും കാലം
തുഞ്ചത്തെക്കിളിപ്പാട്ടിന്‍ ചിറകില്‍ യുഗാന്തര
സഞ്ചിത സംസ്‌കാരങ്ങളുള്ളിലേക്കെത്തും കാലം
ആദ്യമായാത്മാവിന്റെ യജ്ഞാതലങ്ങളില്‍
പൂത്തിതള്‍ വിരിഞ്ഞതാണെന്നിലെക്കലാബോധം.”
(ഒരു കവിയുടെ മരണം)

ഇരുപത്തിയേഴു വര്‍ഷത്തെ കാവ്യജീവിതത്തില്‍ ഇരുന്നൂറോളം കവിതകളും ആയിരത്തിമുന്നൂറോളം ചലച്ചിത്രഗാനങ്ങളും രചിച്ച വയലാറിനെ വെറും പാട്ടെഴുത്തുകാരനായിട്ടല്ല ജനപ്രിയ കവിയായിട്ടാണ് കേരളം ആദരിക്കുന്നത്. വയലാറിന്റെ ഗാനങ്ങളുടെ കാവ്യസൗന്ദര്യവും ശ്രവണമാധുര്യവും ഒന്നുകൊണ്ടുമാത്രം പ്രേക്ഷകര്‍ സിനിമാ കൊട്ടകയിലെത്തിയിരുന്ന കാലമുണ്ടായിരുന്നു. വയലാറിന്റെ വരികള്‍ ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തുടിപ്പായിരുന്ന കാലം! 1938 ല്‍; തന്റെ ഇരുപതാമത്തെ വയസ്സില്‍ പാദമുദ്ര എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ടാണ് വയലാറിന്റെ സാഹിത്യപ്രവേശം. ഋഷീശ്വരന്മാരുടെ ദര്‍ശനം തന്നെയാണ് തന്റെ കാവ്യദര്‍ശനം എന്ന് പ്രഖ്യാപിക്കുന്ന പ്രശസ്ത കവിതയാണ് 1961 ല്‍ രചിച്ച സര്‍ഗ്ഗസംഗീതം. വയലാറിന്റെ കവിതകളില്‍ ജ്വലിച്ചു നില്‍ക്കുന്ന പൈതൃകബോധത്തെ വിലയിരുത്തിക്കൊണ്ട് ഡോ.എം.ലീലാവതി എഴുതുന്നു. ”…ഒരു കവിക്കും താനുള്‍പ്പെട്ട സമൂഹത്തിന്റെ അനേക സഹസ്രാബ്ദങ്ങളിലൂടെയുള്ള വികാസത്തിലൂടെ രൂപപ്പെട്ട അബോധ പാരമ്പര്യത്തെ സമ്പൂര്‍ണ്ണമായി തിരസ്‌കരിക്കാന്‍ കഴിയില്ല. വനഗഹ്വരങ്ങളിലും സിന്ധുനദീതടങ്ങളിലും താമസിച്ചിരുന്ന ഋഷിമാര്‍ സത്യാന്വേഷണനിരതരായിരുന്നു. സമസ്ത ജനങ്ങളും സന്തുഷ്ടരായിരിക്കുന്ന ഒരു ലോകത്തെ അവര്‍ സ്വപ്‌നം കണ്ടു. ഏറ്റവും പ്രാചീനമായ സാഹിത്യമാണ് വേദമന്ത്രങ്ങള്‍. ഭാഷ മാനവസത്തയ്‌ക്ക് അമരത്വം നല്‍കി. ഭാഷയുടെ അമൃതാത്മകമായ ആവിഷ്‌കരണമാണല്ലോ കവിത. കേരളത്തിന്റെ അന്തസ്സും മഹത്വവും പ്രകൃതിലാവണ്യവും കവിക്ക് അറിവോ പ്രമാണമോ വിശ്വാസമോ ആയിരുന്നില്ല, ആത്മായാനുഭൂതിയായിരുന്നു, അദൈ്വത്തിന്റെ നാട് ഒരിക്കല്‍ കൂടി ഭാരതത്തിനു നേതാവായി ഉയരുന്ന ദൃശ്യം അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിലുദിക്കുന്നു…”
”…കാടത്തെ മനസ്സിലിട്ട കവിയായ് മാറ്റുന്ന വല്മീ കമുണ്ടോടപ്പുല്ക്കുഴലിന്റെ ഗീതയെഴുതി
സൂക്ഷിച്ച പൊന്നോലയും
കോടക്കാര്‍നിര കൊണ്ടുവന്ന മനുജാ
ത്മാവിന്റെ കണ്ണീരുമായ്
മൂടല്‍മഞ്ഞില്‍ മയങ്ങുമിന്നിവിടെ
പ്പൂക്കും വനജ്യോത്സ്‌നകള്‍….”
(സര്‍ഗ്ഗസംഗീതം)

രാമായണവും ഭഗദ്ഗീതയും മേഘസന്ദേശവുമെല്ലാം ഭാരതസ്വാഭിമാനത്തിന്റെ പ്രതീകമാക്കി കൊണ്ട് തന്റെ കവിതയെ ദേശാഭിമാനത്തിന്റെ സര്‍ഗസംഗീതമാക്കി വയലാര്‍.
”…ഇപ്രപഞ്ചത്തിന്റെ ഭൗതികാദ്ധ്യാത്മിക
ശില്പമുരുത്തിരിഞ്ഞെത്തിയ നാള്‍കളില്‍
എന്മടിത്തട്ടിലെ പര്‍ണ്ണാശ്രമങ്ങളില്‍
ജന്മമെടുത്തു കലാശാസ്ത്രവേദികള്‍
ഇന്ത്യ നിമിഷങ്ങളിലൂടെ വിശൈ്വക
വന്ദ്യയായ്, കര്‍മ്മധര്‍മ്മാര്‍ത്ഥ സമ്പന്നയായ്…”
(നല്ല ഹൈമതഭൂവില്‍)

വൈജ്ഞാനിക സാംസ്‌കാരിക രംഗങ്ങളില്‍ ഭാരതത്തിനുള്ള ജഗദ്ഗുരുസ്ഥാനത്തെ പ്രകീര്‍ത്തിക്കുന്ന ഉദാത്ത ദേശഭക്തിഗാനങ്ങളാണ് മിക്ക വയലാര്‍ കവിതകളും. പുരുഷാന്തരങ്ങള്‍, മന്വന്തരങ്ങള്‍, യാഗാശ്വം, യുഗസംക്രമം തുടങ്ങി ഭാരതീയ സംസ്‌കൃതിയുടെ പ്രതിനിധാനങ്ങളെ ഇത്രമാത്രം കവിതയിലണിനിരത്തിയ മറ്റൊരു കാവ്യപ്രതിഭയുണ്ടോ? ഗംഗ, യമുന, കാളിന്ദി, മാലിനി തുടങ്ങി കാവ്യേതിഹാസപുരാണങ്ങളിലെ നദികളെ മലയാള ഭാവനയിലേക്കൊഴുക്കിയ കാവ്യഭഗീരഥന്‍ മറ്റാരാണ്?

ശ്രീശങ്കരനെ ചാതുര്‍വര്‍ണ്യത്തിന്റെ വക്താവായി ഇടതു താത്ത്വികന്മാര്‍ വിമര്‍ശിക്കുമ്പോള്‍ കേരളത്തെ ശ്രീശങ്കരന്റെയും അദൈ്വതത്തിന്റെയും നാടായി വയലാര്‍ തന്റെ ഗാനങ്ങളിലൂടെ പ്രകീര്‍ത്തിക്കുന്നു.

അദൈ്വതം ജനിച്ച നാട്ടില്‍
ആദിശങ്കരന്‍ ജനിച്ച നാട്ടില്‍
(ചിത്രം: ലൈന്‍ബസ്)

കതിരിടും ഇവിടമാണദൈ്വത ചിന്തതന്‍
കാലടി പതിഞ്ഞൊരു തീരം
(ചിത്രം: നദി)

കാലമാദിശങ്കരനുകളിത്തൊട്ടില്‍ നിര്‍മ്മിച്ച
കാലടിപ്പുഴക്കടവിലേക്കൊരു തീര്‍ത്ഥയാത്ര
അദൈ്വത ദര്‍ശനമീ ഭാരതത്തെ പഠിപ്പിച്ചൊ
രാദ്യത്തെ ഗുരുകുലത്തില്‍ ഞങ്ങള്‍ വരുന്നു
(ചിത്രം: ദര്‍ശനം)

1961 ല്‍ എഴുതിയ ”നല്ല ഹൈമവതഭൂവില്‍” എന്ന കവിതയില്‍ എത്ര ദീര്‍ഘവീക്ഷണത്തോടെയാണ് വയലാര്‍ ഭാവിഭാസുരഭാരതത്തിന് ആശംസയേകിയത്!
”….മക്കളേ നാളെ പ്രപഞ്ചം വിടര്‍ത്തുന്ന
സര്‍ഗ്ഗ ചൈതന്യമായ്‌ത്തീരട്ടെ ഭാരതം….”

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക