Entertainment

നക്ഷത്രശോഭയില്‍ തിളങ്ങിയ ‘സുന്ദര വില്ലന്‍’

Published by

സുന്ദര വില്ലനെന്ന മേല്‍വിലാസവുമായി മൂന്നര പതിറ്റാണ്ടോളം മലയാള സിനിമയില്‍ പകര്‍ന്നാടിയ കോഴിക്കോട് തെക്കേപ്പുറം കച്ചിനാംതൊടുക പുതിയപുരയില്‍ ഉമ്മറെന്ന കെ.പി.ഉമ്മറിന്റെ വേര്‍പാടിന് 23 വര്‍ഷം. 2001 ഒക്ടോബര്‍ 29 ന് 72-ാം വയസിലാണ് ചമയങ്ങളഴിച്ചുവെച്ച് നാട്യങ്ങളില്ലാത്ത ലോകത്തേക്ക് അദ്ദേഹം അലിഞ്ഞുചേര്‍ന്നത്. 60 കളുടെ തുടക്കത്തില്‍ തുടങ്ങിവെച്ച അഭിനയ പ്രയാണം, 90 കളുടെ അവസാനംവരെ മലയാള സിനിമാ പ്രേക്ഷകന്‍ ആസ്വദിച്ചനുഭവിച്ചു.

മലയാള സിനിമയില്‍ ഈ മനുഷ്യന്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ഇക്കാലയളവില്‍ 500 ലേറെ സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി, വിവിധ ഭാവപകര്‍ച്ചകളിലൂടെ താര സിംഹാസനം കീഴടക്കി, മലയാള സിനിമയുടെ മടിത്തട്ടില്‍ ഒരു സ്വപ്നസാമ്രാജ്യം തന്നെ പണിതുയര്‍ത്തി. ഫുട്ബോള്‍ കളിയുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന കോഴിക്കോട്ട്, തിങ്ങിനിറഞ്ഞ ഗാലറിയിലെ ആരവങ്ങള്‍ക്കിടയില്‍, എതിര്‍പക്ഷത്തിന്റെ പ്രതിരോധനിരയെ നിഷ്പ്രഭമാക്കി ഗോള്‍വല ചലിപ്പിച്ച, വെളുത്ത് സുമുഖനായ ആ ചെറുപ്പക്കാരനാണ് പിന്നീട് മലയാള സിനിമയുടെ വിരിമാറിലും തളര്‍ച്ചയില്ലാതെ നിറഞ്ഞാടിയത്.

താഴത്തേരി മുഹമ്മദ് കോയയുടേയും, കെ.പി. മറിയമ്പിയുടേയും മകനായ ഉമ്മറിന്റെ അഭിനയക്കളരി നാടകമായിരുന്നു. ‘ആരാണപരാധി’ എന്ന നാടകത്തിലെ പെണ്‍വേഷവും, 17 ാം വയസില്‍ ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തില്‍ 80 കാരനായും അഭിനയിച്ച്, അദ്ദേഹം കാണികളെ വിസ്മയിപ്പിച്ചു. കെപിഎസിയുടെ നാടകക്കളരിയില്‍ പയറ്റിത്തെളിഞ്ഞ അനുഭവസമ്പത്തുമായാണ് ഉമ്മര്‍ തന്റേതായ സാന്നിധ്യത്താല്‍ മലയാള സിനിമയിലും നിലയുറപ്പിച്ചത്. ഒതേനന്റെ മകന്‍, ആരോമലുണ്ണി, പൊന്നാപുരം കോട്ട, തുമ്പോലാര്‍ച്ച, കടത്തനാട്ട് മാക്കം തുടങ്ങി പഴയകാല വടക്കന്‍പാട്ട് സിനിമകളിലെ വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്നു.

മൊട്ടത്തലയും, കൊമ്പന്‍ മീശയും, അരപ്പട്ടക്കിടയില്‍ തിരുകിക്കയറ്റിയ കഠാരയുമായുള്ള വില്ലന്‍ വേഷങ്ങള്‍ മലയാള സിനിമയില്‍ അരങ്ങുതകര്‍ക്കുന്ന കാലത്ത്, ആ ചേരുവകളെ മുഴുവന്‍ മാറ്റിമറിച്ച ഭാവാഭിനയം കൊണ്ട് വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം കണ്ടെത്തിയാണ്, ‘സുന്ദര വില്ല’നെന്ന അപരനാമത്തില്‍ പ്രേക്ഷകമനസുകളില്‍ ഇടംനേടിയത്. സിനിമകളില്‍ കര്‍ക്കശക്കാരനായ വില്ലനായിരുന്നെങ്കിലും, സരസനും, സ്നേഹസമ്പന്നവുമായ വലിയൊരു മനസിന് ഉടമയായിരുന്നു.

വില്ലന്‍ വേഷങ്ങളിലൂടെയാണ് ഹരിശ്രീ കുറിച്ചതെങ്കിലും, നായകനായും, പ്രതിനായകനായും, സ്വഭാവനടനായും മലയാള സിനിമയില്‍ പകരക്കാരനില്ലാത്തവിധം കഥാപാത്രങ്ങളെ അദ്ദേഹം അവിസ്മരണീയമാക്കി. 1984 ല്‍ ഐ.വി. ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘അതിരാത്ര’ ത്തിലെ സ്വര്‍ണക്കടത്ത് രാജാവായ ശങ്കര്‍ദാസ് എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കരഘോഷങ്ങള്‍ ഏറ്റുവാങ്ങിയ ഉമ്മര്‍, മലയാള സിനിമയിലെ വില്ലന്‍ ഭാവത്തിനും പുതിയൊരു ‘പ്ലാറ്റ്ഫോം’ സൃഷ്ടിച്ചു.

60 കളുടെ തുടക്കത്തില്‍ എംടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയ രംഗത്ത് ശ്രദ്ധേയനാവുന്നത്. അന്നു മുതല്‍ 1995 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്രങ്ങളില്‍ നടനവിസ്മയം തീര്‍ത്ത് അദ്ദേഹം നിലയുറപ്പിച്ചു. പ്രേംനസീറിന്റെ നായകവേഷങ്ങള്‍ക്ക് ഒത്ത എതിരാളിയായ വില്ലന്‍ വേഷങ്ങളില്‍ തിളക്കമാര്‍ന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തെ, മലയാള സിനിമ പ്രശസ്തിയുടെ കൊടുമുടിയിലേക്കാനയിച്ചു. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ‘ഭാര്യമാര്‍ സൂക്ഷിക്കുക’ യെന്ന ചിത്രത്തില്‍ നായകന്‍ പ്രേംനസീറിനൊപ്പം ഡോ. പൊതുവാളെന്ന സൗമ്യനും, നിഷ്‌കളങ്കനുമായ കുടുംബനാഥന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കിയതോടെ തന്റെ അഭിനയ കരിയറിനും അദ്ദേഹം പുതിയ മാനം കണ്ടെത്തി.

80 കളില്‍ വില്ലന്‍ വേഷങ്ങളും, ഒട്ടനവധി സാത്വിക കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ സുന്ദര വില്ലനെന്ന മേല്‍വിലാസത്തില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. കടല്‍പ്പാലം, ഭാര്യമാര്‍ സൂക്ഷിക്കുക, പഞ്ചതന്ത്രം, മരം, തെറ്റ്, കണ്ണൂര്‍ ഡീലക്സ്, സിഐഡി നസീര്‍, ഊഞ്ഞാല്‍, അര്‍ഹത, ആലിബാബയും 41 കള്ളന്‍മാരും, ഇതാ ഇവിടെവരെ, ഓര്‍ക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാര്‍ മത്തായി സ്പീക്കിംഗ്, മനസേ നിനക്ക് മംഗളം തുടങ്ങി 500 ലേറെ സിനിമകളിലൂടെയാണ് ഉമ്മര്‍ മലയാളി പ്രേക്ഷക മനസിനെ കീഴടക്കിയത്. 1956 ല്‍ രാരിച്ചന്‍ എന്ന പൗരന്‍ എന്ന ചിത്രത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലെത്തിയ കെ.പി. ഉമ്മര്‍, 1995 ല്‍ പുറത്തിറങ്ങിയ ‘ആവര്‍ത്തനം’ വരെ അഭ്രപാളിയില്‍ നിറഞ്ഞുനിന്നു.

2001 ഒക്ടോ. 29 ന് ചെന്നൈ വിജയ ആശുപത്രിയില്‍ വെച്ച് അന്തരിച്ച ഉമ്മര്‍, ചെന്നൈ ചൂളൈമേട് ഖബറസ്ഥാനില്‍ നിത്യനിദ്രയിലായി. മലയാള സിനിമയില്‍ നക്ഷത്രശോഭയോടെ തിളങ്ങിയ ഈ സുന്ദരവില്ലന്റെ മധുരിക്കുന്ന ഓര്‍മകള്‍, മൂന്ന് തലമുറയാണ് നെഞ്ചേറ്റിയത്. ഇമ്പിച്ചമീബീ ഉമ്മറായിരുന്നു ഭാര്യ. മക്കള്‍: റഷീദ് ഉമ്മര്‍, മുഹമ്മദ് അഷറഫ്, മറിയംബി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by