Varadyam

വേലകളിയുടെ ഉപാസകന്‍

Published by

കേരളത്തിന്റെ തനതായ ആയോധന കലയും അനുഷ്ഠാന കലയുമാണ് വേലകളി. ആയോധന കല എന്നതിനൊപ്പം ഭക്തിക്കും പ്രാധാന്യമുള്ളതു കൊണ്ടാണ് വേലകളി ജനഹൃദയങ്ങളില്‍ ഇടം നേടുന്നത്. അന്യം നിന്നേക്കാവുന്ന വേലകളിയുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായി ഉഴിഞ്ഞു വെച്ച ജീവിതമാണ് കിടങ്ങൂര്‍ പെരുമ്പാട്ട് നാരായണ കൈമളുടേത്. നാലര പതിറ്റാണ്ടായി അദ്ദേഹം ഈ കലാരൂപത്തെ ഉപാസിക്കുന്നു. അമ്മാവന്‍ വാസുദേവ കൈമള്‍, ജ്യേഷ്ഠന്‍ രാമകൃഷ്ണ കൈമള്‍ എന്നിവരാണ് വേലകളിയില്‍ അദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍.

മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ചില ക്ഷേത്രങ്ങളില്‍ ഉത്സവ ദിവസങ്ങളിലാണ് വേലകളി അവതരിപ്പിക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് വേലകളി ഒരു ആചാരമായി നടന്നുവരുന്നു. മധ്യകാലഘട്ടത്തിലെ നായര്‍ ഭടന്മാരുടെ വേഷവും നിറപ്പകിട്ടാര്‍ന്ന തലപ്പാവുമണിഞ്ഞ കലാകാരന്മാര്‍ ചടുല വേഗത്തില്‍ ചുവടുവയ്‌ക്കുകയും മെയ് വഴക്കത്തോടെ, പരിച പിടിച്ചും വാള്‍ ചുഴറ്റിയും ചെണ്ടമേളത്തിന്റെയും പ്രത്യേക വായ്‌ത്താരിയുടെയും താളത്തില്‍ മുന്നോട്ടും പിന്നോട്ടും ദൃശ്യചാരുതയോടെ ചുവട് വയ്‌ക്കുന്ന അനുഷ്ഠാനമാണ് വേലകളി. ഉത്സവങ്ങളുടെ പ്രധാന ദിവസങ്ങളില്‍ വൈകിട്ട് നടക്കുന്ന എഴുന്നള്ളത്തിനൊപ്പമാണ് വേലകളിയുടെ വരവ്. മദ്ദളം, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവയും അകമ്പടി വാദ്യങ്ങളായുണ്ട്. സായം സന്ധ്യയിലെ തീവെട്ടി വിളക്കിന്റെ വെളിച്ചത്തില്‍ തലപ്പാവും വേഷവുമണിഞ്ഞ കലാകാരന്മാര്‍ പരിചയും വാളും ചുഴറ്റി പോരാട്ടവീര്യത്തോടെ താളത്തിനൊപ്പിച്ച് ചലിക്കുന്ന വിസ്മയ കാഴ്ച ഉത്സവ പ്രേമികളെ തെല്ലൊന്നുമല്ല ആവേശത്തിലാക്കുന്നത്.

അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉത്ഭവം. മാത്തൂര്‍ പണിക്കരെന്ന ചെമ്പകശേരി പടനായകനാണ് ഭടന്മാരുടെയും ജനങ്ങളുടെയും പോരാട്ടവീര്യം വര്‍ദ്ധിപ്പിക്കുവാനായി ഈ കലാരൂപം ആവിഷ്‌കരിച്ചത് എന്നാണ് കരുതുന്നത്. കളിക്കാര്‍ കുളിച്ച് നെറ്റിയിലും കൈയിലും ചന്ദനക്കുറി ചാര്‍ത്തി, കരിയെഴുതി കണ്ണിമകള്‍ കറുപ്പിക്കും. കടകം, കേയൂരം എന്നീ കൈയ്യാഭരണങ്ങള്‍ ചാര്‍ത്തും. പളുങ്കുമണികള്‍ കോര്‍ത്തുകെട്ടിയ കൊരലാരം മാറത്ത് ചാര്‍ത്തും. പിന്നെ തലപ്പാവും ഉടുവസ്ത്രവും ധരിക്കും. അരയും തലയും മുറുക്കുക എന്നാണിതിന് പറയുന്നത്. ചുവന്ന തുണി കൊണ്ട് തലപ്പാവ് കെട്ടും. കസവു റിബണ്‍ കൊണ്ട് ഇത് കെട്ടിമുറുക്കും. വീതിയുള്ള വെള്ള വസ്ത്രം ഉടുത്തിട്ട് വെള്ളി കുമിളകളും പുള്ളികളും വച്ചുപിടിപ്പിച്ച, വീതി കുറഞ്ഞ ഒരു ചുവന്ന വസ്ത്രം അതിനു മുകളില്‍ കെട്ടി, കറുപ്പ് കച്ച കൊണ്ട് മുറുക്കുന്നു. ചുവന്ന നിറമുള്ള മുക്കോണ്‍ (വസ്ത്രം; പുറകുവാല്‍ എന്നും അറിയപ്പെടുന്നു) അരയില്‍ പുറകിലായി കെട്ടും.

വേലകളി ആരംഭിക്കുന്നത് പ്രത്യേക തരത്തിലുള്ള വാദ്യമേളങ്ങളോടു കൂടിയാണ്. വേല തകില്‍, കൊമ്പ്, കുറങ്കുഴല്‍, തപ്പ്, മദ്ദളം, എന്നീ വാദ്യോപകരണങ്ങള്‍ മേളത്തിന് ഉപയോഗിക്കും. ഒരു ചെറു യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധം ചാട്ടവും നൃത്തവും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കവുമെല്ലാം ചേര്‍ന്ന് നയനാനന്ദകരമാണ് അവതരണം. .കാളിന്ദീ നദീ തീരത്ത് ഗോക്കളെ മേയ്‌ക്കുന്നതിനിടയില്‍ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിന്റെ ആവിഷ്‌കരണമാണ് വേലകളിയെന്നാണ് ഐതിഹ്യം. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി.

വേലകളി പഠനത്തിനായി ‘നടന കലാകേന്ദ്രം’ എന്ന പേരില്‍ 1980-ല്‍ നാരായണ കൈമള്‍ കിടങ്ങൂരില്‍ പഠനക്കളരി സ്ഥാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ കുടുംബ ഭരദേവതയായ കിടങ്ങൂര്‍ ഏര്‍ത്തേടത്ത് കൊട്ടാരത്തിനോടനുബന്ധിച്ചാണ് കളരി സ്ഥാപിച്ചത്. അതിന്റെ ആചാര്യനും ഗുരുനാഥനുമാണ് നാട്ടുകാര്‍ കുഞ്ഞനിയന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന 70 കാരനായ നാരായണ കൈമള്‍. കുട്ടികളെ പരമ്പരാഗത ശൈലിയില്‍ത്തന്നെ ഇവിടെ വേലകളി അഭ്യസിപ്പിക്കുന്നു. എട്ട് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളെയാണ് പഠിപ്പിക്കുന്നത്. വിജയദശമിക്ക് തുടങ്ങി അടുത്ത വിജയദശമിക്ക് ഏര്‍ത്തേടത്ത് കൊട്ടാരത്തില്‍ അരങ്ങേറ്റം. ഒരു വര്‍ഷമാണ് പഠന കാലം. ഇതുവരെയുള്ള ശിഷ്യഗണങ്ങള്‍ രണ്ടായിരത്തോളമുണ്ട്. ഇവരുടെ ഒരു സംഗമം നടത്താനുള്ള ഒരുക്കത്തിലാണ് നാരായണേട്ടന്‍. വേലകളിയെ നാടന്‍ കലാരൂപമായി സംസ്ഥാന സാംസ്‌കാരിക വകുപ്പും ഫോക് ലോര്‍ അക്കാദമിയും അംഗീകരിച്ചിട്ടുണ്ട്. പുതുതായി പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 400 രൂപ സാംസ്‌കാരിക വകുപ്പില്‍ നിന്ന് സ്‌കോളര്‍ഷിപ്പും ലഭിക്കും. കേരള ഫോക് ലോര്‍ അക്കാദമി, കിടങ്ങൂര്‍ ദേവസ്വം, വിവിധ സാംസ്‌കാരിക-സാമൂഹ്യസംഘടനകള്‍ എന്നിങ്ങനെ നിരവധി സംഘടനകളുടെ പുരസ്‌കാരവും ആദരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

പാരമ്പര്യ ആയോധന കലയായ വേലകളിയുടെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷനും നാരായണ കൈമളിന് ലഭിക്കുണ്ട്. സംസ്ഥാന യുവജനോത്സവത്തിലൈ മത്സര ഇനത്തില്‍ വേലകളിയെ ഉള്‍പ്പെടുത്തണമെന്നാണ് നാരായണ കൈമളിന്റെ ആവശ്യം. ഇതിനായി സാംസ്‌കാരിക വകുപ്പിന് നിവേദനം നല്‍കി കാത്തിരിക്കുകയാണ്അദ്ദേഹം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക