ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഒരു വട്ടം ചുറ്റിക്കഴിയുമ്പോഴാണല്ലോ ഒരു ദിവസമാകുന്നത്. അതേപോലെ ഭൂമി സൂര്യനെ ഒരു പ്രദിക്ഷണം നടത്തുമ്പോള്‍ ഒരു കൊല്ലം. കാലത്തിന്റെ ഈ സാങ്കല്പികപഥത്തെ ‘്വീറശമര’ എന്ന് പറയുന്നു. സോഡിയാക്കിന്റെ ഇരുവശവും എട്ടു ഡിഗ്രി വരെ വ്യാപിച്ചുകിടക്കുന്ന ആകാശപഥത്തെ രാശിചക്രം എന്ന് പറയുന്നു. ചന്ദ്രനും മറ്റു ഗ്രഹങ്ങളും ഈ സഞ്ചാരപഥത്തില്‍ തിരിയുന്നതായി നമുക്ക് തോന്നുന്നു. ഭൂമി സ്ഥിതി ചെയ്യുന്നത് ഈ സൗരയൂഥത്തില്‍ ആകയാല്‍ രാശിചക്രത്തിലുള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും നമ്മെ സ്വാധീനിക്കുന്നു. ഒരു ദിവസത്തെ സൂര്യോദയം തൊട്ട് അടുത്ത ദിവസത്തെ സൂര്യോദയം വരെയുള്ള സമയത്തെ ഒരു ദിവസമായി കണക്കാക്കുന്നു. ഒരു നക്ഷത്ര ദൈര്‍ഘ്യം 60 നാഴിക അതായത് 24 മണിക്കൂര്‍(രാശിചക്രത്തിലെ 13 ഡിഗ്രി 20മിനുട്ട്)ആണ്.
ഈ രാശിചക്രത്തെ ഒരു വൃത്തത്തിനുള്ളില്‍ സങ്കല്പിച്ചു വൃത്തത്തിന്റെ ഒന്നാമത്തെ ഡിഗ്രി തൊട്ട് 30 ഡിഗ്രി വീതമുള്ള 12 രാശികളായി കണക്കാക്കി അവ മേടം മുതല്‍ മീനം വരെയുള്ള മാസങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ രാശി ചക്രത്തില്‍ 27 നക്ഷത്രസമൂഹങ്ങള്‍ 12 രാശി കളിലായി വര്‍ത്തിക്കുന്നു അപ്പോള്‍ ഒരു രാശിയില്‍ 30 ഡിഗ്രി വെച്ച് ഒരു നക്ഷത്രത്തിനുവേണ്ട 13 ഡിഗ്രി 20 മിനുട്ട് പ്രകാരം രണ്ടേകാല്‍ നക്ഷത്രങ്ങള്‍ വീതം ഉണ്ടാവും. നമ്മുടെ ജോതിഷം 27 നക്ഷത്രങ്ങളെയും 12 രാശികളെയും ഗ്രഹങ്ങളായ സൂര്യന്‍, ചന്ദ്രന്‍, കുജന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നീ നവഗ്രഹങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍ രാഹു, കേതു എന്നീ ഛായാഗ്രഹങ്ങള്‍ക്കൂ പിണ്ഡമില്ല. ഇതല്ലാതെ അദ്യശ്യ ഉപഗ്രഹങ്ങളിലൊന്നായ ഗുളികനുമുണ്ട്. ശനിയുടെ പുത്രനാണ് ഉപഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും ശക്തമായ പാപിയായ ഗുളികന്‍. പാപത്വത്തിന്റെയും ക്രൂരതയുടെയും മൂര്‍ത്തീഭാവമായ ഗുളികന്‍ നാശത്തെയും മരണത്തെയും പ്രതിനിധീകരിക്കുന്നു. അദ്യശ്യനെങ്കിലും ഗുളികന്‍ രാത്രിയും പകലുമായി ദിവസം രണ്ടു പ്രാവശ്യം ഉദിക്കുന്നു . ഗ്രഹനിലയില്‍ ഗുളികനെ ‘മാ'(മാന്ദി) എന്നാണ് അടയാളപ്പെടുത്താറ്.
ഈ രാശിചക്രത്തില്‍ ഓരോ രാശികള്‍ക്കും നാഥന്മാരുണ്ട്. എന്നാല്‍ രാഹുവിനും കേതുവിനും പ്രത്യേക രാശികളില്ല. ഇവ രണ്ടും പുറകോട്ട് സഞ്ചരിക്കുമ്പോള്‍ മറ്റു ഗ്രഹങ്ങള്‍ ഓരോന്നും അതാതിന്റെ സമയക്രമമനുസരിച്ചു മുന്നോട്ട് സഞ്ചരിക്കുന്നു സൂര്യന്‍ ഒരു രാശിയില്‍ ഒരു മാസം നില്‍ക്കുന്നു. അതുപോലെ ഓരോ ഗ്രഹങ്ങള്‍ക്കും വ്യത്യസ്ത സമയക്രമമാണ്. ഈ ഗ്രഹങ്ങളുടെ സഞ്ചാരത്തെയും ഗ്രഹസ്വഭാവങ്ങളെയും രാശിയുടെ അധിപന്മാരായ ഗ്രഹങ്ങളുടെ ഉച്ചനീചത്വങ്ങളെയും മറ്റു ഗ്രഹങ്ങളുമായുള്ള ശത്രുമിത്ര ബന്ധങ്ങളെയും ഗ്രഹദൃഷ്ടികളെയും ആസ്പദിച്ചാണ് നമുക്ക് ഗ്രഹനില നോക്കി ഫലം പറയാനാവുക. ജാതകത്തിലെ ഭാവങ്ങളില്‍ ചില ഗ്രഹങ്ങളുടെ ബന്ധങ്ങളും ഭാവബലവും കൂടിയതാണ് യോഗങ്ങള്‍. യോഗഫലങ്ങള്‍ ഒരു ജാതകന്റെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പഞ്ചമഹായോഗങ്ങള്‍ പ്രധാനമാണ്.
ഒരു കുട്ടി ജനിച്ചാല്‍ ആ കുട്ടിയുടെ ഗ്രഹനില എങ്ങിനെ അടയാളപ്പെടുത്തുന്നു എന്ന് നോക്കാം. അതിന് ആദ്യമായി വേണ്ടത് ജനിച്ച ദിവസം, സ്ഥലം, സമയം, ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നീ വിവരങ്ങളാണ്. ഇത്രയുമായാല്‍ ആ കുട്ടിയുടെ ജനനസമയത്ത് സൂര്യന്‍ ഉദിച്ചുനില്‍ക്കുന്ന രാശി ലഗ്‌നം(ല). ചന്ദ്രന്‍ ഏത് നക്ഷത്രത്തില്‍ നില്‍ക്കുന്നുവോ അതു ജന്മനക്ഷത്രം(ച). പിന്നീട് പഞ്ചാംഗ പ്രകാരം ആ സമയത്തെ മറ്റു ഗ്രഹങ്ങളുടെയും സ്ഥാനം രേഖപ്പെടുത്തുന്നു. ലഗ്‌നത്തെ ആധാരമാക്കി ആ കുട്ടിയുടെ ആകാര, സ്വഭാവ വൈശിഷ്ട്യങ്ങള്‍ മനസിലാക്കാം. ലഗ്‌നം ആ കുട്ടിയുടെ ദേഹസ്ഥിതി ആകാരം, സ്വഭാവം തുടങ്ങിയ കാര്യങ്ങളാണെങ്കില്‍ രണ്ടാം ഭാവം വാക്ക്, വിത്തം, വാണി; മൂന്നാം ഭാവം സഹോദരങ്ങള്‍, നാലാം ഭാവം മാതാവ്, മാതുലന്‍, വാഹനം; അഞ്ചാംഭാവം പൂര്‍വ്വപുണ്യം, സുകൃതം എന്നിങ്ങനെ ഓരോ ഭാവത്തിനും അതിന്റെതായ വിശദമായ കാരകത്വങ്ങളുണ്ട്. അതേപോലെ ഓരോ ഓരോ രാശ്യാധിപരാശിക്കും ഓരോ അധിപന്‍ ഉണ്ടെന്ന് പറഞ്ഞല്ലോ. അവര്‍ക്കും അവരുടേതായ കാരകത്വങ്ങളുമുണ്ട്. അതേപോലെ മേടം തൊട്ട് മീനം വരെയുള്ള രാശികളെ കാലപുരുഷന്റെ ശിരസ്സുതൊട്ട് ഓരോ അവയവങ്ങളായി കണക്കാക്കി ഫലം പറയാം. അതിനും പുറമെ മേടം തൊട്ട് മീനം വരെയുള്ള രാശികള്‍ക്ക് ഓരോ സ്വരൂപങ്ങള്‍ പറഞ്ഞിട്ടുണ്ട്.
മേടത്തിനു ആട്, ഇടവത്തിന് കാള, മിഥുനത്തിന് യുവമിഥുനങ്ങള്‍ തുടങ്ങി മീനത്തിന് മത്സ്യം വരെ ആണ് രാശിസ്വരൂപങ്ങള്‍. ഇതിന്റെയൊക്കെ സ്വഭാവ വിശേഷങ്ങള്‍ ആ ജാതകന്റെ ഗ്രഹനില പരിശോധിച്ചു അതാത് ഭാവം ചിന്തിക്കുമ്പോള്‍ ഫലം പറയാനാവും. ഇങ്ങനെ ഗ്രഹനില ചിന്തനത്തിലൂടെയും തന്നെ സമീപിക്കുന്ന ആളുടെ ആകാര, ഭാവ, സംസാര രീതികള്‍ വിലയിരുത്തിയും അയാളുടെ ആഗമനോദ്ദേശം പ്രവചിക്കാനും തക്ക പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാനും പറ്റും.
(തപസ്യ ആലുവ യൂണിറ്റ് അദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: