Main Article

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: വാര്‍ദ്ധക്യം അനാഥമാവുമ്പോള്‍

Published by

യോജനങ്ങളുടെ വ്യാകുലതകളെക്കുറിച്ചോര്‍ക്കുന്ന ദിനമാണിന്ന്. സര്‍ക്കാര്‍ തലത്തില്‍ സെമിനാറുകളും സിമ്പോസിയങ്ങളും ദിനാചരണത്തിന്റെ ഭാഗമായി മുറപോലെ നടക്കുന്നുണ്ട്. ഉടയതമ്പുരാന്‍ മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ചെവി സമാന്തരമായി വച്ചതു വെറുതെയല്ല. ഒരു ചെവിയിലൂടെ കേട്ടത് മറുചെവിയിലൂടെ ഇറങ്ങിപ്പോയി. ആചരണത്തിനു വേണ്ടിയുള്ള ആചരണം. ഇവിടെ അനാഥമാവുന്നത് ഇന്നലെയെ കരുതലോടെ കൈ പിടിച്ചു നടത്തിയ ഒരു തലമുറയാണ്.

ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോര്‍ട്ടനുസരിച്ച് 2030 ആവുന്നതോടെ അറുപത് പിന്നിടുന്നവരുടെ എണ്ണം 38 ശതമാനമായി ഉയരും. അതോടെ ആഗോള തലത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം യുവാക്കളെയും കുട്ടികളെയും മറികടക്കും. ദേശീയ തലത്തില്‍ അത് 10.4 കോടിയാണ്. കേരളത്തിലേക്കു കടക്കുമ്പോള്‍ 2021 ലെ സെന്‍സസ് പ്രകാരം ഇവര്‍ മൊത്തം ജനസംഖ്യയുടെ 13 ശതമാനമാണ്. 2036 ആവുമ്പോഴേക്കും മുതിര്‍ന്ന പൗരന്മാര്‍ 23 ശതമാനമായി ഉയരും. അതായത് അഞ്ചില്‍ ഒരാള്‍ മുതിര്‍ന്ന പൗരന്‍.

ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ഗൗരവത്തോടെ കാണേണ്ട പ്രബല വിഭാഗം. ഹെല്‍പ്പേജ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് ഇവരില്‍ 58 ശതമാനം പേര്‍ക്കും ജീവിക്കാന്‍ സ്വന്തമായി വരുമാനമില്ലാത്തവരാണ്. യൗവനം കുടുംബത്തിനും സമൂഹത്തിനും നല്‍കിയ ഇവരെ സംരക്ഷിക്കാന്‍ കുടുംബത്തിനെന്ന പോലെ ഭരണകൂടത്തിനും ബാധ്യതയുണ്ട്. വയോജനങ്ങളെ ചേര്‍ത്തുപിടിക്കാന്‍ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ നിരവധി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ ആനുകൂല്യങ്ങള്‍ എങ്ങനെ മുടക്കാമെന്ന് ഗവേഷണം നടത്തുകയാണ്. സ്വന്തമായി ഒന്നും ചെയ്യില്ല. ആരെയും ചെയ്യാന്‍ അനുവദിക്കുകയുമില്ല.

പ്രായം ചെന്നവര്‍ അനാഥമായിപ്പോവുന്ന സാമൂഹ്യ സാഹചര്യവും വിലയിരുത്തപ്പെടണം. പ്രായമാകുന്നതോടെ ആ വ്യക്തിക്ക് മേല്‍വിലാസം നഷ്ടപ്പെടുന്നു. വിശേഷങ്ങളന്വേ
ഷിച്ചുവരുന്ന കത്തുകള്‍ ഇനിയില്ല എന്നയാള്‍ വൈകാതെ തിരിച്ചറിയുന്നു. അടങ്ങിയൊതുങ്ങി ഒരിടത്തിരുന്നുകൂടെ എന്ന ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു. അനുനയത്തിന്റെ സ്വരം പതിയെപ്പതിയെ പരുക്കനാവുന്നു. അതോടെ വാര്‍ദ്ധക്യം ആജ്ഞകളനുസരിക്കാനുള്ള കാലമാണെന്ന് തിരിച്ചറിയുന്നു. ഒരു മൂലയിലേക്ക് ഉള്‍വലിയാന്‍ അയാള്‍ ശീലിച്ചു തുടങ്ങുന്നു. അന്വേഷിച്ചു പോയാല്‍ സമൂഹത്തില്‍ ഉന്നത സ്ഥാനമലങ്കരിച്ചവരെ പ്പോലും നമുക്കിവിടെ കാണാം. ആരും ഒന്നും തുറന്നു പറയാന്‍ ധൈര്യപ്പെടുന്നില്ല. കാരണം അത് ഉള്ളതും ഇല്ലാതാക്കും. ജീവിതത്തിനും മരണത്തിനുമിടയിലുള്ള തൃശങ്കുവില്‍ പെട്ടുപോയവര്‍.

കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴിമാറിയതോടെ വാര്‍ദ്ധക്യം കൂടുതല്‍ അനാഥമായിത്തുടങ്ങി. ഏഴ് തിരിയിട്ടു കത്തിച്ച നിലവിളക്കു പോലെ പ്രകാശം ചൊരിഞ്ഞ മുത്തശ്ശിമാര്‍ കടംകഥകളായി. കുടുംബത്തിന്റെ സാംസ്‌കാരികാടിത്തറ തീര്‍ക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് വിസ്മരിക്കപ്പെട്ടു. സന്ധ്യാനേരത്തെ നാമജപത്തിനു ശേഷം അത്താഴത്തിനായുള്ള കാത്തിരിപ്പിനിടയില്‍ പുരാണ കഥകളിലൂടെ ചുരന്നൊഴുകിയ മൂല്യബോധത്തിന്റെ സാംസ്‌കാരിക ഗംഗാപ്രവാഹം പുതുതലമുറക്ക് നഷ്ടമായി. ക്ഷേത്രനടയിലും അനാഥാലയങ്ങളിലും നട തള്ളുന്ന പാഴ് വസ്തുവായി അവര്‍ മാറി. അവര്‍ കൊണ്ട വെയിലാണ് നമ്മള്‍ ഇന്നനുഭവിക്കുന്ന തണലിന്റെ തണുപ്പെന്ന് പുതുതലമുറ മറന്നു. അതോടെ കരുതലും കാവലുമാവേണ്ട വാര്‍ദ്ധ്യക്യം അനാഥമായി. മാന്യവും സുരക്ഷിതവുമായ ഇടം അവര്‍ക്ക് അന്യമായി .

നാലഞ്ചു വര്‍ഷം മുമ്പ് തൃശൂരിലുള്ള ഒരു വൃദ്ധ സദനത്തില്‍ കണ്ട കാഴ്ച ഓര്‍മ വരുന്നു. നാല്‍പ്പതോളം അന്തേവാസികളുള്ള സ്ഥാപനം. അതേ കോമ്പൗണ്ടില്‍ത്തന്നെ ഒട്ടേറെ മുറികളുള്ള പണി പൂര്‍ത്തിയാവാത്ത ഏഴു നില കെട്ടിടം. ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ഇതിനോടകം മുറികളെല്ലാം അഡ്വാന്‍സ് വാങ്ങി ആവശ്യക്കാര്‍ ബുക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ബുക്ക് ചെയ്ത ആരെങ്കിലും മരണപ്പെട്ടാല്‍ പരിഗണിക്കാനായി ഇരുപതോളം പേര്‍ വെയ്റ്റിംഗ് ലിസ്റ്റിലുണ്ടെന്നും മാനേജര്‍ പറഞ്ഞത് അവിശ്വനീയമായിത്തോന്നി. വളര്‍ത്തി വലുതാക്കിയവരെ വൃദ്ധസദനത്തിലാക്കാന്‍ യുവതലമുറ പുറത്തു കാത്തു നില്‍ക്കുമ്പോള്‍ അത്ഭുതപ്പെടാനില്ല. വൃദ്ധസദനങ്ങള്‍ ഇവിടെ കൂണു കണക്കെ മുളച്ചുപൊങ്ങുന്നു. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉള്ളത് കേരളത്തിലാണ്. ഒരു ജില്ലയില്‍ ശരാശരി ചെറുതും വലുതുമായ 30 എണ്ണം വീതം. വിദ്യാഭ്യാസ-ചികിത്സാ മേഖല പോലെ മുതലിറക്കിയാല്‍ നൂറുമേനി വിളയുന്ന കച്ചവട കേന്ദ്രമാണിന്ന് വൃദ്ധ സദനങ്ങള്‍. ലക്ഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് അസ്ഥിവാരം തകര്‍ന്നു പോയ ഒരു സമൂഹത്തിന്റെ രോഗാതുരമായ മനസ്സിലേക്കാണ്.

പരിഹാരമൊന്നേയുള്ളു. മൂല്യബോധമുള്ള ഒരു യുവതലമുറ. അത് വീട്ടില്‍നിന്നും വിദ്യാലയത്തില്‍ നിന്നുമായി ഉരുവം കൊളളണം. ഇവിടെ ഇല്ലാതെ പോയതും അതുതന്നെ.

(ബിജെപി ദേശീയസമിതി അംഗമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക