Samskriti

അന്നദാനം മഹാദാനം

Published by

ന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു.

എല്ലാ ജീവികളുടെയും പരിതാപകരമായ അവസ്ഥയാണ് ആഹാരമില്ലായ്മ. വിശപ്പ് ഒരു മഹാവ്യാധി തന്നെയാണ്. വിശക്കുന്ന വയറിനു ആഹാരം കൊടുക്കുന്നത് മറ്റേതൊരു പുണ്യപ്രവര്‍ത്തിയെക്കാളും മഹത്തരമാകുന്നു. വയറു നിറയെ ആഹാരം കഴിക്കുമ്പോള്‍ ഒരാള്‍ പൂര്‍ണതൃപ്തനാകുന്നു. അന്നദാനം നല്കാത്ത ഒരുവന്റെ ജീവിതം വ്യര്‍ത്ഥമായിപ്പോകുന്നു. മറ്റൊരാളുടെ വിശപ്പറിയാതെ സ്വന്തം ശരീരപോഷണത്തില്‍ മാത്രം ശ്രദ്ധാലുവായി ജീവിക്കുന്ന ഒരാള്‍ ഇഹലോകവാസശേഷം സ്വര്‍ഗ്ഗപ്രാപ്തി കൈവരിക്കാന്‍ കഴിഞ്ഞാലും ‘വിശപ്പ് ‘അയാളെ വേട്ടയാടിക്കൊണ്ടിരിക്കും.

ക്ഷുത്പിപാസാദികളൊന്നുമനുഭവപ്പെടാത്ത നാകലോകത്തെത്തിയിട്ടും പൈദാഹശാന്തിക്കായി സ്വന്തം ശവം ഭക്ഷിക്കേണ്ടി വന്ന ഒരു രാജാവ് ഈ ഭൂമിയില്‍ ജീവിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ഒരിക്കല്‍ പോലും ആഹാരം നല്കാന്‍ ശ്രമിക്കാതെ അവനവന്റെ ഉദരപൂരണത്തില്‍ മാത്രം താല്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന് മരണാനന്തരം സംഭവിച്ചത് കൊടിയ ദുരന്തമായിരുന്നു.
പിന്നീട്, ആഗസ്ത്യമഹര്‍ഷിയുടെ അനുഗ്രഹത്താല്‍ അദ്ദേഹത്തിന് തന്റെ ദുരവസ്ഥയെ മറികടക്കുവാന്‍ കഴിഞ്ഞു.

ത്രേതായുഗത്തില്‍, ഒരുനാള്‍ അഗസ്ത്യമുനി ദണ്ഡകവനത്തിലൂടെ സഞ്ചരിക്കുമ്പോള്‍, വനമദ്ധ്യത്തില്‍ സുന്ദരമായ ഒരു തടാകം കണ്ട് അങ്ങോട്ടു ചെല്ലുന്നു. ആ തടാകത്തില്‍ ഒരു മനുഷ്യ ശവം പൊന്തികിടക്കുന്നതു കണ്ട് മുനി ആലോചനാമഗ്നനായി നിന്നുപോയി. ദണ്ഡകവനത്തില്‍ അക്കാലത് മനുഷ്യവാസമുണ്ടായിരുന്നില്ല. സൂര്യവംശ രാജാവായ ഇക്ഷാകുവിന്റെ നൂറു മക്കളില്‍ ഇളയവനായ ദണ്ഡന്‍ ഭരിച്ചിരുന്ന രാജ്യമായിരുന്നത്. അദ്ദേഹത്തിന്റെ ഗുരു ശുക്രാചാര്യരായിരുന്നു. ഒരിക്കല്‍ ചൈത്രമാസത്തില്‍തന്റെ ഗുരുവിനെ വണങ്ങുവനായി ദണ്ഡരാജന്‍ ശുക്രാചാര്യരുടെ ആശ്രമത്തിലെത്തി.

അപ്പോള്‍ ആചാര്യനവിടെ ഉണ്ടായിരുന്നില്ല. ആശ്രമത്തിലുണ്ടായിരുന്ന ഗുരുപുത്രിയെ കണ്ടപ്പോള്‍, ദണ്ഡരാജാവിന് ആഗ്രഹം തോന്നി. അവളെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും ഗുരുപുത്രി വഴങ്ങിയില്ല. മാത്രമല്ല, രാജാവ് തന്റെ പിതാവിനോട് ഇക്കാര്യം ആവശ്യപ്പെടുകയാണെങ്കില്‍ അദ്ദേഹം തന്നെ കന്യാദാനം ചെയ്തു തരുന്നതായിരിക്കുമെന്ന് വിനയത്തോടെ അറിയിക്കുകയും ചെയ്തു. എന്നാല്‍ കാമപീഢിതനായ രാജാവ് കന്യകയുടെ വാക്കുകള്‍ കാര്യമാക്കാതെ ബലപ്രയോഗത്താല്‍ അവളെ കീഴ്‌പ്പെടുത്തി ആശ്രമം വിട്ടുപോയി. മടങ്ങിയെത്തിയ ശുക്രാചാര്യര്‍ ദുഃഖാകുലയായ മകളെ കണ്ട് ജ്ഞാനദൃഷ്ടിയാല്‍ കാര്യം ഗ്രഹിച്ചു.

കോപിഷ്ഠനായ ഗുരു, രാജാവിന്റെ സമസ്ത ഐശ്വര്യങ്ങളും അദ്ദേഹത്തോടൊപ്പം വെണ്ണീറായി പോകട്ടെയെന്ന് ശപിക്കുന്നു.ഗുരു ശാപത്താല്‍ ദണ്ഡനും രാജ്യവും നശിച്ചുപോയി. അപ്പോള്‍ പിന്നെ ഈ തടാകത്തില്‍ മനുഷ്യ ശവം എങ്ങിനെ വന്നു എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ആകാശത്തു നിന്ന് പൊന്‍മയമായൊരു വിമാനം അവിടെ വന്നിറങ്ങി. അതില്‍ നിന്നും ദിവ്യപട്ടാമ്പരങ്ങളണിഞ്ഞു, സ്വര്‍ണാഭരണ ഭൂഷിതനായി കാമദേവതുല്യനായ ഒരു ദേവന്‍ ഇറങ്ങി. സിദ്ധന്മാരും ഗന്ധര്‍വ്വന്മാരും അദ്ദേഹത്തിനകമ്പടിയായി ചുറ്റും നിന്നു. ആലവട്ടങ്ങളും വെഞ്ചാമരങ്ങളും വീശി ദേവസ്ത്രീകളും കൂടെ നടന്നു. കൗതുകത്തോടെ മുനിയതെല്ലാം വീക്ഷിച്ചു നിന്നു. അപ്പോള്‍ ആ ദിവ്യ പുരുഷന്‍ തടാകത്തിലേക്കിറങ്ങി അവിടെ കിടന്നിരുന്ന ശവം വലിച്ചടുപ്പിച്ചു ഭക്ഷിക്കുവാന്‍ തുടങ്ങി. അതുവരെ നിശ്ശബ്ദനായി നിന്നിരുന്ന മുനി, ദിവ്യ പുരുഷന്റെ പ്രവര്‍ത്തി കണ്ട് അത്ഭുതത്തോടും അറപ്പോടും കൂടി അയാളുടെ അടുത്തു ചെന്ന് അകൃതകര്‍മ്മം ചെയ്യരുതെന്ന് വിലക്കുന്നു. മനുഷ്യമാംസം ഭക്ഷ്യയോഗ്യമല്ല. കാഴ്‌ച്ചയില്‍ ദേവസമാനനായിരിക്കുന്ന പുരുഷന്‍ എന്തുകൊണ്ട് ഇങ്ങനെ ശവം ഭക്ഷിക്കാനിടയായിയെന്നു മുനി ചോദിക്കുന്നു. മുനിയുടെ ചോദ്യം കേട്ട് ആ ദേവപുരുഷന്‍ മുനിയെ വന്ദിച്ചുകൊണ്ട് തന്റെ ദുഷ്‌കൃത്തിന്റെ കാരണം വെളിപ്പെടുത്തുന്നു.

സുദേവമഹാരാജാവിന്റെ സീമന്തപുത്രനായിരുന്നു ശ്വേതന്‍.
പിതാവ് നാടുനീങ്ങിയപ്പോള്‍ രാജ്യാധികാരം ലഭിച്ചു ഭരണം തുടങ്ങിയെങ്കിലും അതില്‍ വലിയ കാര്യമൊന്നുമില്ലായെന്നു തോന്നി തപസ്സുചെയ്തു സദ്ഗതി നേടുവന്‍ അദ്ദേഹം തീരുമാനിച്ചു. സഹോദരന്‍ സുരഥനെ രാജാവായി വാഴിച്ച് തപസ്സിനായി ഈ തടാകക്കരയിലെത്തി. ദേഹനാശത്തിനു ശേഷം അദ്ദേഹത്തിനു സ്വര്‍ലോകപ്രാപ്തിയും ലഭിച്ചു. എന്നാല്‍ സ്വര്‍ഗ്ഗീയഭോഗങ്ങള്‍ അനുഭവിക്കുന്ന അവസരത്തിലും രാജാവ് പൈദാഹാദികള്‍ കൊണ്ടു വലയുകയായിരുന്നു. ഒടുവില്‍ വിശപ്പിന്റെ കാഠിന്യം സഹിക്കുവാനാകാതെ ഒരു പരിഹാരം തേടി അദ്ദേഹം പരം പിതാവിനെ സമീപിച്ചു. ക്ഷുത്പിപാസാദികളൊന്നു മില്ലാത്ത സ്വര്‍ഗ ലോകത്തിലെത്തിയിട്ടും തനിക്കിങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകുവാനുള്ള കാരണവും രാജാവ് വിരിഞ്ചനോടു ചോദിക്കുന്നു. തന്റെ പാപശക്തിയോര്‍ത്ത് അദ്ദേഹം അതീവ ദുഃഖിതനായി.

ഭൂമിയില്‍ ജീവിക്കുന്ന കാലത്ത് രാജാവ് ആര്‍ക്കും അന്നദാനം ചെയ്തിരുന്നില്ല. മറ്റുള്ളവരുടെ വിശപ്പു ശമിപ്പിക്കുവാന്‍ ഒരിക്കല്‍ പോലും അദ്ദേഹം ശ്രമിച്ചിരുന്നില്ല. സ്വന്തം ഉദര
പൂരണത്തില്‍ മാത്രമായിരുന്നു രാജാവിനു താല്‍പ്പര്യമുണ്ടായിരുന്നത്. ആ പാപശക്തിയാണ് ഈ ദുരവസ്ഥക്കു കാരണമെന്നും, അഗസ്ത്യമുനിയെ കാണുന്നതോടെ രാജാവിന്റെ കല്‍മഷംനീങ്ങി സൗഖ്യമുണ്ടാകുമെന്നും, അതുവരെവിശപ്പിനു പരിഹാരമായി താന്‍ പോഷിപ്പിച്ച തന്റെ സ്വന്തം ശവശരീരം ഭക്ഷിച്ചുകൊള്ളുവാനും ബ്രഹ്മാവ് രാജാവിന് അനുവാദം കൊടുക്കുന്നു. മൃതശരീരം സ്വാദിഷ്ടവും അഴുകാത്തതും ആയിരിക്കുമെന്നും പരംപിതാവനുഗ്രഹിച്ചു. അന്നുമുതല്‍ സ്വന്തം ശവം തിന്നു വിശപ്പടക്കുകയായിരുന്നു രാജാവ്. ഓരോ ദിവസവും രാജാവ് ഭക്ഷിച്ചശേഷം ശവം വീണ്ടും പൂര്‍വ്വസ്ഥിതിയിലാകുന്നു. പശ്ചാത്താപത്തോടെ രാജാവ് തന്റെ വിഷമാവസ്ഥ മുനിസത്തമനെ അറിയിക്കുന്നു. തന്റെ മുന്നില്‍
നില്‍ക്കുന്നത് അഗസ്ത്യമുനിയാണെന്നറിഞ്ഞ രാജാവ് ആനന്ദക്കണ്ണീരോടെ മുനി പാദങ്ങളില്‍ സാഷ്ടാംഗം നമസ്‌കരിച്ചു. തടകത്തിലെ ശവം അപ്പോള്‍ തന്നെ മറഞ്ഞു പോയി. ഇതുവരെ ഒരു ദാനവും ചെയ്യാതിരുന്ന രാജാവ് തന്റെ ആശ്വാസത്തിനായി കഴുത്തില്‍ നിന്നും അമൂല്യമായ ഒരു രത്‌നഹാരം എടുത്തു അഗസ്ത്യമുനിക്കു നല്‍കി. മുനിയുടെ അനുഗ്രഹത്താല്‍ വിശുദ്ധനായി രാജാവ് ദേവലോകത്തേക്ക് യാത്രയായി.

രാജാവിന്റെ സന്തോഷത്തിനുവേണ്ടിയാണ് മുനി ആ രത്‌നഹാരം സ്വീകരിച്ചത്. പിന്നീട് അത് ആശ്രമത്തിലെത്തിയ ദശരഥനന്ദനന്‍, ശ്രീരാമചന്ദ്രന് സമ്മാനിക്കുകയും ചെയ്തു. അന്നദാനത്തിന്റെ മഹത്വം ലോകരെ അറിയിക്കുവാനാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുരാണത്തില്‍ പറഞ്ഞു വച്ചിട്ടുള്ളത്. തനിച്ചും, കൂട്ടായും അന്നദാനം നടത്താവുന്നതാണ്.

വിശന്നു വലഞ്ഞു വരുന്നവരാരായാലും അവര്‍ക്ക് ഭക്ഷണം നല്‍കേണ്ടത് നമ്മുടെ കടമയായി കരുതി, ഭക്തിയോടെ ചെയ്യേണ്ടതാകുന്നു. എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്നത് ഒരേ ചൈതന്യമാണല്ലോ. ഓരോ മനുഷ്യനും തന്നാലായതു പോലെ അന്നദാനം ചെയ്യേണ്ടതാണ്. ആഹാരം കഴിക്കുന്ന ഒരാള്‍ക്കുണ്ടാകുന്ന സംതൃപ്തി, ആഹാരം നല്‍കുന്നയാള്‍ക്ക് പുണ്യമായി ഭവിക്കുന്നു.ദാനകര്‍മ്മങ്ങളെല്ലാം ജീവിതകാലത്തു തന്നെ പൂര്‍ത്തികരിക്കേണ്ടതാകുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by