Samskriti

പരീക്ഷിത്തിന്റെ ‘കലി’ നിയന്ത്രണം

Published by

ഹദ്ഗുണങ്ങളുള്ളവനും പരമഭക്തനുമായ പരീക്ഷിത്ത് മഹാരാജാവ് ബ്രഹ്മാവര്‍ത്തത്തെ ധര്‍മ്മാനുസരണം പാലിക്കുന്നതിന്റെ ഭാഗമായി മൂന്ന് അശ്വമേധ യാഗങ്ങള്‍ നടത്തുകയുണ്ടായി. ദിഗ്വിജയത്തിനു പുറപ്പെട്ട ഘട്ടത്തില്‍ പരീക്ഷിത്ത്, രാജവേഷം കെട്ടിയ ഒരു വീരന്‍ ഒറ്റക്കാലില്‍ ബദ്ധപ്പെട്ടു സഞ്ചരിക്കുന്ന ഒരു കാളയെയും കണ്ണീരൊഴുക്കുന്ന ഒരു പശുവിനെയും മര്‍ദ്ദിക്കുന്നതു കാണുന്നു. ഇവിടെ ഒറ്റക്കാലില്‍ സഞ്ചരിക്കുന്ന ‘കാള’ ധര്‍മത്തെയും ‘പശു’ ഭൂമിയെയും ഇവയെ മര്‍ദ്ദിക്കുന്നവന്‍ കലിയെയും പ്രതിനിധീകരിക്കുന്നുവെന്ന് ഭാഗവതം വ്യക്തമാക്കുന്നുണ്ട്. അതായത് നിരപരാധികളെ ദ്രോഹിച്ചുകൊണ്ടിരുന്ന കലിയെ നിയന്ത്രിക്കാന്‍ പരീക്ഷിത്തിന് സാധിച്ചത് മിത്തുരൂപേണയാണ് (പ്രതീകാത്മകമായി) ഭാഗവതം പ്രതിപാദിക്കുന്നത്. രാജ്യഭരണം നിര്‍വഹിച്ചുകൊണ്ട് ജനങ്ങളെ സംരക്ഷിക്കേണ്ട ക്ഷത്രിയന്റെ വേഷം കെട്ടിയ ശൂദ്രനായ കലി ധര്‍മത്തെയും ഭൂമിയെയും മര്‍ദ്ദിക്കുന്നതായിട്ടാണ് പരീക്ഷിത്ത് കണ്ടത്. സ്വന്തം കര്‍ത്തവ്യം വെടിഞ്ഞ് ദുരുദ്ദേശ്യത്താല്‍ പദവികള്‍ കരസ്ഥമാക്കാന്‍ വേഷം കെട്ടുന്നവരുടെ സ്വാര്‍ത്ഥത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. വേഷം കൊണ്ടുമാത്രം രാജാവായ ഒരു ദ്രോഹിയാല്‍ നിരപരാധികള്‍ അനിയന്ത്രിതമായി പീഡിപ്പിക്കപ്പെടുന്ന അവസ്ഥ കണ്ട് ക്ഷുഭിതനായ പരീക്ഷിത്ത് അധര്‍മകാരിയായ കലിയെ തന്റെ ഓജസ്സുകൊണ്ട് കൊല്ലാന്‍ തുനിഞ്ഞു. കലി ഉടന്‍തന്നെ രാജവേഷം കൈവിട്ട് പരീക്ഷിത്തിനോട് മാപ്പപേക്ഷിക്കുന്നു. കലിക്ക് നാലിടങ്ങളില്‍ മാത്രം വസിച്ചുകൊള്ളാന്‍ പരീക്ഷിത്ത് അനുവാദം നല്‍കുന്നു. വ്യാജവൃത്തി, മദ്യപാനം, സ്ത്രീസേവ, പ്രാണിഹിംസ എന്നിവ ശീലമാക്കുന്നവരിലൊതുങ്ങുവാന്‍ കലിയോട് ആജ്ഞാപിക്കുകയും ചെയ്തു. എന്നാല്‍ കലി കൂടുതല്‍ സ്ഥാനത്തിനായി യാചിക്കുന്നു. അപ്പോള്‍ അഞ്ചാമതായി ഒരു സ്ഥാനം കൂടി അനുവദിക്കുന്നു. ഇവിടെ ധര്‍മത്തെ ഒറ്റക്കാലില്‍ സഞ്ചരിക്കുന്ന കാളയുടെ രൂപത്തിലാണല്ലോ അവതരിപ്പിച്ചിരിക്കുന്നത്. ‘പാദം’ എന്ന വാക്കിന് സംസ്‌കൃതത്തില്‍ ‘കാല്‍’ എന്നുമാത്രമല്ല അര്‍ത്ഥമുള്ളത്. നാലിലൊന്ന്, അളവ് (12 അംഗുലത്തിനു തുല്യമായത്) എന്നിങ്ങനെയും അര്‍ത്ഥങ്ങളുണ്ട്. അതിനാല്‍ ഒറ്റക്കാലില്‍ സഞ്ചരിക്കുന്ന നാല്‍ക്കാലിയെക്കൊണ്ട് സൂചിപ്പിക്കുന്നത് നാലിലൊന്നായി ചുരുങ്ങിപ്പോയ ധര്‍മത്തെയാണ്. കൃതയുഗത്തിന്റെ ആദ്യം തപസ്സ്, ശൗചം, ദയ, സത്യം എന്നിവയാല്‍ സമ്പൂര്‍ണമായിരുന്ന ധര്‍മം ആ യുഗത്തിന്നൊടുവില്‍ നാലില്‍ മൂന്നായി ചുരുങ്ങി. ത്രേതായുഗം അവസാനിച്ചപ്പോള്‍ പകുതിയായി. അതിനാല്‍ ദ്വാപരയുഗത്തില്‍ ധര്‍മാധര്‍മങ്ങള്‍ സമാസമം ഏറ്റുമുട്ടുകയുണ്ടായി. ആ സംഘര്‍ഷത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ ധര്‍മത്തെ വിജയിപ്പിക്കുന്നു.

പിന്നീട് കലിയുഗത്തില്‍ അധര്‍മം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ധര്‍മം നാലിലൊന്നായിച്ചുരുങ്ങി. ധര്‍മത്തിന്റെ ഈ അവസ്ഥയ്‌ക്ക് കാരണമാകുന്ന പ്രതികൂലശക്തിയായ കലി പരീക്ഷിത്തിനാല്‍ നിയന്ത്രിക്കപ്പെടുന്നു. ഇവിടെ ഭൂമിയെ കണ്ണീരൊഴുക്കുന്ന പശുവായിട്ടാണല്ലോ ചിത്രീകരിച്ചിരിക്കുന്നത്. സംസ്‌കൃതത്തില്‍ ‘ഗൗഃ’ ശബ്ദത്തിന് ധേനു, ഇന്ദ്രിയം (ജീവി), ഭൂമി, വാക്ക് (വേദം) എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ട്. അതിനാല്‍ കണ്ണീരൊഴുക്കുന്ന ധേനുവിനെ, കലികാലത്ത് ദുരിതമനുഭവിക്കുന്ന ജീവിവര്‍ഗ്ഗത്തിന്റെയും അവഗണിക്കപ്പെടുന്ന ശ്രുതിയുടെയും നശിപ്പിക്കപ്പെടുന്ന ഭൂപ്രകൃതിയുടെയും പ്രതീകമായിട്ടുവേണം ഗ്രഹിക്കാന്‍. കലിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി പരീക്ഷിത്ത് കലിക്ക് അഞ്ച് സ്ഥാനങ്ങള്‍ കല്‍പ്പിക്കുന്നുണ്ടല്ലോ. ആദ്യം നല്‍കിയത് ദ്യൂതം, പാനം, സ്ത്രീയഃ, സൂനാ എന്നിങ്ങനെ നാലെണ്ണമാണത്. കലി വീണ്ടും യാചിച്ചപ്പോള്‍ വൈരം അഥവാ വിരോധം കൂടി നല്‍കിയെന്നാണ് പൊതുവെയുള്ള വ്യാഖ്യാനം. സാധാരണയായി വ്യാഖ്യാനങ്ങളില്‍ ‘ദ്യൂതം’ എന്ന വാക്കിന് ‘ചൂതുകളി’യെന്ന അര്‍ത്ഥമാണ് കൊടുക്കുന്നത്. എന്നാല്‍ ‘ദ്യൂതഃ’ ശബ്ദത്തിന് സംസ്‌കൃതത്തില്‍ വ്യാജം, യുദ്ധം, ചൂതുകളി എന്നിങ്ങനെ അര്‍ത്ഥങ്ങളുണ്ട്. കലിയെ ‘ചൂതുകളി’ എന്ന അധികം ദോഷകരമല്ലാത്ത ഇടത്തില്‍ ഒതുക്കി എന്നതിനെക്കാള്‍ യുക്തിസഹമായിട്ടുള്ളത് ‘വ്യാജവൃത്തി’ കൊണ്ട് സൂചിപ്പിക്കപ്പെടുന്ന ഏറെ ഹാനികരമായ ദുര്‍വൃത്തിയില്‍ സ്ഥാപിച്ചുവെന്നതാണ്.

പണയംവയ്‌ക്കാതെയുള്ള ചൂതുകളി ഒരു വിനോദമാണ്. ചൂതുകളിയുടെ വിവിധയിനം വിനോദങ്ങളാണല്ലോ ചതുരംഗം, ചീട്ടുകളി മുതലായവ. ഘോരനായ കലിയെ അതില്‍ സ്ഥാപിക്കേണ്ട കാര്യമില്ല. മഹാഭാരതത്തിലെ ചൂതുകളി വിനോദമായിരുന്നില്ല. കാപട്യം, അത്യാഗ്രഹം, ഈര്‍ഷ്യ എന്നിവയുടെ കേളീരംഗമാക്കി മാറ്റിയ ആ ചൂതുകളിയുടെ സ്മരണയിലായിരിക്കാം വ്യാഖ്യാതാക്കള്‍ ‘ദ്യൂത’ത്തെ ചൂതുകളിയായി തര്‍ജ്ജമ ചെയ്തതും, കലിയെ അതില്‍ സ്ഥാപിച്ചതും. വ്യാസന്‍ ഉദ്ദേശിച്ച അര്‍ത്ഥം ചൂതുകളിയായിരിക്കില്ല, വ്യാജവൃത്തിയായിരിക്കാനാണ് സാധ്യത.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by