അശോക വനികയിലേക്ക് അഴകിയ രാവണന്റെ പുറപ്പാടും സീതയെ അനുനയിപ്പിക്കാനുള്ള ശ്രമവും ‘സുന്ദരകാണ്ഡ’ത്തിലെ വൈകാരികവശ്യമായ താളുകളാണ്.
”ഉരസിജവുമുരു തുടകളാല്‍ മറച്ചാധിപൂ-
ണ്ടുത്തമാംഗം താഴ്‌ത്തി വേപഥുഗാത്രിയായ്
നിജരമണ നിരുപമശരീരം നിരാകുലം
നിര്‍മ്മലം ധ്യാനിച്ചിരിക്കും ദശാന്തരേ
ദശവദനനയുഗ പരവശതയാ സമം
ദേവീ സമീപേ തൊഴുതിരുന്നീടിനാന്‍”
‘ശൃണു സുമുഖീ’ എന്ന സരളമാധുര്യത്തോടെയാരംഭിച്ച ഭാഷണം അഹന്തയുടെയും ആത്മപ്രശംസയുടെയും ഘട്ടങ്ങള്‍ കടന്നുപോയി. രാവണവചനങ്ങള്‍ രാമനെ നിന്ദിക്കുന്ന രീതിയിലാണെങ്കിലും രാമന്റെ മഹിമാതിരേകം ധ്വനിപ്പിക്കും വിധമാണ് എഴുത്തച്ഛന്‍ ഈ രംഗമൊരുക്കുക. നിന്ദാസ്തുതി വിഫലമായപ്പോള്‍ ദശവദനന്‍ വൈദേഹിക്കു മുന്നില്‍ പ്രാര്‍ത്ഥനാനിരതനായി. ഈ നിമിഷത്തില്‍ ഒരു പുല്‍ക്കൊടി നുള്ളി രാവണനു മുന്നിലേക്കിട്ടാണ് സീതാദേവി പ്രത്യുത്തരം നല്‍കിയത്.
”സവിതൃകുലതിലകനിലതീവ ഭീത്യാഭവാന്‍
സന്ന്യാസിയായ് വന്നിരുവരും കാണാതെ
സഭയമതിവിനയമൊടു ശുനീവ ഹവിരധ്വരേ
സാഹസത്തോടു മാം കട്ടുകൊണ്ടീലയോ”
പരുഷവാക്കുകള്‍ കേട്ട് ക്രുദ്ധനായി രാവണന്‍ കരവാളെടുത്ത് ഭൂപുത്രിയെ വധിക്കാനൊരുങ്ങുന്നു. ‘മൂഢപ്രഭോ’ എന്നലറി മണ്ഡോദരി ആ ഉദ്യമം തടുത്തു. സീതയെ വശത്താക്കാന്‍ നിശാചരികള്‍ക്ക് അനുജ്ഞയും നല്‍കി രാവണന്‍ ഈര്‍ഷ്യയോടെ അന്തഃപുരം പൂകി.
സീത രാവണന് നല്‍കിയ മറുപടി രാവണന്റെ അന്ത്യം പ്രവചിക്കുന്നു. ആ വാക്കിന് മുമ്പ് തന്റെ മുന്നിലേക്ക് നുള്ളിയിട്ട പുല്‍ക്കൊടി രാവണന് നല്‍കിയ സന്ദേശം ധ്വനിസമൃദ്ധമായിരുന്നു. രാവണന്‍ തനിക്ക് ‘പുല്ലാ’ണെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ഈ കര്‍മ്മമെന്ന് പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. അതില്‍ പിഴവില്ലെങ്കിലും അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരങ്ങളുമായി ഈ ചെയ്തി കാവ്യാത്മകവും ധര്‍മ്മാത്മകവുമായ ആശയ പ്രത്യക്ഷങ്ങള്‍ അനാവരണം ചെയ്യുന്നു. മനസ്സും കര്‍മ്മവും വാക്കിനപ്പുറം സഞ്ചരിച്ച് ദര്‍ശനസമീക്ഷകള്‍ രൂപപ്പെടുകയാണിവിടെ. സീതയ്‌ക്ക് ഉള്ളുകാട്ടുവാനുള്ള ഉപായമായി ഈ കൃത്യം പരിണമിക്കുന്നു. വാക്കുപോലും മൗനം പാലിക്കുമ്പോള്‍ പ്രായോഗിക കര്‍മ്മത്തിലൂടെയാണ് സംഘര്‍ഷ സന്ദര്‍ഭങ്ങളെ മനുഷ്യന്‍ നേരിടുക. ഉള്‍വിളിയുടെ ഉപദേശത്തില്‍ നിന്നുള്ള അബോധപ്രേരണയിലാണ് സീത ഇതനുഷ്ഠിക്കുന്നത്. മാമരങ്ങള്‍ കൊടുങ്കാറ്റില്‍ വീഴാം, പുല്ലിനെ അതിന് വീഴ്‌ത്താനാവില്ല എന്ന ആത്മസന്ദേശം കൂടിയാണ് പുല്‍ക്കൊടിയുടെ ദൗത്യം. പുല്‍ക്കൊടിയുടെ പ്രതിരോധശക്തി ഇവിടെ വാനോളമുയരുന്നു. ആ ഊര്‍ജ്ജത്തില്‍ പുല്‍ക്കൊടി വെന്നിക്കൊടി പാറിക്കുന്നു.
പുല്‍ക്കൊടിയും പുകള്‍പെറ്റ ചക്രവര്‍ത്തിയും ഭൂകന്യകയ്‌ക്ക് മുന്നില്‍ ഒന്നുതന്നെയെന്ന അദൈ്വതപ്പൊരുളും ഈ പ്രകടനത്തിലുണ്ട്. അശോകമരച്ചോട്ടില്‍ രാമമന്ത്രമുരുവിട്ടിരിക്കുമ്പോള്‍ സീതയില്‍ ശോകമലകുന്നുവെങ്കില്‍ ഈ സ്ഥൈര്യവീര്യകൃത്യം രാവണനുനേരെയുള്ള പ്രതീകാത്മകപ്പോരാട്ടം തന്നെയാണ്. രാമനല്ല സീതയാണ് രാവണനുനേരെ യുദ്ധം സമാരംഭിക്കുന്നത്. പുല്‍ക്കൊടിതന്നെ ‘സീതാശരം, എടുക്കുമ്പോള്‍ പുല്‍ക്കൊടിയും തൊടുക്കുമ്പോള്‍ മാമരവും പതിക്കുമ്പോള്‍ ശത്രുഹരവുമാണ് ഈ ‘സീതാശര’ മെന്ന് അനുവാചകനറിയുന്നു. മണ്ഡോദരിയല്ല സീതാവധത്തില്‍ നിന്ന് രാവണനെ പിന്തിരിപ്പിക്കുന്നത് ശോകപുത്രിയുടെ ‘ഹരിതശരം’ തന്നെ. പഞ്ചഭൂതാത്മകമായ പ്രകൃതിയുടെ പ്രതിരോധബിംബമായി പുല്‍ക്കൊടി പുനര്‍ജ്ജനിക്കുന്നു. മണ്ണിന്റെ മകളെ സാഹോദര്യഭാവത്തില്‍ പുല്‍ക്കൊടി സംരക്ഷിക്കുന്നതായി വിഭാവനം ചെയ്യാം. പ്രകൃത്യംബ ഭൂമികന്യയെ എന്നും മാറേല്‍ക്കുന്ന ഭാവചിത്രമാണിത്. സീതാതിരോധാനരംഗം ഇതോടൊപ്പം കൂട്ടിവായിക്കാം.
രാമനനുഷ്ഠിക്കുന്ന വനവാസജീവിതത്തെയും വനപ്രകൃതിയെയും പുല്‍ക്കൊടി കാവ്യമധുരമായി ധ്വനിപ്പിക്കുന്നുണ്ട്. അടയാളവാക്യമായി സീതാദേവി ഹനുമാന് ചൊല്ലിക്കൊടുക്കുന്ന ജയന്തകഥയിലും ‘പുല്‍ക്കൊടി ആയുധം’ പ്രത്യേക്ഷപ്പെടുന്നുണ്ട്. ചിത്രകൂട നിവാസത്തിലൊരുദിനം സീതയെ ദേഹോപദ്രവം ചെയ്യാനായുന്ന കാകരൂപിയായ ജയന്തനെ രാമന്‍ ‘തൃണശകലം അതികുപിതനായെടുത്ത് ദിവ്യാസ്ത്രമന്ത്രം ജപിച്ചയച്ച്’ നേരിട്ട് ഒടുക്കം കാക്കയുടെ കണ്ണൊന്നു കളഞ്ഞ കഥയാണത്. അബോധാത്മകമായി സീതയും തന്നെ ദ്രോഹിക്കാന്‍ ഒരുമ്പെട്ടുവന്ന രാവണനുനേരെയ സീതയുടെ ‘ദിവ്യായുധ’മാക്കുന്നു. ഭാവഭംഗിയില്‍ സീതയുടെ പുല്‍ക്കൊടി പ്രയോഗം ലങ്കാദഹനത്തിന് അഗ്നിപകരുകയാണ്. ചരാചര പ്രകൃതിയിലെ യാതൊന്നിനെയും തൃണവല്‍ഗണിക്കാനാവില്ല. ‘പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍’ എന്ന സാര്‍വ്വലൗകിക സ്‌നേഹമാണ് ഭൂസുത. രാവണന്റെ സര്‍വ്വസ്വവും കര്‍മ്മകാണ്ഡത്തിലെ അധര്‍മ്മവും പുല്‍ക്കൊടിയാല്‍ എരിച്ചുകളയുന്ന മായികചിത്രം വിസ്മയവിഭൂതിയില്‍ സമ്പന്നമാകുന്നു. സ്വന്തം ചരിതം പുല്‍ക്കൊടിമുനയാല്‍ തിരുത്തിയെഴുതുന്ന ഭൂമികന്യ ഹരിത രാമായണത്തിലെ നിത്യനായികയായി പരിശോഭിക്കുന്നു.
(തുടരും.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: