അത്ഭുതങ്ങള്‍ മറനീക്കുന്ന പാരീസ് ഒളിംപിക്സ്…അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റഡ് ഡി ഫ്രാന്‍സിലെ പര്‍പ്പിള്‍ ട്രാക്കാണ് ഫ്രാന്‍സ് അവതരിപ്പിക്കുന്ന പുതുപുത്തന്‍ വിസ്മയം. പരമ്പരാഗതമായ ചുവപ്പിനെ പുറന്തള്ളി ഫ്രാന്‍സിലെ ലാവന്‍ഡര്‍ പുഷ്പങ്ങളുടെ നിറമായ പര്‍പ്പിള്‍ ഒരു മാറ്റത്തിന് നാന്ദി കുറിച്ചിരിക്കുന്നു. ഇത്തവണത്തെ ഒളിംപിക്‌സില്‍ ക്രിയാത്മകവും വ്യതിരിക്തവുമായ ഒരു വര്‍ണ്ണക്കാഴ്ച അവതരിപ്പിക്കാനുള്ള ഒളിംപിക് സംഘാടക സമിതിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ബോള്‍ഡ് ഡിസൈന്‍. ഇതിന്റെ ട്രാക്കിനും സര്‍വീസ് ഏരിയയ്‌ക്കും വ്യത്യസ്ത ഷേഡുകളാണ് നല്‍കിയിട്ടുള്ളത്.
അതിസൂക്ഷ്മമായി, വളരെ കണിശതയോടെയാണ് പര്‍പ്പിള്‍ ട്രാക്കിന്റെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിച്ചത്. ആയിരത്തിലധികം വള്‍ക്കനൈസ്ഡ് റബ്ബര്‍ റോളുകളും 2,800ലധികം ചട്ടി പശയും ഉപയോഗിച്ച് ഏകദേശം ഒരു മാസമെടുത്താണ് ഈ നിര്‍മ്മിതി പൂര്‍ത്തിയാക്കിയത്. 1976 മുതല്‍ ഒളിംപിക് ട്രാക്കുകളുടെ നിര്‍മ്മാണച്ചുമതലയുള്ള ഇറ്റാലിയന്‍ കമ്പനി മോണ്ടോയാണ് ഈ ട്രാക്ക് നിര്‍മ്മിച്ചത്. പുതിയ തലമുറ ഗ്രാന്യൂളുകളും ഒപ്റ്റിമൈസ് ചെയ്ത എയര്‍ സെല്ലുകളും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ട്രാക്കിന്റെ പ്രതലം അത്ലറ്റുകള്‍ക്ക് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുതകുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് സംഘാടകരുടെ അവകാശവാദം.
ട്രാക്കിന്റെ ഗുണനിലവാരത്തിലും റെക്കോര്‍ഡുകള്‍ തകര്‍ക്കാനുതകുന്നത് എന്ന അവകാശവാദത്തിലും ആത്മവിശ്വാസത്തോടെയായിരുന്നു പാരീസ് ഒളിംപിക്‌സിലെ അത്ലറ്റിക്സിന്റെ സ്പോര്‍ട്സ് മാനേജര്‍ അലൈന്‍ ബ്ലോണ്ടലിന്റെ പ്രതികരണം. ട്രാക്കിന്റെ സൗന്ദര്യാത്മകതയുടെയും പ്രവര്‍ത്തനക്ഷമതയുടെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ട്രാക്കിന്റെ നിറവും ഡിസൈനും അത്‌ലറ്റുകളുടെ പ്രകടനങ്ങള്‍ എടുത്തുകാട്ടാന്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ട്രാക്കിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളില്‍ അമ്പതു ശതമാനവും പുനരുപയോഗ സാമഗ്രികള്‍ ഉപയോഗിച്ചാണെന്നും ഇത് ഒളിംപിക്‌സിന്റെ പരിസ്ഥിതി സൗഹൃദ സ്വഭാവത്തിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: