ബാലകാണ്ഡം രാമായണ വേദാന്തത്തിന്റെ പരമരുചിയായ യാഗവേദിയാണ്. ലൗകികാലൗകികതയുടെ സമന്വയ പ്രവാഹത്തില്‍ അയോദ്ധ്യാ നഗരിയും ദശരഥ മഹാരാജനും ശോഭിക്കുന്നു. രാമതത്ത്വവും രാമഹൃദയവും മിന്നല്‍പ്പിണര്‍ പോലെ ഭാവുകഹൃദയത്തില്‍ ആത്മീയ പ്രകാശമായി തെളിയുന്നു. പുത്രകാമേഷ്ടിയുടെ പ്രതീകാത്മക ചിത്രവും ശ്രീരാമാവതാരവും കൗസല്യാ സ്തുതിയും ചേര്‍ന്നുള്ള മായികാന്തരീക്ഷം അനുഭവവേദ്യമാണ്. രാമന്റെയും സഹോദരന്മാരുടേയും ബാലലീലകളും വിദ്യാഭ്യാസ സംരംഭങ്ങളും കാണ്ഡത്തിനു സവിശേഷ പരിവേഷമണിയിക്കുന്നു.
വിശ്വാമിത്രാഗമനമാണ് ബാലകാണ്ഡം വിരചിക്കുന്ന നാടകീയത. ക്രമേണ കാവ്യരംഗങ്ങളുടെ ചിത്രപടങ്ങള്‍ ~ഒന്നൊന്നായി വിരിയുകയാണ്. ഇവ സമഗ്രമായി മര്‍ത്ത്യമാനസങ്ങളേയും ചരാചരപ്രകൃതിയുടെ ഗതിവിഗതികളേയും രേഖപ്പെടുത്തുന്നു. ഇതിഹാസത്തിന്റെ സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമായ പ്രതിഭാപ്രതലങ്ങളാണ് ഗ്രന്ഥജീവിതത്തിന് ചൈതന്യസാക്ഷാത്കാരമേകുന്നത്.
”ഞാനമാവാസ്യതോറും പിതൃദേവാദികളെ
ധ്യാനിച്ചു ചെയ്തീടുന്ന ഹോമത്തെ മുടക്കുന്നോര്‍
മാരീച സുബാഹു മുഖ്യന്മാരാം നക്തഞ്ചര-
ന്മാരിരുവരുമനുചരന്മാരായുള്ളോരും
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനാ-
യവനീപതേ! രാമദേവനെയയ്‌ക്കണം.”
വിശ്വമിത്രനായ വിശ്വാമിത്രന്റെ ഗുരുവരുള്‍ ദശരഥനി
ല്‍ ഉറങ്ങിക്കിടന്ന പുത്രസ്‌നേഹ വൈഭവത്തെ ഉണര്‍ത്തി. മാമുനി ചൊല്ലിയ മഹാവിഷ്ണുവിന്റെ അവതാരമാഹാത്മ്യ കഥയിലലിഞ്ഞ് മകനാരെന്ന സത്യം മഹാരാജാവ് അറിയുന്നു. ദാഹവും വിശപ്പും ശമിപ്പിക്കുന്ന ‘ബല’യും ‘അതിബല’യും രാമലക്ഷ്മണന്മാര്‍ക്ക് യാത്രയില്‍ അനുഗ്രഹമായി.
ബാലകാണ്ഡത്തിന്റെ പാരായണഫലം ഭക്തിയുടെ ‘ബല’യും ‘അതിബല’യുമായി അനുവാചകനും സ്വാംശീകരിക്കുന്നു. താടകാവധവും യാഗരക്ഷയും രാമാദികളുടെ സാഹസകഥകളായല്ല ധര്‍മ്മരക്ഷോപായത്തിന്റെ സഹന സമരങ്ങളായാണ് സഹൃദയനില്‍ ആവേശിക്കുന്നത്. അവിടെ നിന്നുള്ള മടക്കം ഗംഗാതീരത്തെ ഗൗതമാശ്രമം വഴിയായിരുന്നു.
”ആശ്രമപദമിതാര്‍ക്കുള്ളു മനോഹര-
മാശ്രയ യോഗ്യം നാനാജന്തുവര്‍ജ്ജിതം താനും.
എത്രയുമാഹഌദമുണ്ടായിതു മനസിമേ
തത്ത്വമെന്തെന്നരുള്‍ ചെയ്യേണം തപോനിധേ”
ആശ്രമസമീപത്തേക്കുള്ള യാത്രയും സാഫല്യവും എന്തെന്നറിയാനാണ് രാമന്റെ ഈ ചോദ്യം.
‘കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര നീ’ എന്നു ചൊല്ലി സന്ദേഹത്തിന് മറുപടിയായി ഗൗതമമുനിയുടെയും ധര്‍മ്മപത്‌നിയായ ദിവ്യകന്യകാരത്‌നം അഹല്യയുടേയും കഥ വിവരിക്കുന്നു. ഇന്ദ്രന്‍ ഗൗതമവേഷം പൂണ്ട് അഹല്യയെ സമീപിച്ചതും ഇഷ്ടം സാധിച്ചതും ഇതറിയുന്ന ഗൗതമമുനി അഹല്യയെ ശപിച്ചു ശിലാരൂപമാക്കിയ ചരിതവും വര്‍ണ്ണിക്കുന്നു.
”ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ-
ളിങ്ങെഴുന്നള്ളും രാമദേവനുമനുജനും
ശ്രീരാമ പാദോംഭോജ സ്പര്‍ശമുണ്ടായിടും നാള്‍
തീരും നിന്‍ ദുരിതങ്ങളെല്ലാമെന്നറിഞ്ഞാലും”
എന്ന ശാപമോക്ഷമാണ് മാമുനി ഗൗതമിക്കു നല്‍കുന്നത്.
രാമപാദാബ്ജത്തിന്റെ മഹാധ്യാനത്തില്‍ അഹല്യയുടെ മുക്തി എഴുത്തച്ഛന്‍ വരികളാക്കുന്നു. വരിയുടെ വരപ്രസാദമാണിത്-
”ശ്രീരാമപാദാബുംജം മെല്ലെ വെച്ചിതു രാമദേവന്‍
ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി
രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടു നാഥന്‍
കോമളരൂപന്‍ മുനിപത്‌നിയെ വണങ്ങിനാന്‍”
ആദികാണ്ഡത്തിന്റെ ഭക്തിവര്‍ദ്ധനധാരയില്‍ അലിഞ്ഞു ചേരുകയാണ് അഹല്യാസ്തുതി. കല്ലിനെ കൈവല്യമാക്കുന്ന ശരണമന്ത്രമാണത്. ‘കല്മഷഹരമായ രാമചരിതത്തിന്റെ രസായനം’ വായനക്കാരില്‍ പകരാനാണ് ആചാര്യശ്രമം.
”യാതൊരു പാദാംബുജമാരായുന്നിതു വേദം
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും
യാതൊരു നാമം ജപിക്കുന്നതു മഹാദേവന്‍
ചേതസാ തത്സ്വാമിയെ ഞാന്‍ നിത്യം വണങ്ങുന്നേന്‍”
എന്ന ധ്യാനനിമന്ത്രണം ആദിപുരുഷന്റെ വിലോഭനീയമായ വിശ്വരൂപം വരയ്‌ക്കുന്നു. ഭക്തി ആത്മസമര്‍പ്പണമായി അഹല്യാസ്തുതിയില്‍ നിറയുന്നു.
അഹല്യാചരിതം രാമചരിതത്തിന്റെ മാധുരിത്തഴപ്പാണ്. രാമന്റെ സ്ത്രീസങ്കല്‍പ്പത്തിന്റെ പുനഃസൃഷ്ടിയാണിത്. കാഠിന്യമൂര്‍ത്തിയെപ്പോലെ കല്ലായി മാറിയ അഹല്യാചിത്തം ആര്‍ദ്രതയിലലിയുന്നത് രാമപാദ സ്പര്‍ശനത്തിലാണ്. രാമപാദം ചേരുമ്പോള്‍ സാക്ഷാത്ക്കാരമായി. ശിലയെ ശീലാവതിയാക്കുന്ന പ്രേമശീലമാണിത്. ഭക്തയും ഭക്തദാസനും പ്രേമഭക്തിയില്‍ അദൈ്വതം പ്രാപിക്കുന്നു.
”ഞാനഹോ കൃതാര്‍ത്ഥനായേന്‍ ജഗന്നാഥ! നിന്നെ
ക്കാണായ് വന്നതുമൂലമത്രയുമല്ല ചൊല്ലാം
പദ്മജ രുദ്രാദികളാലപേക്ഷിതം
പാദപദ്മസംലഗ്ന പാംസുലേശമെനിക്കല്ലോ
സിദ്ധിച്ചു ഭവല്‍ പ്രസാദാതിരേകത്താലതി-
നെത്തുമോ ബഹുകല്‍പ്പകാലമാരാധിച്ചാലും”
അഹല്യ കഠിനതപസ്സിന്റെ ശിലാരൂപം പ്രാപിച്ചവളാണ്. രാമപാദപാംസുക്കള്‍ അവള്‍ക്കു മോക്ഷമേകുന്നു; പുനര്‍ജ്ജനിയേകുന്നു. അഹത്തിന്റെ കല്ലുരുകിയപ്പോള്‍ അഹല്യ കൈവല്ല്യത്തിന്റെ അല്ലിത്താരായി മാറി. കല്ലിനെ കല്യാണിയാക്കുന്ന കല്യാണ രാമനെയാണ് അഹല്യ കല്‍പ്പാന്തകാലം ആരാധിച്ചത്. അധര്‍മ്മത്തിന്റെ വഴിയില്‍ വീണുപോയവര്‍ക്കും തപധ്യാനത്തിലൂടെ രാമപാദത്തെ സാക്ഷാത്കരിക്കാം. ഒരു ശാപമോക്ഷത്തിന്റെ മാത്രം കഥയല്ല അഹല്യയുടേത്. ചരാചരങ്ങളുടെയെല്ലാം അന്തര്‍വര്‍ത്തിയായ ചൈതന്യപ്പൊരുള്‍ ഭക്തിസിദ്ധിയിലൂടെ ആത്മബോധമുദിക്കുമ്പോള്‍ പു
നര്‍ജ്ജനിക്കുന്നു. രാമപാദസ്പര്‍ശം ബ്രഹ്മസായുജ്യം തന്നെ. ഈശാവാസ്യമോതുന്ന സര്‍വ്വശോകമോഹങ്ങളും അകന്ന അവസ്ഥിതിയായ ആത്മനിവേദനമാണിത്. പരാഭക്തിയുടെ പരമാനന്ദരൂപമാണ് അഹല്യ പ്രാപിക്കുന്നത്.
(തുടരും).
പ്രതികരിക്കാൻ ഇവിടെ എഴുതുക: