Kerala

വികേന്ദ്രീകൃതാസൂത്രണ സമിതി യോഗത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് വിമര്‍ശനം; കരാറുകാര്‍ക്ക് ഒന്നര വര്‍ഷത്തെ കുടിശ്ശിക

Published by

കൊല്ലം: എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ കേരളം വളരെ പിന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ സമിതി യോഗത്തില്‍ കേരള വാട്ടര്‍ അതോറ്റിക്കെതിരെ വിമര്‍ശനം.

തദ്ദേശ സ്ഥാപനങ്ങളുടെ കുടിവെള്ള പദ്ധതികള്‍ ഡിപ്പോസിറ്റ് വര്‍ക്കായി ഏറ്റെടുക്കുന്ന കേരള വാട്ടര്‍ അതോറിറ്റി, പ്രവൃത്തികള്‍ സമയമബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ലെന്ന് സമിതി വിലയിരുത്തി. ഇതോടെ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ അതത് വര്‍ഷം തന്നെ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ വാട്ടര്‍ അതോറിറ്റിക്കും തദ്ദേശ വകുപ്പിനും സമിതി നല്കി.

കേരള വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികളുടെ ലിസ്റ്റ് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പോ ഏപ്രില്‍ മാസത്തിലോ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് തദ്ദേശ വകുപ്പ് കത്ത് നല്കണം.
പ്രവൃത്തികളുടെ ഫീസിബിലിറ്റി പരിശോധിച്ച് ഒരു മാസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കി, സ്ഥാപനം അടയ്‌ക്കേണ്ട തുക എത്രയാണെന്നും കൃത്യമായി അറിയിക്കണം. തുക കൈമാറുമ്പോള്‍ ഏത് പ്രവൃത്തിക്കാണ് ഡിപ്പോസിറ്റ് ചെയ്തിരിക്കുന്നതെന്ന വിശദാംശം സഹിതം തദ്ദേശഭരണസ്ഥാപന സെക്രട്ടറി വാട്ടര്‍ അതോറിറ്റിയെ അറിയിക്കണം. ഇത് ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കണം. എസ്റ്റിമേറ്റില്‍ മാറ്റം വന്നാല്‍ അധിക തുക വാട്ടര്‍ അതോറിറ്റി തദ്ദേശസ്ഥാപനത്തെ അറിയിക്കണം.

തുക കൈമാറുന്ന വര്‍ഷം തന്നെ വാട്ടര്‍ അതോറിറ്റി പ്രവൃത്തി പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപനത്തിന് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്കണം. എസ്റ്റിമേറ്റ് തയ്യാറാക്കാതെ സാമ്പത്തികവര്‍ഷാവസാനം വാട്ടര്‍ അതോറിറ്റിക്ക് തുക ഡെപ്പോസിറ്റ് ചെയ്യുന്ന രീതി പാടില്ലെന്നും പ്രവൃത്തികളുടെ നടത്തിപ്പും പൂര്‍ത്തീകരണവും വാട്ടര്‍ അതോറിറ്റിയുടെ ബന്ധപ്പെട്ട ഡിവിഷനിലെ എക്‌സി. എന്‍ജിനീയര്‍ പ്രത്യേകം നിരീക്ഷിക്കേണ്ടതാണെന്നും നിര്‍ദേശത്തിലുണ്ട്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ കേരളം വളരെ പിന്നിലാണ്. 2023- 24 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായപ്പോള്‍ കേരളം 31-ാം സ്ഥാനത്താണ്.

അതേസമയം പദ്ധതി ഏറ്റെടുക്കുന്ന കരാറുകാര്‍ക്ക് കരാര്‍ പ്രകാരമുള്ള തുക കൃത്യമായി നല്കാത്തതാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകുന്നതിനു കാരണമെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രതികരണം. കരാറുകാര്‍ക്ക് ഒന്നരവര്‍ഷത്തെ പണം നല്കാനുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ 2023- 24ല്‍ 4635.64 കോടിരൂപയും 2024- 25ല്‍ 292 കോടി മുന്‍കൂര്‍ അനുവദിച്ചിട്ടും സംസ്ഥാനത്ത് 3000 കോടിയോളം രൂപ കരാറുകാര്‍ക്ക് കുടിശികയാണ്. രൊക്കം പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണികള്‍ ഏറ്റെടുത്ത കരാറുകാര്‍ പണികള്‍ ഉപേക്ഷിച്ചു തുടങ്ങി. വെട്ടിപ്പൊളിച്ച റോഡുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് ഗതാഗത യോഗ്യമാക്കുവാന്‍ പോലും കരാറുകാര്‍ക്ക് കഴിയുന്നില്ല. ഓവര്‍ഹെഡ് ടാങ്കുകള്‍, ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ തുടങ്ങിയവയാണ് ഇനി നിര്‍മിക്കാനുള്ള പ്രധാന പ്രവൃത്തികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക