Varadyam

പി കേശവദേവ്; 120 വര്‍ഷത്തിനിപ്പുറം

Published by

ലയാള സാഹിത്യത്തില്‍ മികച്ച ഇടം കൈവരിച്ച പി. കേശവദേവ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ 120 വയസ്സായേനെ. അതായത് ഒരു പുരുഷായുസ്സിന്റെ കാലം. വിട്ടുവീഴ്ചയില്ലാത്ത വിപ്ലവകാരിയായിരുന്നു കേശവദേവ്; വിപ്ലവം- അതിന്റെ എല്ലാ അര്‍ത്ഥത്തിലും കേശവദേവില്‍ കാണാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ കൃതികളൊക്കെ സര്‍വസാധാരണക്കാരന്റെ ജീവിതാനുഭവങ്ങളായിരുന്നു. 1904 ജൂലൈ 20ന് എറണാകുളം ജില്ലയിലെ പറവൂരിനടുത്തുള്ള കെടാമംഗലത്ത് നല്ലേടത്ത് തറവാട്ടിലായിരുന്നു കേശവപിള്ളയുടെ ജനനം. അഞ്ച് സര്‍പ്പക്കാവുകളുടെ മധ്യത്തിലായിരുന്നു ആ വീട്.

സാഹിത്യതല്‍പ്പരനായ കേശവപിള്ള അക്കാലത്തെ സാഹചര്യത്തില്‍ സ്വാഭാവികമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ അംഗമായി (പുകസ അല്ല). ആയിടക്കാണ് ദേശീയ പുസ്തകശാല (എന്‍ബിഎസ്) കോട്ടയത്ത് പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് സ്വാതന്ത്ര്യസമരത്തിന്റെ ലഘുലേഖകളും പുസ്തകങ്ങളും മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും അച്ചടിക്കുന്നതിന് ലക്ഷ്യമിട്ട് കോട്ടയം നാട്ടകത്ത് ഇന്ത്യ പ്രസ് ആരംഭിക്കുന്നു. പ്രസിദ്ധ എഴുത്തുകാരനായ കാരൂര്‍ നീലകണ്ഠപ്പിള്ളയ്‌ക്ക് റോയല്‍റ്റി ഇനത്തില്‍ കിട്ടിയ അറുപതിനായിരം രൂപ, ചെലവാക്കി അദ്ദേഹമാണ് ഇന്ത്യാ പ്രസിന് നാലേക്കറിലധികം സ്ഥലം വാങ്ങിക്കൊടുത്തത്. പില്‍ക്കാലത്ത് എന്‍ബിഎസ്സിന്റെ അധികാരത്തില്‍ വന്ന ചില നേതാക്കള്‍ ഈ സ്ഥലം വിറ്റ് പണം ഉണ്ടാക്കാന്‍ നടത്തിയ ശ്രമവും ഫലവും ചരിത്രത്തിന്റെ ഭാഗം. എന്‍ബിഎസ്സിന്റെ നഷ്ടം നികത്താന്‍ എന്നായിരുന്നു ആ ചെയ്തികള്‍ക്ക് ഭാഷ്യം. തിരുവിതാംകൂറിലെ ഭൂനിയമപ്രകാരം, ദാനം കിട്ടിയ ഭൂമി വില്‍ക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും, ഭൂമി ദാനം നല്‍കിയവരുടെ അനന്തരാവകാശികളിലേക്ക് അത് തിരികെ പോകുമെന്നും ഭൂമി വില്‍ക്കാനുറച്ച നേതാക്കള്‍ക്ക് അറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ ഈ ശ്രമം ഉപേക്ഷിക്കുകയും കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ സ്മാരകമായി ഭാഷാ മ്യൂസിയം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും അതിന്റെ നിര്‍മാണജോലി നടന്നു വരികയും ചെയ്യുന്നു.

അക്കാലത്തുതന്നെ ഹിന്ദി പഠിക്കുന്നതിലേക്കായി പി. കേശവപിള്ള, അയ്യപ്പന്‍ നായര്‍, നാരായണന്‍ നായര്‍ എന്നിവര്‍ വാരാണസിക്ക് പോയിരുന്നു. ഹിന്ദി പഠനത്തോടൊപ്പം ആര്യസമാജത്തില്‍ ചേര്‍ന്ന് പണ്ഡിറ്റ് ഖുശിറാമിന്റെ അനുയായികളായി. കേശവപിള്ള കേശവദേവായും, അയ്യപ്പന്‍ നായര്‍ അഭയദേവായും, നാരായണന്‍ നായര്‍ നാരായണ്‍ദേവായും കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരികരംഗത്ത് നിറഞ്ഞുനിന്നു. ജാതി സമ്പ്രദായത്തിന്റെ അപകടം തിരിച്ചറിഞ്ഞ ആര്യസമാജം വൈക്കം സത്യഗ്രഹത്തിലും കല്‍പ്പാത്തി സമരത്തിലുമൊക്കെ വഹിച്ച പങ്ക് മലയാളിക്ക് മറക്കാനാവില്ല. കേശവദേവിന്റെ മനസ്സാകട്ടെ അനാചാരത്തിലും ഉച്ചനീചത്വത്തിലും പെട്ടലഞ്ഞ പൊതുസമൂഹത്തിന്റെ നീതിയ്‌ക്കായുള്ള സന്ധിയില്ലാസമരത്തിന് കച്ചകെട്ടുകയായിരുന്നു.

ആര്യസമാജത്തില്‍ ചേര്‍ന്ന അദ്ദേഹത്തെ ചിലര്‍ യുക്തിവാദി എന്നു വിളിച്ചു. ‘ഓടയില്‍ നിന്ന്’ എന്ന നോവലെഴുതിയതോടെ ദേവ് പലര്‍ക്കും കമ്മ്യൂണിസ്റ്റായി. ആരെയും എതിര്‍ക്കുന്നതിനേക്കാള്‍ അധികം, സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരുടെ ചിത്രം പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. 20 നോവലുകളും പതിനാറോളം ചെറുകഥാസമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും ആത്മകഥാ രൂപത്തിലുള്ള രണ്ട് ഗ്രന്ഥങ്ങളും ഏഴ് ഏകാന്തനാടക സമാഹാരങ്ങളും, ഗദ്യകവിതകളും നിരൂപണങ്ങളുംവരെ കേശവദേവ് എഴുതിയിട്ടുണ്ട്.

നിര്‍ഭയനായ കേശവദേവ് റഷ്യ സന്ദര്‍ശിച്ച ശേഷം 1953ല്‍ എഴുതിയ ചെറുപുസ്തകമാണ് ‘കമ്മ്യൂണിസ്റ്റ് വധയന്ത്രം.’ റഷ്യയില്‍ സ്റ്റാലിന്‍ നടത്തിയ നരനായാട്ടിന്റെ യഥാര്‍ത്ഥ ചിത്രം ഇതിലൂടെ വരച്ചു കാണിക്കുന്നു. ‘സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍കമ്മിറ്റിയില്‍ ഉണ്ടായിരുന്ന 71 അംഗങ്ങളില്‍ 56 പേരെയും 1939 നകം കൊന്നു കഴിഞ്ഞു. പോളിറ്റ് മെമ്പര്‍മാരില്‍ സ്റ്റാലിന്‍ മാത്രം അവശേഷിച്ചു. റഷ്യന്‍ വിപ്ലവത്തിന്റെ നേതാക്കന്മാര്‍, ജനപ്രതിനിധികള്‍, തൊഴിലാളി വര്‍ഗ്ഗത്തിന്റെ കണ്ണിലുണ്ണികള്‍- അവരുടെ സ്ഥിതിയാണിത്.’ ‘1936ല്‍ സ്റ്റാലിന്‍ ഭരണഘടന എഴുതി ഉണ്ടാക്കിയ പ്രാമാണികന്മാരായ 27 പേരില്‍ 15 പേരെയും സ്റ്റാലിന്‍ ‘പ്രതിയോഗികള്‍’ എന്ന സംശയത്താല്‍ വെടിവെച്ചുകൊന്നു.’ 1936, 37, 38 എന്നീ വര്‍ഷങ്ങളിലെ കൊടുംക്രൂരതകളില്‍ ഏറ്റവും അധികം മര്‍ദ്ദനം സഹിക്കേണ്ടി വന്നത് ബുദ്ധിജീവികള്‍ക്കാണ്. (കമ്മ്യൂണിസ്റ്റ് വധയന്ത്രം പേജ്. 12). റഷ്യയില്‍ പോകുന്നതിനു മുമ്പ്, റഷ്യന്‍ വിപ്ലവത്തെ പുരസ്‌ക്കരിച്ച് ദേവ് എഴുതിയ നോവലാണ് ‘കണ്ണാടി.’ പിന്നീട് അദ്ദേഹം എഴുതിയ ഗ്രന്ഥമാണ് ‘അവര്‍ എന്നെ കമ്മ്യൂണിസ്റ്റ് അല്ലാതാക്കി.’
കേശവദേവിന്റെ ഇത്തരം പുസ്തകങ്ങള്‍ വായിച്ച ഒരു ‘ബുദ്ധിജീവിയും’ പിന്നെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായി സംസാരിക്കാന്‍ വഴിയില്ലല്ലോ. കേരളത്തിലെ ബുദ്ധിജീവികള്‍ വടക്കുനോക്കികളാണെന്നും കമ്മ്യൂണിസ്റ്റ് ഭരണ വീഴ്ചയ്‌ക്കെതിരെ ‘ക-മ’ ഉരിയാടാറില്ലെന്നും പൊതുവേ സംസാരമുണ്ടല്ലോ. ജീവനില്‍ കൊതിയുള്ള, അല്ലറചില്ലറ ആനുകൂല്യങ്ങള്‍ കൈപ്പറ്റി കഴിയുന്ന ഈ അയ്യോപാവങ്ങള്‍ ജീവന്‍ കൈയില്‍ പിടിച്ചാണ് ജീവിക്കുന്നതെന്ന് അത്തരം വിമര്‍ശനം നടത്തുന്നവര്‍ തിരിച്ചറിയണം.

‘അയല്‍ക്കാര്‍’ എന്ന കൃതിക്ക് ദേവിന് കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങളുടെയും തൊഴിലാളി പത്രത്തിന്റെയും പത്രാധിപരായിരുന്ന കേശവദേവ് സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്.

1983 ല്‍ കേശവദേവിന്റെ ദേഹവിയോഗത്തോടെ നല്ലേടത്ത് തറവാട് ഏറ്റെടുക്കുമെന്നും, അവിടെ ഭാഷാ സാഹിത്യ മ്യൂസിയം നിര്‍മ്മിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുസിരിസ് പൈതൃകപദ്ധതിയില്‍ 2019 ലാണ് ഭരണാനുമതി ലഭിച്ചത്. ജീവിച്ചിരിക്കുന്ന സാഹിത്യകാരന്മാരോടുള്ള താല്‍പ്പര്യമൊന്നും മരിച്ചവരോട് പ്രകടിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. അധികൃതര്‍ തിരിഞ്ഞു നോക്കാതായപ്പോള്‍ കാറ്റും മഴയുമേറ്റ് അവിടെയുണ്ടായിരുന്ന വീടും നിലംപൊത്തി. പക്ഷേ കേശവ ദേവ് വെളിച്ചത്തുകൊണ്ടുവന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. അത് കൂടുതല്‍ കൂടുതല്‍ വെട്ടത്തുവരുന്ന കാലമാണിത്. അദ്ദേഹം ഇല്ലതാക്കാന്‍ ശ്രമിച്ച ചില സാമൂഹ്യപ്രശ്നങ്ങളുണ്ട്, അവയുടെ സമ്പൂര്‍ണ നാശം ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, അവ കൂടുതല്‍ ശക്തമായി സമൂഹത്തെ ബാധിക്കുകയും ചെയ്യുന്നുവെന്നത് ഉത്കണ്ഠ ഉയര്‍ത്തുന്നതാണ്.

(കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി അദ്ധ്യക്ഷനാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by