കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യനാളുകളില്‍ അതിന്റെ ആശയ പ്രചാരണത്തിന് ഗാനരചനയിലൂടെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ കവിയാണ് വയലാര്‍ രാമവര്‍മ്മ. പാര്‍ട്ടിയുടെ നാടക സംഘമായ കെപിഎസിക്കുവേണ്ടി അദ്ദേഹം രചിച്ച പല ഗാനങ്ങളും പിന്നീട് നമ്മുടെ സിനിമാഗാനങ്ങളായി.
ആ നാടക സംഘത്തിന്റെ ‘അശ്വമേധം’- എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രമായ കുഷ്ഠരോഗി പാടുന്ന ‘പാമ്പുകള്‍ക്ക് മാളമുണ്ട്’- എന്ന് തുടങ്ങുന്ന ഗാനം അക്കാലത്ത് നിലനിന്ന ജന്മി-നാടുവാഴിത്തത്തിനും ജാത്വാചാരങ്ങള്‍ക്കും എതിരായി കീഴാള ജനതയുടെ പ്രതിഷേധമായി പഴയ തലമുറ നെഞ്ചേറ്റിയ ഗാനമായിരുന്നു. കുഷ്ഠരോഗികളോടും അയിത്തജാതിക്കാരോടും സമൂഹം വച്ചു പുലര്‍ത്തുന്ന അവഗണനയുടെ നേര്‍ചിത്രമായിരുന്നു ആ ഗാനം.
എന്നാല്‍ വയലാര്‍ രാമവര്‍മ്മയെപ്പോലുള്ളവര്‍ വിത്തും വളവും നല്‍കി വളര്‍ത്തിയെടുത്ത ആ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാര്‍ ഇന്ന് എത്തിപ്പെട്ട അവസ്ഥയുമായി താരതമ്യപ്പെടുത്തി ഈ ഗാനം പുനര്‍വായനക്ക് വിധേയമാക്കിയാല്‍ പാര്‍ട്ടിയിലെ മേലാള വര്‍ഗ്ഗത്തിനെതിരായി വഞ്ചിക്കപ്പെട്ടവരുടെ വിലാപഗാനമായി ഇത് പരിഗണിക്കപ്പെടും എന്നതാണ് സത്യം.
അത്താഴപട്ടിണിക്കാരുടേയും കൂലിവേലക്കാരുടെയും തലയെണ്ണി നേതാക്കളായ ഇക്കാലത്തെ പാര്‍ട്ടി ജന്മികള്‍, പ്രസ്ഥാനത്തെയും പ്രത്യയശാസ്ത്രത്തെയും വഞ്ചിച്ച് ശതകോടീശ്വരന്മാരായവര്‍, ചില്ലുമേടയില്‍ ഇരുന്ന് ‘എന്നെ കല്ലെറിയല്ലേ’- എന്ന് വിലപിക്കുന്ന ദരിദ്രരെ കണ്ടതായിപോലും നടിക്കുന്നില്ല. ക്ഷേമ പെന്‍ഷന്‍ നിഷേധിക്കപ്പെട്ടപ്പോള്‍ പിച്ചച്ചട്ടിയുമായി ഭിക്ഷാടനത്തിനിറങ്ങിയ വയോധികരും ‘അശ്വമേധ’ത്തിലെ കുഷ്ഠരോഗിയും എല്ലാം സമൂഹത്തിന് നല്‍കുന്ന സന്ദേശം ഒന്നുതന്നെയാണ്.
ക്ഷേമപെന്‍ഷന്‍ അത്തരക്കാരുടെ അവകാശമല്ലെന്നും മേലാളന്മാരുടെ ഔദാര്യമാണെന്നും പറയുന്ന രൂപത്തിലേക്ക് വയലാര്‍ രാമവര്‍മ്മയുടെ കാലത്ത് നിന്ന് വളര്‍ന്ന് കമ്യൂണിസം പിണറായി വിജയനില്‍ എത്തിനില്‍ക്കുന്നു എന്നതാണ് വൈരുധ്യാത്മക വിരോധാഭാസം. കമ്മ്യൂണിസ്റ്റ് ആശയ പ്രചാരണത്തിന് വയലാര്‍ രാമവര്‍മ്മയും മറ്റും എഴുതിയ പല ഗാനങ്ങളും ഇക്കാലത്ത് പുനര്‍വായനക്ക് വിധേയമാക്കിയാല്‍ ഏറെ രസകരമായിരിക്കും.
‘കമ്മ്യൂണിസ്റ്റ്’- പിണറായി തമ്പുരാന്റെ ഭരണകാലത്ത് പ്രജകള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന അവസ്ഥ ക്രാന്തദര്‍ശിയായ മഹാകവി വളരെ മുമ്പേതന്നെ കണ്ടിരുന്നോ എന്ന് തോന്നിപ്പോകും ഇന്നത്തെ അവസ്ഥ കണ്ടാല്‍. ഉള്ളവന്റെ ആജ്ഞാശക്തിക്ക് നേരെ ഇല്ലാത്തവന്റെ വിരല്‍ ചൂണ്ടലാണ് വിപ്ലവം എന്ന് പഠിപ്പിച്ച ദര്‍ശനവും ഇന്ന് എടുക്കാത്ത നാണയത്തുട്ടുകളായി മാറി. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം നേതൃയോഗങ്ങളും ഗോര്‍ബച്ചേവിന് ഹലേലുയാ പാടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: