സക്കറിയ കഥ പറയാറുണ്ട്, കാര്യവും പറയാറുണ്ട്. അദ്ദേഹം പറയുന്ന കഥകള്‍ എനിക്ക് ഇഷ്ടമാണ്.
കാര്യം….അത് പലപ്പോഴും ഇഷ്ടപ്പെടാറുമില്ല. എങ്ങനെ ഇഷ്ടപ്പെടും? പൊതുകാര്യങ്ങളെപ്പറ്റി തന്റേതായ ചില ധാരണകള്‍വച്ച് അതാണ് അതുമാത്രമാണ് സത്യം സമത്വം സ്വാതന്ത്ര്യം എന്നും അതിനോട് എല്ലാവരും യോജിക്കണമെന്നും വച്ചാല്‍ നടക്കുമോ?
‘ബുദ്ധി മേനവന്നേറുമെങ്കിലും
മൂക്കു നമ്മള്‍ക്കുമില്ലയോ കൂട്ടരേ’എന്ന് സഞ്ജയന്‍.
നോക്കൂ:മാതൃഭൂമി സാഹിത്യപുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കഥാകൃത്ത് പ്രസംഗിക്കുന്നു, ഗാന്ധിജിയുടെ വാക്കുകള്‍പോലും ഉദ്ധരിക്കാന്‍ അടിയന്തരാവസ്ഥക്കാലത്ത് മുന്‍കൂര്‍ അനുവാദം വേണമായിരുന്നു, ഇന്ത്യയില്‍ ഇന്ന് അത്തരം നിയന്ത്രണങ്ങള്‍ വന്നെത്തിക്കഴിഞ്ഞു എന്ന്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും പൗരാവകാശങ്ങളുടേയും എല്ലാ മേഖലകളും പത്രപ്രവര്‍ത്തനമടക്കം ആ ഘട്ടം നേരിടുകയാണ് പോലും!
തന്റെ കൂട്ടര്‍ പതിവായി ചെയ്യുന്നപോലെ ഹിറ്റ്‌ലറേയും ഒക്കെ ഉദ്ധരിക്കാന്‍ അദ്ദേഹം മറക്കുന്നില്ല.
ഇന്ത്യയില്‍ എവിടെയാണ് ഗാന്ധിജിയുടേയോ സോണിയ ഗാന്ധിയുടെയോ വാക്കുകള്‍ ഉദ്ധരിക്കാന്‍ വിലക്കുള്ളത് മാഷേ. സന്ധ്യാസമയങ്ങളില്‍ നരേന്ദ്രമോദിയെ നരാധമനെന്ന് വിളിച്ച് നിര്‍വൃതി കൊള്ളുന്ന ചെറുപ്പക്കാരെ ചാനലുകളില്‍ കാണാം. പ്രധാനമന്ത്രിയുടെ തന്തയ്‌ക്കു വിളിക്കാന്‍, വിപ്ലവ പാര്‍ട്ടിക്കാര്‍ക്കോ ഗാന്ധിപാര്‍ട്ടിക്കാര്‍ക്കോ ഒരു സങ്കോചവും കാണാറില്ല. അതതു പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ ഇതും ഇതിലപ്പുറവും എഴുനള്ളിക്കുന്ന അനുയായികളെ എപ്പോഴെങ്കിലും തിരുത്തിയ അനുഭവവുമില്ല.
ആരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലാണ് നിയന്ത്രണം ഉണ്ടായിട്ടുള്ളത്? മാതൃഭൂമി ഒരുക്കിയ വേദിയില്‍നിന്ന് തത്വങ്ങള്‍ തട്ടിവിടുന്ന പുരസ്‌കൃതന്‍ നാട്ടില്‍ നടക്കുന്ന സംഗതികള്‍ അറിയില്ലെന്നുണ്ടോ?
ശരിയാണ്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിച്ച ഒരു കൂട്ടരെ, സക്കറിയയ്‌ക്ക് സമ്മാനം നല്‍കിയ മാധ്യമമടക്കമുള്ള നമ്മുടെ പ്രസിദ്ധീകരണങ്ങളും കഥാകൃത്തിന്റെ ഇഷ്ടക്കാരായ സാംസ്‌കാരിക നായകരും കിട്ടിയേടത്തുവച്ച് അപമാനിക്കാനും അവഹേളിക്കാനും പരിഹസിക്കാനും ചാടിയിറങ്ങീട്ടുണ്ട്. ആ കൂട്ടര്‍ ഈ രാജ്യത്തെ വോട്ടര്‍മാരാണ്. 2014 മുതല്‍ ഈ രാജ്യം ഭരിക്കേണ്ടത് ആരാണെന്ന തങ്ങളുടെ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിച്ചതിന് ഭാരതത്തിലെ ഭൂരിപക്ഷജനത (കാനേഷുമാരിയിലെ ഭൂരിപക്ഷ- ന്യൂനപക്ഷ പരിഗണനയല്ല വിവക്ഷിതം,വോട്ടുചെയ്തവരിലെ ഭൂരിപക്ഷ-ന്യൂനപക്ഷമാണ്) ഈ മാതിരി മാധ്യമ പ്രമാണിമാരില്‍നിന്നും ബുദ്ധി ജീവികളില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ശകാരത്തിന് വല്ല കണക്കുമുണ്ടോ? അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സക്കറിയ പ്രഭൃതികള്‍ കണക്കിലെടുക്കുന്നതേയില്ല. ഭരിക്കുന്നവരേയും അവരെ തെരഞ്ഞെടുക്കുന്നവരേയും കണ്ണടച്ച് വിമര്‍ശിക്കലാണ്’ നമ്മള്‍’ചെയ്യേണ്ടത് എന്നാണ് ഇഷ്ടന്‍ വാദിക്കുന്നത്. എന്നുവച്ചാല്‍ (ഇപ്പോള്‍)രാജ്യം ഭരിക്കുന്നവര്‍ നല്ലതുചെയ്താലും ‘മതേതരമൂല്യങ്ങളെ ഹൃദയത്തോടുചേര്‍ത്തുപിടിക്കുന്ന’ എഴുത്തുകാരന്‍/എഴുത്തുകാരി എതിര്‍ത്തിരിക്കണം!
ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്: വല്‍ഗീയവാദികള്‍ മതേതരത്വം, സ്വേച്ഛാധിപത്യ പ്രവണത, സങ്കുചിതചിന്ത ഇങ്ങനെ ചില പ്രയോഗങ്ങള്‍ ഈ കൂട്ടരുടെ കയ്യിലുണ്ട്. അവരുടെ അഭിപ്രായങ്ങളോട് ചേര്‍ന്നുനില്‍ക്കാത്തവരുടെ നേരേ എറിയാനുള്ള ശിലാഖണ്ഡങ്ങളാണാപ്രയോഗങ്ങള്‍. പതിവുപോലെ മാതൃഭൂമി ഒരുക്കിക്കൊടുത്ത വേദിയിലും കഥാകൃത്ത് ആ പ്രയോഗങ്ങള്‍ നിര്‍ലോഭം പ്രയോജനപ്പെടുത്തീട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: