Samskriti

ഈരേഴുലോകങ്ങളുടെ അറിവ്

ഭാഗവതത്തിലെ മോക്ഷമാര്‍ഗങ്ങള്‍ -2

Published by

പുരാണങ്ങളില്‍ പൊതുവെ ത്രിലോകത്തെയും ഈരേഴു പതിനാല് ലോകങ്ങളെയും പറ്റി പരാമര്‍ശമുണ്ടല്ലോ. പതിനാലു ലോകങ്ങളെ മൂന്നാക്കി സ്വര്‍ഗ്ഗം, ഭൂമി, പാതാളം എന്നിങ്ങനെ ചുരുക്കിപ്പറയുന്നതാണ് ത്രിലോകം. ഇവിടെ ഭൂലോകത്തിനു മുകളിലുള്ള ലോകങ്ങളെ സ്വര്‍ഗ്ഗം എന്നും താഴെയുള്ളവയെ പാതാളം എന്നുമാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇതിനാലാണ് ‘സ്വര്‍ഗ്ഗം’ എന്നതിന് ഇന്ദ്രന്റെ വാസസ്ഥാനമെന്ന സാധാരണ അര്‍ത്ഥത്തിലുപരി ചിലപ്പോഴൊക്കെ അനശ്വരലോകം എന്ന അര്‍ത്ഥവും കൊടുക്കുന്നത്. ഇപ്രകാരം ‘സ്വര്‍ഗതി’യെ മോക്ഷം എന്നു വിവക്ഷിക്കാറുണ്ട്.

ഊര്‍ദ്ധ്വലോകം, അധോലോകം എന്നിവ ദിക്കിന്റെ അടിസ്ഥാനത്തിലല്ല വേര്‍തിരിക്കപ്പെടുന്നത്. ഭൂമിക്ക് ചുറ്റും അന്തരീക്ഷമാണല്ലോ. അതില്‍ ഊര്‍ദ്ധ്വഭാഗം, അധോഭാഗം എന്നിങ്ങനെ വേര്‍തിരിക്കാനാവില്ല. ഊര്‍ദ്ധ്വഗതി അഥവാ സ്വര്‍ഗതിയെന്നാല്‍ സ്വന്തം സത്തയിലേക്കുള്ള ഗതിയെന്നാണ് അര്‍ത്ഥം കല്‍പ്പിക്കേണ്ടത്. ആത്മാവില്‍നിന്നും അഥവാ ബ്രഹ്മത്തില്‍നിന്നും അകലുമ്പോഴാണ് അധോലോകങ്ങളെ പ്രാപിക്കുന്നത്. ഈശാവാസ്യ ഉപനിഷത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്:

അസുര്യാ നാമ തേ ലോകാ
അന്ധേന തമസാവൃതാഃ
താംസ്തേ പ്രേത്യാഭിഗച്ഛതി
യേ കേ ചാത്മഹനോ ജനാഃ

(ആസുരം എന്നറിയപ്പെടുന്ന (സൂര്യനില്ലാത്തതായ) ആ ലോകങ്ങള്‍ കണ്ണുകാണാന്‍ സാധിക്കാത്തവിധം ഇരുട്ടിനാല്‍ മൂടപ്പെട്ടവയാണ്. ആ ലോകങ്ങളിലേക്കാണ് ആത്മാവിനെ ഹനിക്കുന്ന ജനങ്ങള്‍ മരണാനന്തരം എത്തിച്ചേരുന്നത്.)

‘ആത്മഹനഃ’ എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാവില്‍ നിന്ന് സ്വയം അകലുന്നയാള്‍ എന്നാകുന്നു. അനശ്വരമായ ആത്മാവിനെ ഒരാള്‍ക്ക് നിഷേധിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ, ഹനിക്കാന്‍ സാധ്യമല്ല. ആത്മാവിനെ നിഷേധിക്കുന്നയാള്‍ സ്വന്തം ആത്മപ്രകാശത്തെയാണ് (സ്വയം പ്രകാശിക്കുന്നതാണ് ആത്മതത്ത്വം) നിരാകരിക്കുന്നത്. ഭൗതിക സുഖഭോഗങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ മുഴുകുന്നയാള്‍ സ്വന്തം ആത്മാവില്‍ നിന്ന് അകലങ്ങളിലേക്ക് യാത്ര ചെയ്യുന്നയാളാണ്. അയാളില്‍ നിന്നും ആത്മാവ് മറയ്‌ക്കപ്പെടുന്നു. ആത്മപ്രകാശം മറയുന്നതിനാല്‍ അയാള്‍ക്കു ചുറ്റും അജ്ഞാനത്തിന്റെ ഇരുട്ടു കയറുന്നു. ഇതിന് നേരെ വിപരീത ദിശയിലൂടെയാണ് സത്യാന്വേഷിയുടെ യാത്ര. സത്യത്തെ നിരന്തരം ധ്യാനിക്കുക വഴി, ഈശ്വരനെ ആരാധിക്കുക വഴി അയാള്‍ അജ്ഞാനത്തെ അകറ്റി ആത്മപ്രകാശത്തെ ഉജ്ജ്വലിപ്പിക്കുന്നു. എന്നാല്‍ ആത്മീയ സംസ്‌കാരം നേടാന്‍ യോഗ്യമായ മനുഷ്യജന്മം കിട്ടിയിട്ടും മൃഗതുല്യരായി ജീവിക്കുന്നവര്‍ ആത്മാവിനെ ഹനിക്കുന്നവനാകുന്നു. ഇന്ദ്രിയ സംതൃപ്തിക്കുവേണ്ടി ചെയ്യുന്ന ഓരോ പ്രവൃത്തിയും അതിന്റെ അനാത്മ സംസ്‌കാരത്താല്‍ ആത്മാവിനെ മൂടുന്നു. ഒടുവില്‍ ആത്മാവ് നഷ്ടപ്രായമാകുന്നു. ഇപ്രകാരം ആത്മാവിനെ ഹനിക്കുന്നവര്‍ ഇവിടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ താമസിക ശക്തിയില്‍ അമരുന്നു. മരിച്ചു കഴിഞ്ഞാല്‍ ഇവര്‍ താമസിക ശക്തിയുടെ അധോലോകങ്ങളിലേക്ക് പോകുന്നു.

ആത്മീയ സാധനയില്‍ ഏര്‍പ്പെടുന്നവര്‍ ആത്മാവിലേക്കുള്ള സഞ്ചാരത്തിന്റെ പുരോഗതിക്കനുസരണമായിട്ടുള്ള ഊര്‍ദ്ധ്വലോകങ്ങളിലേക്ക് ഗമിക്കുന്നു. പുരാണങ്ങളില്‍ സാധാരണ പറയാറുള്ള ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവ കൂടാതെ വൈകുണ്ഠം, പിതൃലോകം, സോമലോകം, ഗോലോകം മുതലായ ഉപലോകങ്ങളുമുണ്ട്. ആത്മീയജ്ഞാനവും ഇടതടവില്ലാതെ ആനന്ദവുമാണ് ഊര്‍ദ്ധ്വ ലോകങ്ങളില്‍ അനുഭവവേദ്യം. ഭാഗവതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ‘ഗോലോകം’ ശ്രീകൃഷ്ണ ഭക്തരുടേതാണ്. ഈ ഊര്‍ദ്ധ്വലോകത്തിന്റെ ഭൗതികപ്പതിപ്പായിരുന്നു ഭൂമിയില്‍ ശ്രീകൃഷ്ണനും ഗോപികാ ഗോപന്മാരും നടനമാടിയ ഗോകുലവും വൃന്ദാവനവും. ഇവരെല്ലാം ഊര്‍ദ്ധ്വതലത്തിലെ ‘ഗോലോക’വാസികളായിരുന്നു. ശ്രീകൃഷ്ണന്‍ സാക്ഷാല്‍ വിഷ്ണുതന്നെയാണെങ്കിലും പ്രേമഭക്തിയെ സാധനയാക്കുന്നവര്‍ വിഷ്ണുവിന്റെ തന്നെ കൃഷ്ണഭാവത്തെയാണ് ആശ്രയിക്കാറുള്ളത്. മധുരഭക്തിയുടെ രസം നുകരാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്കുള്ളതാണ് ഗോലോകമെന്ന് ശ്രീചൈതന്യവേദാന്ത സമ്പ്രദായക്കാര്‍ (ഗൗഡീയ വൈഷ്ണവര്‍) വിശ്വസിക്കുന്നു.

മുക്തി അഞ്ചുവിധം
ഭാഗവതം അഞ്ചുവിധം മുക്തിയെപ്പറ്റി പറയുന്നു: സാലോക്യം (ഈശ്വരന്റെ ലോകം പ്രാപിക്കുക), സാമീപ്യം (ഈശ്വസാമീപ്യം നേടുക), സാരൂപ്യം (ഈശ്വര സ്വരൂപം പ്രാപിക്കുക), സാര്‍ഷ്ടി (ദൈവിക ശക്തിയാര്‍ജ്ജിക്കുക), സായുജ്യം (ഈശ്വരനില്‍ ലയിച്ചുചേരുക). കലികാലത്ത് ഹരേ കൃഷ്ണ മഹാമന്ത്ര ജപത്തിന്റെ പ്രാധാന്യം എത്രത്തോളമെന്നു വിശദമാക്കുന്ന ‘കലിസന്തരണ’ ഉപനിഷത്തും ഇത്തരം മുക്തികളെപ്പറ്റി പറയുന്നു. ഇവയില്‍ സായുജ്യം ആഗ്രഹിക്കാത്തവരാണ് ഗോലോകവാസികളായ വൈഷ്ണ ഭക്തര്‍. ഭഗവദ് സ്വരൂപത്തില്‍ സ്വന്തം അസ്തിത്വത്തെ ലയിപ്പിക്കുന്ന സായുജ്യം അവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് പ്രധാനം ബ്രഹ്മാനന്ദതുല്യമായ മധുരഭക്തി രസവും പിന്നെ ഭഗവദ്സേവനവുമാണ്. ലോകപരിപാലനത്തില്‍ ഭഗവാന്റെ സഹായികളായി വര്‍ത്തിക്കാനാണ് ഇവരുടെ ഇച്ഛ. മാനവസമുദായത്തിന് ‘കര്‍മ്മയോഗി’കളാകുന്ന മഹത്വ്യക്തികളെ സമ്മാനിക്കുന്നത് ഇവരുടെ ലക്ഷ്യത്തില്‍പ്പെടുന്നു. (തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by