Samskriti

മാങ്ങാട്ടുപറമ്പ് നീലിയാര്‍ കോട്ടം; വര്‍ഷം മുഴുവന്‍ തെയ്യങ്ങള്‍

Published by

മാങ്ങാട് സ്ഥാനം ഏറ്റ രണ്ടു പെരുവണ്ണാന്മാര്‍ക്കേ ഇവിടെ തെയ്യം കെട്ടാന്‍ അവകാശമുള്ളൂ. മറ്റു കാവുകളില്‍ ഏതു വണ്ണാനും തെയ്യംകെട്ടാം. ഇതര നീലിയാര്‍കോട്ടങ്ങളിലും അത്യുത്തര കേരളത്തിലെ മറ്റു കാവുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തെയ്യമെങ്കില്‍ ഇവിടെ മാസസംക്രമങ്ങളില്‍ തെയ്യം നിര്‍ബന്ധമാണ്. അതായത് വര്‍ഷത്തില്‍ 12 തെയ്യംകെട്ട് വിധിപ്രകാരം നടത്തിയേ തീരൂ. പുലവാലായ്മകളാലോ മറ്റേതെങ്കിലും കാരണത്താലോ ഒരു വണ്ണാന് തെയ്യം കെട്ടാന്‍ പറ്റാതെ വന്നാലും മാസസംക്രമങ്ങളില്‍ തെയ്യം മുടങ്ങാതെ ഇരിക്കാനാണ് രണ്ടു വണ്ണാന്മാര്‍ക്ക് മാങ്ങാട് സ്ഥാനം കല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്.

മാസസംക്രമത്തിലെ 12 തെയ്യങ്ങളാണ് വിധിപ്രകാരം നിര്‍ബന്ധമെങ്കിലും ഇവിടെ വര്‍ഷം മുഴുവന്‍ തെയ്യം നടക്കാറുണ്ടെന്നതാണ് വസ്തുത. പ്രകൃതീശ്വരിയുടെ ഈ മടിത്തട്ടിലെത്തി പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ക്ക് ആഗ്രഹ സാഫല്യം കൈവരുമ്പോള്‍ അവര്‍ വഴിപാടായി നടത്തുന്നതാണ് ദൈനംദിനം എന്ന രീതിയില്‍ ഇവിടെ നടക്കുന്ന തെയ്യങ്ങള്‍. അനപത്യതാദുഖത്തില്‍ ഉഴലുന്ന ദമ്പതികള്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചു കുട്ടികള്‍ ഉണ്ടാവുമ്പോള്‍ കുഞ്ഞുമായി വന്ന് തെയ്യം കെട്ടിക്കുന്നതാണ് ഇതിലധികവും. ചിലപ്പോള്‍ അമ്മ തരുന്ന കുരുന്നിന് ഇവിടെത്തന്നെ അന്നദാനം നടത്തണമെന്ന് ദമ്പതികളോട് തെയ്യം കല്‍പ്പിച്ച് അനുഗ്രഹിക്കാറുണ്ട്. അങ്ങനെ കല്‍പ്പിച്ചരുളിയാല്‍ ഉണ്ടാവുന്ന കുഞ്ഞിന്റെ അന്നപ്രാശനം ഇവിടെത്തന്നെ നടത്തണം എന്നതും അന്നു വഴിപാടു തെയ്യം വേണമെന്നതും നിര്‍ബന്ധമാണ്.

സന്താന ഭാഗ്യത്തിനു മാത്രമല്ല, മംഗല്യഭാഗ്യത്തിനും ദുരിതനിവാരണത്തിനും തെളിവില്ലാ മോഷണങ്ങളില്‍ മോഷ്ടാവിനെ നിയമപാലകര്‍ക്കു മുന്നിലെത്തിക്കാനും ഒക്കെ ഭക്തര്‍ കോട്ടോത്തമ്മയുടെ തിരുമുടി കെട്ടിയാടിക്കാറുണ്ട്. ഒരു തെയ്യം നടത്താന്‍ 15,000 രൂപയാണ് ചെലവ്. ഇവിടെ എത്തുന്നവരിലേറെയും സാധാരണക്കാരായതിനാലാണ് വളരെ കുറഞ്ഞ നിരക്ക് ഈടാക്കുന്നത്.

ഘടദീപം
ഇവിടെ വന്നു വഴിപാടായി തെയ്യം നടത്തുന്നവര്‍ക്ക് വീട്ടിലേക്കു മടങ്ങുമ്പോള്‍ മണ്‍കുടത്തില്‍ ദീപം തെളിയിച്ച് നല്‍കും. അതു കെടാതെ വീട്ടില്‍ എത്തിച്ചാല്‍ മാത്രമേ വഴിപാട് പൂര്‍ണമാവൂ എന്നാണ് വിശ്വാസം. വഴിപാടിനു ഫലം കിട്ടിയവര്‍ മൂവന്തിക്ക് അടിച്ചുതളിച്ച് കോട്ടോത്തമ്മയെ സ്മരിച്ച് വീട്ടില്‍ ദീപം തെളിയിക്കണം എന്നാണ്.

മുടങ്ങാത്ത നൈവേദ്യം
ഇവിടുത്തെ ഭഗവതീക്ഷേത്രത്തില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ നിവേദ്യം നടത്താറില്ല. മാസസംക്രമം അല്ലെങ്കില്‍ ഈ രണ്ടു ദിവസങ്ങളിലും കോലവും പതിവില്ല. കര്‍ക്കടക സംക്രമശേഷം 16 ദിവസത്തേക്കും സാധാരണ ഭഗവതിയുടെ തിരുമുടി കെട്ടിയാടിക്കാറില്ല. ഈ 16 ദിനവും ദേവി ശ്രീമൂലസ്ഥാനമായ മണത്തണയില്‍ ആയിരിക്കുമെന്നാണ് വിശ്വാസം. എങ്കിലും ആ ദിവസങ്ങിലും ഇവിടെ നിവേദ്യം മുടങ്ങുന്നില്ല എന്നാണ് പ്രശ്‌നവിധിയില്‍ തെളിയുന്നത്. ഈ രണ്ടു ദിവസങ്ങളിലും ദേവന്മാര്‍ നേരിട്ട് ഇവിടെ നിവേദ്യം നടത്തുന്നു എന്നാണ് വിശ്വാസം.

വിശ്വാസഭൂമികയ്‌ക്കപ്പുറം നീലിയാര്‍ കോട്ടത്തിന് വലിയ പാരിസ്ഥിതിക പ്രാധാന്യം കൂടിയുണ്ട്. പരിസ്ഥിതി തന്നെ അമ്മയായി പ്രത്യക്ഷപ്പെടുന്നു എന്നതാണത്. ഞാന്‍ പരിസ്ഥിതി തന്നെയാണ് എന്ന് കോലധാരിയില്‍ നിന്ന് ഇടയ്‌ക്കിടെ അരുളപ്പാടുണ്ടാകുന്നതും ശ്രദ്ധേയം. വനങ്ങള്‍ ശോഷിച്ച് വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്ന കേരളത്തില്‍ അപൂര്‍വ്വൗഷധികള്‍ നിറഞ്ഞ ഒരു സ്വാഭാവിക വനം അതേപോലെ നിലനിര്‍ത്തുന്നതിലൂടെ കണ്ണൂരിന്റെ ജൈവികതയാണ് സംരക്ഷിക്കപ്പെടുന്നത്. അതിന് മാങ്ങാട്ടുപറമ്പ് നീലിയാര്‍കോട്ടം ട്രസ്റ്റിനോടും ചെറിയ വീട് കുടുംബാംഗങ്ങളോടും ആസ്തികര്‍ മാത്രമല്ല നാസ്തികരും കടപ്പെട്ടിരിക്കണം.

ഒറ്റത്തിറ

മേല്‍ക്കൂരയില്ലാത്ത ആരാധനാ സ്ഥലമാണ് നീലിയാര്‍ കോട്ടത്തേത്. ഒറ്റത്തിറ എന്നാണ് നീലിയാര്‍ ഭഗവതിയുടെ തെയ്യം അറിയപ്പെടുന്നത്. ഇരുപത് അടി ഉയരമുള്ള നെടുനീളന്‍ ഒറ്റമുളയില്‍ സ്തൂപികാഗ്ര രീതിയില്‍ തീര്‍ത്തതാണ് തെയ്യത്തിന്റെ മുടി. കടുംചുവപ്പു നിറമാണ് ഉടുത്തുകെട്ടിന്.

കിരീടവും കാല്‍ച്ചിലമ്പുകളും അടക്കം പരമ്പരാഗത തെയ്യാഭരണങ്ങളും മുഖത്തെഴുത്തും നീലിയാര്‍ ഭഗവതിയുടെ തെയ്യത്തിനുമുണ്ട്. ചെറുചെണ്ടയും കൈമണിയും മാത്രമാണ് വാദ്യാകമ്പടി സേവിക്കുന്നത്.

കോലം തികഞ്ഞ കോലോം ആണ് കോട്ടോത്തമ്മയുടെ സന്നിധി എന്നാണ് അരുളപ്പാട്.

അമ്മത്തെയ്യങ്ങളുടെ പൂര്‍ണത നീലിയാര്‍കോട്ടത്താണത്രേ ദൃശ്യമാവുക. ഇതര കാവുകളില്‍ കാവിനോടു ചേര്‍ന്ന അണിയറയില്‍ ആണ് കോലധാരി തിരുമുടി അണിയുന്നത്. തിരുമുടി അണിഞ്ഞ് കാവിനുമുന്നില്‍ തിരുവായുധം കൈയിലേന്തുമ്പോഴാണ് കോലധാരി ദൈവീക ചൈതന്യത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

അതില്‍ നിന്നു ഭിന്നമായി തിരുമുടിയേന്തി പള്ളിവാള്‍ പിടിച്ചാണ് കോട്ടോത്തമ്മ കാവിലേക്ക് എഴുന്നെള്ളി എത്തുന്നത്. വൈകിട്ട് അഞ്ചു മണിയോടെയാണ് അമ്മയുടെ പുറപ്പാട്. പാട്ടിന്റെ അകമ്പടിയില്ലാതെ ലഘുവായ ആട്ടവും അനന്തരം അനുഗ്രഹവും ചൊരിഞ്ഞ് ആറുണിയോടെ തെയ്യം കളംവിടും.

ദേശാധിപത്യം ഉള്ള ദേവിയാണ് പച്ചിലക്കാട്ടിലച്ചി എന്നു കൂടി വിളിപ്പേരുള്ള നിലിയാര്‍ഭഗവതി. കളിയാട്ടത്തറയില്‍ ശ്രീരാജരാജേശ്വരനും സ്ഥാനം കല്‍പ്പിക്കപ്പെട്ടിരിക്കുന്നതും കണ്ണൂരിലെ മറ്റു ചില തെയ്യക്കാവുകളില്‍ കോലം കെട്ടാനും മറ്റുചിലതില്‍ കളിയാട്ടം

പൂര്‍ണമാക്കാനും ഇവിടെ നിന്ന് അനുജ്ഞയും തിരിയും വാങ്ങുന്നതുമൊക്കെ ദേവിയുടെ ദേശാധിപത്യ സ്വഭാവം വെളിവാക്കുന്നുണ്ട്.

അപൂര്‍വ്വ ഔഷധികളും മരങ്ങളും കല്ലാലും

ചെറിയൊരു കുന്നിന്‍ മുകളിലായാണ് നീലിയാര്‍കോട്ടം സ്ഥിതി ചെയ്യുന്നത്. 20 ഏക്കറിലും ഇപ്പോഴും മരങ്ങളും വള്ളികളും നിറഞ്ഞ് നിബഡവനപ്രതീതിയിലാണ് പുറമേ നിന്നു കാവ് കാണപ്പെടുന്നത്. ഉള്ളിലേക്കു കടന്നാല്‍ കോട്ടത്തമ്മ കളിയാടുന്ന മൈതാനവും അമ്മയെ തൃശൂല രൂപത്തില്‍ പ്രതിഷ്ഠിച്ച ദേവസ്ഥാനവും ദേവസ്വം ഓഫീസും കഴിഞ്ഞാല്‍ അവശേഷിക്കുന്ന ഭാഗമത്രയും ഇപ്പോഴും വനനിബിഡതയില്‍ തന്നെയാണുള്ളത്.

കാശാവ് മരങ്ങളാണ് ഇവിടെ കൂടുതലും. നാട്ടിലിപ്പ, മരോട്ടി, കാരമാവ് എന്നീ അപൂര്‍വയിനം മരങ്ങളും ഇവിടെ കാണാം. കുരുങ്കനി എന്ന കുറ്റിച്ചെടിയും സമൃദ്ധം. ഔഷധികളായ ഓരിലത്താമര, കല്‍ത്താമര എന്നിവയും ചെറുമാവ്, മരവാഴ, സീതമുടി തുടങ്ങിയ ഓര്‍ക്കിഡുകളും കാവിലുണ്ട്.

നീലപൂച്ചയില, ഉപ്പിളിയന്‍, മഞ്ഞപ്പാര്‍വതി, കുടജാദ്രിപ്പച്ച, മൊട്ടുമറച്ചി, ചുട്ടിമുല്ല, ചെറുകടലാടി, കശുമാവ്, കരിഞ്ചേര്, നായ്‌ച്ചേര്, കരയം, ആത്ത, കാരപ്പൂമരം, കുരിണ്ടിപ്പാണല്‍, നറുംപാണല്‍, കാക്കവള്ളി, വട്ടുവള്ളി, അടവിപ്പാല, കുടകപ്പാല, പാല്‍വള്ളി, കുരുട്ടുപാല, നന്ത്യാര്‍വട്ടം, പാല്‍ക്കുരുമ്പ, ചക്കരക്കൊല്ലി, വട്ടക്കാക്കകൊടി, ആനപ്പരുവ, കാട്ടുചേന, ചൂണ്ടപ്പന, ഗരുഡക്കൊടി, ശതാവരി, അപ്പൂപ്പന്‍താടി, ആനച്ചുവടി, മുടിയന്‍പച്ച, അപ്പ, പലകപ്പയ്യാനി, കുരങ്ങുമഞ്ഞള്‍ എന്നിവയുമുണ്ട്.

പാറമുള്ള്, പൊന്‍കുരണ്ടി, കറ്റടിനായകം, പുല്ലാഞ്ഞി, പീലിനീലി, കുരീല്‍, കുരീല്‍വള്ളി, ഇരുമ്പിത്താളി, വന്‍വയറ, കരുവിക്കിഴങ്ങ്, മുക്കാപ്പീരം, നറുനീണ്ടി, അടതാപ്പ്, നൂറന്‍കിഴങ്ങ്, നല്ലനൂറ, കമ്പകം, അടുകണ്ണി, പനച്ചി, കാരമാവ്, കൊടിയാവണക്ക്, വട്ട, തത്തമ്മച്ചെടി, കുന്നി, കാട്ടുകുന്നി, അക്കേഷ്യ, പൊന്ത്, ജടവള്ളി, പൊന്നാംവള്ളി, നിലമ്പരണ്ട, മൂവില, മുറികൂട്ടി, ജീരകപ്പുല്ല്, കറുത്തഓടല്‍, നിലപ്പന, വെള്ളയോടല്‍, കാട്ടപ്പ, മീനങ്ങാണി, മുഞ്ഞ, കുളിര്‍മാവ്, പെരുംപതലി, പേഴ് കന്യാവ്, കാട്ടുപുളിഞ്ചി, കമ്പിളി മരം തുടങ്ങി ഇന്ന് കേരളത്തില്‍ മറ്റെവിടെയും ദൃശ്യമല്ലാത്ത ഒട്ടനവധി ഔഷധികളും വള്ളികളും ഇലച്ചെടികളും മരങ്ങളും ഇവിടെയുണ്ട്.

മഴക്കാലമായാല്‍ കാവിനുള്ളില്‍ നിന്ന് സ്വയമേവ ഒരു അരുവി ചാലിടും. കല്ലാല്‍ എന്ന ആല്‍മരവും നീലിയാര്‍ കോട്ടത്തിലുണ്ട്. ഇതിന്റെ പഴങ്ങള്‍ തിന്നാന്‍ ധാരാളം പക്ഷികളും ഇവിടേക്ക് എത്തുന്നു. സായന്തനത്തില്‍ അവയുടെ കളകൂജനം മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം പകരുന്നതാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by