ഓര്‍മ്മപ്പെടുത്തലുകളും മുന്നറിയിപ്പുകളുമായി ഒരു സമുദ്രദിനം കൂടി എത്തിയിരിക്കുകാണ്. ലോകമെമ്പാടമുള്ള സമുദ്രങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോകസമുദ്രദിനം ആചരിച്ചു വരുന്നത്. 1992 ല്‍ ബ്രസിലിലെ റിയോഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയില്‍ ‘പരിസ്ഥിതിയും വികസനവു’മെന്ന ചര്‍ച്ചയില്‍ കാനഡയിലെ ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഡെവലപ്പ്‌മെന്റും ഓഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാനഡയും ചേര്‍ന്നാണ്, ലോകസമുദ്രദിനം ആചരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. സമുദ്രത്തെയും അതിലെ വൈവിധ്യമാര്‍ന്ന സമുദ്രജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും നിലനിര്‍ത്തുകയും സമുദ്ര വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവയെ സുസ്ഥിരമായി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാമൂഹിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 2008 ഡിസംബര്‍ 5ന് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ ജൂണ്‍ 8 ലോക സമുദ്രദിനം ഔദ്യോഗികമായി അംഗീകരിച്ചത്. അങ്ങനെ ജൂണ്‍ 8 ലോകദിനാചരണങ്ങളുടെ പട്ടികയില്‍പ്പെട്ടു. ‘നമ്മുടെ സമുദ്രങ്ങള്‍ നമ്മുടെ ഉത്തരവാദിത്തം’ എന്ന സന്ദേശവുമായി 2009 ജൂണ്‍ 8ന് ആദ്യസമുദ്രദിനം ആചരിക്കപ്പെട്ടു. മനുഷ്യന്റെ കടന്നുകയറ്റങ്ങളിലൂടെ സമുദ്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും, സമുദ്രസംരക്ഷണത്തിനുള്ള കര്‍മ്മപരിപാടികളും ആദ്യ സമുദ്രദിനത്തില്‍ തന്നെ ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ചു. അതിലൂടെ ലോകത്തെ ഒന്നിപ്പിക്കാനുള്ള ദിനമായി ലോകസമുദ്രദിനം മാറി.
ഭൂമിയുടെ ഉപരിതലത്തിന്റെ 75% വ്യാപിച്ചു കിടക്കുന്ന ലവണാംശമുള്ള ജലാശയത്തെ സമുദ്രമെന്ന് വിളിക്കുന്നു. ഈ ലവണാംശമുള്ള ജലാശയത്തെ രണ്ടായി വിഭജിക്കാം, മഹാസമുദ്രങ്ങളെന്നും, കടലുകളെന്നും. ഇവ കൂടുതലും കരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. രണ്ടുകരകള്‍ക്കിടയിലുള്ള സമുദ്രഭാഗത്തെ കടലിടുക്കുകള്‍ എന്നു വിളിക്കുന്നു. വന്‍കരകള്‍ സമുദ്രത്തെ വേര്‍തിരിക്കുന്നതനുസരിച്ച് 5 മഹാസമുദ്രങ്ങളുണ്ട്. പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍, ആര്‍ട്ടിക്, അന്റാര്‍ട്ടിക്. സമുദ്രങ്ങളുടെ ആകെ വലുപ്പത്തിന്റെ 47%വും ആകെ വെള്ളത്തിന്റെ 50% ഉം ഉള്‍ക്കൊള്ളുന്ന പസഫിക്കിനാണ് സമുദ്രങ്ങളില്‍ ഒന്നാം സ്ഥാനം. ഭൂമിയിലെ ഏറ്റവും നീണ്ട പര്‍വ്വതനിര ഈ സമുദ്രത്തിലാണ്. ഈ ങകഉ ഛഇഋഅച ഞകഉഋ ന് 50000 കി.മീ ദൈര്‍ഘ്യമുണ്ട്. അമൂല്യങ്ങളായ ജൈവവൈവിധ്യങ്ങളുടെ കലവറയാണ് സമുദ്രങ്ങള്‍. സമുദ്രങ്ങളെ ഭൂമിയുടെ ഹൃദയമെന്നും ശ്വാസകോശമെന്നും വിശേഷിപ്പിച്ചു വരുന്നു.
ലോകജനതയുടെ ദൈനംദിന ജീവിതത്തില്‍ സമുദ്രങ്ങള്‍ പ്രധാനപങ്കു വഹിച്ചുവരുന്നു. ലക്ഷോപലക്ഷം ജനങ്ങളുടെ ഉപജീവനമാര്‍ഗം നിലനിര്‍ത്തുന്നതിന്, സമുദ്രങ്ങളുടെ പങ്ക് വളരെ വലുതാണ്. ഇതിലൂടെ വിവിധ സമ്പത്തും, തൊഴിലും, പോഷകാഹാരവും സമുദ്രങ്ങള്‍ സംഭാവന ചെയ്യുന്നു. സമുദ്ര ഉല്പന്നങ്ങള്‍ക്കു വേണ്ടിയുള്ള ആഗോള വ്യാപാരം അതിവിപുലമാണ്. സമുദ്രതീരങ്ങള്‍ ടൂറിസം മേഖലകളാണ്. നാം ശ്വസിക്കുന്ന ഓക്‌സിജന്റെ 50% ഉം പ്രകാശസംശ്ലേഷണം മൂലം സമുദ്രങ്ങളാണ് ഉല്പാദിപ്പിക്കുന്നത്. സമുദ്രങ്ങള്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ 30% ത്തിലേറെ ആഗീരണം ചെയ്യുന്നു. നമുക്ക് വേണ്ട പല ഔഷധങ്ങളുടെയും കലവറ കൂടിയാണ് സമുദ്രങ്ങള്‍. ഇത്തരത്തിലുള്ള പല വിലപ്പെട്ട സംഭാവനകളാണ് സമുദ്രം നമുക്ക് നല്‍കി ക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ സമുദ്രങ്ങളുടെ 20% ത്തിന് താഴെ മാത്രമേ ഇതുവരെ പര്യവേക്ഷണം ചെയ്തിട്ടുള്ളു വെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും, നിരവധി പ്രശ്‌നങ്ങളുടെ നടുവിലാണ് സമുദ്രങ്ങള്‍. സമുദ്രങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളിലും വെല്ലുവിളികളിലും പ്രധാനം മനുഷ്യന്റെ പ്രവൃത്തികളും വ്യാവസായവല്‍ക്കരണവുമാണ്. മലിനീകരണവും പാരിസ്ഥിതിക മാറ്റവും കാരണം സമുദ്രങ്ങള്‍ ഏറെ പ്രതിസന്ധിയിലാണ്. സമുദ്രവിഭവങ്ങളുടെ അമിത ചൂഷണവും, അശാസ്ത്രീയമായ വികസനപ്രവര്‍ത്തനങ്ങളും തുറമുഖ നിര്‍മ്മാണങ്ങളും സമുദ്രഖനനവും സൗഹൃദപരമല്ലാത്ത ടൂറിസവും, മത്സ്യത്തൊഴിലാളികള്‍ക്കും കടലിലെ ആവാസ വ്യവസ്ഥയ്‌ക്കും ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. സമുദ്രമലിനീകരണം, പരിസ്ഥിതിയെയും ജീവജാലങ്ങളുടെ ആരോഗ്യത്തിനെയും ലോകം മുഴുവനുമുള്ള സാമ്പത്തിക ഘടനകളെയും ദോഷകരമായി ബാധിക്കുന്നു. മനുഷ്യര്‍ ഉപയോഗിക്കുന്നതോ വ്യാപിപ്പിക്കുന്നതോ ആയ പദാര്‍ത്ഥങ്ങള്‍ സമുദ്രത്തില്‍ പ്രവേശിപ്പിച്ച്, അവിടെ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുമ്പോഴാണ്, സമുദ്രമലിനീകരണം സംഭവിക്കുന്നത്. കടലിനെ ലോകത്തിന്റെ ചവറ്റുകുപ്പയും മാലിന്യസംഭരണിയുമാക്കിത്തീര്‍ത്തു കൊണ്ടിരിക്കുകയാണ്. മലിനീകരണം സമുദ്രജീവികളെയും സമുദ്രജീവികളെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെയും സാമ്പത്തികഘടനയെ അട്ടിമറിച്ചിരിക്കുകയാണ്.
മനുഷ്യന്റെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളും ആഗോളതാപനവും ഗുരുതരമായ കാലാവസ്ഥ വ്യതിയാനങ്ങളും മലിനീകരണ പ്രശ്‌നങ്ങളുമൊക്കെ മഹാസാഗരങ്ങളെപ്പോലും ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നു. പൊടുന്നനെ ഉണ്ടാകുന്ന അതിവൃഷ്ടികളും അനാവൃഷ്ടികളും കൊടുങ്കാറ്റുകളും സമുദ്രത്തിന്റെ തനിമയുടെ ഭാവത്തില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. സമുദ്രത്തില്‍ ലയിച്ചുചേരുന്ന കാര്‍ബൈണ്‍ഡൈ ഓക്‌സൈഡ് കൂടുന്നതിന്റെ ഫലമായാണ് സമുദ്രജലത്തിന്റെ അമ്ലതയുടെ (അസിഡിറ്റി) അളവ് ഉയരുന്നത്, ഇത് കടല്‍ ജീവികള്‍ക്കും സമുദ്ര ആവാസവ്യവസ്ഥകള്‍ക്കും സൃഷ്ടിക്കുന്ന ഭീഷണി വളരെ വലുതാണ്.
സമുദ്രമലിനീകരണത്തിന്റെ 80 ശതമാനവും സംഭാവന ചെയ്യുന്നത് കരയിലെ മാലിന്യങ്ങളാണ്. വ്യവസായ കാര്‍ഷിക-പാര്‍പ്പിട മാലിന്യങ്ങള്‍ സമുദ്രത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് സമുദ്രമലിനീകരണം സംഭവിക്കുന്നത്. നഗരകേന്ദ്രങ്ങളില്‍ നിന്നോ ഫാക്ടറികളില്‍ നിന്നോ രാസ-മലിന വസ്തുക്കള്‍ ജലാശയങ്ങളിലേക്ക് എത്തിച്ചേരുമ്പോള്‍ അത് അവിടെ നിന്ന് കടലിലേക്ക് ഒഴുകിയെത്തുന്നു. ഈ ഒഴുക്കില്‍ കാര്‍ബണ്‍, നൈട്രജന്‍, ഫോസ്ഫറസ് എന്നിവയുടെ കണങ്ങളും എത്തുന്നു. റോഡുകളില്‍ നിന്ന് നേരിട്ടും അഴുക്കുചാലുകള്‍ വഴിയും ജലാശയങ്ങള്‍ വഴിയും മാലിന്യങ്ങള്‍ ഒഴുകി എത്തുന്നുണ്ട്. ഈ മാലിന്യ അവശിഷ്ടങ്ങള്‍ കടലില്‍ മാത്രമല്ല, തീരപ്രദേശത്തും വന്നടിയുന്നു. കടലില്‍ നേരിട്ടു തള്ളുന്ന മാലിന്യങ്ങള്‍, കാറ്റടിച്ചുകൊണ്ടു വരുന്ന മാലിന്യങ്ങള്‍, കടലിലുണ്ടാകുന്ന അപകടങ്ങളിലൂടെ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍, സമുദ്രഖനനത്തിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍, കടല്‍ ഗതാഗതത്തിലൂടെ സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍, കൃഷിക്ക് വളമായി ഉപയോഗിക്കുന്നവയില്‍ നിന്നും ഒഴുകിയെത്തുന്ന കീടനാശിനികള്‍, കന്നുകാലികളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള മാലിന്യങ്ങള്‍, രാസവസ്തുക്കളുടെ (ആണവ) ചവറ്റുകുട്ടയായി ഉപയോഗിക്കുന്നതിലൂടെയുള്ള മാലിന്യങ്ങള്‍. പ്ലാസ്റ്റിക് മാലിന്യങ്ങള്‍.
കടലിലെ ഈ മാലിന്യങ്ങളില്‍, ഏറ്റവും അപകടകരമായത് പ്ലാസ്റ്റിക്കാണ്. സമുദ്ര മാലിന്യങ്ങളില്‍ 70% വും പ്ലാസ്റ്റിക്കാണ്. ഈ മലിനീകരണം ജീവിവര്‍ഗങ്ങളുടെ നിലനില്പു തന്നെ ഇല്ലാതാക്കുന്നതിന്റെ നേര്‍ക്കാഴ്ചകളാണ് കാണുന്നത്. പ്രതിവര്‍ഷം ഒരു ശതലക്ഷത്തിലധികം ടണ്‍ പ്ലാസ്റ്റിക്കുകളാണ് സമുദ്രത്തിലെത്തുന്നത്. 2019 ലെ പഠനത്തില്‍ 171 ട്രില്യണ്‍ ടണ്‍ പ്ലാസ്റ്റുക്കുകള്‍ സമുദ്രത്തിനുള്ളില്‍ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. മൈക്രോ പ്ലാസ്റ്റിക്കുകളും നാനോ പ്ലാസ്റ്റിക്കുകളും ചെറുമത്സ്യങ്ങളുടെ ശരീരത്തില്‍ വരെ എത്തിച്ചേരുന്നു. മത്സ്യം ഭക്ഷിക്കുന്നവരിലും ഇതെത്തുന്നു. വിസ്മയിപ്പിക്കുന്ന സമുദ്രാവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകള്‍. സമുദ്രജീവികളില്‍ 25% ത്തോളം ജീവികള്‍ പവിഴപ്പുറ്റുകളില്‍ അധിവസിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാല്‍ പവിഴപ്പുറ്റുകളില്‍ പകുതിയോളം നാമവശേഷമായിക്കഴിഞ്ഞു.
സമുദ്രത്തില്‍ നാം തള്ളുന്ന മാലിന്യങ്ങള്‍ നമ്മുടെ പരിസ്ഥിതിക്കും കാലാവസ്ഥയ്‌ക്കും ആരോഗ്യത്തിനും ഉണ്ടാക്കുന്ന ശക്തമായ ആഘാതങ്ങളെക്കുറിച്ച് നാം ബോധവാന്‍മാരായിത്തീരുകയാണ് വേണ്ടത്. മനുഷ്യന്റെ കടന്നുകയറ്റങ്ങളിലൂടെ സമുദ്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമായ സമുദ്രങ്ങളെ സംരക്ഷിക്കാന്‍ നാം ഒന്നായി തന്നെ കൈകോര്‍ക്കേണ്ടതുണ്ട്. പ്രകൃതിദത്തമായ തീരദേശം സമുദ്രത്തിന്റെ മകുടമാണ്. സുസ്ഥിരമായ മത്സ്യബന്ധനം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശമാക്കുകയും അതോടൊപ്പം മത്സ്യസമ്പത്ത് വിവേചനമില്ലാതെ കൊള്ളയടിക്കുന്നവരെയും ആ രീതികളെയും തടയേണ്ടിയിരിക്കുന്നു. വികസനത്തിന്റെ പേരിലുള്ള അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ചെറുക്കണം. ഇവയ്‌ക്കായി പോരാട്ടങ്ങള്‍ തന്നെ വേണ്ടിവരും.
2021 മുതല്‍ 2030 വരെയുള്ള വര്‍ഷം സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള സമുദ്ര ദശാബ്ദി ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സമുദ്രങ്ങളുടെ പരിപാലനത്തിനായി അന്താരാഷ്ട ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. സമുദ്രങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വഹിക്കുന്ന നിര്‍ണായകപങ്കിനെ കുറിച്ചും അവയെ സംരക്ഷിക്കാന്‍ സഹായിക്കുന്ന വഴികളെക്കുറിച്ചും പൊതുജനാവബോധം വളര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ സമുദ്രത്തെ സംരക്ഷിച്ചും, പുനഃസ്ഥാപിച്ചും ആരോഗ്യകരമായ സമുദ്രത്തിനു വേണ്ടി നിലകൊള്ളുന്നതിനായി ശക്തമായൊരു ആഗോള വേദിയാണ് വേണ്ടത്. അതിലൂടെ സമുദ്രം അഭിമുഖീകരിക്കുന്ന മനുഷ്യന്‍ ഉണ്ടാക്കുന്ന എല്ലാ പരിസ്ഥിതി പ്രശ്‌നങ്ങളും പരിഹരിക്കാനാകണം.
(ലേഖകന്‍ പരിസ്ഥിതിപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക