ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള് സജ്ജമാക്കി യാത്ര നടത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡിയുടെ കുറ്റപത്രം. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കുറ്റപത്രം നല്‍കിയത്.
സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമെതിരെയാണ് കുറ്റപത്രം. അപകടമുണ്ടാക്കുന്ന രീതിയില്‍ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില്‍ ഓടിച്ചതിന് ചുമത്തിയ വകുപ്പ് പ്രകാരം മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം.
ആര് ടി ഒ കേസെടുത്തതിന് ശേഷം യുട്യൂബ് ചാനലിന് 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും കിട്ടാത്ത പ്രശസ്തി കിട്ടിയെന്നും എല്ലാവര്‍ക്കം നന്ദിയെന്നും പരിഹസിച്ച് സഞ്ജു ടെക്കി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഹൈക്കോടതി പ്രോസിക്യൂഷന് നടപടി സ്വീകരിക്കാന്‍ ആര്‍ടിഓയോട് നിര്‍ദ്ദേശിച്ചു. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി പൊലിസ് കസ്റ്റഡിയിലേക്ക് മാറ്റി.
കാറില്‍ സ്വിമ്മിംഗ് പൂള് ഒരുക്കി പൊതുനിരത്തില്‍ ഓടിച്ച യൂട്യൂബര്‍ സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ തുടക്കത്തില്‍ ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ നടപടിയെടുത്തിരുന്നു.വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കി വാഹനം ഓടിച്ച ഇയാളുടെ സുഹൃത്തിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യുകയും ഉണ്ടായി.കുറ്റിപ്പുറത്ത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കണമെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹ്യ സേവനം നടത്തണമെന്നുമുളള ശിക്ഷ നല്കി. പിന്നാലെ മോട്ടോര്‍ വാഹനവകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് ഇയാള്‍ പുതിയ വീഡിയോ പുറത്തു വിട്ടു. ഇത് വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്വമേധയാ ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: