Samskriti

മോക്ഷപ്രാപ്തിക്ക് പ്രണവ മന്ത്രം

Published by

സംസാരസാഗരം കടക്കുവാന്‍ സഹായിക്കുന്ന മന്ത്രത്തെ താരകമന്ത്രം എന്നു പറയും. തരണം ചെയ്യിക്കുന്നത്(കടത്തിവിടുന്നത്)   ആണ് താരകമന്ത്രം. ഇവിടെ ഹനുമാന്‍ ശ്രീരാമചന്ദ്രനോട് താരകമന്ത്രം സംബന്ധിച്ച് തനിക്കുള്ള സംശയങ്ങള്‍ ആരായുകയാണ്. ഭഗവാനെ വിവിധ തരത്തിലുള്ള താരക മന്ത്രത്തെക്കുറിച്ച് ഞാന്‍ പറഞ്ഞു കേള്‍ക്കുന്നു.
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ

പതിനാറ് ഭഗവത് നാമങ്ങള്‍ അടങ്ങുന്ന ഈ മഹാമന്ത്രം ജപിച്ചാല്‍ സംസാരസാഗരം കടന്ന് മോക്ഷപ്രാപ്തിയില്‍ എത്തിച്ചേരുമെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. മറ്റു ചിലര്‍ ‘രാമ’ എന്ന മന്ത്രം മാത്രം മതിയെന്നും, ഓം നമോ നാരായണ എന്ന അഷ്ടാക്ഷര മന്ത്രമാണ് ശ്രേഷ്ഠവും ഉചിതവുമെന്നും കാശിയില്‍ ഓം നമഃശിവായ എന്ന ശിവപഞ്ചാക്ഷരത്തെ താരക മന്ത്രമായി കണക്കാക്കുന്നതായും കാണുന്നു. എല്ലാത്തിലും ഉപരി ”ഓം” ഏകാക്ഷര പ്രണവമാണ്. അതാണ് യഥാര്‍ത്ഥ താരക മന്ത്രമെന്നും ചിലര്‍ വിവക്ഷിക്കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് നിത്യോപാസനക്കായി അരുളിച്ചെയ്താലും.

ഹനുമാന്റെ സംശയത്തിന് ഭഗവാന്‍ ഇങ്ങനെ മറുപടി നല്‍കി:

കപിശ്രേഷ്ഠാ, മന്ത്രാക്ഷരങ്ങള്‍ ഒന്നു പോലും വ്യര്‍ത്ഥമല്ല. എല്ലാത്തിനും അതിന്റേതായ ഗുണവും വ്യാപ്തിയുമുണ്ടെന്ന് ധരിക്കുക. വൈഷ്ണവരുടെയും ശൈവരുടെയും എല്ലാ മന്ത്രങ്ങള്‍ക്കും ലൗകികതയില്‍ നിന്ന് മനുഷ്യമനസ്സിനെ മോചിപ്പിക്കാനുള്ള ശക്തിയുണ്ട്. എന്നിരുന്നാലും പ്രണവ മന്ത്രമാണ് കൂടുതല്‍ ഉചിതം. മുക്തി കൈവരിക്കാന്‍ അത്യുത്തമം പ്രണവമന്ത്രം തന്നെയാണ്. മറ്റ് മന്ത്രങ്ങള്‍ ഐഹീകമായ മോക്ഷത്തിനും, ഭോഗത്തിനും വേണ്ടി ഉപയോഗപ്പെടുത്തുമ്പോള്‍ പ്രണവ മന്ത്രം മോക്ഷപ്രാപ്തിക്കു മാത്രമാണ് ഉതകുന്നത്.

‘അ’-കാരവും ‘ഉ’-കാരവും ‘മ’-കാരവും ചേര്‍ന്ന് ഉത്ഭവിക്കുന്ന ‘ഓം’-കാര രൂപമായ പ്രണവത്തെക്കുറിച്ച് എല്ലാ വേദാന്തങ്ങളിലും പ്രകീര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ആദ്യാക്ഷരം ‘അ’കാരമാണ്. പിന്നീട് ‘ഉ’കാരവും തുടര്‍ന്ന് ‘മ’കാരവും. അതിനു ശേഷം അര്‍ത്ഥമാത്ര, നാദം, ബിന്ദു എന്നിവചേരുന്നു. തുടര്‍ന്ന് കല, അതിലും അതീതമായ സ്ഥിതി, ശാന്തിയും പിന്നീട് ശാന്തിക്കും മേലെയായ മാത്രയും ഇതില്‍ അന്തര്‍ലീനം ആയിരിക്കുന്നു. കൂടാതെ പതിനൊന്നാമത്തെ അംശമായി ഉന്മിനി എന്നതും, പന്ത്രാണ്ടാമതായി മനോന്മനിയും, ഒപ്പം പരാ, മദ്ധ്യമ, പശ്യന്തി എന്നിവയും പതിനാറാമതായി വൈഖരീ മാത്രയും ഇതില്‍ കുടി കൊള്ളുന്നു. ഈ വിധം പ്രണവം പതിനാറ് സൂക്ഷ്മ മാത്രകളോട് ചേര്‍ന്ന് പതിനാറ് വിധത്തിലുണ്ടെന്ന് അറിഞ്ഞാലും. ഏതൊരു പരബ്രഹ്മമാണോ അഖണ്ഡസച്ചിദാനന്ത സ്വരൂപമെന്ന് പ്രസിദ്ധമായിട്ടുള്ളത് അതുതന്നെയാണ് താരകസ്വരൂപമായ പ്രണവത്തിന്റെ ആന്തരികാര്‍ത്ഥവും ചിത്തശുദ്ധിക്ക് ഏകമാത്ര കാരണസ്വരൂപവും, വിശുദ്ധവും, അവിഭക്തവുമായ ഈ പ്രണവമന്ത്രം ഉചിത രൂപത്തില്‍ ജപിക്കുന്നത് എല്ലാവര്‍ക്കും ഗുണകരമാണ്.

ഭഗവദ് വചനങ്ങള്‍ ഇപ്രകാരം ശ്രവിച്ച ഹനുമാന്‍ ഭഗവാനോട് വീണ്ടും ഒരു സംശയം ഉണര്‍ത്തിച്ചു. ലക്ഷ്മീപതിയായ മാധവ, നാരായണ അങ്ങുതന്നെയാണ് പ്രണവാര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ രൂപമെന്ന് ഋഷീശ്വരന്മാര്‍ പറയുന്നു. അതിന്റെ പൊരുളറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതിനു ഭഗവാന്‍ ഇങ്ങനെ മറുപടി നല്‍കി: വിശ്വഭാവനനായ സുമിത്രാത്മജന്‍ ലക്ഷ്മണന്‍ ‘അ’കാരമെന്ന അക്ഷരത്തില്‍ നിന്നാണ് ജന്മം എടുത്തതെന്ന് അറിയുക. തൈജസ്വരൂപനായ ശത്രുഘ്‌നന്‍ ‘ഉ’കാരത്തില്‍ നിന്നും, പ്രജ്ഞാത്മകനായ ഭരതന്‍ ‘മ’കാരത്തില്‍നിന്നുമാണ് ഉത്ഭവിച്ചത്. ഞാന്‍ അര്‍ദ്ധമാത്രാത്മകനായ ബ്രഹ്മാനന്ദസ്വരൂപം തന്നെയാണെന്ന് അറിഞ്ഞാലും. ഇപ്രകാരം തന്റെ വാത്സല്യനിധിയായ ഹനുമാന് ഭഗവാന്‍ പറഞ്ഞു കൊടുക്കുന്നു. കൂടാതെ പ്രണവത്തിന്റെ ‘ജാഗ്രത് സ്വപ്‌നം സുഷുപ്തി എന്നിങ്ങനെയുള്ള പതിനാറ് അവസ്ഥകളെക്കുറിച്ചും ഇതേ അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.
(തുടരും.)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക