വടക്കേ മലബാറിലെ കാവുകളിലും കഴകങ്ങളിലും ഇത് പൂരോത്സവനാളുകളാണ്. തൃശ്ശൂര്‍ പൂരമുള്‍പ്പെടെ കേരളത്തില്‍ പലയിടത്തും നടക്കുന്ന മീനപ്പൂരാഘോഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് അത്യുത്തരകേരളത്തിലെ പൂരോത്സവം. മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയുള്ള ഒമ്പത് നാളുകളില്‍ ആചരിക്കുന്ന ഈ ആഘോഷത്തിന് പഴയ കോലത്തുനാട്ടില്‍ ഓണത്തേക്കാള്‍ പ്രാധാന്യമുണ്ടായിരുന്നത്രെ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഭഗവതിക്കാവുകളെ കേന്ദ്രീകരിച്ച് ഇന്നും ഈ ആഘോഷം സജീവമായി നിലനില്‍ക്കുന്നു. മുന്‍കാലങ്ങളില്‍ മുഴുവന്‍ വീടുകളും പൂരമാഘോഷിച്ചിരുന്നെങ്കിലും ഇന്ന് അത് കുറഞ്ഞുവരികയാണ്. പൂവിടലും കാമനെകുത്തലും പൂരട നേദിക്കലുമെല്ലാം വീടുകളില്‍ നിന്ന് മെല്ലെമെല്ലെ അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.
പൂരോത്സവം അത്യുത്തര കേരളത്തിന്റെ വസന്തോത്സവമാണ്. വസന്ത ഋതുവിലെ മധുമാസ പൗര്‍ണമിയാണ് പൂരം. ശരത്കാല പൗര്‍ണമി ഓണമായി ആഘോഷിക്കുന്നതു പോലെ വാസന്തപൗര്‍ണമി പൂരോത്സവമായി കൊണ്ടാടുന്നു. ഓണത്തിനെന്ന പോലെ പൂക്കള്‍ ശേഖരിക്കലും പൂക്കളമിടലും പൂരത്തിനുണ്ട്. ഓണക്കാലമെന്ന പോലെ പൂരക്കാലവും പൂക്കാലമാണ്. ഓണക്കാലത്ത് ചെറിയ ചെടികളും പുല്ലുകളുമാണ് പൂക്കുന്നതെങ്കില്‍ പൂരക്കാലത്ത് മരങ്ങളും വള്ളികളും പൂത്തുവിരിയുന്നു. വിഷുവിന് തൊട്ടുമുമ്പുള്ള ഈ സമയം ചെമ്പകം, എരിക്ക്, ഇലഞ്ഞി, മുല്ല, കിളിതിന്നി, കൊന്ന തുടങ്ങിയ മരങ്ങളും വള്ളികളുമാണ് പൂത്തുലയുന്നത്.
പൂരം വന്ന്വല്ലോ പൂരം വന്ന്വല്ലോ
പൂമരമൊക്കെയും പൂവണഞ്ഞില്ലോ
എന്നു തുടങ്ങുന്ന പൂരപ്പാട്ട് തന്നെ ഈ പൂക്കാലത്തിന്റെ വരവിനെ ഓര്‍മ്മിപ്പിക്കുന്നു.
വടക്കെ മലബാറിലെ തെയ്യാട്ടക്കാലത്തു തന്നെയാണ്
പൂരോത്സവവും കടന്നുവരുന്നതെന്ന സവിശേഷത കൂടിയുണ്ട്. പൂരം കാമദേവ പൂജയ്‌ക്കാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും പൂമാല ഭഗവതിക്കാവുകളാണ് പൂരോത്സവത്തിന്റെ പ്രധാന അനുഷ്ഠാനകേന്ദ്രങ്ങള്‍. പൂമാലക്കാവുകളില്‍ വിവിധ തെയ്യങ്ങള്‍ കെട്ടിയാടിക്കാറുണ്ടെങ്കിലും പൂമാല ഭഗവതിക്ക് തെയ്യക്കോലമില്ല. പകരം പൂരമാലയും പൂരവേലയുമാണ് ആ ഭഗവതിക്കുള്ള ആരാധന.
കന്യകമാരുടെ പൂരവ്രതം
കാമദഹനവുമായി ബന്ധപ്പെട്ടതാണ് പൂരോത്സവത്തിന്റെ ഐതിഹ്യം. ശിവകോപത്താല്‍ ഭസ്മമാക്കപ്പെട്ട കാമദേവനെ പുനര്‍ജനിപ്പിക്കാന്‍ മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശപ്രകാരം കന്യകമാര്‍ നടത്തുന്ന വ്രതാനുഷ്ഠാനമാണ് ഈ ആഘോഷത്തിന്റെ പശ്ചാത്തലം. ഒമ്പത് വയസ്സിനുമേല്‍ പ്രായമുള്ള കന്യകമാരാണ് പൂരവ്രതം അനുഷ്ഠിക്കുന്നത്. വ്രതകാലത്ത് എണ്ണതേച്ച് കുളിക്കരുത്. പ്രഭാതത്തില്‍ കുളിച്ച് കുറിയിടണം. മത്സ്യമാംസാദികളും പകലുറക്കവും നിഷിദ്ധം. ഓണക്കാലത്തെന്ന പോലെ പൂക്കളം തയ്യാറാക്കണം.
പൂരം നാളില്‍ മണ്ണുകൊണ്ട് കാമദേവന്റെ രൂപമുണ്ടാക്കി പൂക്കളാല്‍ അലങ്കരിക്കണം. പൂവിടല്‍ കാര്‍ത്തിക നാളില്‍ തന്നെ തുടങ്ങും. ആദ്യത്തെ മൂന്നുദിവസം അത്തപ്പൂക്കളം പോലെ വട്ടത്തില്‍ പൂരപ്പൂക്കള്‍ കൊണ്ട് പൂക്കളമിടുന്നു.
പിന്നീടുള്ള ദിവസങ്ങളില്‍ മണ്ണുകൊണ്ട് കാമദേവന്റെ ചെറിയ രൂപമുണ്ടാക്കി അതില്‍ പൂക്കള്‍ അലങ്കരിച്ചു വയ്‌ക്കും. ആദ്യത്തെ മൂന്നു ദിവസം കുളക്കടവിലും നാലാം ദിവസം നടയിലും അഞ്ചും ആറും ഏഴും ദിവസങ്ങളില്‍ വീടിന്റെ വാതില്‍ക്കലും പൂക്കളം തീര്‍ക്കും. വീടിനോട് ചേര്‍ന്ന് കുളവും കുളിക്കടവുമൊന്നുമില്ലെങ്കില്‍ കിണര്‍വക്കിലും മുറ്റത്തും പൂമുഖത്തുമൊക്കെയാവും പൂവിടല്‍.
പൂരംനാളില്‍ കാമദേവന് പൂരക്കഞ്ഞിയും പൂരടയും നിവേദിക്കണം. ഒമ്പതു നാളത്തെ ആരാധനയ്‌ക്കു ശേഷം അന്ന് വൈകീട്ടോടെ കാമനെ യാത്രയയ്‌ക്കുന്നു. കാമരൂപവും
പൂക്കളും പൂരടയും അരിയുമെല്ലാമെടുത്ത് വീട്ടുപറമ്പിലെ വരിക്കപ്ലാവിന്റെ ചുവട്ടില്‍ അര്‍പ്പിച്ചു കൊണ്ടാണ് യാത്രയയ്‌ക്കല്‍ ചടങ്ങ്. വീടുകളിലെന്നപോലെ ഭഗവതിക്കാവുകളിലും പൂവിടല്‍ ഉണ്ടാകും. പൂവിട്ട്, പൂവിന് വെള്ളം കൊടുത്തശേഷം കന്യകമാര്‍ കാവിന്റെ മുറ്റത്ത് കുരവയിടും. വ്രതം നോറ്റ കന്യകമാരോ ക്ഷേത്രത്തിലെ സ്ഥാനികരോ ആവും കാവുകളില്‍ പൂക്കളമൊരുക്കുക.
‘അടുത്തവര്‍ഷവും നേരത്തെ വരണേ കാമാ…’
പൂരം നാളില്‍ പൂരംകുളി എന്ന ചടങ്ങ് നടക്കും. കാവുകളില്‍ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളുമുണ്ടാകും. അന്നുതന്നെ വീടുകളില്‍ കാമനെ അയയ്‌ക്കല്‍ എന്ന ചടങ്ങും നടക്കും. ഉച്ചയ്‌ക്ക് കാമന് നിവേദിക്കാന്‍ പൂരക്കഞ്ഞിയുണ്ടാക്കും. വൈകീട്ട് പൂരട എന്ന പലഹാരവും കാമന് നിവേദിക്കും. സന്ധ്യയോടെ കാമദേവരൂപവും പൂക്കളുമെല്ലാം ഒരു മുറത്തിലെടുത്ത് അരി, പൂരട എന്നിവയും ഇതോടൊപ്പം വച്ച് വീട്ടുപറമ്പിലെ പ്ലാവിന്റെ ചുവട്ടില്‍ നിക്ഷേപിക്കും. കാമനെ അയയ്‌ക്കല്‍ എന്ന ഈ ചടങ്ങ് നടത്തുന്നത് കുട്ടികളാണെങ്കിലും കുടുംബത്തിലെ അംഗങ്ങളെല്ലാം പങ്കെടുക്കും. കുരവയിട്ടുകൊണ്ട് കാമനെ പറഞ്ഞയയ്‌ക്കുന്നതിനിടയില്‍ കുട്ടികള്‍ പാടുന്ന ‘അടുത്തവര്‍ഷവും നേരത്തെ വരണേ കാമാ…’ എന്നുതുടങ്ങുന്ന പാട്ടും രസകരമാണ്.
പൂരോത്സവവുമായി ബന്ധപ്പെട്ട ഒരു പ്രധാന അനുഷ്ഠാനമാണ് പൂരക്കളി. പൂമാലക്കാവുകളുടെ മുറ്റത്തു നടത്തിവന്ന ഒരു അനുഷ്ഠാനമെന്ന നിലയില്‍ നിന്നു മാറി ഒരു കലാരൂപമെന്ന നിലയില്‍ കേരളത്തിലെല്ലായിടത്തും ഇന്ന് പൂരക്കളിക്ക് പ്രചാരം കിട്ടിയിട്ടുണ്ട്. കലോത്സവങ്ങളില്‍ ഒരു മത്സര ഇനമായി പൂരക്കളിയെ തെരഞ്ഞടുത്തത് ഈ പ്രചാരത്തിന് ഒരു പ്രധാന കാരണമാണ്.
തീയ്യ സമുദായമാണ് പ്രധാനമായും പൂരക്കളി അവതിരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമേ മണിയാണി, മുകയര്‍, കമ്മാളര്‍, ചാലിയര്‍ തുടങ്ങിയ ജാതിക്കാര്‍ക്കിടയിലും പൂരക്കളിയുണ്ട്. പൂരക്കളി സംഘത്തിന്റെ നേതാവിനെ പണിക്കര്‍ എന്നാണ് വിളിക്കുക. ഗുരുകുല സമ്പ്രദായത്തില്‍ സംസ്‌കൃതവും വിവിധ ശാസ്ത്രവിഷയങ്ങളും പഠിച്ചവരായിരിക്കും പൂരക്കളി പണിക്കന്മാര്‍. പുരുഷന്‍മാരാണ് പൂരക്കളി അവതരിപ്പിക്കുന്നത്. സംഘാംഗങ്ങളുടെ പ്രായത്തിലോ അംഗസംഖ്യയിലോ നിബന്ധനയൊന്നുമില്ല. കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പുതിയ അംഗങ്ങള്‍ക്ക് കളിയില്‍ ചേരുകയോ വിശ്രമിക്കേണ്ടവര്‍ക്ക് ഒഴിഞ്ഞു നില്‍ക്കുകയോ ചെയ്യാം. പ്രത്യേക രീതിയിലുള്ള ഉടുത്തുകെട്ടാണ് പൂരക്കളിക്കാരുടെ വേഷം. ചെല്ലടം എന്ന് പേരുള്ള കച്ച തറ്റുടുക്കും. അംഗവസ്ത്രമായി ത്രികോണാകൃതിയിലുള്ള കറുത്ത തുണിയും അരയില്‍ കെട്ടും.
പൂരമാലയും, വന്‍കളിയും
വിസ്തരിച്ചുള്ള വന്ദനത്തോടെയാണ് പൂരക്കളി ആരംഭിക്കുക. കളരിപ്പയറ്റിലെ കെട്ടിത്തൊഴല്‍ തന്നെയാണിത്. കളരി വന്ദനം, ദേവതാ വന്ദനം, ഗുരുവന്ദനം ഇവയൊക്കെ കഴിഞ്ഞാണ് കളിയിലേക്ക് കടക്കുക. പൂരക്കളിയിലെ ഇനങ്ങളെ പ്രധാനമായും പൂരമാല, വന്‍കളി എന്നിങ്ങനെ രണ്ടായി തിരിക്കാം. ശ്രീകൃഷ്ണകഥ ഇതിവൃത്തമായുള്ള 18 രാഗങ്ങളിലുള്ള പാട്ടുകളാണ് പൂരമാല. ഇവയെ 18 നിറങ്ങള്‍ എന്നാണ് പറയുക. ഓരോ നിറത്തിനും വ്യത്യസ്തമായ ചുവടുകളും വായ്‌ത്താരികളുമായിരിക്കും. വന്‍കളിയില്‍ രാമായണം ഒറ്റ, രാമായണം ഇരട്ട, ഗണപതിപ്പാട്ട്, ചിന്തുകള്‍, അങ്കം, പട ചായല്‍, കാമന്‍പാട്ട്, നല്ലൂപാട്ട് എന്നീ ഇനങ്ങളാണുള്ളത്. ഇവയെല്ലാം കായിക പ്രാധാന്യമുള്ളവയാണ്. കളിക്കിടയില്‍ ചില കളിക്കാര്‍ കളിയില്‍ നിന്ന് മാറി കളരിമുറയിലുള്ള അഭ്യാസങ്ങള്‍ കാണിക്കാറുമുണ്ട്.
ചില കാവുകളില്‍ പൂരക്കളിയോടനുബന്ധിച്ച് മറത്തുകളിയുണ്ടാകും. ഇതൊരു വൈജ്ഞാനിക സംവാദമാണ്. മറുക്കുക എന്നാല്‍ എതിര്‍ക്കുക എന്നാണല്ലോ അര്‍ത്ഥം. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള മത്സരമാണിത്. സംഘത്തലവന്‍മാരായ പണിക്കന്‍മാര്‍ നടത്തുന്ന താര്‍ക്കിക സദസ്‌സാണ് ഇതില്‍ പ്രധാനം. വേദാന്തം, വ്യാകരണം, തര്‍ക്കം, പുരാണം തുടങ്ങിയ വിഷയങ്ങളിലുള്ള ഈ വാദപ്രതിവാദത്തിനിടയില്‍ രണ്ട് സംഘങ്ങളും തമ്മിലുള്ള മത്സരക്കളിയുമുണ്ടാകും.
പൂരക്കളിപ്പാട്ടുകള്‍ നമ്മുടെ ഭാഷയുടെയും സംഗീതത്തിന്റെയും വിലപിടിച്ച ഈടുവെപ്പുകളാണ്. ഉര്‍വ്വരതാനുഷ്ഠാനത്തിന്റെ ഭാഗമാണ് പൂരോത്സവം. മണ്ണിലും മനുഷ്യനിലും ഉര്‍വ്വരതയുടെ നാമ്പുകളുണരാന്‍ ദേവീദേവന്മാരുടെ അനുഗ്രഹം തേടലാണ് ഈ അനുഷ്ഠാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക