Categories: Samskriti

പുതുശ്ശേരിയിലെ ദേവീചൈതന്യം

Published by

രു പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം ദേവീഭക്തനോടു ചെയ്ത കൊടും പാതകത്തിന് ശിക്ഷ വിധിച്ച കൊടുങ്ങല്ലൂര്‍ അമ്മയുടെ ചൈതന്യം കുടികൊള്ളുന്ന ക്ഷേത്രമാണ് പുതുശേരി ശ്രീ കുറുംബ ഭഗവതി ക്ഷേത്രം. പാലക്കാട് ജില്ലയില്‍ അമ്മയുടെ നിറസാന്നിധ്യമുള്ള പ്രധാന ക്ഷേത്രം കൂടിയാണിത്. കോയമ്പത്തൂര്‍ പാലക്കാട് അന്തര്‍ സംസ്ഥാന പാതയിലെ പുതുശേരി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ക്ഷേത്രം അഞ്ഞൂറ് കൊല്ലം മുന്‍പ് പണികഴിക്കപ്പെട്ടതാണെന്നു കരുതുന്നു.

അനുബന്ധകഥകളും ഐതിഹ്യങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ടെങ്കിലും ഉള്ളാട്ടു തറവാട്ടിലെ നാണുനായരോട് കാണിച്ച ക്രൂരതയുടെ കഥയാണ് പൊതുവെ സ്വീകാര്യമായി പറഞ്ഞു കേള്‍ക്കുന്നത്.

കൊടുങ്ങല്ലൂര്‍ അമ്മയുടെ ഭക്തനായ നാണുനായര്‍ ഒരിക്കല്‍ അമ്മയെ നേരില്‍ ദര്‍ശിച്ചു സായൂജ്യമടയുന്നതിനു വേണ്ടി കൊടുങ്ങല്ലൂരേക്ക് പുറപ്പെട്ടു. സമയം ഏറെ വൈകിയതിനാല്‍ ദര്‍ശനം സാധ്യമാകാതെ പുതുശ്ശേരിയിലേക്കു തന്നെ മടങ്ങേണ്ടി വന്നു. പക്ഷേ തറവാട്ടില്‍ തിരിച്ചെത്തിയ ആ ഭക്തനില്‍ പ്രകടമായ പല മാറ്റങ്ങളും കാണപ്പെട്ടു. വെളിച്ചപ്പാട് എന്നപോലെ ഉറഞ്ഞു തുള്ളാനും അരുള്‍ ചെയ്യാനും തുടങ്ങി.

നാണുനായരില്‍ കാണപ്പെട്ട മാറ്റങ്ങള്‍ വളരെ പെട്ടെന്ന് കാട്ടുതീ പോലെ നാടാകെ പ്രചരിച്ചു. ചിലരാകട്ടെ അദ്ദേഹത്തില്‍ കൊടുങ്ങല്ലൂര്‍ ദേവീചൈതന്യം കുടികൊള്ളുന്നുണ്ടെന്നു വിശ്വസിച്ചു. എന്നാല്‍, നാട്ടു പ്രമാണിമാരുടെ പല ദുഷ്‌ചെയ്തികളും ചോദ്യം ചെയ്തു തുടങ്ങിയതോടെ നാണുനായര്‍ക്ക് ഭ്രാന്താണെന്ന് മുദ്രകുത്തി. അവര്‍ നാട്ടിലെ വിവിധ സമുദായക്കാരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി നാണുനായരെ കൊല്ലാന്‍ തീരുമാനിച്ചു. പുതുശേരിയിലുള്ള വയല്‍കുളത്തില്‍ മുക്കിക്കൊല്ലാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീട് തീക്കുണ്ഠത്തില്‍ പിടിച്ചു തള്ളി ചുട്ടെരിക്കുകയായിരുന്നു. ഉള്ളാട്ടു തറവാട്ടുകാര്‍ അദ്ദേഹത്തെ വെള്ളമൊഴിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുപ്രമാണിമാര്‍ പിന്തി രിപ്പിച്ചതായി പറയപ്പെടുന്നു.

തന്റെ പരമഭക്തനോട് കാണിച്ച കൊടുംപാതകത്തില്‍ കോപാകുലയായ ദേവി, ഇതിനു കാരണക്കാരായിട്ടുള്ള മുഴുവന്‍ ആളുകളെയും കൂട്ടത്തോടെ ഇല്ലായ്മ ചെയ്തുവെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. അവിടെയാകെ ദുരിതങ്ങളും ദുരന്തങ്ങളും രോഗങ്ങളും വാരി വിതറി. ദുര്‍നിമിത്തങ്ങളില്‍ ദുഃഖിതരായ നാട്ടുകാര്‍ ചെയ്തുപോയ തെറ്റില്‍ ദേവിയുടെ കാല്‍ക്കല്‍ വീണു മാപ്പിരന്നു. ഭക്തനോട് കാട്ടിയ അപരാധത്തിന്റെ പ്രായശ്ചിത്തമായി ക്ഷേത്രം നിര്‍മ്മിക്കണമെന്നും കുഭം നാളില്‍ വിഘ്‌നം കൂടാതെ വേല നടത്തണമെന്നും അരുള്‍ചെയ്തുവെന്നാണ് ഐതിഹ്യം.

ഈ പാതകത്തിനു കാരണക്കാരായ പ്രദേശത്തെ വിവിധ സമുദായക്കാര്‍ വേലയോടനുബന്ധിച്ചു അനുഷ്ഠിക്കേണ്ട കര്‍മങ്ങളും ദേവി കല്‍പ്പിച്ചരുള്‍ ചെയ്തിട്ടുണ്ടെന്നും പഴമക്കാര്‍ പറയുന്നു. വേലയോട് അനുബന്ധിച്ച് ഭഗവതിയുടെ മുന്നില്‍ പന്തല്‍ നിര്‍മ്മാണം, കമ്പം കെട്ടല്‍, കതിന, കരിമരുന്ന്, കുമ്മാട്ടികെട്ടല്‍, വിളക്ക് തെളിയിക്കല്‍, ഭഗവതി നടയില്‍ കതിര്‍ക്കുട, കണ്യാര്‍ക്കുട സമര്‍പ്പണം തുടങ്ങിയവയെല്ലാം അതിനായി നിയോഗിക്കപ്പെട്ട സമുദായക്കാരാണ് ഇന്നും ആചാരപൂര്‍വം ചെയ്തു വരുന്നത്.

കുമ്മാട്ടിയും, മാലവിളക്കും, ചെട്ടിയാര്‍ കമ്പ (മുളവെട്ടല്‍) വുമൊക്കെ ഈ ക്ഷേത്രവേലയില്‍ ഓരോ സമുദായക്കാരും മുടക്കം വരൂത്താതെ അനുവര്‍ത്തിക്കേണ്ട ആചാരങ്ങളില്‍ ചിലതുമാത്രമാണ്. വിവിധ വിഭാഗങ്ങള്‍ പാലിക്കേണ്ട ചടങ്ങുകള്‍ വേറെയുമുണ്ട്.

കണ്യാര്‍കളിയോടെയാണ് പുതുശേരി വെടി മഹോത്സവ ചടങ്ങ് ആരംഭിക്കുന്നത്. കതിര്‍് ഉത്സവച്ചടങ്ങ് കഴിഞ്ഞു തൊണ്ണൂറാം പക്കംവരുന്ന കുംഭത്തിലെ തിങ്കളാഴ്ചയാണ് എല്ലാ വര്‍ഷവും വെടിവഴിപാട് നടത്തുന്നത.് നാണുനായരെന്ന ഭക്തനോടു കാട്ടിയ ക്രൂരതയുടെ പ്രതീകാത്മക ചടങ്ങായാണ് ചെട്ടിയാര്‍കമ്പം കത്തിക്കല്‍ നടത്തപ്പെടുന്നത്. കഠിനവ്രത നിഷ്ഠയോടെ കൊടുംവനത്തിനുള്ളില്‍ നിന്ന് തിരഞ്ഞു കണ്ടെത്തി നിരവധി ഭക്തന്‍മാരുടെ അകമ്പടിയോടെ ചുമലിലേറ്റി കൊണ്ടുവരുന്ന കമ്പം ചടങ്ങ് ഈ ക്ഷേത്രത്തില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വതയാണ്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ കൂടുതല്‍ ശക്തി പ്രഭവത്തോടെ പരിപാലിച്ച് പാപദുരിത മോചനത്തിന്റെ പ്രായശ്ചിത്തമായി കാണുകയാണ് പുതുശ്ശേരിക്കാര്‍.

ഭക്തരുടെ ഹൃദയവേദനകള്‍ ഈ അമ്പലനടയില്‍ വന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ തീരുമെന്നതും ആരെയും അമ്മ നിരാശപ്പെടുത്തില്ലെന്നതും പ്രബലമായ വിശ്വാസമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക