സനാതനധര്‍മ്മം പ്രാചീന തമിഴ്‌സാഹിത്യത്തില്‍ ആര്യമെന്നോ അനാര്യമെന്നോ വേര്‍തിരിച്ചുപറയാവുന്ന ഘടകങ്ങളുടെ സങ്കലനമല്ല ഭാരതീയസംസ്‌കാരം. പ്രാചീന ലിഖിതപ്രമാണങ്ങള്‍ ഏറിയ ഭാഷകളാണ് സംസ്‌കൃതവും പാലിയും പ്രാകൃതവും. ആ ഭാഷകളിെല കൃതികള്‍ക്കുള്ളത്ര പഴക്കം ഇന്ത്യയിലെ മറ്റൊരു ഭാഷയിലെയും രചനകള്‍ക്കില്ല. ഇക്കാരണത്താല്‍ ഭാരതസംസ്‌കാരത്തിന്റെ ഉറവകള്‍ തേടിയുള്ള അന്വേഷണങ്ങള്‍ സ്വാഭാവിമായും ചെന്നെത്തുക വേദങ്ങളിലും വേദാന്തങ്ങളിലുമാണ്. ഋക്‌വേദത്തിലെ ചില സൂക്തങ്ങള്‍ക്ക്. ബി.സി. എണ്ണായിരത്തിനു മേല്‍ പഴക്കം കണക്കാക്കിപ്പോരുന്നു. ഉദാത്തമായ ചിന്തകളുടെയും അന്വേഷണങ്ങളുടെയും ഫലങ്ങളാണ് വേദങ്ങളും അതിനെത്തുടര്‍ന്നുണ്ടായ ദര്‍ശനങ്ങളും. വേദങ്ങള്‍ ധര്‍മ്മശാസ്ത്രം, ഇതിഹാസം പുരാണം എന്നിവയെ ആധാരമാക്കി ജീവിതകര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുന്നവരെയാണ് ആര്യശബ്ദം കൊണ്ട് വിവക്ഷിക്കുന്നത്. വേദേതിഹാസപുരാണജന്യങ്ങളായ ജീവിതചര്യകളും ആരാധനകളും പിന്തുടരുന്നവരെ ഹിന്ദുസമൂഹമെന്നും വ്യവഹരിച്ചിരുന്നു.
സനാതനധര്‍മ്മം ദക്ഷിണേന്ത്യയിലേക്ക്
ദക്ഷിണേന്ത്യയില്‍ അഗസ്ത്യനെയും പരശുരാമനെയും മുന്‍നിറുത്തിയാരംഭിച്ച ആര്യവല്‍ക്കരണം ദ്രാവിഡദേശത്തിലും വൈദികദര്‍ശനങ്ങളിലധിഷ്ഠിതമായ സനാതനധര്‍മ്മം പ്രചരിക്കുന്നതിനു കാരണമായി. ദ്രാവിഡഭാഷകളില്‍ ഏറ്റവും പുരാതനമായ സാഹിത്യമുള്ളത് പഴന്തമിഴിലാണ്. പഴന്തമിഴിലെ സംഘസാഹിത്യത്തിന്റെ കാലം ക്രി.വ. രണ്ടാം നൂറ്റാണ്ടുമുതല്‍ ആറാം നൂറ്റുവരെയെന്നാണ് ഏകദേശം നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്. സംഘം കൃതികളുടെ എണ്ണം 36 ആണ്. പതിനെണ്‍മേല്‍ക്കണക്ക് പതിനെണ്‍ കീഴ്ക്കണക്ക് എന്നു വിഭജനം. പതിനെണ്‍മേല്‍ക്കണക്കില്‍പ്പെട്ട കൃതികള്‍ ചെറുതും വലുതുമായ കവിതകളാണ്. കീഴ്‌ക്കണക്കില്‍ വരുന്ന കൃതികള്‍ ധര്‍മ്മം, അര്‍ത്ഥം, കാമം, ഉപദേശം, ആദ്ധ്യാത്മികം തുടങ്ങിയ വിഷയങ്ങളിന്മേലുള്ള ചിന്തകളോ സാരോപദേശങ്ങളോ ആണ്. ഉത്തമജീവിതത്തിലെ കടമകളും നീതി, സത്യം, അഹിംസ തുടങ്ങിയ ആദര്‍ശങ്ങളും കീഴ്‌ക്കണക്കുകള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഈ വിഭാഗത്തിലെ ശ്രദ്ധേയമായ കൃതികളാണ് തിരുക്കുറളും നാലടിയാരും ആചാരക്കോവൈയും. ആര്യാവര്‍ത്തത്തില്‍ രൂപംകൊണ്ട വൈദികസംസ്‌കാരം സമാധാനപരവും ക്രമാനുസൃതവുമായ രീതിയിലാണ് തമിഴകത്ത് വ്യാപിച്ചത്. സ്മൃതികളും ദര്‍ശനങ്ങളും ആദ്ധ്യാത്മികചിന്തകളും വൈദികരീതിയിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും പഴന്തമിഴ് സാഹിത്യകാരന്മാര്‍ക്ക് പരിചിതമായിരുന്നെന്ന് മേല്‍ക്കണക്കുകളും കീഴ്‌ക്കണക്കുകളും തെളിവുതരുന്നു.
തിരുക്കുറള്‍, നാലടിയാര്‍
ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ പുരുഷാര്‍ത്ഥങ്ങളിന്മേലുള്ള ഉദാത്തചിന്തകള്‍ അടങ്ങുന്ന തിരുക്കുറള്‍ സംസ്‌കൃതകൃതികളില്‍ നിന്നും ധാരാളം ആശയങ്ങള്‍ സ്വാംശീകരിച്ചു രചിച്ചതാണ്. കാമാന്തകം, കാമസൂത്രം, അര്‍ത്ഥശാസ്ത്രം, മനുസ്മൃതി എന്നിവയിലെ ആശയങ്ങള്‍ തിരുക്കുറളിലുണ്ട്. മാനവജീവിതത്തിന്റെ സാര്‍വലൗകിക സ്വഭാവം ഊന്നിപ്പറയുന്ന കൃതിയാണ് തിരുക്കുറള്‍. സനാതനധര്‍മ്മം തന്നെയാണ് കുറളിന്റെ ആധാരശില. ഈരടികളായിട്ടാണ് കുറളിന്റെ രചന. ജൈനബുദ്ധമതങ്ങള്‍പോലെ ലൗകികജീവിതത്തിലൂന്നിയ ജീവിതചര്യകളാണ് തിരുക്കുറള്‍ മാനവരാശിക്കുനല്‍കിയത്. ഈ നീതിശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവ് ഋഷീശ്വരനും കവീശ്വരനുമാണ്.
തിരുക്കുറളിന്റെ സഹോദരസ്ഥാനത്തു നില്‍ക്കുന്ന കാവ്യമാണ് നാലടിയാര്‍. നാലടികളാണ് അതിന്റെ ശില്‍പം. സാമൂഹികമായി പ്രാചീനകാലം മുതല്‍ നിലനിന്നിരുന്ന പൂര്‍വികാചാരാനുഷ്ഠാനങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന കൃതിയാണ് ആചാരക്കോവൈ. 150 ചതുഷ്പദികളാണ് ഇതിലുള്ളത്. ആപസ്തംബധര്‍മ്മസൂത്രം, വിഷ്ണുധര്‍മ്മസൂത്രം, ഗൗതമസൂത്രം, മനുസ്മൃതി തുടങ്ങിയ സംസ്‌കൃതകൃതികള്‍ ആചാരക്കോവൈയുടെ രചനയ്‌ക്കു ആധാരമായിട്ടുണ്ട്. ചുരുക്കത്തില്‍ 18 കീഴ്‌ക്കണക്കുകള്‍ ഉത്തമജീവിതത്തിലെ കടമകളും നീതികളും ഉയര്‍ത്തിക്കാട്ടുന്നു. ഉന്നത ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആര്യാവര്‍ത്തദേശകൃതികള്‍ പഴന്തമിഴ് സാഹിത്യത്തെ പോഷിപ്പിക്കുന്നതിലും സനാതന ധര്‍മ്മത്തിന്റെ ആധാരശിലകള്‍ തമിഴകത്തിലെ ജനജീവിതത്തില്‍ സ്ഥാപിക്കുന്നതിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്.
രാമായണഭാരതങ്ങളുടെ ദക്ഷിണായനം
ക്രി.വ.5,6 ശതകങ്ങള്‍ക്കു മുമ്പുതന്നെ സംസ്‌കൃതഭാഷയുടെ സ്വാധീനം പഴന്തമിഴില്‍ കണ്ടു തുടങ്ങുന്നുണ്ട്. ഈ സ്വാധീനം ഭാഷാതലത്തിലും സാഹിത്യതലത്തിലും പ്രകടമാകുന്നതോടൊപ്പം ആദ്ധ്യാത്മിക തലത്തിലും ചെന്നെത്തിയതായി സംഘം കൃതികള്‍ വ്യക്തമാക്കുന്നു. രാമായണവും മഹാഭാരതവും പൂര്‍ണ്ണരൂപത്തില്‍ തമിഴകത്ത് പ്രത്യക്ഷപ്പെടുന്നത് 9-ാം നൂറ്റാണ്ടിനു ശേഷമാണെങ്കിലും അക്കാവ്യങ്ങളില്‍ നിന്നുള്ള കഥാസന്ദര്‍ഭങ്ങള്‍ സംഘം കൃതികളില്‍ പ്രത്യേകിച്ചും അകം പുറം കാവ്യങ്ങളില്‍ കാണുന്നുണ്ട്. സംസ്‌കൃത സാഹിത്യത്തിലും തത്വചിന്താപദ്ധതികളിലും അവഗാഹം നേടിയവരായിരുന്നു പ്രാചീന തമിഴകത്തിലെ ആചാര്യന്മാരെന്ന് വ്യക്തമായിപ്പറയാം. പ്രാചീനതമിഴകത്തിന്റെ സാംസ്‌കാരികസഹിഷ്ണുത വ്യക്തമാക്കുന്നു രാമായണ ഭാരതാദിഗ്രന്ഥങ്ങളില്‍ നിന്നുള്ള ആശയസ്വീകരണങ്ങള്‍. ദ്രാവിഡഭാഷകളായ മലയാളവും കന്നഡവും തെലുങ്കും പുഷ്ടിപ്രാപിച്ചത് രാമായണഭാരതാദിപുരാണങ്ങളുടെ ഭാഷാന്തരണങ്ങളിലൂടെയാണ്. ധൃഷ്ടദ്യുമ്‌നന്റെ തല കൊയ്ത അശ്വത്ഥാമാവും, ദുശ്ശാസനന്റെ മാറുപിളര്‍ന്ന ഭീമനും (ഏര്‍തഴുതല്‍പാട്ട്), ത്രിപുരദഹനം നടത്തിയ ശിവനും, അരക്കില്ലത്തില്‍നിന്നും പാണ്ഡവരെ രക്ഷിച്ച ഭീമനും, ദുര്യോധനനെ തുടയ്‌ക്കടിച്ചുവീഴ്‌ത്തിയ ഭീമനും (കലിത്തൊകൈ) യുദ്ധചര്‍ച്ചയ്‌ക്കിടയില്‍ കിളികളുടെ ചിലയ്‌ക്കലിനെ കൈയുയര്‍ത്തി വിലക്കിയ ശ്രീരാമനും, (പുറനാനൂറ് പാട്ട് 70), ഉത്തരീയത്തില്‍ പൊതിഞ്ഞ് ആഭരണങ്ങള്‍ താഴേക്കിട്ട സീതാദേവിയും (പുറനാനൂറ് പാട്ട് 378) സംഘകാലപുലവര്‍ക്ക് പരിചിതരായിരുന്നു. സംഘകാലത്തിനുമുമ്പുതന്നെ രാമായണാദികാവ്യങ്ങള്‍ തമിഴകത്ത് എത്തിയിരുന്നുവെന്നു വ്യക്തം. സംഘകാലത്തിനു ശേഷമുണ്ടായ ചിലപ്പതികാരത്തിലെ ഊരുകാണ്‍കാതയിലും ആച്ചിയര്‍ കുരവൈയിലും രാമകഥാസൂചനകളുണ്ട്. സംഘകാലത്തിനു ശേഷം രംഗപ്രവേശം ചെയ്ത ശൈവവൈഷ്ണവ സിദ്ധന്മാരുടെ കീര്‍ത്തനങ്ങളിലും അവതാര മൂര്‍ത്തികളായ രാമന്റെയും കൃഷ്ണന്റെയും അപദാനങ്ങള്‍ കാണുന്നു.
തമിഴ് മലയാള ഭാഷകള്‍ ഒന്നായിരുന്ന സംഘകാലത്തിനു മുമ്പുതന്നെ ആര്യ സംസ്‌കാരത്തിന് ദക്ഷിണേന്ത്യയില്‍ വേരോട്ടമുണ്ടായെന്ന് സംഘം കൃതികള്‍ വ്യക്തമാക്കുന്നു. വേദേതിഹാസകഥകളും കഥാപാത്രങ്ങളും പഴന്തമിഴ്പ്പാട്ടുകളില്‍ കടന്നുകൂടിയത് രണ്ടു സംസ്‌കാരങ്ങളുടെ കൂട്ടായ്മയിലൂടെയാണ്. അഹല്യാമോക്ഷത്തിലെ ശാപഗ്രസ്തനായ ഇന്ദ്രന്‍, അഗസ്ത്യശാപമേറ്റ നഹുഷന്‍, ചിരഞ്ജീവിയായ മാര്‍ക്കണ്ഡേയന്‍, ദാനവീരന്മാരായ ദധീചി, ശിബി, വാമനമൂര്‍ത്തി എന്നിവരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ തിരുക്കുറളില്‍ ഉണ്ട്. തിണസങ്കല്‍പത്തിലെ ഇന്ദ്രനും വരുണനും വേദമൂര്‍ത്തികളാണല്ലോ. മഹേശ്വരന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബലരാമന്‍, സൂര്യന്‍, ചന്ദ്രന്‍, അരുന്ധതി, ബ്രഹ്മാവ് തുടങ്ങിയ ദേവതകള്‍ സംഘം കൃതികളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മണിമേഖലാ, ചിലപ്പതികാരം, പെരുങ്കതൈ, ജീവകചിന്താമണി എന്നീ കാവ്യങ്ങളിലും ആര്യവല്കരണത്തിന്റെ സ്ഫുരണങ്ങള്‍ കാണാം.
തമിഴകത്തെ ഹിന്ദുമതം
ജൈമിനി, പാണിനി, പതഞ്ജലി, ഭര്‍തൃഹരി മുതലായവരുടെ ദര്‍ശനങ്ങളും യോഗശാസ്ത്രങ്ങളും തമിഴകത്ത് പ്രചരിച്ചിരുന്നതിന് തെളിവുകള്‍ ലഭ്യമാണ്. വൈദികമതത്തിന്റെ സ്വാധീനത്തിന് തെളിവാണ് രാജാക്കന്മാര്‍ നടത്തിയിരുന്ന യാഗങ്ങള്‍. വേദപഠനത്തിലും പൗരോഹിത്യവൃത്തിയിലും ഏര്‍പ്പെട്ടിരുന്ന ബ്രാഹ്മണര്‍ക്ക് സമുദായത്തില്‍ ഉന്നതസ്ഥാനങ്ങള്‍ നല്‍കിയിരുന്നു. സംഘകാലകേരളത്തിലെ പെരിഞ്ചെല്ലൂര്‍ ഗ്രാമം (ഇപ്പോഴത്തെ തളിപ്പറമ്പ) വേദജ്ഞരായ ബ്രാഹ്മണരുടെ പ്രധാനപ്പെട്ട യജ്ഞവേദിയായിരുന്നു. ജൈനബുദ്ധമതങ്ങള്‍ക്കു പ്രചാരമുണ്ടായിരുന്നെങ്കിലും ഹിന്ദുമതമായിരുന്നു തമിഴകത്തിലെ മുഖ്യമതം. ശിവനും വിഷ്ണുവും സുബ്രഹ്മണ്യനും ഉപാസനാമൂര്‍ത്തികളില്‍ പ്രധാനികളാണ്. മണിയടിച്ചും തുളസിമാലകള്‍ ചാര്‍ത്തിയും വിഷ്ണുപൂജ നടത്തുന്നവരെപ്പറ്റി പതിറ്റുപ്പത്തില്‍ വിവരിച്ചിട്ടുണ്ട്. പ്രാചീന തമിഴകത്തിലെ ജനങ്ങള്‍ ഈശ്വരവിശ്വാസികളായിരുന്നു. ചെറുകുന്നുകളും വനങ്ങളും ചേര്‍ന്ന മുല്ലനിലത്തിന്റെ അധിദേവതയാണ് മായോന്‍. ചേയോന്‍ കുറിഞ്ചിനിലത്തിനും വേന്തന്‍ മരുതനിലത്തിനും വരുണന്‍ നെയ്തല്‍ നിലത്തിനും അധിദേവന്മാരാണ്. മായോന്‍ വിഷ്ണുവും ചേയോന്‍ മുരുകനും വേന്തന്‍ ഇന്ദ്രനുമാണ്. ഈ കല്‍പ്പനകള്‍ ചെയ്ത പഴന്തമിഴര്‍ ഈശ്വരവിശ്വാസികളായിരുന്നെന്ന് എടുത്തു പറയേണ്ടതില്ല. ദേവതമാരുടെ പട്ടികയില്‍ സര്‍വ്വോല്‍ക്കര്‍ഷേണ നില്‍ക്കുന്നത് വിഷ്ണുവാണ്. ‘സര്‍വേഷാമഗ്രണീര്‍വിഷ്ണു’ (മഹാഭാരതം) എന്നുണ്ടല്ലോ. വിഷ്ണുസ്തുതികള്‍ സംഘംകൃതികളില്‍ വിരളമല്ല. (ഉദാ:- പരിപാടല്‍ 3-63-68, നറ്റിണൈവാഴ്‌ത്തുഗാഥ). സനാതനമതത്തിന്റെ പാരമ്പര്യം പഴന്തമിഴ് കാവ്യങ്ങളില്‍ പല രൂപത്തില്‍ കാണുന്നു. ഇക്കാര്യം തമിഴ് പുലവന്മാര്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വിഷ്ണുവിന്റെ പിറന്നാളാഘോഷം പ്രാചീന തമിഴകത്തുണ്ടായിരുന്നതിന് തെളിവാണ് മാങ്കുടി മരുതനാരുടെ മധുരൈക്കാഞ്ചി. രുദ്രന്‍ കണ്ണനാരുടെ പെരുമ്പാണാറ്റുപ്പടൈ, പതിറ്റുപ്പത്ത്, പരിപാടല്‍ എന്നീ കവിതകളിലും വിഷ്ണുക്ഷേത്രങ്ങളെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്.
ഏതു കാലത്താണ് സൃഷ്ടിസ്ഥിതി സംഹാരമൂര്‍ത്തികളായി ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ കല്‍പ്പിച്ചതെന്നു വ്യക്തമല്ല. വൈദിക ദേവന്മാരായ ഇന്ദ്രാദിദേവകളുടെ സ്ഥാനം താണുപോയത് യജ്ഞസംസ്‌ക്കാരത്തിന്റെ പ്രാഭവം കൊണ്ടാകാം. അവതാരങ്ങള്‍ നിരവധിയുണ്ടെങ്കിലും ദശാവതാരങ്ങള്‍ക്കാണ് ഏറെ പ്രചാരം. ശതപഥബ്രാഹ്മണത്തിലെ ദശാവതാരങ്ങള്‍ ഇനിപ്പറയുന്നവയാണ്. ‘മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ദാശരഥി രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, കല്‍കി.’ പക്ഷേ പില്‍ക്കാലത്ത് ബുദ്ധന്റെ സ്ഥാനം ബലരാമന്‍ കൈയ്യടക്കി. ശ്രീമദ്ഭാഗവതത്തില്‍ മൂന്ന് അവതാരപ്പട്ടികയുണ്ട്. ആദ്യത്തേതില്‍ 22-ം രണ്ടാമത്തേതില്‍ 23-ം മൂന്നാമത്തേതില്‍ 16-ം അവതാരങ്ങളുണ്ട്. പഴന്തമിഴ് പാട്ടുകളില്‍ കൂര്‍മ്മം, വരാഹം, നൃസിംഹം, വാമനന്‍ പരശുരാമന്‍, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ബലദേവന്‍ എന്നീ അവതാരങ്ങളെപ്പറ്റി സൂചനകള്‍ ലഭ്യമാണ്. ദ്രാവിഡദേശത്തിലെ സത്യവ്രതമനുവിന്റെ കൈക്കുമ്പിളിലെ ജലത്തിലാണ് മത്സ്യാവതാരം നടന്നതെന്ന് പുരാണസൂചനയുണ്ടെങ്കിലും പഴന്തമിഴ്പാട്ടുകളില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. പരിപാടലില്‍ കൂര്‍മ്മം, വരാഹം, നൃസിംഹം അവതാരങ്ങളും മുല്ലൈപ്പാട്ടില്‍ വാമനാവതാരവും വക്രോക്തിരൂപത്തില്‍ ചിത്രീകൃതമായിട്ടുണ്ട്. അകനാനൂറില്‍ (220-3-6) ചെല്ലൂരിലെ യജ്ഞത്തെപ്പറ്റി പറയുമ്പോള്‍ ‘മഴുവാള്‍ നെടിയോന്‍’ (മഴുവേന്തിയ ദൈവം – പരശുരാമന്‍) കടന്നുവരുന്നു. കേരളത്തിലെ ഏറ്റവും പഴയ ബ്രാഹ്മണഗ്രാമമാണ് ചെല്ലൂര്‍ (തളിപ്പറമ്പ) അകനാനൂറ് 70-ല്‍ ദാശരഥിരാമന്‍ കോടിക്കരയില്‍വെച്ച് പക്ഷികളെ വിലക്കിയെന്ന സൂചനയിലുടെയാണ് രാമാവതാരത്തെ കടാക്ഷിച്ചിട്ടുള്ളത്. നറ്റിണൈയിലെ 32-ാം പാട്ടില്‍ കൃഷ്ണനും ബലദേവനും വരുന്നു. ദശാവതാരകഥകള്‍ ജനമധ്യത്തിലേക്കു വ്യാപിച്ചത് ഹൈന്ദവമതത്തിന്റെ വ്യാപനത്തോടുകൂടിയല്ലാതെ സംഭവിക്കാന്‍ മാര്‍ഗ്ഗമില്ല.
പഴന്തമിഴിന്റെ മാത്രമെന്നു എണ്ണപ്പെട്ടിട്ടുള്ള തിണസങ്കല്‍പ്പത്തിനും വിവാഹപൂര്‍വപ്രേമത്തിനും അകംകവിതകള്‍ക്കും ആരാഞ്ഞു. ചെന്നാല്‍ ചില പൂര്‍വമാതൃകകള്‍ കിട്ടിക്കൂടായ്കയില്ല. പ്രാകൃതാപഭ്രംശകാവ്യങ്ങളിലേക്കും വിശിഷ്യ ഹാലന്റെ സപ്തശതിയിലേക്കും ഋക്‌വേദത്തിലെ ‘പഞ്ചക്ഷിതയഃ പഞ്ചാജനാഃ’ എന്നീ കാവ്യസങ്കേതങ്ങളിലേക്കും നീളുന്ന ഒരു ഗവേഷണപഥം പരമാര്‍ത്ഥികളായ ജ്ഞാനികള്‍ക്കു മുമ്പിലുണ്ട്. മഹത്തായൊരു സാഹിത്യപാരമ്പര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രാദേശികഭേദങ്ങളാണ് എല്ലാ ഇന്ത്യന്‍ സ്റ്റേറ്റുകളിലേയും സാഹിത്യവും സംസ്‌ക്കാരവും.
യാതും ഊരേ യാവരും കേളിര്‍
തീതു നന്റും പിരര്‍ തരവാരാ
നോതലും തനിതലും അവറ്റോര്‍ അന്ന
ചാതലും പുതുവതു അന്റേ വാഴ്തല്‍
(പുറനാനൂറ് പാട്ട് 192)
എനിക്ക് എല്ലാം സ്വന്തനാടാണ്. എല്ലാവരും സ്വന്തക്കാരും. തിന്മയും നമ്മയും താനേ വരുന്നതല്ലാതെ മറ്റുള്ളവര്‍ വരുത്തുന്നതല്ല. വേദനിക്കുന്നതും അതു മാറുന്നതും സ്വയമേവ വരുന്നതാണ്. മരണവും പുതുതല്ല; ജീവിതം തുടങ്ങിയ അന്നേ തുടങ്ങിയതാണ്.
കണിയന്‍ പുങ്കുന്റന്‍ എന്ന കവിയുടെ ജീവിതവീക്ഷണം എത്ര ചേതോഹരം, ഉദാത്തം.
(ഭാരതീയ വിചാരകേന്ദ്രം സെമിനാറില്‍ അവതരിപ്പിച്ചത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: