അഞ്ചു സെന്റ് ഭൂമിയില്‍ ചെറിയൊരു വീട് പണിഞ്ഞുകൊണ്ടിരിക്കുകയാണ്. വീടിന്റെ ജനല്‍ വാതിലുക്കളെല്ലാം പഴയതാണ് ഉപയോഗിക്കുന്നത്. അടുക്കളയുടെ സ്ഥാനം വടക്കുപടിഞ്ഞാറ് ഭാഗത്തായിട്ടാണ്. പടിഞ്ഞാറു ഭാഗത്ത് കുറച്ച് സ്ഥലമുണ്ട്. അവിടെ കിണര്‍ കുഴിക്കുന്നതില്‍ തെറ്റുണ്ടോ? സെപ്റ്റിക്ക് ടാങ്ക് എടുക്കേണ്ട സ്ഥാനം ഏതാണ്?
അഞ്ചു സെന്റിനകത്ത് ഒരു ചെറിയ വീട് പണിഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിന് ഉപയോഗിച്ച തടികളെല്ലാം പഴയതാണെന്നാണ് പറഞ്ഞിട്ടുള്ളത്. സാമ്പത്തികലാഭം നോക്കിയാണ് പല ആള്‍ക്കാരും ഉപയോഗിച്ചു കഴിഞ്ഞ പഴയ വീടിന്റെ തടികള്‍ പുതിയ കെട്ടിടത്തിനു വേണ്ടി വാങ്ങുന്നത്. ഇതു തികച്ചും അപകടകരമായ പ്രവണതയാണ്.വീടുപണി പൂര്‍ത്തിയായില്ലെങ്കില്‍ മുന്‍ വശത്തെ വാതിലെങ്കിലും പുതിയ തടിയില്‍ പണിയുന്നത് ഉചിതമായിരിക്കും. കിണറിനുള്ള സ്ഥാനം മകരം, കുംഭം, മീനം, മേടം, ഇടവം രാശികളിലാണ് വേണ്ടത്. ഇതില്‍ ഏറ്റവും ഉത്തമം വടക്കു കിഴക്കേ മൂലഭാഗമായ മീനം രാശിയില്‍ എടുക്കുന്നതാണ് ഐശ്വര്യം. അടുക്കളയുടെ സ്ഥാനം നല്ലതാണ്. പടിഞ്ഞാറുഭാഗത്ത് കിണറിനു സ്ഥാനം ഉത്തമമല്ല. സെപ്റ്റിക് ടാങ്ക് കിഴക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ, വീടിന്റെ മൂലകളില്‍ നിന്ന് ഒഴിച്ച് പണിയുവാന്‍ ശ്രദ്ധിക്കുക.
വീടുകോമ്പൗണ്ടിനുള്ളില്‍ വളര്‍ത്താവുന്ന വൃക്ഷങ്ങളും ദിക്കുകളും ഏതെല്ലാം?
വീടിന്റെ കിഴക്കുഭാഗത്ത് പൊക്കം കുറഞ്ഞ വൃക്ഷങ്ങളാണ് വളര്‍ത്തേണ്ടത്. ഉദാഹരണത്തിന് ഇലഞ്ഞി, ചെമ്പകം, കണിക്കൊന്ന മുതലായ പുഷ്പങ്ങളുള്ള വൃക്ഷങ്ങളും ധാരാളം പൂക്കള്‍ ഉള്ള കുറ്റിച്ചെടികളും കിഴക്കു ഭാഗത്ത് വളര്‍ത്തുന്നത് നല്ലതാണ്. വളരെയധികം സൂര്യപ്രകാശം ഈ ഭാഗത്തുകിട്ടാന്‍ സാധ്യതയുണ്ട്. വീടിന്റെ തെക്ക് ഭാഗത്ത് പുളി, വേപ്പ്, അത്തി, ഇത്തി മുതലായ വൃക്ഷങ്ങള്‍ വളര്‍ത്താവുന്നതാണ്. പടിഞ്ഞാറു ഭാഗത്ത് അരയാല്‍ പോലെയുള്ള വൃക്ഷങ്ങളും കവുങ്ങ്, തെങ്ങ് മുതലായവയും വളര്‍ത്താവുന്നതാണ്. ഉച്ചകഴിഞ്ഞുള്ള സൂര്യപ്രകാശത്തെ ചെറുക്കാന്‍ ഈ മരങ്ങള്‍ സഹായിക്കും. വടക്കുഭാഗത്ത് പ്ലാവ്, മാവ്, ഔഷധസസ്യങ്ങള്‍, കല്‍പ്പവൃക്ഷങ്ങള്‍ എന്നിവ വരാവുന്നതാണ്. വീടു കോമ്പൗണ്ടിനുള്ളില്‍ ശീമപ്ലാവ്, മുരിങ്ങ, നാരകം മുതലായവ ഒഴിവാക്കണം. നെഗറ്റീവ് എനര്‍ജി പുറപ്പെടുവിക്കുന്ന ധാരാളം ഓര്‍ക്കിഡുകള്‍ ഉണ്ട്. അവ ഒരിക്കലും വീടിന്റെ മുന്‍ ഭാഗത്ത് വയ്‌ക്കരുത്.
റോഡ് സൈഡിലെ മൂന്ന്‌സെന്റ് ഭൂമിയില്‍ കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്നു. താഴെ ഗ്രൗണ്ട് ലെവലില്‍ കടകള്‍ പണിയാനും ഒന്നും രണ്ടും നിലകളില്‍ താമസിക്കനുമാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ വാസ്തുശാസ്ത്രപരമായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
മൂന്ന് സെന്റിനകത്ത് നിങ്ങള്‍ കെട്ടിടം പണിയുമ്പോള്‍ ചുറ്റുമതിലിനോടു ചേര്‍ന്ന് ചുമര്‍ കെട്ടരുത്. വീടിന് നാല് ചുറ്റിലും ഒരള്‍ക്കെങ്കിലും കടന്നുപോകത്തക്ക സ്ഥലം വിടണം. ഗ്രൗണ്ട് ഫ്‌ളോര്‍ കടയായി മാറ്റുകയാണെങ്കില്‍ ഒന്നും രണ്ടും നിലകളില്‍ താമസിക്കുന്നതില്‍ തെറ്റില്ല. പുറത്തുകൂടിയുള്ള സ്‌റ്റെയര്‍കെയ്‌സ് ഒരു കാരണവശാലും വടക്കുകിഴക്കേ മൂലഭാഗത്തു നിന്ന് ആരംഭിക്കരുത്. താഴെനിന്നും മുകളിലേക്കുള്ള നിലകള്‍ പണിയുമ്പോള്‍ താഴത്തെ പൊക്കത്തിന്റെ അളവിനേക്കാള്‍ അല്‍പ്പമെങ്കിലും ചെറു തായിരിക്കുവാന്‍ ശ്രദ്ധിക്കുക. പ്രധാന ബെഡ്‌റൂമുകള്‍ തെക്കു ഭാഗത്തും വടക്കുഭാഗത്തും ക്രമീകരിക്കുക. അടുക്കള തെക്കുകിഴക്കുഭാഗത്തു വന്നാല്‍ നന്നായിരിക്കും. ആവശ്യത്തിനുമാത്രം ജനല്‍, വാതിലുകള്‍ കൊടുത്തു കെട്ടിടം പണിപൂര്‍ത്തീകരിക്കുക.
വീട്ടില്‍ വാട്ടര്‍ടാങ്ക്, ചെറിയ കുളം എന്നിവ എവിടെയാണ് സ്ഥാപിക്കേണ്ടത്?
വീടിന്റെ വടക്കു ഭാഗത്ത് ചെറിയ കുളം സ്ഥാപിക്കുന്നത് നല്ലതാണ്. അതുപോലെ വാട്ടര്‍ടാങ്ക് വടക്കുഭാഗത്താണ് സ്ഥാപിക്കേണ്ടത്. അടുക്കള ഏതു ഭാഗത്തു വന്നാലും സിങ്ക് സ്ഥാപിക്കുമ്പോള്‍ ആ മുറിയുടെ വടക്കുഭാഗത്തുതന്നെ ആയിരിക്കണം.
വീടിന്റെ ഗേറ്റു കൊടുക്കേണ്ട ഭാഗങ്ങള്‍ എവിടെയൊക്കെയാണ്?
കിഴക്കുദര്‍ശനമായി നില്‍ക്കുന്ന വീടിന് കിഴക്കുവടക്ക് ഭാഗത്ത് ഗേറ്റ് കൊടുക്കുക. തെക്കുദര്‍ശനമായി നില്‍ക്കുന്ന വീടിന് തെക്കു കിഴക്കു ഭാഗത്തായി ഗേറ്റ് കൊടുക്കുക. പടിഞ്ഞാറു ദര്‍ശനമായി നില്‍ക്കുന്ന വീടിന് പടിഞ്ഞാറുവടക്കായി ഗേറ്റ് സ്ഥാപിക്കുക. വടക്കു ദര്‍ശനമായി നില്‍ക്കുന്ന വീടിന് വടക്കുകിഴക്കായി ഗേറ്റ് സ്ഥാപിക്കുക.
പുതിയൊരു വീട് പണിഞ്ഞിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. വീടിന്റെ ദര്‍ശനം തെക്കാണ്. തെക്കോട്ടുദര്‍ശനം വേണ്ടായിരുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു. തെക്കിനെ ഇത നീചമായി കാണുന്നത് എന്തുകൊണ്ടാണ്?
ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ മരണാനന്തരം തല തെക്കോട്ട് വരത്തക്കവിധം ഭൗതികദേഹം കിടത്തുന്ന പതിവുള്ളതുകൊണ്ടാകാം തെക്കോട്ട് എടുക്കുക എന്ന പദപ്രയോഗവും ഉണ്ടായത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഊര്‍ജപ്രവാഹം ലഭിക്കുന്നത് തെക്കുഭാഗത്ത നിന്നാണ്. തെക്കുഭാഗത്തേക്ക് ദര്‍ശനമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കൂടാതെ ബിസിനസ്സ് സംബന്ധമായിട്ടുള്ളവര്‍ക്ക് തെക്കുദര്‍ശനം വളരെ ഏറെ ഗുണങ്ങള്‍ നല്‍കും.
വീടുകോമ്പൗണ്ടിനുള്ളില്‍നിന്നും മഴവെള്ളം പുറത്തേക്ക് വിടുന്ന ദിക്ക് ഏതെല്ലാം?
ഒരു വീടിനെ സംബന്ധിച്ച് മഴവെള്ളം ഒഴുക്കിവിടേണ്ടത് കിഴക്കോ വടക്കോ ആയിരിക്കണം. അതിന് എന്തെങ്കിലും തടസ്സം ഉണ്ടെങ്കില്‍ പടിഞ്ഞാറ് ആകുന്നതിലും തെറ്റില്ല. എന്നാല്‍ ഒരു കാരണവശാലും തെക്കോട്ട് ഒഴുക്കിവിടരുത്. അങ്ങനെ സംഭവിച്ചാല്‍ വീടിന്റെ സര്‍വ്വ ഐശ്യര്യങ്ങളും നശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: