ആദികവിയായ വാല്മീകി, രാമായണം എന്ന ആദികാവ്യ രചനയിലൂടെ ലോകത്തിനു തന്ന സന്ദേശം വളരെ വലുതാണ്. പ്രപഞ്ചത്തിലുള്ള എല്ലാത്തിനേയും (സസ്യങ്ങള്‍, ജലം, പക്ഷി, മൃഗം, മനുഷ്യര്‍, ദേവന്മാര്‍, അസുരന്മാര്‍) കൂട്ടിയിണക്കിയുള്ള ഒരു ജീവിതരീതി രാമായണത്തില്‍ ഉടനീളം കാണാം. ഒരാരോരുത്തര്‍ക്കും അവരവടുടേതായ ജീവിതരീതിയും നിയമങ്ങളുമൊക്കെയുണ്ട്. ഇതിനു വ്യതിയാനം വരുമ്പോഴാണ് യുദ്ധങ്ങളും കെടുതികളുമൊക്കെ സംഭവിക്കുന്നത്. ഇവയെല്ലാം ആധാരമാക്കിക്കൊണ്ട്, കഥകള്‍, ഉപദേശങ്ങള്‍, അനുഭവങ്ങള്‍, ജീവിതയാഥാര്‍ഥ്യങ്ങള്‍, ഭക്തി എല്ലാം രാമായണത്തിലുണ്ട്. മനുഷ്യര്‍ക്കു വേണ്ടി ഈ കാവ്യം തന്നതു തന്നെ ജീവിതത്തില്‍ എപ്പോഴെങ്കിലും ഇതൊക്കെ ആവശ്യമായി വരും. അപ്പോള്‍ ഉപകാരപ്പെടുന്നതിനു വേണ്ടിയാണ്. വെറുതേ വായിക്കാതെ രാമായണം പഠിക്കണം, നന്നായിത്തന്നെ പഠിക്കണം.
രാമായണത്തിലൂടെ നമ്മള്‍ അടുത്തറിഞ്ഞ രണ്ടു പക്ഷിസഹോദരന്മാരാണ് ശ്രേഷ്ഠരായ ജടായുവും സമ്പാതിയും. വനവാസത്തിനിടയില്‍ സീതയെ കാണാതായപ്പോള്‍ ആദ്യമായി സീതാദേവിയെക്കുറിച്ചുള്ള രാമലക്ഷ്മണന്മാര്‍ക്ക് കിട്ടുന്നത് ജടായുവില്‍ നിന്നാണ്. രാവണന്‍ സീതാദേവിയെ അപഹരിച്ചു കൊണ്ടു പോകുമ്പോള്‍ ‘രാമ രാമ’ എന്നുള്ള സീതാദേവിയുെട വിലാപസ്വരം കേട്ട് രാവണനോട് ശക്തമായി എതിര്‍ക്കുകയും അതിശക്തനായ രാവണന്റെ ചന്ദ്രഹാസം കൊണ്ട് പരിക്കേറ്റ് ജടായു ഭൂമിയിലേക്ക് പതിക്കുകയും ചെയ്തു. ശ്രീരാമനെക്കണ്ട് സീതാദേവിയുടെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തു കഴിഞ്ഞേ മരണമുണ്ടാവൂ എന്ന് സീതാദേവി ജടായുവിനെ അനുഗ്രഹിക്കുന്നു. രാവണന്‍ ദേവിയെ ദക്ഷിണദിക്കിലേക്കാണ് കൊണ്ടുപോയതെന്ന് ജടായു അറിയിച്ചു.
ചൊല്ലുവാനില്ല ശക്തി മരണപീഡയാലേ
നല്ലതുവരുവതിനായനുഗ്രഹിക്കേണം
നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ
ബന്ധമറ്റീടും വണ്ണം മരിപ്പാനവകാശം
വന്നതുഭവല്‍കൃപാപാത്രമാകയാലഹം
പുണ്യപുരുഷ! പുരുഷോത്തമ! ദയാനിധേ!
(അധ്യാത്മ രാമായണം)
ജടായുവിന്റെ സഹോദരനാണ് സമ്പാതി. സൂര്യസാരഥിയായ അരുണന്റെയും ശ്വേനിയുടെയും മക്കളാണ് ജടായുവും സമ്പാതിയും. രണ്ടുപേരും അതീവ ബലവാന്മാരായിരുന്നു. ബലപരീക്ഷണങ്ങള്‍ നടത്തി സമ്പാതിയും അനുജനായ ജടായുവും പറന്നുയര്‍ന്ന് സൂര്യമണ്ഡലത്തിലെത്തി. സൂര്യതാപമേല്‍ക്കുന്നതില്‍ നിന്ന് അനുജനെ രക്ഷിക്കുന്നതിനിടയില്‍ വിടര്‍ത്തിപ്പിടിച്ചിരുന്ന സമ്പാതിയുടെ ചിറകുകള്‍ കരിഞ്ഞു. രണ്ടുപേരും നിലം പതിച്ചു. അങ്ങനെ രണ്ടുപേരും വേര്‍പിരിഞ്ഞു. ചിറകുകളില്ലാത്തതിനാല്‍ സമ്പാതിക്കു പറക്കുവാനോ, ഇരതേടുത്തതിനോ സാധിച്ചില്ല. സമ്പാതിയെ നേരത്തെ പരിചയമുണ്ടായിരുന്ന നിശാകര മഹാമുനി കാര്യങ്ങള്‍ അന്വേഷിച്ചു. തന്റെ ചിറകുകള്‍ മുളപ്പിച്ചു തരണമെന്ന സമ്പാതിയുടെ അപേക്ഷയ്‌ക്കു മറുപടിയായി മഹാമുനി പറയുന്ന വാക്കുകള്‍ വളരെ വിലപ്പെട്ടതാണ്. ദേഹം നിമിത്തമാണ് നമ്മുടെ സര്‍വദുഃഖങ്ങളെന്നും എല്ലാം മായയാണെന്നും ഞാനെന്ന അഹങ്കാരം ഈ ദേഹം നിമിത്തമാണെന്നും മഹാമുനി പറയുന്നു. ഒരു കുഞ്ഞിന്റെ ഗര്‍ഭാവസ്ഥ ആരംഭം മുതല്‍ ഒരു കുഞ്ഞായി പുറത്തു വരുന്നതുവരെയുള്ള കാര്യങ്ങള്‍ വളരെ വിശദമായി മഹാമുനി പറഞ്ഞു തരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ അത്യന്തം ക്ലേശകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ശിശു ജീവിതത്തത്തില്‍ ഉടനീളം ഈശ്വരസ്മരണയോടെ ജീവിച്ചുകൊള്ളാമെന്നു പ്രതിജ്ഞ എടുക്കുകയും പുറത്തുവരുന്ന വേളയില്‍ത്തന്നെ അതെല്ലാം വിസ്മരിക്കുകയും ചെയ്യുന്നു. പിന്നീട് ബാല്യം, കൗമാരം, യൗവ്വനം, വാര്‍ധക്യം എന്നീ അവസ്ഥകളില്‍ അനുഭവിക്കുന്ന ദുഃഖങ്ങളെല്ലാം ഈ ദേഹം നിമിത്തമാണ്.
‘ദേഹാദികളില്‍ മമത്വമുപേക്ഷിച്ചു
മോഹമകന്നാത്മജ്ഞാനിയായ്
വാഴ്ക നീ’
എന്നും മാമുനി സമ്പാതിയോടു പറയുന്നു. ഭഗവദ്ഗീതയിലും ഇതു തന്നെയല്ലേ പറയുന്നത്. ജ്ഞാനപ്പാനയിലും ഇതുതന്നെ പറയുന്നു. ഈ വക മഹാവാക്യങ്ങളൊക്കെ നമ്മളില്‍ ഓരോരുത്തരോടും കൂടെയാണ് പറയുന്നത്. ജീവിതയാത്രയിലെ പ്രതിസന്ധിഘട്ടങ്ങൡലൊക്കെ നമുക്കു തുണയാകുന്നത് ഈ ഉപദേശങ്ങളൊക്കെയാണ്. പിന്നീട് സമ്പാതിയുടെ സങ്കടത്തിന് പരിഹാരവും മഹാമുനി പറയുന്നുണ്ട്.
‘ത്രേതായുഗത്തില്‍ വിഷ്ണുവിന്റെ അംശമായ ശ്രീരാമന്റെ വനവാസകാലത്ത് ഭാര്യയായ സീതാദേവിയെ രാവണന്‍ അപഹരിക്കുന്നതു മൂലം സീതാന്വേഷണത്തിനായി വാനരന്മാര്‍ സഹായത്തിനായി നിന്നെ സമീപിക്കുമ്പോള്‍ അവര്‍ക്കു സഹായം ചെയ്തു കൊടുക്കുമ്പോള്‍ പുത്തന്‍ ചിറകുകള്‍ മുളച്ചു വരും. അങ്ങനെ സീതാന്വേഷണത്തിനായി സുഗ്രീവ സഖ്യത്തിന്റെ ഫലമായി ഹനുമാന്‍, അംഗദന്‍ തുടങ്ങിയ വാനരന്മാര്‍ ദക്ഷിണവാരിധി തീരത്തു വരികയും ഉപായം കാണാതെ വിഷമിക്കുകയും ചെയ്യുമ്പോള്‍ സീതാദേവി ലങ്കയില്‍ ഉണ്ടെന്നും ഈ സമുദ്രം കടന്ന്, ലങ്കയില്‍ രാവണരാജ്യത്തെത്താമെന്നും സമ്പാതി പറയുന്നു. പുത്തന്‍ ചിറകുകള്‍ ഉണ്ടായ സമ്പാതി പറന്നുയര്‍യുന്നു. അങ്ങനെ ജടായുവും സമ്പാതിയും സീതാന്വേഷണത്തില്‍ ശ്രീരാമചന്ദ്രന് സഹായകമാവുന്നുണ്ട്. സംഭാഷണമധ്യേ വാനരന്മാരില്‍ നിന്ന് ജടായുവിന്റെ വിവരം അറിയുന്ന സമ്പാതി ജടായുവിനു വേണ്ടി ഉദകക്രിയകള്‍ ചെയ്യുന്നുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: