വീടിനെ കുടുംബമാക്കുന്ന ഷട് ‘ഭ’ കാരങ്ങളില്‍ ഒന്നാണ് ഭോജനം. ഒരു നിവാസസ്ഥാനം എന്ന നിലയ്‌ക്ക് വീട്ടില്‍ ഉണ്ണാനും ഉറങ്ങാനും സൗകര്യം ഉണ്ടായിരിക്കണം. എന്നാല്‍ ആ നിവാസസ്ഥാനം തന്നെ ഒരു വികാസസ്ഥാനമാക്കണമെങ്കില്‍ ആഹാരശീലത്തിലും ചില ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെ രുചിയും താല്‍പര്യവും അറിഞ്ഞ് അമ്മ തയ്യാറാക്കുന്ന ആഹാരം ഒരു ഔഷധം തന്നെയാണ്. കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഇരുന്ന് അമ്മ വിളമ്പിയ അന്നം കഴിക്കുമ്പോള്‍ അത് ശരീരത്തിന് മാത്രമല്ല മനസ്സിനും ഊര്‍ജ്ജമേകുന്നതാണ്. ഇന്ന് വീടുകളില്‍ ആഹാരം തയ്യാറാക്കുന്നതിനു പകരം കടകളിലും ബേക്കറികളിലും തയ്യാറാക്കുന്ന ഭക്ഷണം വരുത്തി കഴിക്കുന്നത് ഒരു മേന്മയായി കരുതുന്നവരുണ്ട.് ഇത്തരം ആഹാര വസ്തുക്കളില്‍ നിറത്തിനും വശീകരണത്തിനും ചേര്‍ക്കുന്ന രാസവസ്തുക്കള്‍ പലപ്പോഴും നമ്മെ ആശുപത്രികളില്‍ എത്തിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ആഹാരത്തില്‍ പോഷകമൂല്യങ്ങളും രോഗപ്രതിരോധമൂല്യങ്ങളും ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട.് ‘ആഹാരം ഔഷധമാക്കാത്തവര്‍ക്ക് ഔഷധം ആഹാരം ആക്കേണ്ടി വരും’ എന്നൊരു പഴമൊഴിയുണ്ട്. നാം സസ്യഭുക്കാകണോ മാംസഭുക്കാകണോ എന്നത് തര്‍ക്കവിഷയമാക്കേണ്ടതില്ല. കാരണം പലരുടെയും ആഹാരരീതി സാഹചര്യത്തെ അനുസരിച്ചായിരിക്കും. കടല്‍ക്കരയിലെ ജനസമൂഹം ആഹാരത്തില്‍ മാംസത്തിന് പ്രാധാന്യം കൊടുക്കുന്നവരായേക്കാം. അതുപോലെ വയലോരത്ത് വസിക്കുന്നവരുടെ മുഖ്യാഹാരം സസ്യജന്യമായിരിക്കും. ഏതായാലും കഴിക്കുന്ന അന്നത്തെ ‘പ്രസാദ’മായി ആഹരിക്കുന്നത് ശരീരത്തിനും മനസ്സിനും ഗുണപ്രദമായിരിക്കും.
ഇത് പറയുമ്പോള്‍ ഒരു ജീവിതാനുഭവം ഓര്‍മ്മ വരുന്നു. പല കുടുംബങ്ങളുമായും ബന്ധപ്പെടേണ്ടി വന്ന കൂട്ടത്തില്‍ ഒരു അമ്മ ഒരു ആവലാതി പറഞ്ഞു. എന്ത് കറി വെച്ചാലും ‘വീട്ടുകാര്‍’ (ഭര്‍ത്താവ്) കുറ്റം പറയുകയാണ്. ഇതിന് എന്താണ് പോംവഴി? ചോദ്യം വാസ്തവത്തില്‍ എന്നെയും കുഴക്കി. എന്നിരുന്നാലും സരസ്വതി മാതാവിനെ വിശ്വസിച്ച് ഞാന്‍ ഒരു ഉത്തരം പറഞ്ഞു. ‘ഭക്ഷണം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും ഈശ്വരസങ്കല്പം ചെയ്തു നോക്കാന്‍ ശ്രമിക്കുക. വീട്ടിലുള്ളവര്‍ ഈശ്വരാംശംങ്ങളാണ.് അതിനാല്‍ വീട് ദേവാലയവും അന്നം പ്രസാദവും ആയിരിക്കണം.’
ആറുമാസം കഴിഞ്ഞ് എനിക്ക് വീണ്ടും അതേ സ്ഥലത്ത് പോകേണ്ടിവന്നു ഞാന്‍ എത്തിയതറിഞ്ഞ ആ അമ്മ എന്നെ അന്വേഷിച്ചെത്തി. ഞാന്‍ അമ്മയോട് പറഞ്ഞ കാര്യവും അമ്മയെയും ഞാന്‍ മറന്നുപോയിരുന്നു. പക്ഷേ ആ അമ്മ അതു വിശേഷമായി ഓര്‍ത്തു വെച്ചിരുന്നു. അമ്മ പറഞ്ഞു ‘മാഷ് പറഞ്ഞത് അച്ചട്ടായി (ശരിയായി).’അവരുടെ വീട്ടില്‍ ഐശ്വര്യം വിളയാടിയത്രേ! അമ്മയുടെ ഭാവനയും വിശ്വാസവുമാണ് യഥാര്‍ത്ഥത്തില്‍ വിജയിച്ചത്.
ഭക്ഷണം പ്രസാദമായി കഴിക്കുന്നതുപോലെ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് സാമോദം ഭക്ഷണം കഴിക്കുന്നതും കുടുംബ ഐശ്വര്യത്തിന് അനുപേക്ഷണീയമാണ്. അശുഭസ്ഥലങ്ങളിലും ടിവി മുറിയിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അശുഭം തന്നെ. ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധ ടിവിയില്‍ ആകുന്നതാണ് കാരണം. കുട്ടികളെ മൊബൈലുകളും, കാര്‍ട്ടൂണുകളും കാണിച്ച് ആഹാരം കഴിപ്പിക്കുന്നതും നിരുത്സാഹപ്പെടുത്തേണ്ടതാണ.്
ആഹാരശീലത്തിലെ സാത്വിക, രാജസ, താമസശീലത്തെക്കുറിച്ച് ഗീതയില്‍ അദ്ധ്യായം 17 ല്‍ ശ്ലോകം എട്ടുമുതല്‍ പറയുന്നുണ്ട്. വിസ്തരഭയാല്‍ അത് ഇവിടെ ഉദ്ധരിക്കുന്നില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക