മരണശേഷം ജീവാത്മാവ് (അനശ്വരനെങ്കിലും മായാബദ്ധ നെന്ന നിലയില്‍) ‘പിതൃ’ ആയി സൂക്ഷ്മശരീരിയായി ആത്യന്തികമായ മുക്തി ലഭിക്കുന്നതുവരെ (കര്‍മ്മഫലം അനുഭവിച്ചുതീരും വരെ) പുണ്യപാപങ്ങളുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് പുനര്‍ജന്മം സ്വീകരിച്ച് ഈ ലോകവുമായി ബന്ധപ്പെട്ട് വര്‍ത്തിക്കുന്നു എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. അങ്ങനെയുള്ള പിതാക്കള്‍ അവരുടെ കര്‍മ്മവാസനയനുസരിച്ച് ഹീനയോനികളിലോ ഉത്തമയോനികളിലോ വന്നു പിറക്കാന്‍ സാദ്ധ്യതയുണ്ട്. ശ്രേഷ്ഠമായ മനുഷ്യജന്മം ലഭിക്കുന്നതിനോ മുക്തിതന്നെ ലഭിക്കുന്നതിനോ കൂടുതല്‍ പുണ്യം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. സാധാരണ ജീവന്മാരെപ്പറ്റിയാണ് ഇങ്ങനെ പറയപ്പെടുന്നത്.
മേല്‍പറഞ്ഞതിനുപുറമേ വേറെ രണ്ടുതരം സാധകന്മാരെപ്പറ്റി ഗീതയിലും മറ്റും പ്രതിപാദിക്കുന്നുണ്ട്. ആദ്യത്തെ വിഭാഗം ജ്ഞാനസാധകരായിരുന്ന് ജീവിതാന്ത്യത്തില്‍ മരിച്ചതിനുശേഷം ദേവയാനത്തില്‍ കൂടി ഗമിച്ച് ആവൃത്തിരഹിതമായ മോക്ഷപദം പ്രാപിക്കുന്നവരാണ്. ഇതല്ലാതെ ജീവിതത്തില്‍ കര്‍മ്മമാര്‍ഗ്ഗസാധകരായിരുന്ന മരിക്കുന്ന പിതൃക്കള്‍ പിതൃയാനത്തില്‍കൂടി ഗമിച്ച് ചന്ദ്രലോകമായി വ്യവഹരിക്കപ്പെടുന്ന പിതൃലോകത്തില്‍ എത്തി അവിടെ ആ ജീവന്റെ പുണ്യങ്ങള്‍ക്ക് വിഹിതമായ സുഖാനുഭൂതികള്‍ ആസ്വദിച്ചതിനുശേഷം ഈ ലോകത്തിലേക്കു തന്നെ തിരികെ വന്നു ചേരുന്നു. (ക്ഷീണേ പുണ്യ മര്‍ത്ത്യ ലോകം വിശന്തി). ഇങ്ങനെയുള്ള പിതൃക്കള്‍ക്കുവേണ്ടിയും കൂടുതല്‍ പുണ്യം സഞ്ചയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് ശരീരമില്ലാത്തതുകൊണ്ട് സ്വയം കര്‍മ്മം ചെയ്യാനാവില്ല. അവര്‍ക്കു വേണ്ടി അവരുടെതന്നെ ഭാഗമായ അഥവാ അവര്‍തന്നെയായ പിന്‍തലമുറക്കാര്‍ പുണ്യകര്‍മ്മമെന്ന നിലയില്‍ ബലിതര്‍പ്പണം എന്ന പിതൃകര്‍മ്മം ആചരിക്കുന്നു. (ആത്മാ വൈ പുത്രനാമാസി … താന്‍ തന്നെയാണ് പുത്രനായി ജനിക്കുന്നത് എന്ന് ശ്രുതിവചനമുണ്ട്. )പിണ്ഡം അര്‍പ്പിക്കല്‍ കേവലം ഭൂതബലി എന്ന അര്‍ത്ഥത്തിലായാല്‍ പോലും പുണ്യകര്‍മ്മമാണല്ലോ. ഇതിനുപുറമേ ആണ്ടില്‍ ഒരു ദിവസമെങ്കിലും പിതൃസ്മരണകൊണ്ട് ജീവിതത്തില്‍ ധന്യത നേടു ന്നതിനും ഈ ആചാരം ഉപകരിക്കുന്നു.
പിതൃമേധസൂത്രങ്ങള്‍ക്കു പുറമേ ഉശനസസ്മൃതി, ഗൗതമ സ്മൃതി, വിഷ്ണു പുരാണം, കൂര്‍മ്മപുരാണം, ഗരുഡപുരാണം എന്നീ ഗ്രന്ഥങ്ങളിലും പിതൃകര്‍മ്മങ്ങളെപ്പറ്റി പരാമര്‍ശമുണ്ട്. ഗരുഡപുരാണത്തില്‍ ഈ വിഷയത്തെപ്പറ്റി വളരെ വിപുലമായ വിവരണം തന്നെയുണ്ട്. ഇപ്പറഞ്ഞ പല ഗ്രന്ഥങ്ങളിലും പിതൃകര്‍മ്മങ്ങള്‍ ആചരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ദോഷങ്ങളെപ്പറ്റിയും പറയുന്നുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: