Categories: Main Article

കേരളം വിദ്യാഭ്യാസ പൈതൃകം വീണ്ടെടുക്കണം

കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയുടെ വസ്തുതകള്‍ അവതരിപ്പിച്ച ലേഖനപരമ്പരയെ തുടര്‍ന്ന് നിരവധി പേര്‍ ഇതിനുള്ള പരിഹാരമെന്തെന്നും കണ്‍കറന്റ് പട്ടികയിലെ വിദ്യാഭ്യാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എങ്ങിനെ ഇടപ്പെടുന്നുവെന്നും അന്വേഷിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് ഈ ലേഖനം. കേരളത്തിന് വിദ്യാഭ്യാസ പൈതൃകവും ഗുണനിലവാരവും തിരിച്ചുപിടിക്കാനള്ള സുവര്‍ണ്ണാവസരമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ഒരുക്കുന്നത്.

Published by

ഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ശാലസിദ്ധി. വിദ്യാഭ്യാസത്തെ വിദ്യാലയങ്ങള്‍ തന്നെ സ്വയം വിലയിരുത്തി വളര്‍ച്ചയുടെ പടവുകള്‍ കയറാനുള്ള പദ്ധതികള്‍ സ്വയം ആവിഷ്‌കരിക്കുകയും, സര്‍ക്കാര്‍ അതിനെ പിന്തുണയ്‌ക്കുന്നതുമാണ് ശാല സിദ്ധി. ഏഴ് മേഖലകളിലായി വിദ്യാലയം സ്വയം വിലയിരുത്തിക്കൊണ്ട് വളര്‍ച്ചയ്‌ക്കുള്ള മാര്‍ഗം സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകളുടെയും സമീപസ്ഥ സമൂഹത്തിന്റെയും സഹായത്തോടെ നേടാന്‍ കഴിയുന്ന വികേന്ദ്രീകൃതവും ജനാധിപത്യപരവും സ്വയം ശാക്തീകരണത്തില്‍ ഊന്നിയുമുള്ള പദ്ധതിയാണിത്. ഈ പദ്ധതിയോട് കേരളം ആദ്യം മുഖം തിരിഞ്ഞു നില്‍ക്കുകയാണുണ്ടായത്. എല്ലാ ചോദ്യങ്ങള്‍ക്കും സൂപ്പര്‍ലേറ്റിവ് ഡിഗ്രിയില്‍ ഉത്തരം നല്‍കി ‘ഒന്നാമതാണ്’ എന്ന് തോന്നലുളവാക്കാനുള്ള വ്യഗ്രതപൂണ്ട സമീപനമാണ് കേരളം പിന്തുടര്‍ന്നത്. തുടര്‍ന്ന് പദ്ധതി വിഹിതങ്ങള്‍ കുറഞ്ഞപ്പോള്‍ എല്ലാ മേഖലയിലും പണം തട്ടാന്‍ തിരിച്ചുള്ള പദ്ധതിമെനഞ്ഞു. ഒരു വിദ്യാലയത്തിനുപോലും ഈ പദ്ധതിയിലൂടെ ആത്മപരിശോധനയ്‌ക്കും ആത്മോത്കര്‍ഷത്തിനും സഹായിക്കുന്ന പരിശീലനം നല്‍കാനും, എന്തിന് പ്രേരണ നല്‍കാന്‍ പോലും കേരള സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോഴും മുന്‍ വര്‍ഷത്തെ എസ്എസ്എ ഫണ്ട് ലഭിക്കുന്നതിന് ആവശ്യമായ പദ്ധതി രേഖകള്‍ പോലും തയ്യാറാക്കിയിട്ടില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നപേരില്‍ എല്ലാ ജില്ലകളിലും പാര്‍ട്ടി കേഡര്‍മാരെ നിയോഗിച്ച്, അവരുടെ തന്നെ പാര്‍ട്ടി കേഡര്‍മാര്‍ പ്രവര്‍ത്തിക്കുന്ന ബിആര്‍സി(ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) പോലുള്ളവ, സമഗ്രശിക്ഷാപദ്ധതിയുടെ പരാദജീവികളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

എല്ലാവര്‍ഷവും ഈ പദ്ധതി വിദ്യാലയങ്ങള്‍ക്ക് സ്വയം തിരുത്തലിന് അവസരം നല്‍കുന്നു. ഏഴുമേഖലകളില്‍ വിദ്യാലയം എവിടെ നില്‍ക്കുന്നു, അടുത്ത തലത്തിലേക്ക് കയറാനുള്ള ആസൂത്രണം എന്താണ്, അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയാണ്, ഇതുറപ്പിക്കുന്നതാണ് ശാല സിദ്ധിയുടെ പ്രവര്‍ത്തനം. വിദ്യാലയ വിഭവങ്ങളുടെ ലഭ്യത, പര്യാപ്തത, ഉപയോഗക്ഷമത എന്നിവയാണ് ആദ്യമായി വിലയിരുത്തുന്നത്. ഏതൊരു വിദ്യാലയത്തിനും അതിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് ഭൗതിക സാഹചര്യങ്ങള്‍, മനുഷ്യ വിഭവശേഷി, സമ്പത്ത്, വിവിധ സാമഗ്രികള്‍ എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ വേണം. ഉയര്‍ന്ന നിലവാരത്തിലുള്ള ശുചിത്വ, സുരക്ഷ, സംവിധാനങ്ങള്‍ ഉറപ്പുവരുത്തി ലഭ്യമായ വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലാണ് വിദ്യാലയം മികവു കാണിക്കേണ്ടത്.

വിദ്യാലയ പരിസരം, കളിസ്ഥലം, ക്ലാസ് മുറികള്‍, വൈദ്യുതീകരണം, ലൈബ്രറി, ലബോറട്ടറി, കമ്പ്യൂട്ടര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട പ്രത്യേക സംവിധാനങ്ങള്‍, അരോഗ്യപ്രദമായ അന്തരീക്ഷത്തിലെ ഉച്ചഭക്ഷണം തയ്യാറാക്കല്‍, പൊതുശുചിത്വം, കുടിവെള്ളം, മറ്റാവശ്യങ്ങള്‍ക്കുള്ള ജല സംവിധാനം എന്നിവയെല്ലാം വിദ്യാലയത്തിന്റെ വിഭവ ലഭ്യതയുടെയും ഉപയോഗക്ഷമതയുടെയും സൂചകങ്ങളാണ്. ഇത് വിലയിരുത്തി ആവശ്യമായ പദ്ധതികള്‍ സമര്‍പ്പിച്ച് സാമ്പത്തിക സഹായം ബിആര്‍സി മുഖാന്തിരം വിദ്യാലയങ്ങള്‍ക്ക് നല്‍കുന്ന പരിപാടി ഒച്ചിന്റെ വേഗത്തിലാണ് പുരോഗമിക്കുന്നത്. മിക്ക പദ്ധതികളിലും 4% വരെ സംസ്ഥാന ഏജന്‍സികളാണ് നിക്ഷേപം നടത്തേണ്ടത്.

പഠനബോധന തന്ത്രങ്ങളിലൂടെയാണ് വിദ്യാലയത്തിന്റെ അക്കാദമികമായ പരിവര്‍ത്തനത്തിനെ വിലയിരുത്താന്‍ സാധിക്കുക. പഠന പുരോഗതി, പഠനനേട്ടം, വിദ്യാര്‍ത്ഥിയുടെ സമഗ്ര വികാസം എന്നിവയെല്ലാം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യമാണ്. സമഗ്ര വികാസം എന്നാല്‍ വൈജ്ഞാനിക, വൈകാരിക, സാമൂഹിക മേഖലകളില്‍ വിദ്യാര്‍ഥി കൈവരിക്കുന്ന വളര്‍ച്ചയാണ്. അധ്യാപകരുടെ തൊഴില്‍ വികസനവും നൈപുണ്യ വികസനവും ഈ രംഗത്ത് വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. അധ്യാപക ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരവും അതിന്റെ പഠന പുരോഗതിയിലുള്ള സ്വാധീനവും ആത്മാര്‍ഥമായി വിലയിരുത്തണം. അധ്യാപക ഒഴിവ് ഉടനടി നികത്താന്‍ പ്രാഥമിക തലത്തിലെ അധ്യാപകര്‍ക്ക് 30000, മധ്യമതലത്തില്‍ 35,000, സെക്കന്‍ഡറി തലത്തില്‍ 40000 അടിസ്ഥാന ശമ്പളം കണക്കാക്കി, അതിന്റെ 50% കേന്ദ്രം നല്‍കുമ്പോള്‍ കേന്ദ്ര വിഹിതം മാത്രമാണ് താല്‍ക്കാലിക അധ്യാപകര്‍ക്ക് കേരളം നല്‍കുന്നത്.

തുന്നല്‍, ക്രാഫ്റ്റ്, സംഗീതം, ചിത്രരചന, കായികം എന്നീ തസ്തികകളില്‍ അധ്യാപകര്‍ വിരമിക്കുന്ന മുറയ്‌ക്ക് തുടര്‍നിയമനം കേരളത്തില്‍ ഉണ്ടായിരുന്നില്ല. സമഗ്രശിക്ഷാ പദ്ധതിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50% നിരക്കില്‍ സാമ്പത്തിക സഹായത്തോടെ ഈ തസ്തികകളില്‍ ഉടനടി നിയമനം നടത്താം. എന്നാല്‍ ഈ അധ്യാപകര്‍ക്ക് കേന്ദ്ര വിഹിതം മാത്രമാണ് ഇവിടെ നല്‍കി വരുന്നത്. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത മുഴുവന്‍ ഗ്രാമങ്ങളിലും നിലവിലെ ഒരു യുപി വിദ്യാലയത്തെ ഹൈസ്‌കൂള്‍ ആക്കാനുള്ള ചെലവും കേന്ദ്ര സര്‍ക്കാര്‍ വഹിച്ചുവരുന്നു.

സമഗ്ര ശിക്ഷാ അഭിയാനും പിഎം പോഷനും  എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പും എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പദ്ധതികളും കായികക്ഷമത വര്‍ദ്ധിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ പദ്ധതിയും കുട്ടികളുടെ സമഗ്ര വ്യക്തിത്വവികാസത്തെ പ്രോത്സാഹിപ്പിക്കുന്ന ആവിഷ്‌കാര്‍ അഭിയാനും ഭാരതത്തിലെ വ്യത്യസ്ത പ്രദേശങ്ങളിലെ ജീവിതത്തെ അടുത്തറിയുന്ന ഏക്ഭാരത ശ്രേഷ്ഠ ഭാരത പദ്ധതിയും ശിശു വിദ്യാഭ്യാസത്തിനു വേണ്ടി തയ്യാറാക്കിയ ഇസിസിഇയും സത്യസന്ധമായി നടപ്പാക്കാന്‍ എന്തുകൊണ്ടാണ് കേരളം മടിക്കുന്നതെന്നറിയില്ല. കുട്ടികളില്‍ ശാസ്ത്ര അഭിരുചിയും ഗവേഷണത്വരയും വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ആരംഭിച്ച അടല്‍ ടിങ്കറിംഗ് ലാബ് പദ്ധതി കേരളത്തില്‍ മുന്നൂറോളം വിദ്യാലയങ്ങള്‍ക്ക് അനുവദിച്ചു. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലും കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള നവോദയ വിദ്യാലയങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും അനുവദിച്ചു. അതിനുപുറമെ മറ്റു സ്വകാര്യ സിബിഎസ്ഇ വിദ്യാലയങ്ങള്‍ക്കും അവരുടെ അപേക്ഷയ്‌ക്കനുസരിച്ച്, സാഹചര്യങ്ങള്‍ വിലയിരുത്തി ടിങ്കറിങ് ലാബുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതു വിദ്യാലയങ്ങളില്‍ ഈ പദ്ധതി ഇന്ന് എങ്ങനെയാണ് മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്നു വിലയിരുത്തേണ്ടതാണ്. സ്വകാര്യ-കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ പദ്ധതിയെ പ്രയോജനപ്പെടുത്തുന്നതും അതിന്റെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ മാറ്റത്തെയും കൂടി വിലയിരുത്തേണ്ടതുണ്ട്. സൈനിക വിദ്യാലയങ്ങള്‍, അഗ്‌നിവീര്‍ പദ്ധതി എന്നിവയോടും കേരളം തണുത്ത സമീപനമാണ് തുടരുന്നത്.

പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ദേശവ്യാപകമായി 14500 മാതൃകാ വിദ്യാലയങ്ങള്‍ (ഒരു നിയോജമണ്ഡലത്തില്‍ ഒന്ന്)ഒരുക്കാനുള്ള പദ്ധതിയോടും കേരളത്തിന്റെ നിഷേധാത്മക സമീപനമാണ്. പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് വളര്‍ത്തിയെടുക്കുന്നതിന് വിഭാവനം ചെയ്ത ‘പിഎം ശ്രീ’ വിദ്യാലയ പദ്ധതിയോട് പൂര്‍ണമായി വിയോജിപ്പു രേഖപ്പെടുത്തിയ കേരളം ഹിമാലയന്‍ വങ്കത്തരമാണ് കാണിച്ചിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ ആറായിരത്തിലധികം വിദ്യാലയങ്ങളെ തിരഞ്ഞെടുത്തപ്പോള്‍ കേരളത്തിലെ ഒരു സംസ്ഥാന വിദ്യാലയം പോലും ഉള്‍പ്പെട്ടിട്ടില്ല. കേരളത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയവും അതിനപേക്ഷ സമര്‍പ്പിച്ചില്ല. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഉപയുക്തമാകുന്ന സമഗ്ര വ്യക്തിത്വ വികസനം സാധ്യമാകുന്ന നൈപുണ്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കാന്‍ കേരളം ഒരുക്കമല്ലെന്ന രാഷ്‌ട്രീയ നിലപാടാണ് കേരളത്തില്‍ ഇത്രയും വലിയ ഒരു നഷ്ടം വരുത്തിയിരിക്കുന്നത്.

കേരളം മാറി ചിന്തിച്ചേ പറ്റൂ. അല്ലെങ്കില്‍ കേരളത്തിന് നഷ്ടമാകാന്‍ പോകുന്നത് വലിയ അവസരങ്ങളായിരിക്കും. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന വിവിധ പദ്ധതികളെ സ്വീകരിക്കാന്‍ രാഷ്‌ട്രീയമായി വ്യത്യസ്ത ചേരികളില്‍ നില്‍ക്കുമ്പോഴും മറ്റു സംസ്ഥാനങ്ങള്‍ രണ്ടുകയ്യും നീട്ടി മുന്നോട്ടുവരുന്നത് കേരള സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

വിദ്യാലയത്തിന്റെ കാലാനുസൃതമായ പരിവര്‍ത്തനത്തിന് വിദ്യാലയ നേതൃത്വം മുന്നോട്ടുവരണമെങ്കില്‍ നേതൃത്വത്തില്‍ വരുന്ന അധ്യാപകരെയും പിടിഎ, എസ്എംസി തുടങ്ങിയ സംവിധാനങ്ങളെയും രാഷ്‌ട്രീയമുക്തമാക്കണം. സാമൂഹ്യപരിവര്‍ത്തനത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പങ്കിനെ കുറിച്ച് കൃത്യമായ ധാരണകള്‍ ജനിപ്പിക്കാനും സാധിക്കണം. ഗ്രന്ഥശാലാ സംഘങ്ങളും വായനശാലകളും സഹകരണ സംഘങ്ങളും പിടിച്ചെടുത്ത രീതിയില്‍ വിദ്യാലയങ്ങള്‍ പിടിഎയിലൂടെയും എസ്എംസിയിലൂടെയും പിടിച്ചെടുക്കുന്ന തരം താണ രാഷ്‌ട്രീയ സമീപനമാണ് മിക്കയിടങ്ങളിലും ഉണ്ടാകുന്നത്. ഓരോ വിദ്യാലയത്തിനും ഒരു കാഴ്ചപ്പാട് നല്‍കാന്‍ സാധിക്കണം. അതിനാവശ്യമായ പഠനഗവേഷണ ആസൂത്രണങ്ങള്‍ വികേന്ദ്രീകൃതമായി വിദ്യാലയത്തിനും പങ്കാളിത്ത സമൂഹത്തിനും ഒരുമിച്ച് ചേര്‍ന്ന് ആസൂത്രണം ചെയ്യാനാകണം. ഈ പദ്ധതിയുടെ ഭാഗമായി ഏതാനും വര്‍ഷം മുമ്പ് ഓരോ വിദ്യാലയത്തിനും മാസ്റ്റര്‍ പ്ലാനുകള്‍- ‘സമഗ്ര വികസന രേഖ’ തയ്യാറാക്കിയിരുന്നു. ഇന്ന് ഈ മാസ്റ്റര്‍ പ്ലാനുകളുടെ സ്ഥിതിയും വിദ്യാലയങ്ങളുടെ മുന്നോട്ടുള്ള പോക്കും തമ്മില്‍ എവിടെയാണ് ഏകോപനം നടക്കുന്നതെന്ന് വിലയിരുത്തേണ്ടതുണ്ട്. എല്ലാം കേരളത്തിന്റെ തനതുപദ്ധതികളാണെന്നുള്ള അവകാശവാദവും പുകമറ സൃഷ്ടിക്കലുമാണ് എല്ലാ പദ്ധതികളും അവസാനം പരാജയപ്പെടുന്നതിലേക്ക് ചെന്നെത്തുന്നത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് തിരുമാനിച്ചിരിക്കയാണ്, അവിടുത്തെ വിദ്യാഭ്യാസം കേരള ബോര്‍ഡില്‍ നിന്ന് മാറ്റി, സിബിഎസ്ഇയില്‍ അഫിലിയേറ്റ് ചെയ്യാന്‍. ഗുണനിലവാരവും മൂല്യബോധവും മെച്ചപ്പെടുത്താനാണത്രെ!

കേരളം വിദ്യാഭ്യാസ പൈതൃകം വീണ്ടെടുക്കണം. ആ പൈതൃകം ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനുശേഷമോ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷമോ ആരംഭിച്ചതല്ല. ശങ്കരാചാര്യരെയും സംഗമഗ്രാമ മാധവനെയും സംഭാവന ചെയ്ത നാടാണ് കേരളം. ”വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടിച്ച് ശക്തരാവുക” എന്ന് ഉദ്‌ബോധിപ്പിച്ച ശ്രീനാരായണഗുരുവിന്റെ നാടാണ് കേരളം.

(കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മിറ്റിയിലെ അംഗവും മാധവ ഗണിതകേന്ദ്രത്തിന്റെ സെക്രട്ടറിയുമാണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by