യാതൊരു ശക്തിയാണോ വിശ്വബ്രഹ്മാണ്ഡത്തില്‍ മുഴുവന്‍ തന്റെ ലീലകളെ വ്യാപിപ്പിച്ച് പ്രവര്‍ത്തനനിരതയായി സദാ വര്‍ത്തിക്കുന്നത്, ആ മഹാശക്തിതന്നെയാണ് വ്യക്തി ശരീരത്തിനുള്ളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശരീരത്തിനുള്ളിലെ ജൈവശക്തിതന്നെയാണ് ഭൗതിക നിയമങ്ങളായി ലോകത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തന്നിമിത്തം സത്യം എവിടെയാണെന്ന് അന്വേഷിച്ച് പുറത്തേക്കൊന്നും പോകേണ്ട കാര്യമില്ല, അത് നമ്മുടെ ഉള്ളില്‍ തന്നെ ഉള്ളതാണെന്നും അവിടെത്തന്നെ കണ്ടുപിടിക്കാവുന്നതാണെന്നും ഹഠയോഗി വിശ്വസിക്കുന്നു. മൗലികമായ ഈ അവധാരണ കൊണ്ട് തന്ത്രസാധനയില്‍ ഹഠയോഗത്തിന് പ്രവേശവും പ്രാധാന്യവും ലഭിച്ചു. അതോടെ ജീവശക്തിയെ ഉണര്‍ത്തുന്ന പ്രക്രിയ ഹഠയോഗത്തില്‍ അംഗീകരിക്കപ്പെട്ടു.
കുണ്ഡലിനീശക്തിയും ശ്രീചക്രവും
ശരീരത്തില്‍ അനന്തങ്ങളായ യന്ത്രങ്ങള്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ശ്വാസകോശങ്ങള്‍ വായുസഞ്ചാലനം ചെയ്ത് രക്തത്തെ ശുദ്ധീകരിച്ചുകൊണ്ട് സക്രിയമായി സദാ നില്ക്കുന്നു. ഹൃദയം രക്തപ്രവാഹത്തെ ക്രമീകരിച്ച് ശരീരത്തില്‍ മുഴുവന്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു. യകൃത്ത് പിത്തരസത്തെ സംഗ്രഹിച്ച് ആഹാരത്തിന്റെ ദഹനം യഥാവിധി നിര്‍വ്വഹിച്ച് അന്നരസം രക്തത്തിന് ഉപയോഗ്യമാക്കിത്തീര്‍ക്കുന്നു. അതേപോലെ ആമാശയപക്വാശയങ്ങളും വൃക്കകളും മൂത്രാശയവും തങ്ങളുടെ നിശ്ചിതമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കഴിയുന്നു. ഈ ജൈവയന്ത്രങ്ങള്‍ക്ക് സ്വകീയമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശക്തി നാഡീമണ്ഡലങ്ങളില്‍ നിന്നാണ് ലഭ്യമാവുന്നത്. എല്ലാ ശാരീരികക്രിയകളും നടത്തുന്നതിനുള്ള ശക്തി നാഡീമണ്ഡലങ്ങളില്‍ നിന്നു പ്രവഹിച്ചുകൊണ്ടിരിക്കുന്നു. നാഡീമണ്ഡലമെന്നു പറഞ്ഞുവരുന്നതു സത്യത്തില്‍ ഉപനാഡീമണ്ഡലമാണ്. ഇവയുടെ നേരിട്ടുള്ള ബന്ധം സൂക്ഷ്മമായ നാഡീപടലവുമായാണ്. ഈ നാഡീ പടലങ്ങളുടെ യോഗശാസ്ത്രത്തിലെ സാങ്കേതിക സംജ്ഞ ഷഡ്ചക്രങ്ങളെന്നാണ്. ചുരുക്കത്തില്‍ ശക്തികളുടെ മൂലസ്ഥാനം ഷഡ്ചക്രങ്ങളാണ്. ശക്തികള്‍ മൂന്നാണ്. ശാരീരിക ക്രിയകളെ നിര്‍വഹിക്കുന്ന കാര്യകാരിണി ശക്തിക്ക് ക്രിയാശക്തിയെന്ന് പേര്‍ പറയുന്നു. വിശ്വബ്രഹ്മാണ്ഡത്തിന്റെ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന ചാലകശക്തിയും ഇതേ ക്രിയാശക്തി തന്നെയാണ്.
ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നത് ജ്ഞാനശക്തിയാണ്. ഇന്ദ്രിയജ്ഞാനമെന്നും അനുമാനിക്കാനുള്ള കഴിവ് നേടിത്തരുന്നതിന് അനുമതിജ്ഞാനമെന്നും ഹിതാഹിതങ്ങളെപ്പറ്റി നിശ്ചയം വരുത്തുന്നതിന് ഹിതാഹിതജ്ഞാനമെന്നും പല രീതിയില്‍ ഈ ജ്ഞാനശക്തിയെത്തന്നെയാണ് പറഞ്ഞുവരുന്നത്. ‘ഇത് എന്റെ കര്‍ത്തവ്യമാണ്, ഇത് ഞാന്‍ ചെയ്യും, ഇത് എനിക്ക് വേണം’ എന്നിങ്ങനെയുള്ള ഇച്ഛകള്‍ക്ക് ഇച്ഛാശക്തി യെന്നും പേര്‍ പറയുന്നു. സംക്ഷേപമായി പറഞ്ഞാല്‍ പിണ്ഡാണ്ഡത്തെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ മൂന്നു ശക്തികള്‍ തന്നെയാണ് വിശ്വബ്രഹ്മാണ്ഡത്തെ വ്യാപിച്ചു പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നത്. യോഗശാസ്ത്രദൃഷ്ട്യാ വ്യഷ്ടി ജീവസമഷ്ടിക്ക് കുണ്ഡലിനീശക്തിയെന്നും സമഷ്ടിജീവസമഷ്ടിക്ക് (ശിവസമഷ്ടിക്ക്) പേര് ത്രിപുരസുന്ദരിയെന്നും ആകുന്നു. ആഗ്‌നേയമണ്ഡലമെന്നും സൗരമണ്ഡലമെന്നും ചന്ദ്രമണ്ഡലമെന്നും ത്രിപുരങ്ങളുടെ തന്നെ പേരാണ്.
ജ്ഞാനേന്ദ്രിയങ്ങളുടെ ഉദയഭൂമി മസ്തിഷ്‌കത്തിലാണ്. അതുതന്നെ ജ്ഞാനലോകം. ജ്യോതിര്‍മ്മയലോകമെന്നും അതിനെ പറയാറുണ്ട്. അതിന്റെ മദ്ധ്യത്തിലുള്ള കേന്ദ്രമാണ് സഹസ്രാരചക്രം അഥവാ സഹസ്രാരപദ്മം. ജ്യോതിര്‍മ്മയലോകമെന്നും ശ്രീചകമെന്നും ഇതിന്റെ തന്നെ പേരാണ്. ആയത് മൂര്‍ദ്ധാവിന്റെ പിറകില്‍ അവസ്ഥിതമായിരിക്കുന്നു. ഈ ഭാഗം ഇഡാപിംഗളാസുഷുമ്‌നാ നാഡികളുടെ മുകളിലത്തെ അറ്റമാണ്. സുഷുമ്‌നയുടെ അന്തിമഭൂമിയായ (അന്തിമാഗ്രമായ) മൂലാധാരചക്രം നാഭിയുടെ താഴെയാണ്. (വാസ്തവത്തില്‍ മൂലാധാരം മുതല്‍ സഹസ്രാരം വരെയുള്ള സമസ്ത നാഡീപടലങ്ങളുടെയും സമഗ്രരൂപമാണ് ശ്രീചകമെന്നുള്ളത്.)
ഇച്ഛാശക്തി ജ്ഞാനശക്തിയില്‍ അന്തര്‍ഭൂതമാണ്. സഹസ്രദളപദ്മത്തിന്റെ താഴേക്കും മുകളിലേക്കും ഇഡാപിംഗള നാഡികള്‍ വഴിയായി ജ്ഞാനശക്തിയും ക്രിയാശക്തിയും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രവാഹത്തെ അഷ്ടാംഗയോഗസാധനകൊണ്ട് തടയുകയാണെങ്കില്‍ കുണ്ഡലിനീശക്തി ഉണര്‍ന്ന് ബുഭുക്ഷിതയായി ചന്ദ്രമണ്ഡലത്തില്‍ നിന്നുള്ള അമൃത് പാനം ചെയ്യുവാന്‍ മുകളിലേക്ക് കയറുന്നു. ക്രമേണ ഓരോ നാഡീ പടലവും കടക്കുന്നതോടെ ഓരോ സിദ്ധികളും ഐശ്വര്യങ്ങളും യോഗിക്ക് സ്വായത്തമാവുന്നു.
രാജയോഗത്തിലായാലും ഹഠയോഗത്തിലായാലും കുണ്ഡലിനീശക്തിയുടെ ഉത്ഥാപനത്തിന്റെ പ്രക്രിയ ഒന്നുതന്നെയാണ.് താന്ത്രികഗ്രന്ഥങ്ങളില്‍ സമാധിപാദവും സാധനാപാദവും സിദ്ധിപാദവും (വിഭൂതിപാദവും) കൈവല്യപാദവും എന്ന് നാല് വിഭാഗങ്ങളായും ഈ പ്രക്രിയ വിവരിച്ചിട്ടുണ്ട്. മാതൃരൂപേണയുള്ള ശക്ത്യുപാസന പൂജാതന്ത്രത്തില്‍ ഇന്നും നിലനിന്നുവരുന്നുണ്ടെങ്കിലും യോഗസാധന, വിശേഷിച്ചും ഹഠയോഗസാധനയുടെ പ്രചാരം അതിന്റെ കൃച്ഛസാദ്ധ്യതകൊണ്ടാവാം, ജനജീവിതത്തില്‍ നിന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. കൂടെത്തന്നെ വാമാചാരവും കൗലാചാരവും ഏതാണ്ട് വിസ്മൃതപ്രായമായിരിക്കുന്നു. എന്നാല്‍ ഇന്നും ഭക്തന്മാര്‍ ദേവ്യുപാസ്തിക്ക് ഉപയോഗിച്ചുവരുന്ന ശ്രീലളിതാ സഹസ്രനാമമെന്ന ദിവ്യസ്‌തോത്രത്തില്‍ മുഖ്യമായും ശ്രീചക്രോപാസനാപരമായ ശ്രീവിദ്യാദേവിയുടെ നാമങ്ങളാണ് അന്തര്‍ഭൂതമായിട്ടുള്ളത്. അവിടെ ദേവിയുടെ തിരുനാമങ്ങളില്‍ വാമാചാരതയെപ്പറ്റിയും കൗലമാര്‍ഗ്ഗത്തെപ്പറ്റിയും വ്യഞ്ജിപ്പിക്കുന്ന പല നാമങ്ങളും ഉപയോഗിച്ചിട്ടുമുണ്ട്. (സ്‌തോത്രത്തിന്റെ ആധുനികകാലത്തെ മലയാള വ്യാഖ്യാതാവും മഹാപണ്ഡിതനുമായ ഡോ. ബി.സി. ബാലകൃഷ്ണന്‍ വിവിധാര്‍ത്ഥഗര്‍ഭിതമായ ഈ നാമങ്ങളുടെ സാത്ത്വികാര്‍ത്ഥങ്ങളെ നിപുണതരമായി ഉപപാദിക്കുമ്പോള്‍തന്നെ രഹസ്യാര്‍ത്ഥങ്ങളെയും അവിടവിടെ കടാക്ഷിക്കാ തിരുന്നിട്ടില്ല.) ഇന്നിപ്പോള്‍ പൊതുവേ ശാക്തേയമാര്‍ഗ്ഗം കൂടുതല്‍ സാത്ത്വികമായിരിക്കുന്നു എന്നും അറിഞ്ഞിരിക്കേണ്ടതാണ്. വൈദിക സങ്കല്പനങ്ങള്‍ അധികമധികമായി വൈഷ്ണവശൈവ സപര്യകളിലും വ്യാപിച്ചുകഴിഞ്ഞു. അങ്ങനെ ആഗമവും നിഗമവും തിരിച്ചറിവാനാവാത്തവണ്ണം അന്യോന്യം ഇഴുകിച്ചേര്‍ന്നിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: