ശ്രീനാരായണ ഗുരുദേവ ദര്‍ശനം വിശ്വമാകെ എത്തിക്കണമെന്നുള്ള ആഗ്രഹത്താല്‍ വിശ്രമ രഹിതമായി പ്രവര്‍ത്തിച്ചു വരുന്ന സംന്യാസി ശ്രേഷ്ഠനാണ് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍. സ്വാമികളുടെ 66-ാം ജന്‍മദിനമാണിന്ന്. ഗുരുദേവ ദര്‍ശനവും ജീവിതവും ലോകഹിതത്തിനായി പ്രചരിപ്പിക്കുന്നതിലാണ് ഗുരുദേവ ശിഷ്യപരമ്പരയിലെ ഒരു സംന്യാസിയെ സംബന്ധിച്ച് ഒന്നാമത്തെ ഉത്തരവാദിത്വം കുടികൊള്ളുക. സച്ചിദാനന്ദസ്വാമികളെ സംബന്ധിച്ച് ദേശകാലാതീതമായ പ്രവര്‍ത്തനമാണ് ഈ രംഗത്തുള്ളത്. സച്ചിദാന്ദസ്വാമികള്‍ എന്ന നാമധേയം കേള്‍ക്കുമ്പോള്‍ വളരെ ചെറിയ കുട്ടികളില്‍ പോലും സ്മരണ ഉണര്‍ത്തുന്ന ഒന്നാണ് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും. ഈ ആദ്ധ്യാത്മികയജ്ഞം സഫലമാക്കിയ ആത്മീയ ഉണര്‍വ്വ് വിപ്ലവകാരമായിരുന്നു. ശ്രീനാരായണഗുരുദേവനെ സാമൂഹിക പരിഷ്കര്‍ത്താവും വിപ്ലവകാരിയും മാത്രമായി കണ്ടിരുന്ന തലത്തില്‍ നിന്ന് ശ്രീകൃഷ്ണന്‍, ശീബുദ്ധന്‍, യേശുക്രിസ്തു തുടങ്ങിയ
ലോകഗുരുക്കന്മാരുടെ പരമ്പരയിലെ കണ്ണിയായ ഒരു വിശ്വഗുരുവായി തങ്ങളുടെ പരമദൈവതമായി കാണുന്ന ഒരു ഭക്തസമൂഹം സൃഷ്ടിക്കപ്പെട്ടു. അത് ശിവഗിരി, അരുവിപ്പുറം, ചെമ്പഴന്തി തുടങ്ങി ആത്മീയ കേന്ദ്രങ്ങളിലേക്ക് ഒഴുകിയിരുന്ന ഭക്തസമൂഹത്തിന്റെ ഒഴുക്കിനെ ത്വരിതപ്പെടുത്തുകയും ചെയ്തു. സമാന്തരമായി ശക്തിപ്രാപിച്ചുകൊണ്ടിരുന്ന മറ്റു ആത്മീയ പ്രസ്ഥാനങ്ങളുടെ ആകര്‍ഷണങ്ങളില്‍പെട്ട് ദിശാബോധം നഷ്ടപ്പെട്ടിരുന്ന ഒരു വലിയ കൂട്ടത്തെ ദിശാബോധം നല്‍കി തിരിച്ചുകൊണ്ടുവരുവാനുള്ള കര്‍ത്തവ്യവും ഈ ധ്യാനയജ്ഞത്തെ അവിഷ്ക്കരിച്ചവതരിപ്പിച്ചതിലൂടെ സ്വാമികള്‍ സ്വയം എറ്റെടുത്തു. അങ്ങനെ സാധാരണക്കാര്‍ക്കിടയിലേക്ക് സാധാരണകാരന്റെ ഭാഷയില്‍ ഗുരുവിന്റെ ചരിതവും ദര്‍ശനവുമായി കടന്നുചെന്ന് ഒരു ജനകീയനായ സംന്യാസിയായി കര്‍മ്മപഥത്തില്‍ സഞ്ചരിക്കാന്‍ സ്വാമികള്‍ക്ക് ഇന്നും കഴിയുന്നു. സ്വാമി തന്നെ രൂപം കൊടുത്ത ശ്രീനാരായണ ദിവ്യ പ്രബോധനം ഇന്ന് ലോകമാകെ ശ്രദ്ദിക്കപെടുന്നു . പ്രസംഗങ്ങളും പ്രഭാഷണങ്ങളും നാം ധാരാളം കേള്‍ക്കാറുണ്ടെങ്കിലും പ്രബോധനത്തിന് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഏതോ ഒരു പ്രത്യേകത നമുക്കനുഭവപ്പെടാറുണ്ട്. പ്രബോധനത്തില്‍ വ്രതശുദ്ധിയോടും ശുദ്ധ മായ മനസ്സോടും കൂടി കേള്‍ക്കുന്ന അറിവ് ശ്രോതാവിന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങുകയും ആ അറിവിനെ പ്രവൃത്തിപഥത്തിലെത്തിക്കാനും ആഗുരുമാര്‍ഗ്ഗത്തി ലൂടെ ജീവിക്കാനുമുള്ള ശക്തമായ ആന്തരീക പ്രേരണയും ആര്‍ജ്ജവവും നല്‍കുന്നു. ഒരു ആചാര്യന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രാര്‍ത്ഥനയും മന്ത്രജപവും ധ്യാനവേദികളെ മറ്റ് പ്രസംഗവേദികളില്‍ നിന്നു വ്യത്യസ്തമാക്കുന്നു. ഗുരുവിനന്റെ മഹനീയചരിത്രം തിരുജയന്തി മുതല്‍ബാലലീല കള്‍, സഹജീവിസ്നേഹം, വിദ്യാഭ്യാസം, അവധൂതജീവിതം, മരുത്വാമലയിലെ തപസ്സ്, സത്യസാക്ഷാത്കാരം, മഹത്തായ അരുവിപ്പുറം പ്രതിഷ്ഠ, ശിവഗിരി വര്‍ണ്ണനം, ഗുരുവിന്റെ അദ്ഭുതസിദ്ധികള്‍ തുടങ്ങിയവ ക്രമാനുഗതമായും സരളമനോഹരമായും കാതുകള്‍ക്ക് ഇമ്പവും ഹൃദയത്തിന് കുളിര്‍മയും ഉണ്ടാക്കുന്നവിധത്തില്‍ പറയുമ്പോള്‍ നാമറിയാതെ നമ്മുടെ മനസ്സ് ഗുരുവിന്റെ കാലത്തേക്ക് മടങ്ങിപ്പോകും. ഇവിടെ മനസ്സുകൊണ്ട് ഗുരുവിന്റെ ദര്‍ശനവും സ്പര്‍ശനവും ലഭിച്ചതിന്റെ ഒരു പ്രസന്നത ധ്യാനത്തില്‍ പങ്കുകൊള്ളുന്ന ഓരോരുത്തരുടേയും മുഖത്ത് കളിയാടുന്നതു കാണാം. തൃപ്പാദങ്ങളുടെ മധുരപാവന മനോജ്ഞവാണികളും ഫലിതങ്ങളും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ സ്വാമികള്‍ ഹൃദ്യമായി അവതരിപ്പിക്കും. ഇവയ്‌ക്കെല്ലാം ഒടുവില്‍ ഭഗവാന്റെ മഹാസമാധി വര്‍ണ്ണിക്കുന്ന ഘട്ടമെത്തുമ്പോള്‍ ഏതു നാസ്തികന്റെ മിഴിയും അറിയാതെ മിഴിനീരണിയും. 1928 സെപ്റ്റംബര്‍ 20 (കന്നി 5) ന് ശിവഗിരിയിലെ വൈദീക മഠത്തില്‍ ഗുരുദേവന്റെ പാദാന്തികത്തിലിരുന്ന് അവിടുത്തെ മഹാപരിനിര്‍വ്വാണം ദര്‍ശിക്കുവാന്‍ മുജ്ജന്മസുകൃതം ചെയ്ത പുണ്യാത്മാക്കള്‍ക്ക് മാത്രമേ പ്രകൃതി അനുവാദം കൊടുത്തിരുന്നുള്ളൂ. സച്ചിദാനന്ദസ്വാമികളുടെ ഗുരുഭക്തി മൂലം ബഹുലക്ഷം ജനങ്ങള്‍ക്ക് ആ അസുലഭ നിമിഷത്തിന്റെ നേര്‍കാഴ്ച മനസ്സുകൊണ്ടറിയാന്‍ സാധിച്ചത് മഹാഗുരുവിന്റെ അപാരമായ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്, ധ്യാനത്തിനൊടുവില്‍ ഭഗവാന്റെ ദിവ്യചൈതന്യം നിറയുന്ന ധ്യാനവേദി വിട്ട് പോകാന്‍ ഹൃദയവ്യഥയോടെ മടിച്ചുനില്‍ക്കുന്ന ഓരോരുത്തരുടേയും സ്മരണയില്‍ സ്വാമികളാലപിച്ച ഗുരുദേവകൃതിയിലെ രണ്ട് ഈരടികള്‍ ഓടിയെത്തും. അകവും പുറവുമൊഴിഞ്ഞെന്‍ ഭഗവാനെ
നീ നിറഞ്ഞുവാഴുന്നു…
അകവും പുറവുമൊഴിഞ്ഞെന്‍ ഭഗവാനെ
നീ നിറഞ്ഞുവാഴുന്നു…
ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ നമ്മുടെ ഉള്ളിലും പുറത്തും മാത്രമല്ല സകല ചരാചരങ്ങളിലും ഒരുപോലെ നിറഞ്ഞു പ്രകാശിക്കുന്ന പ്രത്യക്ഷബ്രഹ്മാവതരാണെന്ന സത്യം അഥവാ ബ്രഹ്മവിദ് ബ്രഹ്മവ ഭവതി ഉപനിഷത് തത്ത്വമാണ് ഇവിടെ അനാവൃതമാകുന്നത്. ജനനമരണങ്ങള്‍ക്ക് അതീതമായ ഗുരുതത്ത്വം മനുഷ്യരൂപത്തില്‍ ഭൂമിയിലവതരിച്ചത് അന്ധതയില്‍ നിന്നും നമ്മെ ശുദ്ധീകരിച്ച് നമ്മുടെ യഥാര്‍ത്ഥ സ്വരൂപമായ ആഴമേറിയ ദൈവമഹസ്സില്‍ ആകവേ ആമഗ്നമാക്കുവാനും ആ പരമസുഖത്തില്‍ നിത്യം വാഴുവാനുമാണ്. ഇതിന് നാം ഗുരുവിന്റെ പാതയെ ‘ധര്‍മ്മത്തെ വിടാതെ പിന്‍തുടരണം എന്ന പ്രബുദ്ധത ജനങ്ങള്‍ക്കിടയിലുണ്ടാകുവാന്‍ ദിവ്യപ്രബോധനവും ധ്യാനവും പോലെ ജനസമ്മതമായ മറ്റൊരു ധര്‍മ്മചാരണ ഉപാധിയും കേരളത്തിലുണ്ടായിട്ടില്ല. ഇതിനു സ്വാമികളെ പ്രാപ്തനാക്കിയത് ശിവഗിരിമഠത്തില്‍ ബ്രഹ്മവിദ്യാര്‍ത്ഥിയായി നിന്നുകൊണ്ടനുഷ്ഠിച്ച ഏഴുവര്‍ഷത്തെ ചിട്ടയായ ആശ്രമജീവിതവും സാധനയും പ്രഗത്ഭരായ ആചാര്യന്മാരില്‍നിന്നുള്ള വേദാന്തപഠനവുമാണ്. സ്വാമികളെപ്പോലെ ഗുരു നിയോഗം ലഭിച്ച കുറച്ച് സുകൃതികള്‍ ബ്രഹ്മവിദ്യാലയത്തില്‍നിന്നും പഠിച്ചിറങ്ങി ഇന്നും ഗുരുധര്‍മ്മപ്രചാരണരംഗത്ത് സജീവമായി വര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം അറിവിന്റെ ചൂടും വെളിച്ചവും പകര്‍ന്നത് ശിവഗിരിയില്‍ ഇന്നും കെടാതെ പ്രകാശിക്കുന്ന ഗുരുവിന്റെ മതമഹാപാഠശാല എന്ന കെടാവിളക്കാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ബ്രഹ്മവിദ്യാപഠനത്തിന്റെ മഹത്വം നാം തിരിച്ചറിയുന്നത്. ശിവഗിരിയിലെ ബ്രഹ്മവിദ്യാര്‍ത്ഥികളുടെ കുറവ് വരും കാലധര്‍മ്മ പ്രചാരണത്തെ സാരമായി ബാധിക്കുമെന്ന വസ്തുത ശ്രീനാരായണഭക്തസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഗുരുവിന്റെ പാദാന്തികത്തിലിരുന്നു ഗുരു ശുശ്രൂഷ ചെയ്ത് ഗുരുദേവകൃതികളെ നേരാംവണ്ണം അഭ്യസിച്ച യഥാര്‍ത്ഥ ധര്‍മ്മ പ്രചാരകരില്ലെങ്കില്‍ മറ്റുള്ള അജ്ഞാനികള്‍ പൊന്തി വന്ന് ഗുരുധര്‍മ്മത്തെ അടിസ്ഥാനരഹിതമായി യഥേഷ്ടം വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഴിമാറ്റി കൊണ്ടുപോകുമെന്ന് നാം തിരിച്ചറിയണം.ڈഅസംമ്പ്രദായവിത് മൂര്‍ഘവതുപേക്ഷണീയം സര്‍വ്വത എന്ന പ്രമാണമനുസരിച്ച് അതായത് സമ്പ്രദായമനുസരിച്ച് ബ്രഹ്മവിദ്യ അഭ്യസിക്കാതെ വൃഥാ ജല്പനം നടത്തുന്നവരെ സജ്ജനങ്ങള്‍ മൂര്‍ഖനെ എന്നവണ്ണം ഉപേക്ഷിച്ചുകളയണമെന്ന് താല്പര്യം. ഗുരുധര്‍മ്മത്തിന്റെ ശോഭയും കാന്തിയും സുഗന്ധവും യഥാര്‍ത്ഥമായനുഭവിച്ചറിഞ്ഞ ധര്‍മ്മപ്രചാരകരെ സൃഷ്ടിക്കുവാന്‍ സമൂഹം പ്രതിബദ്ധമാണെന്നു തിരിച്ചറിയുന്നതും അതിനുവേണ്ടി പ്രയത്നിക്കുന്നതുമാണ് സ്വാമികളെപ്പോലുള്ള ധര്‍മ്മപ്രചാരകരോട് നാം ചെയ്യേണ്ടതായ ഗുരുദക്ഷിണ. സച്ചിദാനന്ദ സ്വാമികള്‍ ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ 7 വര്‍ഷകോഴ്സില്‍ പഠിച്ച് ബ്രഹ്മവിദ്യാചാര്യ എന്ന സ്ഥാനത്തിനര്‍ഹനായി. 1976 ല്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മാനന്ദസ്വാമികളില്‍ നിന്നും ബ്രഹ്മചര്യദീക്ഷയും 1982 ല്‍ ഗീതാനന്ദസ്വാമികളില്‍ നിന്നും സംന്യാസദീക്ഷയും സ്വീകരിച്ചു. സമഗ്ര ഗുരുസ്വരൂപം ആത്മോപദേശശതകത്തില്‍, ആശാന്റെ ഗുരുസ്തവപഠനം, സത്യവ്രതസ്വാമികള്‍ ഗുരുവിന്റെ വിവേകാനന്ദന്‍, ശ്രീനാരായണ ശിവലിംഗം, ദിവ്യശ്രീ ബോധാനന്ദസ്വാമികള്‍, ശ്രീനാരായണ ചൈതന്യം, ശ്രീനാരായണനിശ്ചലാനന്ദം, ഗുരുദേവചരിത്രം അറിയപ്പെടാത്ത ഏടുകള്‍, ഗുരുദേവചരിത്രം കാണാപ്പുറങ്ങള്‍, ഗുരുദേവന്റെ മഹാസമാധി, ഗുരുചരണങ്ങളില്‍, ഗുരുദര്‍ശനം ആത്മോപദേശശതക ത്തിലൂടെ, ശ്രീനാരായണദര്‍ശനം 21-ാം നൂറ്റാണ്ടില്‍, സ്വാമികളെ അവിടത്തെ കര്‍മ്മരംഗത്തിന്റെ മഹത്വം കണ്ടറിഞ്ഞ് ഒട്ടേറെ പുരസ്ക്കരാങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. യുഗപുരുഷന്‍ തുടങ്ങി മുപ്പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ശ്രീനാരായണക്ലബ് അവാര്‍ഡ് (1987) ഗുരുസ്മരണ അവാര്‍ഡ് (1991), ഗുരുതി അവാര്‍ഡ് പാലാത്തുരുത്ത്, ഗുരുവര്‍ഷം 150 പ്രമാണിച്ച് ശ്രീനാരായണഭക്തപരിപാലനയോഗം ഏര്‍പ്പെടുത്തിയ സമഗ്രസംഭാവന അവാര്‍ഡ് (2004), തിരുവനന്തപുരം ശ്രീനാരായണ അക്കാഡമി അവാര്‍ഡ് (2006), കലാകേരളം അവാര്‍ഡ് (2007) എറണാകുളം ശ്രീനാരായണ സേവാസംഘം അവാര്‍ഡ്, സ്വാമി ചിദ്ഘനാനന്ദ സ്മൃതി പുരസ്ക്കാരം (2022) തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടി. ബ്രഹ്മവിദ്യാലയം രജതജൂബിലി, ശിവഗിരി തീര്‍ത്ഥാടനപ്ലാറ്റിനം ജൂബിലി, ശ്രീശാരദാ പ്രതിഷ്ഠാ ശതാബ്ദി, ദൈവദശക രചനാശതാബ്ദി തുടങ്ങിയ ആഘോഷ പരിപാടികളുടെ സെക്രട്ടറിയായിരുന്നു. ഡല്‍ഹിയില്‍ 25 വിദേശരാജ്യങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് 2007 ല്‍ ലോകമതപാര്‍ലമെന്‍റ് സംഘടിപ്പിച്ചു. ഇതിനകം 416ഓളം ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞങ്ങള്‍ നടത്തി. 2005, 2009, 2013, 2014 വര്‍ഷങ്ങളില്‍ അമേരിക്കയിലും സിങ്കപ്പൂരിലും, ശ്രീലങ്കയിലും ഗള്‍ഫ് രാജ്യങ്ങളിലും ഉള്‍പ്പെടെ പതിനായിരത്തിലധികം പ്രഭാഷണങ്ങള്‍ സ്വാമി നിര്‍വ്വഹിച്ചിട്ടുണ്ട്. തുടര്‍ന്നും സ്വാമികളുടെ ഗുരുസേവ സമൂഹത്തിന് ലഭിക്കട്ടെയെന്ന് ഗുരുദേവനോട് പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: