ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പ് കേരളത്തില്‍ കൃഷി വളരെ നല്ല നിലയില്‍ ആയിരുന്നു. ബ്രീട്ടിഷുകാര്‍ വന്നതോടെ തന്ത്രപൂര്‍വ്വം നികുതി വളരെ ഉയര്‍ന്ന തരത്തില്‍ വര്‍ദ്ധിപ്പിച്ചു. അതുമൂലം കര്‍ഷകര്‍ക്കു നികുതി കൊടുക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ബ്രിട്ടീഷുകാരാകട്ടെ നികുതി കൊടുക്കാത്തവരെ അറസ്റ്റു ചെയ്തു ജയിലിലാക്കി. മറ്റുള്ളവരുടെ ഭൂമിപിടിച്ചെടുത്തു. അറസ്റ്റ് ഭയന്നു പലരും കൃഷിയിടം വിട്ടു ഓടിപ്പോയി. ഓടിപ്പോയവരുടെ ഭൂമിയും ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഭൂരഹിതരെ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ചു. ഇതോടെ കേരളത്തില്‍ കൃഷിയും ഇല്ലാതാക്കി. അവരെ പട്ടിണിയിലേക്കു തള്ളിവിട്ടു.
കേരളത്തില്‍ നല്ല നിലയില്‍ നടന്നിരുന്ന കപ്പല്‍ നിര്‍മ്മാണ വ്യവസായത്തേയും തകര്‍ത്തത് അവരുടെ കപ്പല്‍ നിര്‍മാണത്തിനുവേണ്ടിയായിരുന്നു. കേരളത്തിലെ കപ്പലുകള്‍ വളരെക്കാലം കേടുപടുകള്‍ ഇല്ലാതെ നിലനില്‍ക്കുന്നതായിരുന്നു. ആ ഗുണം ബ്രിട്ടീഷുകാരുടെ കപ്പലുകള്‍ക്കില്ലായിരുന്നു. അതുകൊണ്ട് കപ്പല്‍ നിര്‍മ്മാണം നിരോധിച്ചുകൊണ്ട് കപ്പല്‍ നിര്‍മാണവും കേരളത്തില്‍ ഇല്ലാതാക്കി. അതിനു മുന്‍പുതന്നെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രത്തിലൂടെയുള്ള യാത്രയും നിരോധിച്ചിരുന്നു. 1912ല്‍ റെയില്‍വെയിലെ ലോക്കോമോട്ടിവുകള്‍ ഭാരതത്തിലെ വര്‍ക്ക് ഷോപ്പുകളില്‍ നിര്‍മ്മിക്കുന്നതും രൂപ കല്‍പ്പനചെയ്യുന്നതും നിരോധിക്കുന്ന നിയമം നടപ്പിലാക്കി. 1875ല്‍ ബ്രിട്ടീഷുകാര്‍ ലോക്കോമോട്ടിവ് നിര്‍മ്മിക്കാന്‍ തുടങ്ങി. അവര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ തൊഴിലാളികല്‍ നിര്‍മ്മിച്ച റെയില്‍വേ ഉല്‍പ്പന്നത്തോടു കിടപിടിക്കുന്നതായിരുന്നില്ല. ബ്രിട്ടീഷുകാരേക്കാള്‍ മേന്മയേറിയതും ചെലവു കുറഞ്ഞതുമായിരുന്നു ഇന്ത്യന്‍ തൊഴിലാളികള്‍ നിര്‍മ്മിച്ചിരുന്ന ലോക്കോമോട്ടിവുകള്‍ (പേജ് 274 ഇരുളടഞ്ഞ കാലം). ഈ നിരോധനത്തോടെ ആ വ്യവസായവും ഇല്ലാതാക്കി. തേയില വ്യവസായത്തെയും ഇതേ വിധം തകര്‍ത്തു. അങ്ങനെ എല്ലാരംഗത്തും തൊഴിലില്ലാത്തവരെ സൃഷ്ടിച്ചു. ഇതോടെ ഇതിലെ തൊഴിലാളികളൂം തൊഴിലില്ലാതെ പട്ടിണിയിലായി. വിദ്യാഭ്യാസരംഗത്തും ഇതേ നയം തന്നെയാണു ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. രണ്ടാം നളന്ദ എന്നറിയപ്പെട്ടിരുന്ന കാന്തളൂര്‍ എന്ന വിദ്യാഭ്യാസ സ്ഥാപനവും ബ്രിട്ടീഷുകാര്‍ തകര്‍ത്തു.
ആയിരത്തിലധികം കുട്ടികള്‍ താമസിച്ചു പഠിച്ചിരുന്ന ഈ സ്ഥാപനത്തില്‍ ഭക്ഷണവും താമസവും സൗജന്യമായിരുന്നു. ഈ തരത്തില്‍ ഒരു സ്ഥാപനം നടത്താന്‍ മാത്രം അന്നു കേരളം സാമ്പത്തികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു എന്നര്‍ത്ഥം. ഇതുകൂടാതെ അന്നു നിലവില്‍ ഉണ്ടായിരുന്ന വിദ്യാഭ്യാസ രീതി മുഴുവനും തകര്‍ത്തത് ബ്രിട്ടീഷുകാരാണ്. കൃഷി, തുണി വ്യവസായം, കപ്പല്‍ നിര്‍മ്മാണം, റെയില്‍വെയിലെ ലോക്കോമോട്ടിവ് നിര്‍മ്മാണം തുടങ്ങി എല്ലാ വ്യവസായങ്ങളും ബോധപൂര്‍വ്വം തകര്‍ത്ത് അവര്‍ 200 കൊല്ലം ഭരിച്ച രാജ്യത്തിലെ ജനങ്ങളെ തൊഴിലില്ലാത്തവരാക്കി. അവരെ മുഴുവനും പട്ടിണി പാവങ്ങളാക്കി. അതില്‍ സന്തോഷം കണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നു പറയാവുന്ന ഭരണാധികാരികളായിരുന്നു ബ്രിട്ടീഷുകാര്‍. ലോകത്തില്‍ ഒരിടത്തും ഇത്രയും ക്രൂരത ജനങ്ങളോട് കാണിച്ച ഭരണാധികാരികളെ കാണില്ല. അതും കേരളീയര്‍ക്ക് അര്‍ഹതപ്പെട്ട സമ്പത്ത് കൊള്ളയടിച്ച് കൊണ്ടുപോയി, ലണ്ടനില്‍ സുഖ ജീവിതം നയിക്കുന്നവര്‍.
ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പ് കേരളം വിദ്യാഭ്യാസത്തിലും സമ്പത്തിലും സാമൂഹ്യ പുരോഗതിയിലും ഉന്നത നിലവാരം പുലര്‍ത്തിയിന്ന ഒരു രാജ്യം തന്നെയായിരുന്നൂ. ബ്രിട്ടീഷുകാര്‍ കേരളത്തെ സമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറ്റവും താണ നിലവാരത്തിലേക്കു കൂപ്പു കുത്തിച്ചു. ഭാരതം സ്വാതന്ത്ര്യം നേടിയ 1947 ആഗസ്‌തോടെ കേരളം തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടിരുന്നു. കേരളത്തിന്റെ പൂര്‍വ്വ കാലം ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്‍പ് സമത്വ സുന്ദരമായ കേരളം തന്നെയായിരുന്നു. കേരള ചരിത്രം തന്നെയാണ് അതിനു തെളിവ്. ബ്രിട്ടീഷുകാര്‍ വാളുകൊണ്ട് കേരളം വെട്ടിപ്പിടിച്ചു. വാളുകൊണ്ടു തന്നെ, ഭരണം നിലനിര്‍ത്തുമെന്നു അവര്‍ പറയാനും കാരണം കേരളത്തില്‍ അന്നു നിലനിന്നിരുന്ന സാമ്പത്തിക ഉയര്‍ച്ച തന്നെയാണ് .
അവലംബം
1. കേരള ചരിത്രം എഡി.1967. എ. ശ്രീധര മേനോന്‍
2. ഇബനു ബത്തൂത്ത കണ്ട ഇന്ത്യ : വിവ: വേലായുധന്‍ പണിക്കശ്ശേരി
3. കേരള സംസ്‌കാരം- ശ്രീധര മേനോന്‍
4. കേരളം ആദ്യ നൂറ്റാണ്ടുകളില്‍-പുറത്തൂര്‍ ശ്രീധരന്‍
5. കേരളചരിത്രം – (2016) എ. ശ്രീധര മേനോന്‍
6. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍
7. ഇരുളടഞ്ഞ കാലം: ബ്രീട്ടീഷ് സാമ്രാജ്യം ഇന്ത്യയോടു ചെയ്ത ക്രൂരതകള്‍.- ശശി തരൂര്‍
8. കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍- വേലായുധന്‍ പണിക്കശ്ശേരി.
9. കേരളം അറനൂറു കൊല്ലം മുന്‍പ് ഇബനു ബത്തൂത്ത വിവ: വേലായുധന്‍ പണിക്കശ്ശേരി
10. പ്രാചീന ഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും: ചരിത്രപരമായ രൂപ രേഖ ഡി.ഡി. കൊസാംബി. വിവ: ഡോ. എം. ലീലാവതി
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: